അമേരിക്കക്കാരുടെ മോദിയും ഇന്ത്യക്കാരുടെ ട്രംപും; യെമണ്ടൻ സീൻ

thiruva
SHARE

അമേരിക്കന്‍ രീതിയനുസരിച്ച് ആളുകളെ അഭിസംബോധന ചെയ്യുന്നത് ഹൗഡി എന്നു പറഞ്ഞാണ്. അപ്പോ പ്രേക്ഷകരോട് ഒരു ഹൗഡി പറഞ്ഞ് തുടങ്ങുകയാണ് തിരുവാ എതിര്‍വാ. 

***********************************

സാധാരണ നമ്മളൊക്കെ കേള്‍ക്കുന്ന പ്രധാന സ്തുതികള്‍ എന്താണെന്ന് വച്ചാല്‍ അത് മോദി സ്തുതികളാണ്. രാജ്യത്തെ വലിയൊരു കൂട്ടം ആളുകളും വലുപ്പ ചെറുപ്പമില്ലാതെ മോദിയെ ഇങ്ങനെ സ്തുതിച്ചുകൊണ്ടിരിക്കുന്നത് കേള്‍ക്കാം. ഇതൊക്കെ കേള്‍ക്കുന്ന മോദി സ്വന്തം നിലയ്ക്ക് ആരെ സ്തുതിക്കുമെന്നായിരുന്നു വലിയൊരു ചോദ്യം. മോദി തനിക്ക് ചേര്‍ന്നതും ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന ഒരാളെ തിരഞ്ഞു നടക്കുകയും ആയിരുന്നു. ഒടുവില്‍ ആ ആളെ കണ്ടെത്തി. ആ ആളുടെ നാട്ടില്‍ ചെന്ന് ആ നാട്ടിലെ ഇന്ത്യക്കാരെ വിളിച്ചുവരുത്തിയാണ് മോദി ആ പ്രകീര്‍ത്തനങ്ങള്‍ നടത്തിയത്. ലോകരാഷ്ട്രീയ ചരിത്രം എടുത്തുനോക്കിയാല്‍ അന്തംവിട്ടുപോവുന്ന പലതും കാണും. പക്ഷേ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് സംഭവിച്ചത് ഇന്നലെയായിരുന്നു. വലിയ തയ്യാറെടുപ്പോടെയാണ് നരേന്ദ്രമോദി അമേരിക്കയിലേക്ക് പറന്നത്. 

************************************

അസൂയാലുക്കള്‍ പലതും പറയും. ഒരു അമേരിക്കന്‍ പ്രസിഡന്‍റിന് ചേര്‍ന്ന പണിയാണോ ഇങ്ങനെ ഒരു അന്യരാജ്യത്തിന്‍റെ പ്രധാനമന്ത്രിക്കൊപ്പം രണ്ടാമനായി ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത് അന്തസ്സ് കളയുന്നതാണെന്നൊക്കെ പറയും. കാര്യമാക്കണ്ട. അന്തസ്സ് അതത്ര അത്യാവശ്യമുള്ള ഒരു കാര്യമല്ലെന്ന് മോദിക്കും ട്രെംപിനും അറിയാം. അതിലൊന്നുമല്ല കാര്യം, കാര്യം ദാ ഇങ്ങനെ രണ്ടുപറയുന്നതിലും കെട്ടിപ്പിടിക്കുന്നതിലും അതങ്ങനെ നാനാലോകത്തുള്ള ടെലിവിഷനിലൂടെ നാട്ടുകാര്‍ കാണുന്നതിലുമാണ്. 

************************************

ലോകരാഷ്ട്രങ്ങളില്‍ പൊതുവേ ചെറുരാജ്യങ്ങളായാല്‍ പോലും അമേരിക്കക്കൊപ്പം നില്‍ക്കുമെങ്കിലും അവരൊക്കെ കാര്യങ്ങള്‍ കണ്ട് തല്‍ക്കാലം മിണ്ടാതിരിക്കലാണ് രീതി. പ്രസിഡന്റ് ട്രെംപിനോട് വലിയ കൂട്ടുകൂടാനൊന്നും പോവാറില്ല. അതിന് അപവാദമാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോന്‍ ഉന്നും നമ്മടെ ഇന്ത്യയുടെ മോദിജിയും. മോദിജിയെ കണ്ടാല്‍ ട്രംപിനും വലിയ സന്തോഷമാണ്. കൈപിടിച്ചുകഴിഞ്ഞാല്‍ കെട്ടിപ്പിടിക്കുക, തോളില്‍ കൈയിട്ടു നടക്കുക പരസ്പരം പുകഴ്ത്തുക എന്നതൊക്കെയാണ് പിന്നീടുള്ള ചടങ്ങുകള്‍. ട്രെംപിനെ പോലുള്ള ഒരാള്‍ അമേരിക്കയുടെ പ്രസിഡന്‍റായതാണ് മോദിജിയുടെ ഭാഗ്യം. അവിടെ ഒബാമയോ മറ്റോ ആയിരുന്നെങ്കില്‍ സംഗതി മാറിയേനെ. 

*************************************

അപ്പോള്‍ സത്യത്തില്‍ സംഭവിച്ചത് അമേരിക്കകാരുടെ മോദിയും ഇന്ത്യക്കാരുടെ ട്രംപും തമ്മില്‍ അമേരിക്കന്‍ മണ്ണില്‍ വച്ച് ഇന്ത്യക്കാരുടെ മുന്‍പില്‍ സ്നേഹോഷ്മളമായി കെട്ടിപ്പിടിച്ചു. രണ്ടു രാജ്യത്തെ ഭക്തന്‍മാര്‍ക്കും പെരുത്ത് സന്തോഷം. ഇതാണ് പറഞ്ഞത്, ചരിത്രത്തിലെ ചില യമണ്ടന്‍ സീനുകളുടെ ചാകരയാണ് സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 

*************************************

മോദിജി പറയുംപോലെ കച്ചവടക്കാരനായ പിന്നെ ഒരു കമ്പനിയുടെ സിഇഓ ആയ, കമാന്‍ഡര്‍ ആയ പിന്നെ രാഷ്ട്രീയത്തിലേക്കുള്ള ഒറ്റ ചാട്ടം കൊണ്ട് അമേരിക്കന്‍ പ്രസിഡന്റായ മഹാനാണ് ട്രെംപ്. ട്രെംപിനാണെങ്കില്‍ മോദിജി വലിയവനാണ്. ഒന്നാമത് ഇരുവര്‍ക്കുമിടയിലെ കെമിസ്ട്രി ഒരേപോലെയാണ്. ഒരേ വേവ് ലെങ്ത് എന്നൊക്കെ പറയും പോലെയുള്ള ഒരു ബന്ധം. പൂര്‍വജന്‍മത്തില്‍ ട്രെംപ് ഇന്ത്യക്കാരനും മോദിജി അമേരിക്കക്കാരനും ആയിരുന്നുവെന്ന് വരെ തോന്നിപ്പോവും ആ ഊഷ്മളനിമിഷങ്ങള്‍ കണ്ടാല്‍. രണ്ടാള്‍ക്കും രാജ്യത്തിന്‍റെ അതിര്‍ത്തിയാണ് പ്രധാനം. ഒരാള്‍ മതിലുകെട്ടും മറ്റെയാള്‍ അധികാരങ്ങള്‍ ഇല്ലാതാക്കി വാരിപ്പുണരും. മാധ്യമങ്ങളെ ഒട്ടും താല്‍പര്യമില്ല. ഇത്തരം ഷോകളോടാണ് മമത. ലോകത്ത് മുസ്ലിം തീവ്രവാദമില്ലാതിരുന്നെങ്കില്‍ രണ്ടുപേര്‍ക്കും പരസ്പരം പങ്കുവെയ്ക്കാന്‍ വിഷയങ്ങള്‍ പോലും ഇല്ലാതായേനെ. ആകെയുള്ള വ്യത്യാസം എന്താണെന്ന് വച്ചാല്‍ ഒരാള്‍ക്ക് പാക്കിസ്ഥാന്‍ ശത്രുവാണ്. പക്ഷേ മറ്റെയാള്‍ അവര്‍ക്ക് ആയുധങ്ങള്‍ വില്‍ക്കും. അതുകൂടി ഇനി പരസ്പരം കാണുമ്പോ ഇല്ലാതായാല്‍ പിന്നെ അമേരിക്ക ഇന്ത്യാമഹാരാജ്യത്തിന്‍റെ സാറ്റലൈറ്റ് സിറ്റി ആവാന്‍ പോവുകയാണ്. 

*************************************

ഭാവിയില്‍ ഇന്ത്യയും അമേരിക്കയും ഉരുണ്ട് കിടക്കുന്ന ഭൂമിയിലെ പ്രതിബിംബങ്ങളായ രണ്ടു രാജ്യങ്ങള്‍ ആവുന്നതിലേക്കാണ് മോദിജിയും ട്രെംപ്ജിയും കൊണ്ടുപോവുന്നത്. ഇന്ത്യയില്‍ ഇരുട്ടുവീഴുമ്പോള്‍ അമേരിക്ക ഇന്ത്യക്കുവേണ്ടി പണിയെടുക്കും ,അവിടെ ഇരുട്ടാകുമ്പോള്‍ തിരിച്ച് ഇന്ത്യക്കാരും. അങ്ങനെ സൂര്യനെ പറ്റിച്ച് ഒരൊറ്റ മനസോടെ പ്രവര്‍ത്തിക്കുന്ന രണ്ടുരാജ്യങ്ങളാവുക എന്നതാണ് ഇരുവരും സ്വപ്നം കാണുന്നത്. അങ്ങനെ ഈ ലോകം തന്നെ വെട്ടിപ്പിടിക്കും. 12 മണിക്കൂര്‍ ഇടവിട്ട് ഇരുദേശങ്ങള്‍ക്കുമായി രണ്ടു നേതാക്കന്‍മാരും ഉണ്ടാവും. 

*******************************

പറഞ്ഞു പറഞ്ഞ് അടുത്ത അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ട്രെംപിന് വേണ്ടി മോദി വോട്ടുചോദിച്ചിട്ടുണ്ട്. കരാര്‍ അനുസരിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി, ഇന്ത്യയിലേക്ക് കുറച്ച്  അമേരിക്കന്‍ പൗരന്‍മാരെ ഇറക്കണം. ഈ രാജ്യത്ത് വോട്ടവകാശം നല്‍കണം. അങ്ങനെ ട്രെംപ് ഇവിടെ വന്ന് മോദിക്ക് വേണ്ടി വോട്ടു ചോദിക്കുന്ന ഒരു സീനും ഉണ്ടാക്കണം. 

************************************

പരിപാടി ഇങ്ങനെയൊക്കെ സംഘടിപ്പിക്കപ്പെട്ടെങ്കിലും ഗാന്ധിജിയുേടയും നെഹ്റുവിന്‍റേയും പേര് ഉച്ചരിക്കാതെ വേണമായിരുന്നു എല്ലാവരുടേയും പ്രസംഗം എന്ന് ഉറപ്പിക്കാന്‍ മോദിക്കും അദ്ദേഹത്തിന്‍റെ ടീമിനും സാധിക്കാതിരുന്നത് വളരെ മോശമായിപ്പോയി.  മോദിജിയെ ഹൂസ്റ്റണിലേക്ക് സ്വാഗതം  പറഞ്ഞ ഡെമോക്രാറ്റുകാരനായ സ്റ്റെനി ഹോയര്‍ പറഞ്ഞതുകേട്ടില്ലേ... ഇന്ത്യയുടെ ബഹുസ്വരതയുടേയും മതേതരത്വത്തിന്‍റെയും പേരില്‍ ഗാന്ധിയേയും നെഹ്റുവിനേയും പുകഴ്ത്തിയിരിക്കുന്നു. അതും നമ്മുടെ മോദിജിയെ തൊട്ടടുത്ത് നിര്‍ത്തിക്കൊണ്ട്. ഗാന്ധിജിയെ അല്ലെങ്കിലും വളരെ നേരത്തെ വേണ്ടെന്ന് വച്ചതാണ്. നെഹ്റു ആണെങ്കില്‍ ഈ രാജ്യത്തെ സകലമാന കുഴപ്പങ്ങള്‍ക്കും ഉത്തരവാദി അങ്ങേരാണ്. ഇപ്പോ കാണുന്ന സാമ്പത്തിക മാന്ദ്യം പോലും നെഹ്റു പ്രധാനമന്ത്രിയായി ഭരിച്ചതുകൊണ്ടുണ്ടായി എന്ന് പറഞ്ഞ് സ്ഥാപിക്കാന്‍ പെടുന്ന പാട് നമ്മള്‍ക്കേ അറിയൂ. ആ നേരത്താണ് ഇമ്മാതിരി ഓരോ പ്രസംഗങ്ങള്‍.

***********************************

തല്‍ക്കാലം അമേരിക്ക വിട്ട് പാലായിലെത്താം. അത്യാവശ്യം നല്ല പോളിങ്ങ് ആയിരുന്നു. മൂന്നു മുന്നണി സ്ഥാനാര്‍ഥികളും വിജയപ്രതീക്ഷയിലാണ്. അതുപിന്നെ വോട്ട് എണ്ണുന്നതുവരെ അതിനൊക്കെയുള്ള അവകാശം അവര്‍ക്കുണ്ട്.

***********************************

വട്ടിയൂര്‍ കാവിലേക്ക് പത്മജയെ വേണ്ടെന്നാണ് സഹോദരനായ കെ. മുരളീധരന്‍റെ നിലപാട്. ഏഴെട്ടുകൊല്ലമായി പൊന്നുപോലെ കുടുംബം പോലെ മുരളീധരന്‍ നോക്കുന്ന മണ്ഡലമാണ്. അവിടേക്ക് സഹോദരി വന്നാല്‍ കുടുംബവാഴ്ച ആയിപ്പോവുമെന്ന്. ആദര്‍ശം സ്വന്തം വീട്ടില്‍ മതിയെന്ന് കരുതിക്കാണം. പുറത്തെത്തിയാല്‍ രാഹുല്‍ ഗാന്ധിയേയോ പ്രിയങ്കയേയോ ഒന്നും മുഖത്തുനോക്കാന്‍ പോലും കഴിയാതെയായിപ്പോവും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...