പയ്യന്‍സിന്റെ കാര്യം മഠത്തിലുകാർ തന്നെ തീരുമാനിക്കട്ടെ

thiruva-08-11-19
SHARE

മൊത്തം നാടകമാണ്. കഥാപാത്രങ്ങള്‍ വായില്‍തോന്നയതാണ് സംസാരിക്കുന്നത്. യുഎപിഎ കേസില്‍ ഇതാ പാര്‍ട്ടി ഇടപെടുന്നു. പുഷ്പം പോലെ നമ്മള്‍ പിള്ളേരെ പുറത്തിറക്കുന്നു എന്നൊക്കെയായിരുന്നു വിചാരിച്ചിരുന്നത്. പെട്ടെന്ന് സീന്‍ മാറി. പാര്‍ട്ടി ഇടപെടില്ല. പയ്യന്‍സിന്റെ കാര്യം മഠത്തിലുകാര് തന്നെ തീരുമാനിക്കട്ടെ. നാടകത്തിന്റെ ഇടവേളയില്‍ തിരുവാ എതിര്‍വായ്ക്ക് കര്‍ട്ടനുയരുന്നു.

സിപിഎം പോലെയല്ല കോണ്‍ഗ്രസ്. വലത്തിനും ഇടത്തിനും ഇടയിലെ അകലം കുറയുന്നുവെന്ന് പറഞ്ഞാലും വ്യത്യാസം വ്യത്യാസം തന്നെയാണ്. സ്വന്തം പാര്‍ട്ടിയില്‍ പെട്ട രണ്ടുപേരെ നല്ല കിടുക്കാച്ചി കേസില്‍പ്പെടുത്തി സ്വന്തം പൊലീസ് അകത്താക്കുന്നു. എന്നിട്ടോ അവരെ തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞ് പറ്റിക്കുന്നു. കോണ്‍ഗ്രസ് പക്ഷെ, അങ്ങനെയല്ല. അവര്‍ തിരിച്ചുകൊണ്ടുവരും എന്നുപറഞ്ഞാല്‍ അങ്ങനെ ചെയ്തിരിക്കും. ഉദാഹരണത്തിന് രാഹുല്‍ ഗാന്ധിയുടെ കാര്യം. മോദിയെ കിടുകിടാ വിറപ്പിക്കാന്‍ രാഹുല്‍ മടങ്ങിവരികയാണ്. പറയുന്നത് വയനാട് ഡിസിസിയല്ല. ഹൈക്കമാന്‍ഡിന്റെ കണ്ണും കരളുമായ നേതാവാണ്.

ഇനി ശരിക്കും നാടകമാണ്. നാടകലോകത്തിന്റെ സ്പന്ദനം നിയമസഭയെ അറിയിക്കാനുള്ള ഒരു എളിയ കലാകാരന്റെ കഠിനശ്രമം. പഴയ കമ്യൂണിസ്റ്റ്  കെഎന്‍എ ഖാദറാണ് അരങ്ങത്ത്. നായകവേഷം പങ്കിടുന്നത്  ബ്രണ്ണന്‍ കോളജിലെ പ്രച്ഛന്നവേഷമല്‍സരത്തിലെ സ്ഥിരം വേഷംകെട്ടുകാരനായിരുന്ന സംസ്കാരികമന്ത്രി എ.കെ. ബാലന്‍. പതിവുപോലെ കഥയറിയാതെ ആട്ടം കാണാന്‍ രമേശ് ചെന്നിത്തലയും കൂട്ടുകാരും വേദിക്കുമുന്നിലുണ്ട്. 

നാടകം കൊഴുക്കാനിരിക്കുന്നതേയുള്ള. നാടകക്കാരുടെ വിഷമതകള്‍ ഓരോ രംഗത്തെയും സജീവമാക്കുകയാണ്. നാടകത്തിന്റെ ജീവാത്മാവായി നിലകൊണ്ട നാളുകളിലേക്ക് മുഖ്യകഥാപാത്രം ഊളിയിട്ടിറങ്ങുകയാണ്. കയ്യടക്കത്തോടെ അഭിനയിക്കുമ്പോഴും ചുറ്റുമുള്ളവരുടെ വാക്കുകള്‍ ഖാദര്‍ക്കയില്‍ പതര്‍ച്ച സൃഷ്ടിക്കുന്നുണ്ട്. പ്രതിഫലക്കാര്യത്തില്‍ നാടകക്കാരും സിനിമാക്കാരും തമ്മിലുള്ള അന്തരം അന്വേഷിക്കുന്ന രംഗമാണ്. ആ മഞ്ഞളാംകുഴി അലിയോടോ ഗണേഷ്കുമാറിനോടോ ചോദിച്ചാല്‍ തീരുന്ന പ്രശ്നമാണ്  കയ്യില്‍നിന്നിട്ട് കാച്ചുന്നത്.

സത്യത്തില്‍ കലാകാരന്‍മാര്‍ പ്രവചാകന്മാരാണെന്ന് പറയുന്നത് വെറുതെയല്ല. അഭിനേതാക്കള്‍ മുതല്‍ പാട്ടെഴുത്തുകാര്‍വരെ നിരവധി ഉദാഹരണം. അവശകലാകാരന്മാര്‍ക്കുള്ള ജീവജലം തേടുന്ന കെ.എന്‍.എ ഖാദര്‍ ആ ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുകയാണ്. വിരിഞ്ഞു താമരമുകുളങ്ങള്‍ എന്ന വരി അറംപറ്റിപ്പോയതിന്റെ കഥ.

നാടക കലാകാരന്മാര്‍ മാത്രമല്ല കഷ്ടത അനുഭവിക്കുന്നത്. അത് ചൂണ്ടിക്കാട്ടുന്ന ഖാദര്‍ക്കയ്ക്കുമുണ്ട് കഷ്ടപ്പാട്. സ്വന്തം മണ്ഡലത്തില്‍ തോടിന് പാലം അനുവദിക്കാന്‍ വേണ്ടിയല്ല അദ്ദേഹം തൊണ്ടപ്പൊട്ടിക്കുന്നത്. സ്വന്തം പാര്‍ട്ടിക്കാര് പോലും അത് തിരിച്ചറിയുന്നില്ല. പഴയ നാടകമുതലാളിയോടെന്ന പോലെയാണ് ഇപ്പോഴും പലരും പെരുമാറുന്നത്.

ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. കാരണം നാടകത്തിന്റെ ഇടപെടലുകളെ കുറിച്ച് നല്ലോണം അറിയുന്നയാളുകളാണല്ലോ ഭരിക്കുന്നത്. നാടകം രക്ഷപ്പെട്ടാല്‍ അതിന്റെ ഒരു പങ്ക് ഖാദര്‍ക്കയ്ക്കാണ്. അത് നല്ലത്. പക്ഷെ, ക്ലൈമാക്സ് കഴിഞ്ഞിട്ടും രംഗത്ത് തുടര്‍ന്ന് വേണ്ടാത്തത് പറഞ്ഞത് അത്ര സുഖായില്ല. ആ നാടകം പൊട്ടിപ്പാളീസായി എന്നുതന്നെ പറയേണ്ടിവരും. കുഞ്ഞാലിക്കുട്ടിയുണ്ടായിരുന്നെങ്കില്‍ കൂവി നശിപ്പിച്ചേനെ. ശിവന്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ പിന്നെ പറയുകയും വേണ്ട.

കോടതി വിധി മാത്രമല്ല. കോടിക്കണക്കിന് പ്രവര്‍ത്തകരുടെ ബലം കൂടിയുണ്ടെങ്കില്‍ പിന്നെ ഒരു കുഞ്ഞിനെയും പേടിക്കേണ്ട. ആ അണികളുടെ ശക്തിപ്രകടനം അതിഗംഭീരമായി. പഴയ വിദ്യാഭ്യാസമന്ത്രിയാണ് പി.ജെ. ജോസഫ്. അതുകൊണ്ടുതന്നെ അതിന്റെയൊരു മാന്യത ആകാമായിരുന്നു. ചെയര്‍മാന്‍ ചമഞ്ഞ് നടക്കുന്ന ചങ്ങാതിയ നൈസായിട്ട് തിറിവിളിച്ചുകളഞ്ഞു ജോസഫ് സാറ്.

ജോസഫിന്റെ വികാരംകൊള്ളലിന് മറ്റൊരു കാരണം കൂടിയുണ്ട്. കൂടെനിന്ന് വാക്കുമാറ്റി ചതിക്കുന്ന ചിലരുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചപ്പോള്‍ ദാ ഇപ്പോ വരാമെന്ന് പറഞ്ഞവരാണ് ആ റോഷിയും ജയരാജും. എവിടെ വരാന്‍. ആ പറ്റിപ്പിന്റെ കഥ കൂടി പിജെയ്ക്ക് പറയാനുണ്ട്.

ആന്റണി നാട്ടില്‍വന്നാല്‍ ചിലപ്പോള്‍ കോണ്‍ഗ്രസുകാരുതന്നെ അറിയാറില്ല. അറിയുന്നത് തലസ്ഥാനത്തെ പത്രക്കാരാണ്. അവര് വല്ലതും ചോദിച്ചാലോ കമാന്ന് മിണ്ടില്ല. ജംബോ സര്‍ക്കസുകളിക്ക് കെപിസിസി നീക്കം നടത്തുമ്പോള്‍ ചോദ്യങ്ങള്‍ സ്വാഭാവികം. പക്ഷെ, ഉത്തരം പറയേണ്ടത് ആന്റണി സാറല്ലേ. കിം ഫലം.

എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു പാര്‍ട്ടിക്കും മുന്നോട്ടുപോകാനാകില്ല. പക്ഷെ, എല്ലാവരെയും തൃപ്തിപ്പെടുത്തിയെ മുന്നോട്ടുപോകൂ എന്ന് വാശിയുള്ള പാര്‍ട്ടിയാണ് കേരളത്തിലെ കോണ്‍ഗ്രസുപാര്‍ട്ടി. കെ. മുരളീധരന് അത് അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടിട്ടില്ല. പുള്ളി സോണിയാജിയെ വിളിച്ച് ഇഷ്ടക്കേട് വിവരിച്ചു. അത് മുല്ലപ്പള്ളിക്കങ്ങ് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ഇഷ്ടക്കേടുകളുടെ പട്ടികയാണ് ഉടന്‍ റിലീസിനൊരുങ്ങുന്നത്. പട്ടികയിലിലൊന്നും പെട്ടില്ലെങ്കില്‍ വീണ്ടും കാണാം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...