ജലംകൊണ്ട് മുറിവേറ്റ സൗമിനി ജെയ്ൻ മേയർ

thiruva-ethirva
SHARE

ക്യാബിനറ്റ് പദവിയെ ജനകീയമാക്കയതില്‍ പിണറായി സര്‍ക്കാര്‍ വഹിച്ച പങ്ക് എന്ന ചോദ്യം വരും കാലങ്ങളില്‍ ചരിത്ര പുസ്തകങ്ങളില്‍ ഇടം നേടാനുള്ള സാധ്യതയാണ് കണ്ടുവരുന്നത്. എന്തായാലും ക്യാബിനറ്റ് പദവി കിട്ടാത്തതിലുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

കഴിഞ്ഞ ദിവസം കൊച്ചില്‍ മഴ മാത്രമാണ് പെയ്തതെങ്കില്‍ അതിന്‍റെ ഭാഗമായുള്ള ഇടിയുടെയും മിന്നലിന്‍റെയും പ്രഹരം രണ്ടുദിവസമായി ഹൈക്കോടതിയില്‍ നിന്നാണ് കൊച്ചി കോര്‍പ്പറേഷന് കിട്ടികൊണ്ടിരിക്കുന്നത്. കോര്‍പ്പറേഷനെ പിരിച്ചുവിട്ടുകൂടേ എന്ന് ചോദിച്ച കോടതി ഇനി വെള്ളം പൊങ്ങിയാല്‍ അതിലൂടെ ഒഴുക്കിവിടും എന്ന സൂചനയും നല്‍കി. വേലിയേറ്റമാണ് എല്ലാത്തിനും കാരണമെന്ന് പറഞ്ഞു നോക്കിയെങ്കിലും കോടതി വേലി മാറ്റി ഇറക്കി വിടും എന്ന തോന്നലുണ്ടായതിനാല്‍ കോര്‍പ്പറേഷന്‍ പൊടിക്കടങ്ങി. ഇടതുപക്ഷമാണ് കേരളം ഭരിക്കുന്നതെങ്കിലും കൊച്ചി ഭരിക്കുന്നത് യുഡിഎഫ് നേതൃത്വം നല്‍കുന്ന നഗരസഭയാണ്. അതുകൊണ്ടുതന്നെ ഈ വെള്ളക്കെട്ടില്‍ ഇരുപക്ഷത്തിനും തുല്യ അവകാശമുണ്ട്. സര്‍ക്കാരിനെയോ കോര്‍പ്പറേഷനെയോ ഭയക്കേണ്ട കാര്യം നഗരത്തിലെ ഓടകള്‍ക്കില്ലല്ലോ. കൊച്ചിയുടെ വികസനത്തിനായുള്ള ജിസിഡിഎ ഇതടിന്‍റെ കൈയ്യിലാണെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളപ്പൊക്കത്തിന്‍റെ ഉത്തരവാദിത്തം അവര്‍ കഴുകിക്കളഞ്ഞു.  അടുത്ത മഴക്കെങ്ങാണും ഹൈക്കോടതി പരിസരത്ത് വെള്ളം കയറാതെ നോക്കാനെങ്കിലും കോര്‍പ്പറേഷന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ പണി  മഴവെള്ളത്തില്‍ കിട്ടും

സൗമിനി ജയിനിനോട് അത്ര സൗമ്യമായല്ല കോടതി പ്രതികരിച്ചത്. എല്ലാവരാലും ഒറ്റപ്പെട്ട മേയര്‍ക്ക് കൈത്താങ്ങുമായി പാര്‍ട്ടി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എത്തി. മുല്ലപ്പള്ളി അല്ലെങ്കിലും ആപല്‍ബാന്ധവനാണ്. ചുരികപോലെ നീണ്ട തന്‍റെ നാക്കിനാല്‍ കോടതിയെ തടഞ്ഞ് മേയറെ മുല്ലപ്പള്ളി കാത്തു. വെള്ളം കയറിയതില്‍ തുല്യ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുമുണ്ട് എന്നതാണ് മുല്ലപ്പള്ളിയുടെ ലോ പോയിന്‍റ്. മന്ത്രി കെടി ജലീലിനെതിരായ ആരോപണങ്ങളുടെ സീസണ്‍ ടു തുടങ്ങിയിട്ടുണ്ട്. എംജി സര്‍വകലാശാലയില്‍ മാര്‍ക്ക് സക്കാത്തായി  നല്‍കിയെന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ കണ്ടെത്തല്‍. എന്നാല്‍ അതിനെ ജലീല്‍ കണ്ടത് ഇങ്ങനെയാണ്. 

ഉപതിരഞ്ഞെടുപ്പു കഴിഞ്ഞു. മാര്‍ക്ക് ദാനവിവാദം അവസാനിച്ചുമില്ല, പുതിയ ആരോപണവുമായി പ്രതിപക്ഷം എത്തുകയും ചെയ്തു.  മന്ത്രി കെടി ജലീലിന്‍റെ പേര് ജോലിയില്‍ കേറ്റി എന്നാണെന്ന് ആദ്യം പറഞ്ഞത് യൂത്ത് ലീഗന്‍ പികെ ഫിറോസായിരുന്നു. അന്നുമുതലിങ്ങോട്ട് ജലീലിനെ വേട്ടയാടുകയാണ് യുഡിഎഫ്.  എംജി സര്‍വകലാശാല എന്നാല്‍ മാര്‍ക്ക് ഗ്രാന്‍റഡ് സര്‍വകലാശാല എന്നാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടോ എന്ന സംശയം ഉയര്‍ന്നു തുടങ്ങുന്നതിനിടെയാണ് സാങ്കേതിക സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും ഇടപെടല്‍ എന്ന വെടി ചെന്നിത്തല പൊട്ടിച്ചത്. പിണറായി സര്‍ക്കാരിലെ ആരോപണ മന്ത്രി എന്ന പട്ടം ഇതോടെ ജലീല്‍ അരക്കിട്ടുറപ്പിച്ചു. ജലീല്‍ വിദ്യാഭ്യാസ മേഖലയില്‍ അനധികൃത ഇടപെടല്‍ നടത്തുന്നതിനേക്കാള്‍ രമേശ് ചെന്നിത്തലയെ വേദനിപ്പിക്കുന്നത് തന്‍റെ ആരോപണങ്ങള്‍ക്ക് ഉരുളക്കുപ്പേരി കണക്കെ ജലീല്‍ മറുപടി പറയാത്തതാണ്. മറുപടി പറയുന്നതില്‍ മാര്‍ക്ക് ദാനം കണക്കെ ഉദാര സമീപനം സ്വീകരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ വലിയ വില നല്‍കേണ്ടി വന്നേക്കും.

ജലീലിനെ പത്ത് പറയാന്‍ പരിണിത പ്രഞ്ജനായ മുല്ലപ്പള്ളി ക്യൂവിലുണ്ട്. നന്മ ചെയ്യുന്നത് തെറ്റാണെങ്കില്‍ ആ തെറ്റ് താന്‍ ആവര്‍ത്തിക്കും എന്നാണ് മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിന്‍റെ പ്രഖ്യാപനം. ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി കോടതി പ്രയോഗത്തിന് കടുത്ത വെല്ലുവിളിയാണ് ജലീല്‍ ഉയര്‍ത്തുന്നത്. അതുകൊണാടാണെന്നു തോന്നുന്നു ചെന്നിത്തലക്ക് പിന്തുണ പ്രഖ്യാപിച്ച് ജലീലിനെതിരെ  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തി. ജലീല്‍ പരസ്യമായി മാപ്പുപറയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടിട്ട് ദിവസങ്ങളായി. മാപ്പ് പറഞ്ഞില്ല എന്നുമാത്രമല്ല വിവിധ വകുപ്പുകളില്‍ ഇടപെടല്‍ നടത്തുക കൂടിയാണ് ജലീല്‍ ചെയ്തത്. ഉറഞ്ഞുതുള്ളിയ മുല്ലപ്പള്ളി വടക്കന്‍ പാട്ടുമായി ചാടിവീണു

ഇനി അല്‍പ്പം ദില്ലി കഥകളാകാം. കോട്ടയത്ത് കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലെല്ലാം ആമ്പല്‍ വിരിഞ്ഞതില്‍ അസ്വസ്ഥനാണ് എന്‍ഡിഎ ഘടകകക്ഷിക്കാരനും കേരള കോണ്‍ഗ്രസ് നേതാവുമായ പിസി തോമസ്. കോട്ടയത്തെ പാടങ്ങളില്‍ ആമ്പല്‍ വിരിയുന്നതായിരുന്നു പിസിയുടെ സ്വപ്നം. വരും നാളുകളില്‍ അത് കാണാന്‍ കഴിയുമെന്ന വിശ്വാസത്തില്‍ പിസി ഡല്‍ഹിക്ക് വണ്ടി കയറി. കേരള കോണ്‍ഗ്രസിന്‍രെ ദില്ലി ഘടകത്തിന് തൈ നടുകയാണ് ഉദ്ദേശം. കേരളത്തിലെന്നല്ല കോട്ടയത്തുപോലും നേരെ ചൊവ്വെ തളിര്‍ക്കാത്ത പാര്‍ട്ടിയാണ് ഡല്‍ഹിയില്‍ വസന്തം സ്വപ്നം കാണുന്നത്. കേരളത്തിന്‍റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇന്ദ്രപ്രസ്ഥത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. കേന്ദ്രം ഭരിക്കുന്നത് താന്‍റെ മുന്നണിയായ എന്‍ഡിഎ തന്നെയാണെന്ന് പിസി മറക്കരുത്. പിസി തോമസിന് പറയാന്‍ ഒരു ചെറിയ കാര്യം കൂടിയുണ്ട്. അത് കേള്‍ക്കാതെ പോകരുത്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...