നേർച്ചക്കോഴിയായി സൗമിനി ജയിൻ; കോൺഗ്രസിൽ ഗ്രൂപ്പു മറന്നുള്ള ഐക്യം

thiruva 3010
SHARE

കൊച്ചി പഴയ കൊച്ചിയല്ലെന്ന് യുഡിഎഫും വിശിഷ്യാ കോണ്‍ഗ്രസും ഇക്കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ നന്നായി തിരിച്ചറിഞ്ഞിരുന്നു. നഗരസഭ ഡപ്യൂട്ടി മേയര്‍ കൂടിയായിരുന്ന ടിജെ വിനോദിന് വോട്ടെണ്ണം കുറഞ്ഞു. മാത്രമല്ല കൊച്ചിക്കാര്‍ വോട്ടുചെയ്യാന്‍ അത്രക്കങ്ങ് എത്തിയുമില്ല. കുറ്റം ആരോപിക്കാന്‍ ഒരു മഴ മുന്നിലുള്ളത് കോണ്‍ഗ്രസിന്‍റെ ഭാഗ്യം. മഴയില്‍ മാത്രം ഇത് ഒതുങ്ങില്ലെന്ന് തിരിച്ചറിഞ്ഞ നേതാക്കള്‍ ഒരു കുരുതി നടത്തി പ്രായശ്ചിത്തം ചെയ്യാനും തീരുമാനിച്ചു. നേര്‍ച്ചക്കോഴിയാക്കാന്‍ അവര്‍ക്ക് മുന്നില്‍ കിട്ടിയത് മേയര്‍ സൗമിനി ജയിനെയാണ്. കോണ്‍ഗ്രസില്‍ വിവിധ ഗ്രൂപ്പുകളിലായി ഏറെ പ്രബലന്മാര്‍ തിന്നു കൊഴുത്തു കിടക്കുന്ന ജില്ലയാണ് എറണാകുളം. കെ ബാബു ബെന്നി ബഹനാന്‍ ഹൈബി ഈഡന്‍ കെവി തോമസ് വിഡി സതീശന്‍ തുടങ്ങി മൂത്തതും ഇളപ്പനുമായ നിരവധി അനവധി വെള്ളക്കാര്‍. മഴ പെയ്തതിന്‍റെയും വോട്ടു കുറഞ്ഞതിന്‍റെയും ഉത്തരവാദി മേയര്‍ സൗമിനി ആണോയെന്ന് വ്യക്തമല്ല. അതറിയണമെങ്കില്‍ യുഡിഎഫിന്‍റെ പഠന റിപ്പോര്‍ട്ട് പുറത്തുവരുകതന്നെ ചെയ്യണം. പക്ഷേ ഒന്നറിയാം. ഇക്കണ്ട കോണ്‍ഗ്രസ് പുലികളെയെല്ലാം തമ്മിലടിയില്ലാതെ ഒരു മടയില്‍ താമസിപ്പിക്കുന്നതിന്‍റെ ഉത്തരവാദി സൗമിനി ജയിനല്ലാതെ മറ്റൊരാളല്ല. മേയറെ മാറ്റണം എന്നതില്‍ അത്രക്കാണ് ഗ്രൂപ്പുമറന്നുള്ള ഐക്യം. ഐക്യ കോണ്‍ഗ്രസ് സിന്ദാബാദ്

*****************************

പേരുപോലെ മേയര്‍ അത്ര സൗമിനി അല്ല എന്നതാണ് നേതാക്കളുടെ പ്രശ്നം. അതിനാലാണ് വെള്ളം പൊങ്ങിയ അവസരത്തില്‍ അതിലൂടെ ഒഴുക്കിവിടാനുള്ള ഈ തിരക്ക്. ഹൈബി ഈഡന്‍ ഇങ്ങനെയൊക്കെ പറയുന്നതില്‍ പക്ഷേ തെല്ലും തെറ്റില്ല. കാരണം ഹൈബിയുടെ കൊച്ചിയിലെ വീട്ടില്‍ ഉപതിരഞ്ഞെടുപ്പുദിവസം വെള്ളം കയറുകയും മാനം അടക്കം സകലതും നശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആ വെള്ളക്കെട്ട് ആസ്വദിക്കാനിറങ്ങിയ ഹൈബിയുടെ ഭാര്യ ഒടുവില്‍ ഫേസ്ബുക്കും പൂട്ടി വെള്ളക്കെട്ടുവഴി ഓടേണ്ടിയും വന്നു. അതിന്‍റെ ദണ്ഡത്തിലാകും ഹൈബിക്ക് ഇങ്ങനെയൊക്കെ പറയേണ്ടിവന്നത്. എല്ലാവരും ചേര്‍ന്ന് കൊത്തിപ്പറിച്ച മേയറെ രക്ഷിക്കാന്‍ വള്ളത്തില്‍ കയറിവന്ന രക്ഷകനായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാല്‍ മുല്ലപ്പള്ളിയെ കൊച്ചി കായലില്‍ താക്കുമെന്ന് ഗ്രൂപ്പുനേതാക്കള്‍ മുന്നറിയിപ്പ് കൊടുത്തു. തുടര്‍ന്ന് സൗമിനിയെ സൗമ്യനായ മുല്ലപ്പള്ളി കെപിസിസി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി.

***********************

അതുകൊണ്ടരിശം തീരാഞ്ഞവനാ പുരയുടെ ചുറ്റും മണ്ടിനടന്നു. ഇതാണ് കെ ബാബുവിന്‍റെ അവസ്ഥ. സൗമിനിയെ മാറ്റാതെ ജലപാനമില്ലെന്നാണ് ബാര്‍ബുവിന്‍റെ നിലപാട്. 

***********************

തൊടുപുഴക്കാരന്‍ പിജെ ജോസഫിന് രാഷ്ട്രീയത്തിനപ്പുറത്ത് ചില വീക്നെസുകളുണ്ട്. വിമാനത്തില്‍ യാത്ര ചെയ്യുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. അതല്ല. സംഗീതമാണ് ഒന്ന് മറ്റൊന്ന് കന്നുകാലി കൃഷി. നാട്ടില്‍ എംഎല്‍എയെക്കാള്‍ പ്രശസ്തരാണ് തെഴുത്തിലുള്ള സുനന്ദയും നന്ദിനിയുമൊക്കെ. സഭയില്‍ വരുന്ന ഒട്ടുമിക്ക വിഷയങ്ങളിലും അധികം തലയിടാന്‍ ജോസഫ് നില്‍ക്കാറില്ല.പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് താനാണെന്ന് ജോസ് കെ മാണിയെ ബോധിപ്പിക്കാന്‍ ചില ഇടപെടലുകള്‍ നടത്താറുണ്ട്. അത്രമാത്രം. എന്നാല്‍ ചോദ്യോത്തരവേളയില്‍ പശു എന്നെങ്ങാണും കേട്ടാല്‍ ജോസഫ് ചാടി എഴുന്നേല്‍ക്കും. എന്നിട്ട് തനിക്കറിയാവുന്ന കന്നുകാലി വിവരങ്ങള്‍ ചുരത്തും. ദാ ഇങ്ങനെ

***********************

മന്ത്രി എംഎം മണിയുടെ കാറും ആ കാറിന്‍റെ ടയറുമാണ് ഇപ്പോള്‍ കേരളത്തില്‍ ചര്‍ച്ചാ വിഷയം. വാഹന ഭീമന്മാരായ ടൊയോട്ടയുടെ ഓഹരി നിലവാരത്തെവരെ ഒരു വിവരാവകാശ രേഖ ബാധിച്ചതായാണ് വിവരം. കഥ ഇനി പറയേണ്ട കാര്യമില്ലെന്ന് അറിയാം. രണ്ടു വര്‍ഷത്തിനിടെ കാറിന് മുപ്പത്തിനാല് ടയര്‍ മാറിയതാണ് സംഭവം. തലസ്ഥാനത്തുനിന്ന് ഇടുക്കിയിലേക്ക് സാമാന്യം നല്ല ദൂരമുണ്ട്. വണ്ടിയാകുമ്പോ ഓടും ഏടുമ്പോള്‍ ടയര്‍ തേയും. പൊതുമരാമത്തുമന്ത്രിക്കുള്ളതിന്‍റെ പകുതി ഉത്തരവാദിത്തം ഇക്കാര്യത്തില്‍ ആ കാറില്‍ സഞ്ചരിച്ച മന്ത്രിക്കുണ്ടേകേണ്ടതില്ല. എന്നിട്ടും സംഗതി ട്രോളിന്‍റെ ചാകരയായി. 1,24,075 ഗുണം 4 ഭാഗം 34. ഇ കണക്ക് ചെയ്താല്‍ ടയര്‍മാറ്റല്‍ വിവാദത്തിനുള്ള ഉത്തരം ലഭിക്കുമെന്നാണ് എംഎം മണിയാശാന്‍റെ വിശദീകരണം. കൈയ്യിലോ കാല്‍ക്കുലേറ്ററിലോ കൂട്ടാവുന്നതാണ്. വണ്ടി ഒരു കുഴിയെയും ഭയക്കാതെ ഓടുകതന്നെ ചെയ്യും

***********************

ഊരിപ്പിടിച്ച വാള്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ ആരു നീട്ടിയാലും അദ്ദേഹം ക്ഷമിക്കില്ല. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ശരിദൂരത്തിന്‍റെ കിടപ്പ് വെളിപ്പെടുത്തിയ എന്‍എസ്എസിന് ചിരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം മുഖ്യന്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ മുഖത്ത് ആ ചിരിയില്ല. വാളും കുറുവടിയുമെടുത്ത് വിമോചന സമരത്തിനിറങ്ങാന്‍ കോപ്പുകൂട്ടുന്നവരോട് പിണറായി ഉറക്കെ പറയുകയാണ്. കടക്കൂ പുറത്ത്

***********************

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...