അത് വീണ്ടും സംഭവിച്ചു; കോൺഗ്രസിൽ പരസ്യ പ്രസ്ഥാവനയ്ക്ക് നിരോധനം.

Thiruvaa_24-09
SHARE

പാലാരിവട്ടം പാലം പൊളിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. ഏതാണ് ആദ്യം പൊളിക്കുക എന്ന വിഷയത്തില്‍ മരട് ഫ്ലാറ്റും പാലാരിവട്ടം പാലവും തമ്മില്‍ അല്ലെങ്കില്‍ സുപ്രീം കോടതിയും ഹൈക്കോടതിയും തമ്മില്‍ ആരോഗ്യപരമായ ഒരു മല്‍സരം തന്നെ നിലനില്‍ക്കുന്നുവെന്ന സാഹചര്യത്തില്‍ പൊളിച്ചുതുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

തിരഞ്ഞെടുപ്പ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് രാഷ്ട്രീയപാര്‍ട്ടികളെതന്നെയാണ്. സ്ഥാനാര്‍ഥികള്‍ ആരാകും എന്ന ചിന്ത തോന്നിത്തുടങ്ങുമ്പോളേ മനസില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തെളിഞ്ഞുവരും. പിന്നെആകെ ഗ്രൂപ്പിന്‍റെ ഒരു പുകയും വാക്പയറ്റിന്‍റെ ശബ്ദവും മാത്രമാണ് കേള്‍ക്കാനുണ്ടാവുക. അഞ്ച് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്‍റെ ഭാഗ്യത്തിന് മഞ്ചേശ്വരം സീറ്റ് മുസ്ലീം ലീഗിനാണ്. അല്ലെങ്കില്‍ അഞ്ചിടത്തെ അടിക്ക് സമാധാനമുണ്ടാക്കേണ്ടി വരുമായിരുന്നു. തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവില്‍ നിന്നുതന്നെയാണ് പ്രശ്നങ്ങളുടെ തുടക്കം. തന്‍റെ വീട് വേണമെങ്കില്‍ ആരും എടുത്തുകൊള്ളട്ടേ എന്നാലും വട്ടിയൂര്‍ക്കാവ് താന്‍ പറയുന്നവര്‍ക്കല്ലാതെ നല്‍കില്ലെന്ന നിലപാടിലാണ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ കെ മുരളീധരന്‍. മുന്‍ കെപിസിസി അധ്യക്ഷന്‍ കൂടിയായ മുരളിക്ക് സംഘടനയുടെ അച്ചടക്കത്തെക്കുറിച്ച് പ്രത്യേകം പറഞ്ഞു മനസിലാക്കേണ്ട ആവശ്യമില്ലല്ലോ

ഒടുവില്‍ വീണ്ടു അത് സംഭവിച്ചു. പരസ്യ പ്രസ്ഥാവനക്ക് കോണ്‍ഗ്രസില്‍ വീണ്ടും നിരോധനം. ഇത് പതിനാറായിരത്തി പതിമൂന്നാം തവണയാണ് നേതാക്കളുടെ പരസ്യ പ്രസ്ഥാവന കെപിസിസി നിരോധിക്കുന്നത്. മുല്ലപ്പള്ളി അധ്യക്ഷനായതില്‍പ്പിന്നെ 222 തവണ. ഏറ്റവും കൂടുതല്‍ തവണ നിരോധനം നടപ്പാക്കിയതിന്‍റെ റെക്കോഡ് രമേശ് ചെന്നിത്തലയുടെ പേരിലാണ്. ഗുളിക മാതിരി ദിവസം മൂന്നു നേരമായിരുന്നു ചെന്നിത്തല മറ്റു തലകളുടെ വാക്കുകള്‍ക്ക് കൂച്ചുവിലങ്ങിടാറുണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യപിച്ചിട്ട് രണ്ടുദിവസമായി ഇതിനകം എല്ലാ നേതാക്കളും സ്ഥാനാര്‍ഥിയെ സംബന്ധിച്ച് മനസിലുള്ളത് പരസ്യമായി പറഞ്ഞുകഴിഞ്ഞു. എല്ലാവരും പറഞ്ഞുകഴിഞ്ഞു എന്നുറപ്പിച്ചശേഷമാണോ നിരോധനം നടപ്പാക്കുന്നത് എന്ന് തോന്നിപ്പോകും കാര്യങ്ങള്‍ കാണുമേമ്പോള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് മുന്‍കൂറായി അറിയിക്കാന്‍ കമ്മിഷനോട് കോണ്‍ഗ്രസിന് ആവശ്യപ്പെടാവുന്നതാണ്. വിജ്ഞാപനം മുന്‍കൂട്ടി അറിഞ്ഞാല്‍ പരസ്യപ്രസ്ഥാവനക്കും മുന്‍കൂട്ടി നിരോധനം ഏര്‍പ്പെടുത്താമല്ലോ

പരസ്യം പ്രസ്ഥാവന നിരോധിച്ച ശേഷം തിരികെ ഓഫിസിലെ തന്‍റെ സീറ്റില്‍ മുല്ലപ്പള്ളി എത്തുന്നതിനും മുന്‍പുതന്നെ പുതുപുത്തന്‍ എംപി അടൂര്‍ പ്രകാശ് ആ ഉത്തരവ് ശിരസാല്‍ വഹിച്ച് രംഗത്തെത്തി.

നിരോധനത്തിന് മുന്‍പുതന്നെ ഡല്‍ഹിയിലെത്താനും ചരടുവലികള്‍ നടത്താനും കോണ്‍ഗ്രസുകാര്‍ കാണിക്കുന്ന ഈ മിടുക്ക് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവുകയാണ്. ഇതിലെ ഏറ്റവും വലിയ രസം ഡല്‍ഹിയില്‍ ക്യാമറകള്‍ കാണുമ്പോള്‍ ഇവര്‍ നടത്തുന്ന ആദ്യ പ്രതികരണമാണ്.  മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ്. സ്ഥാനാര്‍ഥി ചര്‍ച്ചകള് ‍അജണ്ഡയിലില്ല എന്ന ആ പതിവ് പല്ലവിയില്‍ എല്ലാം ഒളിഞ്ഞു കിടപ്പുണ്ടുതാനും. ഇത്തവണ ആദ്യം ഹൈക്കമാന്‍ഡിനെ കാണാനെത്തിയത് കൊച്ചി ടീമായിരുന്നു. സീനിയര്‍ ലീഡര്‍ കെവി തോമസും ജൂനിയര്‍ ലീഡര്‍ ഹൈബി ഈഡനും മറ്റെന്തോ ആവശ്യങ്ങള്‍ക്കായി വന്ന് ഹൈക്കമാന്‍ഡിനെ കണ്ടു മടങ്ങി. എറണാകുളത്ത് മല്‍സരിക്കുന്നതില്‍ നിന്ന് കെവി തോമസിനെ വെട്ടാനാണ് ഹൈബി വന്നതെന്നുമാത്രം ആര്‍ക്കും മനസിലായില്ല. 

തന്നെ ചോദ്യം ചെയ്യുന്നവരെ പണ്ടേ പിണറായി വിജയന് ഇഷ്ടമല്ല. ഇതറിയാവുന്നതിനാല്‍ പാര്‍ട്ടിയില്‍ ആരും അതിന് മിനക്കെടാറില്ല. അല്ലാതെ പേടികൊണ്ടൊന്നുമല്ല.  ഇതെല്ലാമറിഞ്ഞിട്ടും പ്രതിപക്ഷേ നേതാവ് രമേശ് ചെന്നിത്തല പിണറായിയോട് ചോദ്യം ചോദിച്ചു. ഒന്നും രണ്ടുമല്ല പത്തെണ്ണം. ഇതാദ്യമായല്ല ചെന്നിത്തല ഈ സാഹസത്തിന് മുതിരുന്നത് എന്നുകൂടി അറിയുക. വനിതാമതിലിനായി കട്ടയും കല്ലും ചുമന്നുകൊണ്ടിരുന്നപ്പോളും പത്തുചോദ്യവുമായി പിണറായിയുടെ പണി തടസപ്പെടുത്താന്‍ ശ്രമിച്ചവനാണ് രമേശ്. വൈദ്യുതി വകുപ്പില്‍ ചില അഴിമതി ആരോപണം  ഉന്ന.ിച്ചുകൊണ്ടാണ് ചെന്നിത്തല ചോദ്യങ്ങള്‍ ചോദിച്ചത്. വകുപ്പുമന്ത്രി എംഎം മണിയോടെങ്ങാണും ചോദിച്ചിരുന്നെങ്കില്‍ ഇലവണ്‍ കെവി ലൈനില്‍നിന്ന് ഷോക്കടിച്ചതിലും വലിയ അവസ്ഥയിലായിപ്പോയേനേ രമേശ്.

കള്ളത്തരം കാണിച്ചാല്‍ പിടിച്ച് അകത്തിടുമെന്നായിരുന്നു പണ്ടൊക്കെ ഭരണാധികാരികള്‍ പറഞ്ഞിരുന്നത്. പിണറായിക്കാലത്ത് എല്ലാത്തിനും ഒരു മാറ്റമുണ്ട്. സര്‍ക്കാര്‍ ഭക്ഷണം തന്നുകളയുമെന്നാണ് പിണറായി മുഖ്യന്‍ പറയുന്നത്. എന്നാല്‍ ഉണ്ടുകളയാം എന്നുപറഞ്ഞ് ചെന്നു കേറി കൊടുക്കരുത്. ജയിലെ മൃഷ്ടാന്ന ഭോജനം കഴിക്കേണ്ടിവരും. അല്ലെങ്കിലും ആഹാരത്തെപ്പറ്റിയുള്വ ചിന്ത പിണറായിക്ക് എപ്പോളുമുള്ളതാണ്. അരിയാഹാരം കഴിക്കുന്നവരെ പുള്ളി സ്മരിക്കുന്നതൊക്കെ നമ്മള്‍ കേള്‍ക്കാറുള്ളതാണല്ലോ

തിരഞ്ഞടുപ്പുകഴിഞ്ഞിട്ടും വോട്ടര്‍മാര്‍ വീട്ടില്‍ പോയിട്ടും പാലാ കേന്ദ്രീകരിച്ചുള്ള കേരള കോണ്‍ഗ്രസ് പ്രശ്നങ്ങള്‍ ഒതുങ്ങിയിട്ടില്ല. പാര്‍ട്ടി കുടുംബ സ്വത്തല്ലെന്ന് എല്ലാവരെയും വീണ്ടും ഓര്‍മിപ്പിച്ച് ജോസഫ് വിഭാഗത്തിലെ ജോയ് എബ്രഹാം കളത്തിലെത്തി. പേരുപോലെതന്നെ മൊത്തത്തില്‍ ജോയ് ആയ ടിയാന്‍   വോട്ടിങ് നടക്കുന്നതിനിടെയായിരുന്നു ജോളിയായി  ഇക്കാര്യം പറഞ്ഞത്. ഇതിന്‍റെ പേരില്‍ പത്തു വോട്ടുപോയാലും ജോയ് എബ്രഹാമിന്‍റെ സന്തോഷത്തിന് തെല്ലും കുറവുണ്ടാകില്ല. കാരണം സ്ഥാനാര്‍ഥി ജോസിന്‍റെ വകയാണ്. ഇനിവരാനുള്ള ഉപതിരഞ്ഞെടുപ്പില്‍ മാണി കോണ്‍ഗ്രസിന് സീറ്റില്ലാത്തത് ഭാഗ്യം.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...