സർക്കാരിന് ചെന്നിക്കുത്തായി ചീഫ് സെക്രട്ടറിയുടെ ലേഖനം

thirruva-chief
SHARE

ഭീകരരെ പിടിക്കാന്‍ പാഞ്ഞുനടക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. മാവോയിസ്റ്റ് ഭീകരരെ പിടിക്കാന്‍ കാടുകയറിയിരിക്കുന്നു കേരള മുഖ്യന്‍ പിണറായി. അതെ അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യത്തെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ ഒഴുക്കിയിരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷം. ബഗ്ദാദിയെ കുടുക്കിയ നായ്ക്കളുമായി തച്ചങ്കരി എത്തുന്നതോടെ കേരളത്തിലെ കൊള്ളക്കാരെല്ലാം അകത്താകും. അമേരിക്കയിലെ പട്ടികള്‍ക്കില്ലാത്ത ഒരു ഭാഗ്യം ഇവിടുത്തെ സേനയില്‍ ചേരുന്ന നായ്ക്കള്‍ക്കു ലഭിക്കും. എന്താണന്നല്ലേ. ബറ്റാലിയന്‍ എഡിജിപി തച്ചങ്കരയില്‍ നിന്ന് നല്ല സംഗീതം ആസ്വദിക്കാം. 

ചീഫ്സെക്രട്ടറി ടോംജോസ് പത്രത്തില്‍ ഇംഗ്ലീഷില്‍ എഴുതിയതിന്‍റെ മലയാളം കേരള സര്‍ക്കാരിന് തലവേദനയല്ല ചെന്നിക്കുത്തായി മാറുകയാണ്. ആഭ്യന്തരമന്ത്രിയായ മുഖ്യന്‍ പിണറായിക്ക് പൊലീസിന്മേല്‍ പിടിയില്ല എന്ന ആരോപണം ഒരുവശത്ത് കൊടുങ്കാറ്റായി അടിച്ചുവരുകയായിരുന്നു. അതില്‍നിന്ന് വല്ല വിധേനെയും രക്ഷപെടാന്‍ പെടാപ്പാടു പെടുമ്പോളാണ് പേമാരികണക്കെ ചീഫ് സെക്രട്ടറിയുടെ ലേഖനം. സര്‍ക്കാര്‍ അറിഞ്ഞാണോ സെക്രട്ടറി ഘോരഘോരം എഴുതിയത് എന്നു ചോദിക്കരുത് ഇഷ്ടമില്ലാത്ത അച്ചിക്കേ തൊട്ടതിലെല്ലാം കുറ്റമുള്ളു. എന്നുവച്ചാല്‍ നമ്മുടെ ജേക്കമ്പ് തോമസിനൊക്കെ. സ്വന്തക്കാര്‍ക്കൊക്കെ എന്തും എഴുതാം. രാജ്യവിരുദ്ധമായി എഴുതിയ ചില ലഘുലേഖകളുടെ പേരിലാണല്ലോ ഈ പുലിവാലെല്ലാം. അങ്ങനെ എഴുത്തുമ വായനയും വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്.

യുഎപിഎ എന്നുകേട്ടപ്പോള്‍ നെല്‍ക്കിതരരിയാന്‍ വച്ചിരുന്ന അരിവാളുമെടുത്ത് ഉറഞ്ഞുതുള്ളിയിറങ്ങിയതാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആ അരിവാളിനെ നേരിടാന്‍ കളത്തിലുള്ളത് കണ്ണൂരിലെ വീരന്‍ പി ജയരാജനാണ്. ഇത് കരിമിയമത്തിന്‍റെ പ്രശ്നമല്ലെന്നും പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ചിലര്‍ ഇറങ്ങിയിരിക്കുന്നതിന്‍റ ബാക്കിപത്രമാണെന്നുമാണ് പി ജയരാജന്‍ പറയുന്നത്. എന്നാല്‍ എല്ലാ ജയരാജന്മാരും ഒരു പോലണെന്ന് ധരിക്കരുത്. പേരിലെ ഐക്യം നിലപാടില്‍ ഉണ്ടാവണമെന്നില്ലല്ലോ. യുഎപിഎ കരിനിയമമാണെന്ന സിപിഐ നിലപാടിന് കൈകൊടുത്താണ് എംവി ജയരാജന്‍ സ്റ്റാന്‍ഡുപിടിച്ചത്. ഇതോടെ ആരാണ് ശരിക്കും ഇടതുപക്ഷം, ഏതാണ് ശരിക്കും ഇടത് നിലപാട് എന്നവിഷയത്തില്‍ ഒരു സംശയം ആകാശത്ത് ഉരുണ്ടുകൂടി

മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന മഞ്ചക്കണ്ടി വനത്തില്‍ പൂച്ചകളെത്തിയകാര്യം ലോകത്തെ അറിയിച്ചത് സഖാവ് പി ആണ്. ഒരു പൂച്ചയല്ല ഒന്നിലധികം പൂച്ചകള്‍ സ്ഥലം സന്ദര്‍ശിച്ചുവെന്നാണ് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.  പൂച്ച എന്നാല്‍ ബ്ലാക് ക്യാറ്റ്സല്ല കേട്ടോ. ഇതുകൂടാതെ രണ്ടുതരം പൂച്ചകളും കൂടിയുണെന്നാണ് പി വിശദീകരിക്കുന്നത്. അയല്‍വക്കത്തെ പൂച്ചയും വീട്ടിലെ പൂച്ചയും. കോണ്‍ഗ്രസിനെയാണ് അയലത്തെ പൂച്ചയായി ജയരാജന്‍ കണ്ടിരിക്കുന്നത്. വീട്ടിലെ പൂച്ച സിപിഐ ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ. മിണ്ടാപ്പൂച്ച കലമുടക്കും എന്ന് വേണമെങ്കില്‍ ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് കാനത്തിന് കമന്‍റ് ഇടാവുന്നതാണ്

കോണ്‍ഗ്രസിന്‍റെ വിപി സജീന്ദ്രന്‍ എംഎല്‍എ കുന്നത്തുനാട്ടിലെ നല്ല ഒന്നാംതരം കര്‍ഷകനാണ്. സഭയില്‍ കാര്‍ഷിക പ്രശ്നത്തില്‍ ശ്രദ്ധക്ഷണിക്കലിന് എംഎല്‍എക്ക് അവസരം കിട്ടി. എന്നാല്‍ കോണ്‍ഗ്രസിലെ കൃഷിയെക്കുറിച്ചും പാര്‍ട്ടിയുടെ വിളവെടുപ്പിനെപ്പറ്റിയുമാണ് കക്ഷി സംസാരിച്ചത്. പലരും പുറത്തുപറയാന്‍ മടിക്കുന്നത് തുറന്നു പറയുന്ന പ്രകൃതക്കാരനാണ് പണ്ടേ സജീന്ദ്രന്‍. ഈ പ്രസംഗത്തോടെ കെപിസിസി രഹസ്യങ്ങള് ‍നിയമസഭാ രേഖയായി

പറഞ്ഞല്ലോ ശ്രദ്ധക്ഷണിക്കലായിരുന്നു ചടങ്ങ്. എല്ലാവരുടെയും ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കാന്‍ കിട്ടിയ അവസരമായാണ് എംഎല്‍എ ഇതിനെ കണ്ടത്. തന്‍റെ കാര്‍ഷിക പാരമ്പര്യം കൂടി വിളമ്പിയേശേഷമാണ് ഇരിപ്പടത്തില്‍ സജീന്ദ്രന്‍ തിരിച്ചിരുന്നത്

കവി മന്ത്രി ജി സുധാകരന്‍റെ പൂതനാമോക്ഷം അരൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിക്കുകാരണമായെന്ന് സിപിഎം ആലപ്പുഴ ജില്ലാക്കമ്മിറ്റിയുടെ വിലയിരുത്തല്‍. എന്നാല്‍ പൂതന എന്നു താന്‍ വിളിച്ചിട്ടില്ലെന്നും ജില്ലാക്കമ്മിറ്റി അങ്ങനെ പറഞ്ഞിട്ടില്ലെന്നും എല്ലാം മായയും ലീലയുമാണെന്നും കവി ഫേസ്ബുക്കില്‍ കുറിച്ചു. മനസിലെ വേദന ഒരു കവിതയായി പുറത്തേക്കൊഴുകുമെന്നാണ് കരുതിയതെങ്കിലും അതുണ്ടായില്ല. ഷാനിമോള്‍ പെങ്ങളെപ്പോലെയാണെന്ന് സുധാകരന്‍ പറഞ്ഞതുകൊണ്ടാണോ അതോ പൂതന പരാമര്‍ശം വോട്ടായതുകാണ്ടുള്ള നന്ദിയുടെ പേരിലാണോ എന്നറിയില്ല മന്ത്രിയെ ഷാനിമോള്‍ തെള്ളിപ്പറഞ്ഞില്ല. എന്നുവച്ചാല്‍ മന്ത്രിയുടെ ഫേസ്ബൂക്ക് പോസ്റ്റിന് ഷാനിംോളുടെ ലൈക്ക്

ബിജെപിയുമായി ഇടഞ്ഞ പിസി ജോര്‍ജ് ഓട്ടോ തന്‍റെ വണ്ടി പാര്‍ക്കുചെയ്യാന്‍ ഒരു ഇടം തേടി അലയുകയാണ്. വലത്തോട്ട് ഇന്‍ഡിക്കറ്ററിട്ടപ്പോള്‍ പാര്‍ക്കിങ് ഫുള്‍ എന്ന ബോര്‍ഡ് അവിടെ ഉമ്മന്‍ ചാണ്ടി സ്ഥാപിച്ചു. അപ്പോള്‍ ഇടത്തേക്കുള്ള സിഗ്നല്‍ ഒന്ന് പരീക്ഷിക്കുകയാണ്. ഇനി ബിരിയാണി കിട്ടിയാലോ. നിയമസഭയാണ് വേദി. ജോറാണ് ജോര്‍ജിന്‍റെ ആ സുഖിപ്പീര്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...