കേരളത്തിൽ തോറ്റാലെന്താ? അങ്ങ് മിസോറാമിൽ കാണാലോ

thiruva-28
SHARE

സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പിന്‍റെ ഫലം സ്ഥാനാര്‍ഥികള്‍ക്ക് ഇരുപത്തി നാലാം തീയതി കിട്ടിയെങ്കിലും ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളക്ക് അടുത്ത ദിവസം മാത്രമാണ് അതിന് ഭാഗ്യമുണ്ടായത്.  വണ്ടിയും വള്ളവും എത്തിപ്പെടാന്‍ പറ്റാത്ത സ്ഥലത്തേക്കായിരുന്നു ശല്യം ഒഴിവാക്കാന്‍ പണ്ടൊക്കെ ആളെ  പറഞ്ഞുവിട്ടിരുന്നത്. എന്നാലിപ്പോള്‍ അതിന് പറ്റിയ സ്ഥലം മിസോറാമാണ് എന്നാണ് ചില സംഘപരിവാര്‍ ശക്തികള്‍ പറയുന്നത്. എന്നാല്‍ വെറും നേതാവിനെ വിവിഐപി നേതാവാക്കുന്ന അമിത്ഷാ  തന്ത്രം അത്ര പരിചിതമല്ലാത്തതിനാലാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ അങ്ങനെയൊക്കെ ധരിക്കുന്നത്. ആറന്മുള സമരമൊക്കെ കഴിഞ്ഞ് സംസ്ഥാന അധ്യക്ഷനായി വന്ന കുമ്മനത്തെ സൂപ്പര്‍സ്റ്റാര്‍ കുമ്മനമാക്കിയ കാഴ്ച ആരും മറന്നിട്ടില്ലല്ലോ അല്ലേ. അതിന്‍റെ അടുത്ത സീസണിലാണ് ശ്രീധരന്‍പിള്ള വക്കീല്‍ അഭിനയിക്കുന്നത്. ഭരണഘടനയും നിയമങ്ങളും അരച്ചുകലക്കികുടിച്ച പിള്ളാജിക്ക് ഒരു നാടിന്‍റെ ഭരണമെന്നതിന് പൂ ഇറുക്കുന്ന ലാഘവം പോലും ഉണ്ടാകില്ല. ഉറപ്പ്. ഇങ്ങനെയൊക്കെയല്ലാത ഒരു നാട് ഭരിക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ക്ക് ഭാഗ്യമില്ലല്ലോ

ശബരമല സമരം വിജയകരമായി നയിച്ചതിനുപിന്നാലെ പ്രസിഡന്‍റാകാന്‍ ഒരുങ്ങിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. ഇനിയിപ്പോ പ്രസിഡന്‍റിന്‍റെ ഉടുപ്പു മാത്രം പോരാ ഗവര്‍ണര്‍ കുപ്പായത്തിനുള്ള തുണി കൂടി എടുത്തുവയ്ക്കണം എന്നതാണ് അവസ്ഥ. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രമോേഷന്‍ പോസ്റ്റ് മിസോറാമില്‍ എന്നാണല്ലോ വയ്പ്പ്. വാദിച്ചു ജയിക്കാന്‍ മുടുക്കുള്ള പിള്ള പല കോടതിയിലും തന്‍റെ വഴക്കവും തഴക്കവും പഴക്കവും തെളിയിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ പുളവന്മാരെ മെരുക്കാന്‍ ആ ബിരുദം പോരായിരുന്നു. പണ്ടേക്കുപണ്ടേ പിള്ളയെ തുരത്താന്‍ മാരാര്‍ജി ഭവനില്‍ വര്‍ക്ക് തുടങ്ങിയിരുന്നതുമാണ്. നേതാക്കള്‍ കുറവുള്ള പാര്‍ട്ടിയാണെങ്കിലും ഗ്രൂപ്പിന് തെല്ലും കുറവില്ല എന്നതില്‍ ബിജെപിക്ക് ആശ്വസിക്കാം. ഒപ്പം പുകഞ്ഞ കൊള്ളിയെ പുറത്താക്കിയതിന്‍റെ ആശ്വാസവും.

മിസോറാം നമുക്ക് ഇപ്പോള്‍ തെല്ലും അപരിചിതമല്ല. ആ നാടിനെ നന്നായറിഞ്ഞ കുമ്മനം കൈയ്യെത്തും ദൂരത്തുള്ളപ്പോള്‍ അവിടുത്തെ സാഹചര്യങ്ങള്‍ അറിയാന്‍ പിള്ളേച്ചന് ഒരു വിക്കിപീഡിയയും നോക്കേണ്ടി വന്നില്ല. സന്തോഷത്തോടെ എല്ലാം കുമ്മനം പറഞ്ഞും കൊടുത്തു. ഇനി അവരും കാത്തിരിക്കുന്നത് മിസോങാം ഭാഷയിലുള്ള ശ്രീധരന്‍ പിള്ളയുടെ ആശംസക്കാണ്. ട്രോളന്മാരൊക്കെ അതിനായുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കികഴിഞ്ഞു

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...