പഞ്ചവടിപ്പാലത്തെക്കുറിച്ച് ഒന്നുമറിയാത്ത കൊച്ചുകുഞ്ഞ്

thiruva-new
SHARE

പാലാരിവട്ടം പാലത്തിലെ വിള്ളല്‍ ഉദ്യോഗസ്ഥരുടെ ഉള്ളും പിളര്‍ന്ന് രാഷ്ട്രീയ നേതാക്കളിലേക്ക് എത്തുമോ? അടുത്ത തിരഞ്ഞെടുപ്പൊക്കെ വരേണ്ടിവരും ഒരുത്തരം കിട്ടാന്‍. നമുക്കേതായാലും തുടങ്ങാം. തിരുവാ എതിര്‍വായിലേക്ക് സ്വാഗതം.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത്, എന്നുവച്ചാല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍, അന്ന് പൊതുപരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത വി.കെ. ഇബ്രാഹിം കുഞ്ഞ് ലീഗ് മന്ത്രിയാണ്. താമസം കൊണ്ട് മലപ്പുറത്തുകാരനല്ലെങ്കിലും ലീഗിന് കുഞ്ഞ് വേണ്ടപ്പെട്ടവനാണ്. അന്നത്തെ പ്രതിപക്ഷത്തിനുപോലും കുഞ്ഞ് പ്രിയപ്പെട്ടവന്‍ ആയിരുന്നു. അതുപോലെയാണ് നാട്ടിലെ സകലമാന മണ്ഡലങ്ങളിലും അതായത് ഭരണകക്ഷിക്കാരുടെ മണ്ഡലമായാലും പ്രതിപക്ഷക്കാരുടെ മണ്ഡലമായാലും പാലം, റോഡ് എന്നിവ വാരിക്കോരി കൊടുത്തിട്ടുണ്ട്. സ്പീഡ് പദ്ധതിയില്‍പെടുത്തിയായിരുന്നു നിര്‍മാണം എന്നതുകൊണ്ട് പരിശോധന വരെ വേണ്ടെന്ന് വച്ച് പെട്ടന്ന് തീര്‍ക്കലായിരുന്നു പരിപാടി. പരിശോധന പോലും സമയം നഷ്ടപ്പെടുത്തും. അതുകൊണ്ടാണ് അന്ന് പാലാരിവട്ടം പാലത്തിലും വേണ്ടത്ര പരിശോധനയൊന്നും നടത്താതിരുന്നത്. അല്ലാതെ അഴിമതി നടത്താനേ ഉദ്ദേശിച്ചല്ലായിരുന്നു. ലീഗിന്‍റെ ഉള്‍പാര്‍ട്ടി അന്വേഷണത്തിലും അങ്ങനെയാണ് മനസിലായത്. സിപിഎമ്മിന് മാത്രമല്ല ലീഗിനും പാര്‍ട്ടിതലത്തിലൊക്കെ സിഐഡികളുണ്ട്. അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ കട്ടപിന്തുണ കുഞ്ഞിനുണ്ട്. കുഞ്ഞ് ഒന്നുകൊണ്ടും പേടിക്കണ്ട.

കുഞ്ഞാലിക്കുട്ടി സാഹിബ് കുടെയുള്ളിടത്തോളം കാലം പിന്നെ എന്തുപേടിക്കാനാ. പോരാത്തതിന് ഉമ്മന്‍ചാണ്ടിയുടെ പിന്തുണകൂടി കുഞ്ഞാക്ക വിളിച്ചുറപ്പിച്ചുകാണും. അതുപിന്നെ വിളിക്കുന്നതിന് മുമ്പേ ചാണ്ടിസാര്‍ നോ ഒബ്ജക്ഷന്‍ വച്ചുകാണുമല്ലോ. ഒന്നാമത് അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയും ഇപ്പോള്‍ ജയിലില്‍ കഴിയുന്നവനുമായ ടി.ഓ. സൂരജ് ഹൈക്കോടതിയില്‍ കൊടുത്ത ജാമ്യാപേക്ഷയിലാണ് പാലം പണിയൊക്കെ താന്‍ മാത്രമല്ല അന്നത്തെ മന്ത്രി പറഞ്ഞിട്ടാണ് ചെയ്തതെന്ന് പറഞ്ഞത്. അങ്ങനെ ടി. ഒ. സൂരജ് ഇബ്രാഹിം കുഞ്ഞിന്‍റെ പേര് പറഞ്ഞു. നാളെ കുഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പേരു പറഞ്ഞാലും പേടിക്കേണ്ട കാര്യമില്ല. ഉമ്മന്‍ചാണ്ടിയുടെ മനസാക്ഷിയുടെ മുമ്പില്‍ താനടക്കം ഇവരാരും തെറ്റുകാരാവില്ല. അതുകൊണ്ട് കേസ് അവിടെ വച്ച് തേഞ്ഞുമാഞ്ഞുപോവും. 

പി.സി. ജോര്‍ജിന്‍റെ വരെ പിന്തുണ കിട്ടിയ സ്ഥിതിക്ക് ഇനിയാണ് ഇബ്രാഹിം കുഞ്ഞ് ഒന്ന് സൂക്ഷിക്കേണ്ടത്. പി. സി. പിന്തുണച്ചവരെയൊന്നും ഈ നാട്ടുകാര്‍ പിന്തുണച്ചിട്ടില്ല. അങ്ങനെയൊരു വ്യത്യാസം ഉണ്ട്.

തിരുവാ എതിര്‍വായില്‍ ഇനി നൃത്ത നൃത്യങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ പാട്ടുകേട്ടാണ് സഹിച്ചിരുന്നതെങ്കില്‍ ഇന്ന് ഡാന്‍സ് കണ്ട് അന്തംവിടുകയേ നിവൃത്തിയുള്ളു. മനസ് നല്ലതാണെങ്കില്‍ ദാ നിങ്ങള്‍ക്കും ഇതുപോലെ നൃത്തം ചെയ്യാവുന്നതാണ്. എല്ലാവരും സന്തോഷം കൊണ്ട് ആടിപ്പാടുന്ന കിണാശ്ശേരിയാണല്ലോ നമ്മുടെ മോദിജി കണ്ട സ്വപ്നം. വേദിയില്‍ ആദ്യമായി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. സ്വന്തം നിലയ്ക്ക് ഒരു കവി എന്നറിയപ്പെടുന്ന എല്‍ദോസ് ഈ പ്രകടനത്തിലൂടെ കലാരംഗത്തെ തന്‍റെ പ്രാഗല്‍ഭ്യം മറ്റുപലമേഖലകളിലേക്കു കൂടി വ്യാപിപ്പിക്കാനുള്ള ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിറഞ്ഞ കൈയ്യടികളോടെ വരവേല്‍ക്കാം... ശ്രീ എല്‍ദോസ് കുന്നപ്പള്ളി. എല്‍ദോ ഓണ്‍ ടു ദ സ്റ്റേജ്. 

ശരീരത്തിന്‍റെ ഭാഷയാണ് നൃത്തം. നിയന്ത്രിതമായ ചലനങ്ങളിലൂടെ സ്വന്തം വിചാരങ്ങളും വികാരങ്ങളും കാഴ്ചക്കാര്‍ക്ക് അനുഭവേദ്യമാക്കുന്നതാണ് ആ കല. ഇതുകണ്ട എല്ലാവര്‍ക്കും അത് മനസിലായിക്കാണും. എന്നാല്‍ ആനന്ദത്തിന്‍റെ പരകോടിയില്‍ എത്തുമ്പോള്‍ ആ സ്വയം നിയന്ത്രണം നഷ്ടമാവും. ഞാന്‍ ആരെന്നോ എന്തെന്നോ ഓര്‍ക്കാതെയുള്ള ആനന്ദ നടനത്തിന്‍റെ ആരംഭം അവിടെയാണ്. ജാതി, മത, വര്‍ണ വര്‍ഗ രാഷ്ട്രീയ ഭേദമില്ലാതെ നര്‍ത്തകനും കാഴ്ചക്കാരനും ഒരൊറ്റ ലോകത്തേക്ക് ചുരുങ്ങുന്ന അസാധാരണമായ കാഴ്ച. ഈ നിമിഷത്തില്‍ എല്‍ദോസിന്‍റെ ചുവടുകള്‍ കണ്ട പല നര്‍ത്തകിമാര്‍ക്കും എല്‍ദോസിനോട് പല സംശയങ്ങളും ചോദിക്കാനുണ്ട്. അതുകേട്ട് വരാം.

പി.സി. ജോര്‍ജ് ബിജെപി മുന്നണിയിലേക്ക് പോയ ശേഷം കേരളതിലെ നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പാണ് പാലായിലേത്. മോദി മഹാത്മ്യം ആട്ടക്കഥയാണ് പി.സിയുടെ ഐറ്റം. തന്നെപ്പോലും മറന്ന് മോദിയെ പാലാക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് പി.സി. 

ഇതൊക്കെ കേട്ടാല്‍ തോന്നും പി.സി. ജോര്‍ജിന് റബറിനോടും റബര്‍ കര്‍ഷകരോടും പെരുത്ത് സ്നേഹമാണെന്ന്. ഈയടുത്തകാലത്താണ് നിയമസഭയില്‍ പി.സി. റബര്‍ വിരുദ്ധ പ്രസ്താവന തന്നെ നടത്തിയത്. എന്നിട്ടിപ്പോ അതേ റബറിന്‍റെ പേരില്‍ വോട്ടും ചോദിക്കുന്നു. ഈ റബറിന് ഒരു സ്വഭാവമുണ്ടല്ലോ, നമുക്ക് ഇഷ്ടമുള്ള രൂപത്തിലൊക്കെ വളയ്ക്കുകയും ഉരുട്ടുകയും ഒക്കെ ചെയ്യാം. ഒന്നെറിഞ്ഞാല്‍ തന്നെ തിരിച്ചിങ്ങോട്ടും പോരും. അത്രേയുള്ളു.

ഡാന്‍സും നാടകവും ഒക്കെ കണ്ട സ്ഥിതിക്ക് ഇനിയൊരു കഥ കേള്‍ക്കാം. സുപ്രസിദ്ധ കാഥികനും വക്കീലുമായ ശ്രീധരന്‍ പിള്ളാജിയാണ് സ്റ്റേജില്‍. ഒറിജിനലിനെ വെല്ലുന്നതാണ്. അതുകൊണ്ട് സൂക്ഷിച്ച് ശ്രദ്ധയോടെ കേള്‍ക്കണം. വേണമെങ്കില്‍ ഇതൊരു ട്രാവലോഗ് ഗണത്തിലൊക്കെ പെടുത്താവുന്നതാണ്. അതുകൊണ്ട് റൂട്ട് മാപ്പൊക്കെ നോക്കിവച്ചേക്കണം. ഭാവിയില്‍ ഉപകാരപ്പെടും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...