പിഎസ്‌സി എന്നുകേട്ടാല്‍ ഇരിപ്പുറയ്ക്കാത്ത അവസ്ഥ

Thiruva_07-11-site
SHARE

ക്ഷീണിച്ചോ എന്ന് ചോദിച്ചാല്‍ കുറച്ച് ക്ഷീണിച്ചു എന്നുതന്നെ പറയേണ്ടിവരും. പബ്ലിക് സര്‍വീസ് കമ്മിഷനെയും ചെയര്‍മാന്‍ എം.കെ. സക്കീറിനെയും ഒരുപോലെ ക്ഷീണിപ്പിച്ച നാളുകളാണ് കടന്നുപോയത്. അതിന് തല്‍ക്കാലം ആശ്വാസമുണ്ട്. ആ ആശ്വാസപ്പുറത്ത് തുടങ്ങുകയാണ് തിരുവാ എതിര്‍വാ. 

ജോലിയില്ലെങ്കിലും പിഎസ്സ്സി പരീക്ഷ എഴുതി ഇരിക്കുവാ എന്നുപറഞ്ഞാല്‍ തന്നെ ഒരു ഗമയായിരുന്നു. ഇപ്പോഴാകട്ടെ പിഎസ്്സി എന്നുകേട്ടാല്‍ നേരാംവണ്ണം ഇരിപ്പുറയ്ക്കാത്ത അവസ്ഥയാണ്. തൊഴിലന്വേഷകര്‍ക്ക് മാത്രമല്ല, പിഎസ്്സി ചെയര്‍മാനും സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഇരിക്കപ്പൊറുതിയില്ല. കോപ്പിയടിയില്‍ പിഎച്ച്ഡി എടുത്ത രണ്ടുമൂന്നുചങ്ങാതിമാര്‍ പിഎസ്്സിക്കിട്ട് ഒരു പണികൊടുത്തു. അത് അന്വേഷിച്ച തച്ചങ്കരി നാലുപേജ് സാഹിത്യമെഴുതി റിപ്പോര്‍ട്ടാണെന്നുപറഞ്ഞ് കമ്മീഷനുകൈമാറിയതാണ് പുതിയ പുകിലിന് കാരണം. തട്ടിപ്പ് ആഴത്തിലുള്ളതല്ല എന്നാണ് മുങ്ങലറിയാവുന്നവരുടെ കണ്ടെത്തല്‍. സിബിഐ ആയിരുന്നു കണ്ടെത്തിരുന്നതെങ്കില്‍ അത് സമ്മതികൊടുക്കാമെന്ന മട്ടില്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ചെന്നിത്തലയും സംഘവും.

അടുത്ത സ്റ്റെപ്പില്‍ കോപ്പിയടിച്ച ശിവരഞ്ജിത്തിനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്. അത്രയ്ക്ക് കാര്യപ്രാപ്തിയുണ്ടത്രെ കക്ഷിക്ക്. ജയിലില്‍നിന്ന് പുറത്തുവന്ന ശേഷം കോപ്പിയടിയുടെ ബ്രാന്‍ഡ് അംബാസഡറായി മാറിയ നസീമിനെ ആഭ്യന്ത്രമന്ത്രിയാക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്. ഇങ്ങനെയൊക്കെയായിട്ടും പിഎസ്്സി ചെയര്‍മാന്‍ പറയുന്നതാണ് പിടികിട്ടാത്തത്. പിഎസ്സ്സിക്ക് നല്ല കാലമാണ്. വിശ്വാസം വീണ്ടെടുത്തു എന്നൊക്കെയാണ് അവകാശപ്പെടുന്നത്. ഇനി ഇരുന്ന കസേരയെങ്ങാനും മാറിപ്പോയോ എന്നാണ് സംശയം.

വിദ്യാര്‍ഥികളുടെ മാത്രമല്ല എം.കെ. മുനീറിന്റെ കാര്യവും ഇന്ന് ഗോവിന്ദയായിപ്പോയി. ബംഗാളില്‍ പണ്ട് കോപ്പിയടി നടന്നായി സ്ഥിരീകരിക്കുന്ന വിവരങ്ങളടങ്ങിയ ഒരു പുസ്തകം തേടിപ്പിടിച്ചു. നാലാംകിട പുസ്തകവുമായി നടക്കാന്‍ നാണമില്ലേ എന്നായിരുന്നു സര്‍ക്കാരിന്റെ അധിക്ഷേപം. പാവം മുനീര്‍. പുസ്തകം വായിക്കാത്തവരെ ചികില്‍സിക്കാന്‍ കഴിയില്ലല്ലോ.

പാര്‍ട്ടി പത്രത്തിലൊന്നും ഇതുവരെ കാണാതിരുന്ന ഒരു വാര്‍ത്തയുമായി കടകംപള്ളി എത്തിയിട്ടുണ്ട്. കോന്നിയിലെ വിജയത്തിന്റെ മുഴുവന്‍ ക്രഡിറ്റും സാക്ഷാല്‍ അയ്യപ്പന് സമര്‍പ്പിക്കുകയാണ് ദേവസ്വം മന്ത്രി. ബിജെപിയെയും കോണ്‍ഗ്രസിനെയും പാഠം പഠിപ്പിക്കുകയായിരുന്നു കലിയുഗവരദന്റെ ലക്ഷ്യം. പാവം ജനീഷ്കുമാറിന്റെ കാര്യമോര്‍ക്കുമ്പോഴാണ്. കോന്നിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി വെറുതെ സമയം പെട്രോള് കത്തിച്ചത് മിച്ചം. ആ നേരം മല കയറി രണ്ട് ശരണം വിളിച്ചാല്‍ മതിയായിരുന്നു. 

അതെ, കടകംപള്ളിയും യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ നല്ലത്. അടുത്ത തവണ കോന്നിയില്‍ തോറ്റാല്‍ വോട്ടര്‍മാരുടെ തലയില്‍കയറരുത്. എതായാലും കോന്നിയില്‍നിന്ന് അയ്യപ്പന്‍ രക്ഷപ്പെടുത്തി. ഇനി കാരാട്ടില്‍നിന്ന് ആരുരക്ഷിക്കുമെന്നായിരിക്കും മുഖ്യമന്ത്രി പിണറായി ആലോചിക്കുന്നത്. ചെറിയൊരു യുഎപിഎയുടെ പേരില്‍ രണ്ട് ചെറിയ വാവക്കുട്ടികളെ പൊലീസെടുത്തൊന്ന് ലാളിച്ചതിന്റെ പേരില്‍ ലോകം മുഴുവനും പഴിചാരുകയാണ് പാവത്തെ. അക്കൂട്ടത്തില്‍ പ്രകാശ് കാരാട്ടിനെപ്പോലെ കളിയറിയാവുന്ന സഖാവ് ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇതലും നല്ല മനഃസാക്ഷി യെച്ചൂരിക്കുണ്ടായിരുന്നു. അത് കാണാതെ പോയതില്‍ ഇന്ന് ദുഃഖിക്കുന്നു.

സകലതും ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരും എന്ന് കരുതാം. അതിനുമുന്‍പെ മുന്നോക്ക കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള മറ്റുചിലതുമായി മുന്നോട്ടുവന്നിട്ടുണ്ട്. ജോസ് കെ. മാണിയും പി.ജെ. ജോസഫുമൊക്കെ തോറ്റതൊപ്പിയിട്ടതിന്റെ ആഹ്ലാദത്തിലാണ് പിള്ള സാറും മോന്‍ ഗണേഷ് കുമാറും. ഇതിലും ഭേദം കാലുപിടിച്ച് നിലത്തടിക്കുന്നതായിരുന്നു. റോഷിക്കൊപ്പം പൊറോട്ടയടിക്കാന്‍ ജോസ്മോനും ഇറങ്ങുമോ എന്നതാണ് പിള്ളയും പാലായും ഉറ്റുനോക്കുന്നത്.

പറഞ്ഞത് ബാലകൃഷ്ണ പിള്ളയാണെന്നും തൊട്ടടുത്തിരിക്കുന്നത് സന്തതിയായ ഗണേഷ്കുമാറാണെന്നും വെറുതെ വിചാരിച്ചുകൊണ്ട് ഒരിടവേളയെടുക്കുന്നു. വേഗം മടങ്ങി വരാം.

കേരളത്തിലെ റോഡുകളെല്ലാം ജി. സുധാകരന്റെ കര്‍ശന നിലപാടുമൂലം അതിഗംഭീരമായി എന്നാണ് ജി.സുധാകരന് തന്നെ തോന്നിയത്. ആ തോന്നലിന്റെ പുറത്താണോ എന്നറിയില്ല പറയുന്നത് തമ്മില്‍ വൈരുദ്ധ്യം കൂടുതലാണ്. മഴ കാരണം പണി നടക്കുന്നില്ല, കേരളത്തില്‍ ചറപറാ വര്‍ക്കുകള്‍ നടക്കുന്നത് കാരണം കോണ്‍ട്രാക്ടറെ കിട്ടാനില്ല, കോണ്‍ട്രാക്ടറെ കിട്ടിയിട്ടും ചിലയിടത്ത് വേണ്ടത്ര ഫണ്ടില്ല. ഇങ്ങനെ എല്ലാമങ്ങ് ഒത്തുപോകുന്നില്ല. ഇനി വല്ല  മോഡേണ്‍ കവിതയോ മറ്റോ ആണോ.

കരാറുകാരെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം ഒടുവില്‍ എല്‍ദോസ് കുന്നപ്പള്ളി കണ്ടെത്തി. ആ കണ്ടെത്തല്‍ സഭയില്‍ വെറുതെ പങ്കുവച്ചതേയുള്ളൂ. എവിടുന്നോ എഴുന്നേറ്റ് വന്ന് ആ എസ്. ശര്‍മ്മ  പാവം എല്‍ദോയെ വലിച്ചുകീറി. കുട്ടികള്‍ ചെറിയ വായയില്‍ വലിയ വര്‍ത്തമാനം പറയരുതെന്നാണ് ശര്‍മയുടെ താക്കീത്. സത്യത്തിന് അല്ലെങ്കിലും ഇവിടെ വിലയില്ലല്ലോ.

എന്നാല്‍ വിഷയം പറയാമെന്നുവച്ചാല്‍ എല്‍ദോ കുഞ്ഞിനെ ആ താല്‍ക്കാലി സ്പീക്കറ് സമ്മതിക്കണ്ടേ. സര്‍ക്കാരിലെ ആരും അഴിമതിക്കാരല്ല എന്ന് എല്‍ദോ പറഞ്ഞപ്പോള്‍ ആ  ഹാ. സര്‍ക്കാരിലുള്ളവര്‍ ഒന്നിച്ച് ഒത്തൊരുമയൊടെയാണ് അഴിമതി നടത്തുന്നതെന്ന് എല്‍ദോ പറഞ്ഞപ്പോള്‍ ഓഹോ. അത് ശരിയായില്ല. ഒന്നുമില്ലെങ്കിലും ഒരു കര്‍ഷകമിത്രമല്ലേ നമ്മുടെ എല്‍ദോ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...