പൂതനാമോക്ഷത്തിന് പിന്നാലെ പാർട്ടിവക ബാലിവധം ഉണ്ടായിരിക്കുന്നതാണ്

Thiruvaa_25-10-1
SHARE

ഉപതിരഞ്ഞെടുപ്പെന്ന മഴ പെയ്തു തോര്‍ന്നു. പരസ്പരം പഴിചാരല്‍ എന്ന മരം പെയ്ത്തിന്‍റെ സമയമാണ് ഇനി. സ്വാഗതം തിരുവാ എതിര്‍വായിലേക്ക്. 

************************************

പണ്ട് പൂതനാമോക്ഷം വായിച്ചപ്പോളോ പിന്നീട് ദൂരദര്‍ശനില്‍ ശ്രീകൃഷ്ണ കണ്ടപ്പോളോ പൂതന ഇത്രക്ക് ഭീകരിയാണെന്ന് കവിയും അതിലുപരി ആലപ്പുഴയിലെ പാര്‍ട്ടിയുടെ നക്ഷത്രവുമായി ജി സുധാകരന്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നാലിപ്പോള്‍ പൂതന തന്ന വേദന എന്ന പേരില്‍ ഒരുഖണ്ഡകാവ്യം രചിക്കാനുള്ള അനുഭവം വോട്ടെണ്ണല്‍ കഴിഞ്ഞതോടെ കവിക്ക് വന്നുചേര്‍ന്നുകഴിഞ്ഞു. അല്ലെങ്കിലുംഅത് അങ്ങനെയാണ്. മികച്ച കവിയെ രൂപപ്പെടുത്തുന്നതില്‍ അനുഭവങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ആലപ്പുഴയിലെ കിരീടം വയ്ക്കാത്ത രാജാവാണ് സിപിഎമ്മില്‍ ജി സുധാകരന്‍. അങ്ങനെയൊരു രാജാവിന്‍റെ നാട്ടില്‍ പാര്‍ട്ടിയുടെ പ്രജ തിരഞ്ഞെടുപ്പില്‍ തോറ്റത് ചെറിയകാര്യമല്ല. ഷാനിമോളെ പൂതന എന്നു വിളിച്ചിട്ടില്ല എന്ന് വ്യക്തമാക്കിയ സുധാകരന്‍ പ്രതിരോധം തീര്‍ക്കാന്‍ ശ്രമം തുടങ്ങി. പൂതനയുടെ വിഷം കാരണമാണ് മടിക്കുത്തിലിരുന്ന അരൂര്‍ വഴിയാധാരമായി പോയതെന്ന് പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞു. ദ്വാപരയുഗം മുതലിങ്ങോട്ടുള്ള കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കാനും പാര്‍ട്ടി തീരുമാനിച്ചതായാണ് വിവരം. 

***********************************************

കുറ്റബോധത്താല്‍ നീറുന്ന കവി ബിജെപിയെയും കോണ്‍ഗ്രസിനെയുമെല്ലാം കുറ്റപ്പെടുത്തുന്നുണ്ട്. സുധാകരന്‍റെ പരാമര്‍ശം പരാജയകാരണമായോ എന്ന് ജില്ലാ കമ്മിറ്റി പരിശോധിക്കും. അതിലും നല്ലത് പരാമര്‍ശം പരാജയകാരണമല്ല എന്ന് ഇപ്പോളേ പറയുന്നതാണ്. സമയവും അതിനുള്ള പാഴ്ചിലവുമെങ്കിലും ഒഴിവാക്കാം. രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണോ എന്ന് രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് പറഞ്ഞപ്പോള്‍ കുലുങ്ങിച്ചിരിച്ച് ഇടതുപക്ഷത്തിന് ആ ചിരി ഇപ്പോളും ആകാവുന്നതാണ്. കുറഞ്ഞപക്ഷം തോമസ് ഐസക്കിനെങ്കിലും

***********************************************

ആതാമാര്‍ഥതയുടെ മൂശയിലിട്ട് പണിത വെണ്ണക്കല്‍ മനുഷ്യനാണ് പ്ലാത്തോട്ടത്തില്‍ ചാക്കോമകന്‍ ജോര്‍ജെന്ന പൂഞ്ഞാര്‍ സിഹം പിസി ജോര്‍ജ്. പുലിയിറങ്ങിയാല്‍ തളക്കാന്‍ പുലിമുരുകനെങ്കിലും കഴിയും. പക്ഷേ പിസി ഇടഞ്ഞാല്‍ തളക്കാന്‍ പറ്റിയ ജനുസുകളൊന്നും ഭൂമിമലയാളത്തിലെന്നല്ല ഭൂമി ഹിന്ദിയിലും ഭൂമി ഇംഗ്ലീഷിലും പിറന്നിട്ടില്ല. ഇരുതലമൂര്‍ച്ചയുള്ള വാളാണ് പിസിയെന്ന് കേരള കോണ്‍ഗ്രസും ഓര്‍ജിനല്‍ കോണ്‍ഗ്രസും സിപിഎമ്മുമൊക്കെ പണ്ടേ തിരിച്ചറിഞ്ഞതാണ്. അതുകൊണ്ടാണ് അവരാരും ഇപ്പോള്‍ ആ ആയുത്തെ കൂടെക്കൂട്ടാത്തത്. എന്നാല്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പിസിയെ കൂടെക്കൂട്ടി. താന്‍ ഒരു ക്രിമിനല്‍ വക്കീലായതിനാല്‍ പിസിയുടെ കളി തന്‍റെ മുന്നില്‍ വിളയില്ല എന്നാകണം വക്കീല്‍ വിചാരിച്ചത്. എന്‍ഡിഎ എന്നത് ബിജെപി മാത്രമുള്ള സംവിധാനമാണെന്ന് ഉപതിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനുപിന്നാലെ പിസി കണ്ടെത്തി. കോന്നിയില്‍ സുരേന്ദ്രന്‍ ജയിക്കുമെന്ന് പറയാന്‍ ബിജെപി പോലും മടിച്ചപ്പോള്‍ ആത്മാര്‍ഥതയോടെ മണ്ഡലം മുഴുവന്‍ നടന്ന് സുരേന്ദ്ര സ്തുതി പാടിയവനാണ് പിസി

***********************************************

ഓ എന്ന്ാ ചോദിക്കാനാ അച്ചായാ. ചോദിച്ചിട്ടിനി എന്നാത്തിനാ

***********************************************

അത്ര നിര്‍ബന്ധമാണെങ്കില്‍ ചോദിക്കാം. ഈ പറഞ്ഞ കേന്ദ്രസര്‍ക്കാരും മോദിയും വികസനത്തിന്‍റെ വസന്തം തീര്‍ത്തു എന്നു പറഞ്ഞല്ലായോ കഴിഞ്ഞ ആഴ്ച കോന്നില്‍ അച്ചായന്‍ കത്തിക്കയറിയത്. നേരം ഇരുട്ടിവെളുത്തപ്പോള്‍ കേന്ദ്രത്തിനെതിരായി സമരം. അപ്പോ കേരള ജോനപക്ഷം എന്‍ഡിഎ ഘടകമല്ലേ

***********************************************

കൊഞ്ചുചാടിയാല്‍ മുട്ടോളം പിന്നേം ചാടിയാല്‍ ചട്ടിയോളം എന്ന പ്രയോഗം പ്രാവര്‍ത്തികമാകാത്ത കേരളത്തിലെ ചുരുക്കം ചില നേതാക്കളിലൊരാളാണ് പിസി ജോര്‍ജെന്ന് മനസിലാക്കി നിന്നാല്‍ പിള്ളക്കും പുള്ളകള്‍ക്കും കൊള്ളാം എന്നുമാത്രം പറഞ്ഞുകൊണ്ട് ഒരു ഇടവേള

***********************************************

എല്ലാം എന്‍റെ പിഴ. എന്‍റെ മാത്രം പിഴ. ഞാന്‍ പറഞ്ഞതല്ല. കോന്നിയിലെ തോറ്റ എംഎല്‍എ പി മോഹന്‍രാജ് പറഞ്ഞതാണ്. കടിപിടികൂടി നേടിയെടുന്ന സ്ഥാനാര്‍ഥിത്തത്തെയൊര്‍ത്ത് മോഹന്‍രാജ് ഇപ്പോള്‍ കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല. പാര്‍ട്ടിക്ക് ആകെ ചെയ്യാവുന്നത് അരൂരില്‍ സിപിഎം ചെയ്തതുപോലെ പരാജയകാരണം അന്വേഷിക്കാന്‍ കോണ്‍ഗ്രസ് ജില്ലാ ഘടകത്തെ ഏല്‍പ്പിക്കുക എന്നതാണ്. അപ്പോള്‍ മോഹന്‍ രാജിന് തന്നെ തന്‍റെ തോല്‍വി അന്വേഷിക്കാന്‍ ഭാഗ്യം ലഭിക്കും. താന്‍ തോറ്റത് എതിര്‍ സ്ഥാനാര്‍ഥി ജയിച്ചതുകൊണ്ടാണെന്ന് ഇന്നലെത്തന്നെ ബുദ്ധിപരമായി കണ്ടെത്തിയവനാണ് ഈ തോറ്റ മിടുക്കന്‍.

***********************************************

തോല്‍വിയുടെ കാരണക്കാരന്‍റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫാണെന്ന ഇടക്കാല റിപ്പോര്‍ട്ട് പത്തനംതിട്ട ഡിസിസിക്ക് ഇപ്പോള്‍ തന്നെ നേതൃത്വത്തിന് വേണമെങ്കില്‍ സമര്‍പ്പിക്കാവുന്നതാണ്. ചിലപ്പോള്‍ വരും ദിവസങ്ങളിലെ പത്രങ്ങളിലെ കാണ്‍മാനില്ല പരസ്യങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒന്ന് പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ട്.  അടൂര്‍ സ്വദേശി കുഞ്ഞുരാമന്‍ മകന്‍ പ്രകാശ് അറിപത്തിയഞ്ചുവയസ്. ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി കോന്നി മണ്ഡലത്തിലെ ഇപതിരഞ്ഞെടുപ്പു ഫലം വന്നതിനുപിന്നാലെ കാണാതായിരിക്കുന്നു. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള കോണ്‍ഗ്രസ് ഓഫീസില്‍ ഏല്‍പ്പിക്കുക

***********************************************

വട്ടിയൂര്‍ക്കാവില്‍ വേട്ടുതേടിയിറങ്ങാന്‍ നല്ല നേരം നോക്കിയിരുന്ന പീതാംബരക്കുറുപ്പ് ഇപ്പോള്‍ ഉള്ളാലെ സന്തോഷിക്കുകയാണ്. മല്‍സരിച്ചിരുന്നെങ്കില്‍ ഇങ്ങനെ താത്വികമായി വിലയിരുത്തല്‍ നടത്താനുള്ള അവസരം നഷ്ടമായേനേ. ഇടതുമുന്നണി കളത്തിലിറക്കിയ മേയര്‍ ബ്രോയെ നേരിടാന്‍ കോണ്‍ഗ്രസില്‍ ചുറുചുറുക്കുള്ളവനായി താന്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ എന്ന മട്ടിലാണ് കുറുപ്പേട്ടന്‍ കണക്കുപുസ്തകം തുറക്കുന്നത്. പാര്‍ട്ടിക്ക് സമൂലമായ മാറ്റമാണ് ഒറ്റമൂലിയായി മുന്‍ എംപി നിര്‍ദേശിക്കുന്നത്. 

***********************************************

തന്‍റെ നേതാക്കളോട് പീതാംബരക്കുറുപ്പ് നിരന്തരം സംസാരിക്കാറുണ്ട്. പക്ഷേ അവരാരും തിരിച്ച് മറുപടി നല്‍കാറില്ല. നേതാക്കള്‍ ടിവിയിലും കുറുപ്പേട്ടന്‍ വീട്ടിലെ ടിവിയുടെ മുന്നിലുമാണ് എന്നതാണ് അതിനു കാരണം. വൈകുന്നേരങ്ങളില്‍ ഇതേ ടിവിയില്‍ കുറുപ്പേട്ടനെയും കാണാറുണ്ടല്ലോ എന്ന് ആരും മറുചോദ്യം ചോദിച്ചേക്കരുത്

***********************************************

അപ്പോ തോല്‍വിയുടെ താത്വിക കാരണങ്ങള്‍ തിരഞ്ഞ ഇന്നത്തെ എപ്പിസോഡ് അവസാനിപ്പിക്കുകയാണ്. തിങ്കളാഴ്ച വീണ്ടും കാണാം. പിസി ജോര്‍ജ് എന്‍ഡിഎയിലുണ്ടോ, തമ്മലടി കാരണം എത്ര കോണ്‍ഗ്രസുകാര്‍ക്ക് പരുക്കുണ്ട് എന്നൊക്കെ അന്നറിയാം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...