'മരടിൽ' പറഞ്ഞതെല്ലാം മായ്ച്ച് കോടിയേരി

kodiyeri
SHARE

മരടില്‍ നിയമം ലംഘിച്ച് പണിത ഫ്ലാറ്റുകള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. സുപ്രീംകോടതി വിധിയെ അപ്പാടെ അണുവിട മാറാതെ നടപ്പിലാക്കുന്ന സര്‍ക്കാരാണല്ലോ കേരളം ഭരിക്കുന്നത്. അതുകൊണ്ട് ശബരിമല വിധിയില്‍ കാണിച്ച തിടുക്കവും ഉല്‍സാഹവും ഇക്കുറിയും ഉണ്ടാകുമെന്ന് കോടതിയും കണ്ണടച്ച് വിശ്വസിച്ചു. ശബരിമലയില്‍ കയറ്റലായിരുന്നു വെല്ലുവിളിയെങ്കില്‍ ഇവിടെ ഇറക്കലാണ് സര്‍ക്കാരിനെ കാത്തിരുന്നത്.  ഒരു കോടതി വിധി നടപ്പാക്കിയതിനാല്‍ തിരഞ്ഞെടുപ്പിലുള്‍പ്പെടെ അടിപടലേ പൊളിഞ്ഞതിനാലാണോ അതോ ഫ്ലാറ്റുകളുടെ പൊക്കം കണ്ട് വിഭ്രംജിച്ചിട്ടാണോ എന്നറിയില്ല. വിധിയേക്കാള്‍ വലുതാണ് അനധികൃത നിര്‍മാണമെന്ന സത്യം സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഉടന്‍തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൊച്ചിക്ക് പറന്നു. എകെജി സെന്‍റര്‍ പൊളിച്ചാലും ഞാന്‍ ക്ഷമിക്കും ഈ ഫ്ലാറ്റുകളിലൊന്നില്‍ തൊട്ടാല്‍ തൊട്ടവനെ തട്ടുമെന്ന് പച്ചക്കുപച്ചയായി പറഞ്ഞു. ശബരിമല വിധി പ്രഖ്യാപിച്ച സുപ്രീംകോടതിയല്ല മറിച്ച് ഏതോ ഡൂപ്ലിക്കറ്റ് കോടതി കെട്ടിടം പൊളിക്കാന്‍ ഇറക്കിയ ഉത്തരവെന്ന മട്ടിയാലിരുന്നു കോടിയേരിയുടെ പറച്ചില്‍. 

കോടിയേരിയുടെ ഉറപ്പിന്  കെട്ടിടം പണിത സിമന്‍റിനേക്കാളും കമ്പിയേക്കാളും ഉറപ്പുണ്ടെന്ന് ഫ്ലാറ്റുടമകള്‍ വിശ്വസിച്ചു. എന്നാല്‍ പിന്നീട് കണ്ടത് പാലാരിവട്ടം പാലം കണക്കേ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് നിന്ന് ആടുന്നതാണ്. പറഞ്ഞ ‍‍ഡയലോഗുകളെല്ലാം മറന്ന കോടിയേരി എകെജി സെന്‍ററിലെ മാളത്തിലൊളിച്ചു. പിന്നെന്തിനായിരുന്നു സജീ ഈ പ്രഹസനം എന്ന ചോദ്യം മരട് ഭാഗത്ത് ശേഷിച്ചു.

മോഹല്‍ലാല്‍ നായകനായ മണിച്ചിത്രത്താഴിലെ നായിക ഗംഗക്ക് ഇരട്ടവ്യക്തിത്വം ഉണ്ടായിരുന്നു. സൈക്കോസിസിന്‍റെ ആ അവസ്ഥാന്തരം പലപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് മലയാളി കണ്ടിട്ടുണ്ടെങ്കിലും അതിന്‍റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ഇപ്പോളാണ് കണ്‍മുന്നില്‍ വന്നത്. നിങ്ങളുടെ പിന്നാലെയോ ഒപ്പമോ നടക്കാനല്ല  മുമ്പില്‍ നടക്കാനാണ് സിപിഎമ്മിനിഷ്ടം എന്നൊക്കെ മരടില്‍ വന്നു കാച്ചിയ ബാലേട്ടന്‍ നഴ്സറി ക്ലാസിലെ കുട്ടി സ്ലേറ്റിലെഴുതിയത് മായിച്ച് അടുത്തതെഴുതിയ ലാഘവത്തോടെ നിലപാട് മാറ്റി.

അതാണ് സംഗതി. സ്ഥിതിഗതികള്‍ നോക്കിയാണ് നിലപാട്. ഇതുപോലെ അവസരം നോക്കി നിലപാടെടുക്കുന്നവരുടെ ലോകമാണ് നമുക്ക് മുന്നിലുള്ളത്. ഉദാഹരണത്തിന് നമ്മുടെ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ എന്‍ഡിഎ എന്നും അമിത് ഭായ് മോദിച്ചേട്ടന്‍ എന്നുമൊക്കെ ദിവസം മൂന്നുനേരം മൊഴിയുന്ന തുഷാര്‍ജി തിരഞ്ഞെടുപ്പു സമയത്താണ് കൂടുതല്‍ ഉഷാറാവുക. ഉഷാര്‍ജി എന്നാണ് ഈ സമയത്ത ബിഡിജെഎസ് അണികള്‍ അദ്ദേഹത്തെ വിളിക്കുന്നതുതന്നെ. അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ എന്‍ഡിഎക്കായി വള്ളമിറക്കേണ്ടത് ബിഡിജെഎസ് കരക്കാരാണ്. എന്നാല്‍ നീരിനിറക്കാന്‍ ഇക്കുറിയില്ല എന്നാണ് പാര്‍ട്ടിയുടെ പ്രഖ്യാപനം. ആവശ്യം സിംപിളും ന്യായവുമാണ്. ബിഡിജെഎസിന് നല്‍കാമെന്നുപറഞ്ഞ അംഗീകാരങ്ങള്‍ ബിജെപി നല്‍കണം. അല്ലാത്ത പക്ഷം തിരഞ്ഞെടുപ്പിനില്ല. കാലങ്ങളായി തുഷാര്‍ ഇതേ പല്ലവി നടത്തുന്നുമുണ്ട് ബിജെപി കേട്ട് ചിരിക്കുന്നുമുണ്ട്. മുന്നണിയുടെ അടുക്കളപ്പുറത്ത് കുമ്പിളിലെങ്കില്‍ അല്‍പ്പം കഞ്ഞി. അതാണ് ഇപ്പോള്‍ ബിഡിജെഎസിന്‍റെ സ്വപ്നം. 

പോകും പോകും എന്ന് പറഞ്ഞ് തുഷാറും കേട്ട് ബിജെപിയും മടുത്തതാണ്. എങ്കിലും തിരഞ്ഞെടുപ്പുകാലമാകുമ്പോള്‍ പതിവ് നാടകം വീണ്ടും തട്ടേല്‍ കേറും. കണിച്ചികുളങ്ങര വീട്ടില്‍ രണ്ട് നാഗങ്ങളാണുള്ളതെന്നും അതില്‍ ഇളയതിന് വിഷമില്ലെന്നും ബിജെപിക്ക് നന്നായറിയാം. 

ഉപതിരഞ്ഞെടുപ്പുനടക്കുന്ന അഞ്ചുസീറ്റില്‍ പാണക്കാട് വക ഒഴിച്ചുള്ള നാലില്‍ നിര്‍ത്താന്‍ കുറഞ്ഞത് ഇരുപത്തിയഞ്ചുപേരുടെ പേരുകളെങ്കിലും കോണ്‍ഗ്രസില്‍ ഉയര്‍ന്നു കഴിഞ്ഞു. പോസ്റ്ററടിക്കാന്‍ ഓര്‍ഡര്‍ നല്‍കിയ പീതാമ്പരക്കുറുപ്പിന് വെച്ച കാശ് നഷ്ടമായിക്കഴിഞ്ഞു. ഈ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ മാനദണ്ഡം വിയജസാധ്യതയല്ലാത്തതുകൊണ്ട് കുഴപ്പമില്ല. വട്ടിയൂര്‍ക്കാവില്‍ പരസ്പരം വെട്ടുനടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കോന്നിയിലും ഒട്ടും വ്യത്യസ്ഥമല്ല സാഹചര്യം. ഈ പാര്‍ട്ടി ഇങ്ങനെയാണ് എന്ന് എല്ലാവര്‍ക്കുമറിയാവുന്നതിനാല്‍ തമ്മിലടിയില്ലെങ്കിലാണ് എല്ലാവര്‍ക്കും അല്‍ഭുതം

മനുഷ്യാവകാശ കമ്മീഷന്‍ഡ അംഗം കെ മോഹന്‍കുമാറിന്‍റെ പേരാണ് ഇപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതില്‍ ജയിക്കുന്നതാണ് തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതിനേക്കാള്‍ പാട്. മോഹന്‍കുമാറിനോടാണ്. തിരഞ്ഞെടുപ്പുഗോദക്കരുകില്‍ നില്‍ക്കുമ്പോള്‍ തെല്ലും മനുഷ്യാവകാശം പ്രതീക്ഷിക്കരുത്. 

യുവാക്കളുടെ നിരയുമായാണ് ഇടതുമുന്നണിയുടെ എന്നുവച്ചാല്‍ സിപിഎമ്മിന്‍റെ പട്ടികയിറങ്ങിയത്. പ്രളയത്തില്‍ നാടിന് കൈത്താങ്ങായ തിരുവനന്തപുരം മേയര്‍ പ്രശാന്തിനാണ് വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടിയെ കരക്കു കയറ്റാനുള്ള ഉത്തരവാദിത്തം. എറണാകുളത്ത് നടത്തുന്ന പതിവ് സ്വതന്ത്ര കളിക്ക് ഇക്കുറിയും മാറ്റമില്ല

കേരളത്തിലെ സാഹചര്യം അടിമുടി മാറിയെന്നാണ് കോടിയേരി വിശ്വസിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തവരല്ല ഉപതിരഞ്ഞെടുപ്പില്‍ വോട്ടിടാനിറങ്ങുന്നത് എന്ന തരത്തിലാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...