രോഹിത് ശർമയേക്കാൾ ഫോമിൽ ചെന്നിത്തല; ക്രീസിൽ സതീശൻ

rohit-thiruva-29
SHARE

വാളയാര്‍ കേസ് നന്നായി അന്വേഷിച്ച പിണറായി പൊലീസിന്‍റെ സഹായം കാരണം പ്രതികള്‍ വീട്ടില്‍ ഉണ്ടുറങ്ങി സുഖമായി ജീവിക്കുന്നു. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി പൊക്കിള്‍കൊടി ബന്ധമുണ്ടെന്ന് നാടെങ്ങും പാട്ടാണ്. യൂണിവേഴ്സിറ്റി കോളജിലെ കത്തിക്കുത്തു പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ പിഎസ്സ്‍സി പരീക്ഷാ തട്ടിപ്പുകേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ മറന്നു. തൊണ്ണൂറു ദിവസമായിട്ടും കുറ്റപത്രം കൊടുക്കാത്തതിനാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യം നേടി വീട്ടില്‍ ഉണ്ടുറങ്ങി സുഖമായി ജീവിക്കും. ഇതിനാണ് ചെങ്കൊടിത്തണല്‍ എന്ന് പറയുന്നത്. 

നിയമസഭാ സമ്മേളനം തുടങ്ങിയിട്ടുണ്ട്. കുറച്ചുനാള്‍ ഇനി അവിടെനിന്നുള്ള പുതിലും പുക്കാറും പ്രതീക്ഷിച്ചോണം. ഇന്ത്യന്‍ ക്രക്കറ്റ് താരം രോഹിത് ശര്‍മയ്ക്കാള്‍ ഫോമിലാണ് കുറച്ചുനാളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരെന്ത് കള്ളത്തരം മനസില്‍ ആലോചിച്ചാലും ഈ പഴയ പൊലീസ് മന്ത്രി കണ്ടുപിടിക്കും. രണ്ടരകൊല്ലം വകുപ്പു ഭരിച്ചപ്പോള്‍ ആ തല  കുറ്റാന്വേഷണത്തില്‍ അഗ്രഗണ്യനായി. മസാല ബോണ്ട്, ബ്ലൂബറി ഡിസ്ലറി ഇടപാട് എന്നിങ്ങനെ തുടങ്ങി ഒടുവില്‍ കെടി ജലീലിന്‍റെ മാര്‍ക്കുദാനത്തിലെത്തിയപ്പോളെങ്കിലും ചെന്നിത്തല ഔട്ടാകുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. മകന്‍റെ പേരില്‍ വിവാദമുയര്‍ത്തി ഒരു റണ്‍ഔട്ടിന് ഭരണപക്ഷം ശ്രമിച്ചെങ്കിലും ഗ്രൂപ്പിനിടയിലെ ഓട്ടത്തില്‍ മാത്രമല്ല വിക്കറ്റിനിടയിലെ ഓട്ടത്തിലും താന്‍ കേമനാണെന്ന് ഹരിപ്പാടിന്‍റെ പുത്രന്‍ തെളിയിക്കുകയും ചെയ്തു. നിയമസഭ തുടങ്ങിയപ്പോള്‍ ചെന്നിത്തല നോണ്‍ സ്ട്രക്ക് എന്‍ഡിലാണ്. ഇപ്പോള്‍ ക്രീസിലുള്ളത് വിഡി സതീശനാണ്. രാഹുല്‍ ദ്രാവിഡ് കണക്കെ വിക്കറ്റ് കളയാതെ എത്ര നേരം വേണമെങ്കിലും പിടിച്ചു നില്‍ക്കാന്‍ മിടുക്കന്‍. പതിയെ തുടങ്ങി വലിയ സ്കോറില്‍ എത്തുന്ന ശീലക്കാരന്‍. ബോളുചെയ്യാനെത്തിയ മന്തി എംഎം മണിയെ കണക്കിന് പ്രഹരിക്കുകയാണ് ബാറ്റ്സ്മാന്‍മാര്‍. വൈദ്യുതി ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ടെന്‍ഡറിസ്‍ അഴിമതിയെന്നാണ് ആരോപണം. ഈ കിഫ്ബി പദ്ധതിവഴി വകുപ്പുമന്തി വൈദ്യുദി ബോര്‍‍ഡിനെ പിഴിയുകയാണെന്നാണ് പ്രതിപക്ഷാരോപണം. 

മന്ത്രി എംഎം മണിയെ ആക്രമിക്കുക എന്നാല്‍ ഓടുന്ന ട്രയിനില്‍  നിന്ന് റെയില്‍വേ ട്രാക്കിന് മുകളിലുള്ള വൈദ്യുതി ലൈനില്‍ കൈവയ്ക്കുക എന്നതിലും വലിയ റിസ്കാണ്. എന്നിട്ടും പ്രതിപക്ഷം അതിന് മുതിര്‍ന്നു. നാക്കില്‍ ഇലവണ്‍ കെവിയുമായി നടക്കുന്ന മണിയാശാന്‍ എപ്പോളാണ് മറുഷോക്ക് നല്‍കുകയെന്ന് ഒരു പിടിയുമില്ല. ഇത്രയും ഹൈ വോള്‍ട്ടേജുള്ള ഒരു മന്ത്രിയും ഈ വകുപ്പില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടുമില്ല. എസ്എന്‍സി ലാവ്ലിന്‍ നല്‍കിയ ഷോക്ക് പൂര്‍ണമായും മാറുന്നതിന് മുമ്പാണ് പിണറായി വിജയന് ഈ വൈദ്യുതി ആരോപണം കേള്‍ക്കേണ്ടി വരുന്നത്. 

രണ്ടുവര്‍ഷത്തിനിടെ മന്ത്രിമണി തന്‍റെ കാറിന് മുപ്പത്തിനാല് ടയര്‍ മാറ്റിയെന്ന വിവരാവകാശ രേഖ മറ്റൊരു ഷോക്കായി ഇതിനിടക്ക് പുറത്തുവന്നിട്ടുണ്ട്. സഭ പിരിഞ്ഞു കഴിഞ്ഞാണ് സംഗതി പുറത്തറിഞ്ഞത്. അല്ലെങ്കില്‍ ടയര്‍ കരണ്ടതിനും മന്തി ഇന്ന് സമാധാനം പറയേണ്ടി വന്നേനേ. ചോദിച്ചിട്ടും കാര്യമില്ല. മന്ത്രി നിരാഹരിച്ചേനേ. സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ടെന്‍ഡര്‍ വിളിക്കുമ്പോള്‍ നിരക്ക് വര്‍ധന വന്നാല്‍ റീ ടെന്‍ഡര്‍ വേണമെന്ന് ധനവകുപ്പിന്‍റെ ഉത്തരവാണ് മണിക്ക് മണികെട്ടാന്‍ പ്രതിപക്ഷം അടുത്തതായി ഇറക്കിയത്. ഈ ഉത്തരവുകളൊന്നും തന്‍റെ വകുപ്പിന് ബാധകമല്ലെന്നുപറഞ്ഞ് മണിയാശാന്‍ തന്‍റെ പന്ത് പ്രതിപക്ഷത്തിന്‍റെ വിക്കറ്റ് ലക്ഷ്യമിട്ട് കുത്തിതിരിച്ചു. 

ആശാനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷത്തെ ജൂനിയര്‍ താരങ്ങള്‍ നടുത്തളത്തിലിറങ്ങി. എപ്പോളാണ് അവരുടെ തലക്കുനേരെ ഒരു നോബോള്‍ വരുകയെന്ന് ആര്‍ക്കറിയാം. 

വാളയാറില്‍ രണ്ടുകുട്ടികള്‍ മരിച്ചു. പ്രതികള്‍ സുഖമായി വീട്ടില്‍ പോയപ്പോളാണ് കേരളം വലിയ തോതില്‍ ഞെട്ടിയതും ചര്‍ച്ചകള്‍ തുടങ്ങിയതും. എന്നിട്ടും ഞെട്ടാത്ത ഒരേ ഒരു ടീമേ നാട്ടില്‍ ശേഷിക്കുന്നുള്ളൂ. അത് എംസി ജോസഫൈന്‍ നേതൃത്വം നല്‍കുന്ന വനിതാ കമ്മിഷനാണ്. കുട്ടികളെ പീഡിപ്പിച്ചവര്‍ പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും  മികച്ച പ്രകടനത്തെതുടര്‍ന്ന് വിലങ്ങൂരിവച്ച് പോയപ്പോള്‍ ഇതിലൊന്നും ഇടപെടാനുള്ളതല്ല ഈ കമ്മീഷനെന്നായിരുന്നു ചെയര്‍പേഴ്സണിന്‍റെ നിലപാട്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായില്ല എന്നതാണ് കണ്ടെത്തല്‍. കുട്ടികളുടെ അമ്മക്ക് പ്രായപൂര്‍ത്തിയായത് ശ്രദ്ധിക്കാതിരുന്ന ജോസഫൈന്‍ പരാതിക്കാരി ഒരു വനിതയാണെന്നതും തെല്ലും ശ്രദ്ധിച്ചില്ല. നീതി നടപ്പാക്കുന്നതനെക്കുറിച്ചുള്ള സെമിനാറുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലായിരുന്നു കമ്മീഷന്‍. 

ഭാഗ്യം നടപടിയില്ലെങ്കലും അഭിപ്രായമെങ്കിലും ഉണ്ടല്ലോ. ആ അഭിപ്രായം ഇപ്പോള്‍ വന്നത് വിമര്‍ശനങ്ങള്‍ ശക്തമായപ്പോളല്ല എന്നത് ആശാവഹമാണ്. കേസില്‍ പുനരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ജോസഫൈന്‍ പറയുന്നത്. ഒരു സംശയം. മരിച്ച കുട്ടികള്‍ ഇപ്പോള്‍ മൈനറല്ലേ. പോക്സോ കേസില്‍ ഇടപെടാന്‍ കഴിയില്ല എന്നൊക്കെ പറയുന്നതുകേട്ടപ്പോള്‍ ഉണ്ടായ സംശയമാണ്

ഒരു കാര്യവുമില്ല. ഈ സംഭവത്തിലല്ല മറിച്ച് കമ്മീഷന്‍ കൊടുക്കാന്‍ കാശില്ലാത്തവന്‍റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ഇത്തരം സംവിധാനങ്ങളില്‍.അതുകൊണ്ട് ആ പറച്ചില്‍ നിര്‍ത്താം. ഇനി യുഡിഎഫ് യോഗത്തില്‍ പോയി വരാം. കോന്നിയും വട്ടിയൂര്‍ക്കാവും ഊര്‍ന്നുപോയതിന്‍റെ ക്ഷീണത്തില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ചായകുടിച്ച് പിരിഞ്ഞു. തോല്‍വി പഠിക്കാനും പിന്നീട് വിലയിരുത്താനും അന്ന് ചായക്കു പുറമേ ചെറുകടികൂടി ഓര്‍ഡര്‍ ചെയ്യാനും തീരുമാനിച്ചു. കാലാവസ്ഥകാരണം വോട്ടുകുറഞ്ഞ എറണാകുളവും ബിജെപി വോട്ടുമറിച്ചതിനാല്‍ തോറ്റ വട്ടിയൂര്‍ക്കാവും കൂടുതല്‍ വോട്ടുകിട്ടാത്തതിനാല്‍ തോറ്റ കോന്നിയും അവിടൊക്കെത്തന്നെ കാണുമല്ലോ. അപ്പോള്‍ അടുത്ത മാസം സമയമെടുത്ത് വിലയിരുത്തിയാല്‍ മതി. പശൂം ചത്തു മോരിന്‍റെ പുളിയും പോയി എന്ന സാഹചര്യം അപ്പോളേക്കും സംജാതമാകും

അപ്പോ വണ്ടിയുടെ ടയര്‍ വീണ്ടും തേഞ്ഞതിനാല്‍ ഇന്നത്തെ ഓട്ടം അവസാനിപ്പിക്കുകയാണ്. മുപ്പത്തിനാല് ടയറുള്ള എംഎം മണിയുടെ വണ്ടിയെ കാര്‍ എന്നല്ല തീവണ്ടി എന്നു വിളിക്കാന്‍ അപേക്ഷിച്ചുകൊണ്ട് പോകുന്നു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...