പലകുറി പിളർന്ന് രണ്ടിലയായി; ഇന്നിപ്പോൾ രണ്ടിലയൊട്ട് കാണാനുമില്ല

pj-joseph-mani-josekmani
SHARE

പാലാ എന്നാല്‍ പണ്ടുമുതലേ കേരള കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനെ പോലും വെല്ലുവിളിച്ച് മുന്നോട്ടുപോകാന്‍ ആ പാര്‍ട്ടിക്ക് ധൈര്യം കിട്ടിയിട്ടുള്ളത് മീനച്ചിലാറിന്‍റെ വെള്ളവും വളവും ഒന്നുകൊണ്ടുമാത്രമാണ്. പലകുറി പിളര്‍ന്ന് പിളര്‍ന്ന് ഇപ്പോള്‍ പിളര്‍ന്നില്ലെങ്കില്‍ ഒരു രസമില്ല എന്നതാണ് കേരള കോണ്‍ഗ്രസുകാരുടെ മാനസികാവസ്ഥ. ഇക്കുറി ഇതാദ്യമായി വല്ലാത്തൊരവസ്ഥയിലാണ് പാര്‍ട്ടി. പിളര്‍ന്നോ എന്നു ചോദിച്ചാല്‍ സംഗതി രണ്ടും രണ്ടിലയിലാണ്. പിളര്‍ന്നില്ലേ എന്നു ചോദിച്ചാല്‍ രണ്ടിലയൊട്ട് കാണാനുമില്ല. അപ്പോ ചിഹ്നങ്ങളുടെ പുറകെ പോകാതെ സ്വതന്ത്രമായി തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

പാലാ പാലായെന്ന് പലരും നീട്ടിവിളിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മടിയിലിരുത്തി വളര്‍ത്തിയ നാടിനെ ഉപേക്ഷിച്ച് മാണിസാര്‍ പോയതോടെയാണ് പാലാ പുതിയ നാഥനെ തേടി തുടങ്ങിയത്. ആ തേടലിനിടെ പല പല തമ്മിലടി കാണാനാണ് നാട്ടുകാര്‍ക്ക് യോഗം. ഒടുവില്‍ തമ്മിലടിച്ചവരെല്ലാം തമ്മില്‍ തലോടി പിരിഞ്ഞു. ജോസ് കെ മാണി ജോസ് ടോം പിജെ ജോസഫ് ജോസഫ് കണ്ടത്തില്‍. ഇങ്ങനെ ജോസ് ജോസഫ് കളികള്‍ കണ്‍കുളിര്‍ക്കെ കണ്ടവര്‍ക്ക് ഒരു കാര്യം നല്ലോണം മനസിലായി. കേരള കോണ്‍ഗ്രസിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പേര് ഒന്നെങ്കില്‍ ജോസെന്നോ അല്ലെങ്കില്‍ ജോസഫെന്നോ ആണെന്ന്. പാലായില്‍ ആദ്യമായാണ് യുഡിഎഫിന് ഇങ്ങനെ പണിയെടുക്കേണ്ടിവന്നത് എന്നതും മറ്റൊരു സത്യം. എന്തായാലും പൊട്ടിയ ഭരണി കോണ്‍ഗ്രസ് ഇടപെട്ട് ഒട്ടിച്ചിട്ടുണ്ട്. ഇനിയൊരു തട്ടുകിട്ടിയാല്‍ ചിലപ്പോള്‍ തവിടുപൊടിയാകും കാര്യങ്ങള്‍. ആരാണ് ശരിക്കും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നകാര്യത്തില്‍ പാലായിലെ ജനങ്ങളുടെ സംശയം തീര്‍ന്നുകാണുമോ എന്നതാണ് ബാക്കിവരുന്ന സംശയം

തമ്മിലടിക്കവസാനം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം പ്രതിപക്ഷ നേതാവ് രമേശ്ജിക്കായിരുന്നു. സ്ഥാനാര്‍ഥിയുടെ പേരിന്‍റെ കാര്യത്തില്‍ ചെന്നിത്തലയുടെ നാവിന് ഇപ്പോളും കണ്‍ഫ്യൂഷന്‍ തീര്‍ന്നിട്ടില്ല

അങ്ങയുടെ കണ്ണും ചെവിയും പാലായിലേക്ക് എത്താന്‍ വൈകിയതുകൊണ്ടാണ്. ഈ നാട്ടില്‍ ഇത് എന്താണ് നടക്കുന്നതെന്ന് ജനം ചോദിച്ചു തുടങ്ങിയിട്ട് ദിവസങ്ങളേറെയായി.  പാലായിലെത്തിയ ചെന്നിത്തലക്ക് പാണ്ഡവരുടെ കൊട്ടാരത്തിലെത്തിയ ദുര്യോദനന്‍റെ അവസ്ഥയായിരുന്നത്രേ. ശരിക്കും സ്ഥലകാല വിഭ്രാന്തി. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടിട്ട് മണിക്കൂറായെങ്കിലും ഇപ്പോളും തലസ്ഥാനത്തുതന്നെ ചുറ്റിത്തിരിയുന്ന അവസ്ഥ

എന്തായാലും ജോസഫ് എന്ന ശമരിയാക്കാരന്‍റെ ശൗര്യം ഒന്നടങ്ങിയെന്ന് ജോസ് കെ മാണി പക്ഷവും കോണ്‍ഗ്രസും വിശ്വസിക്കുന്നു. ജോസഫും ജോസും ഒരോ മുയലിനെപ്പിടിക്കുകയും ഇതില്‍ ഏത് മുയലിലാണ് കൊമ്പ് കൂടുതലെന്ന് തര്‍ക്കിക്കുകയും ചെയ്യുകയായിരുന്നല്ലോ ഇത്രയും ദിവസം. ആ സമസ്യക്ക് പരിഹാരമായില്ലെങ്കിലും ജോസിന്‍റെ സ്ഥാനാര്‍ഥിക്ക് വോട്ടു ചോദിച്ച് കണ്‍വന്‍ഷന്‍ വേദിയില്‍ പിജെ എത്തി. കൂക്കുവിളികൊണ്ട് തീര്‍ത്ത ഹാരംകൊണ്ടാണ് ജോസ് അണികള്‍ സ്വീകരിച്ചതെന്നുമാത്രം. 

ആരാണ് വിജയിച്ചത് എന്ന ചോദ്യത്തിന് ഉത്തരമില്ല എന്നതാണ് ഇവിടുത്തെ പ്രത്യേകത. മണ്ഡലം ജോസിനും ചിഹ്നം ജോസഫിനും. അങ്ങനെ മനസിലാക്കി തല്‍ക്കാലം അടങ്ങാം. ജോസഫിനെ കൂവിയ തന്‍റെ അണികളോട് നടേശാ കൊല്ലണ്ട എന്നു പറയാന്‍ സിനിമാ സ്റ്റൈലില്‍ ജോസ് കെ മാണി മൈക്കിനുമുന്നിലെത്തി. 

ഇനി അല്‍പ്പം വികാര നിര്‍ഭരമായ കാഴ്ചയാണ്. ചങ്കുറപ്പുള്ളവര്‍ മാത്രം കാണുക

ശരിക്കും എന്താണ് ഇവിടെ നടന്നത് എന്നറിയാതെ കരഞ്ഞതാകാനാണ് വഴി. കരഞ്ഞു കണ്ണുകലങ്ങിയതിനാല്‍ ഒരു ഇടവേള

കാര്യങ്ങളെല്ലാം ഒരു വഴിക്കായി എന്ന് ആശ്വസിക്കുമ്പോളും നാം മനസിലാക്കേണ്ട ചിലതുണ്ട്. കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് അധവാ ആരാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍. ചിഹ്നത്തിന്‍റെ പേരിലുള്ള ചിഹ്നം വിളി പരസ്പരമുള്ള അകല്‍ച്ചയെ തുറന്നുകാട്ടുന്ന ഒരു സംഗതി മാത്രമായിരുന്നു. അതായത് അവര്‍ തമ്മിലുള്ള അന്തര്‍ധാര ഇപ്പോളും സജീവമല്ല. പാലാ ഉപതിരഞ്ഞെടുപ്പുകാലത്തെ കേരള കോണ്‍ഗ്രസ് ചരിത്രം ഇനി ഇങ്ങനെഅറിയപ്പെടും. കണ്‍വന്‍ഷനു മുമ്പ് കണ്‍വന്‍ഷനു ശേഷം. ശേഷമുള്ള കാഴ്ചകള്‍കണ്ട് പുളകിതരായവര്‍ക്കായി ഇനി മുന്‍പത്തെ കാഴ്ചകള്‍

ഒരു രൂപപോലും പ്രചാരണത്തിന് ഇതുവരെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ചിലവാക്കേണ്ടിവന്നിട്ടില്ല എന്നതാണ് സത്യം. ചാനലായ ചാനലും പത്രമായ പത്രങ്ങളും മുഴുവന്‍ അവരങ്ങനെ നിറഞ്ഞു നില്‍ക്കുവാരുന്നല്ലോ. മാണി സി കാപ്പന്‍ പ്രചാരണം തുടങ്ങിയോ ബിജെപി സ്ഥാനാര്‍ഥി ഹരി നാമനിര്‍ദേശം കൊടുത്തോ എന്നൊന്നും നാട്ടുകാര്‍ക്ക് അത്ര നിശ്ചയമില്ല. അതുതന്നെയാണ് ജോസഫിന്‍റെയും ജോസിന്‍റെയും നാവിന്‍റെ ഗുണം. രണ്ടില ചിഹ്നം മാണിസാറിനൊപ്പം ഓര്‍മയായി എന്നത് മറ്റൊരു യാഥാര്‍ഥ്യം

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...