വെടക്കാക്കി തനിക്കാക്കുമോ?; പാലായിൽ പൊല്ലാപ്പാകുന്ന 'ഇല'ക്കളി

thiruva-pala
SHARE

പാലായില്‍ ഇനിയൊന്നും സംഭവിക്കാനില്ല എന്നുകരുതാം. പക്ഷേ പി.ജെ. ജോസഫിന് ഉപദേശങ്ങള്‍ കൊടുക്കുന്നവരുടെ കുരുട്ടു ബുദ്ധിയില്‍ ഇനി വല്ലതും ബാക്കിയുണ്ടെങ്കില്‍ കഥ തുടരും. അങ്ങനെയാണല്ലോ കാര്യങ്ങളുടെ പോക്ക്. ഇതുവരെ പ്രശ്നം രണ്ടിലയായിരുന്നു. പണ്ട് കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിലേക്ക് പി.ജെ. ജോസഫ് വന്നപ്പോള്‍ ചിഹ്നം കുതിരയായിരുന്നു. പിന്നീട് ജോസഫ് പാര്‍ട്ടി വിട്ടപ്പോള്‍ കുതിരയേയും അഴിച്ചുകൊണ്ടാണ് പോയത്. അതിനുശേഷം കെ.എം. മാണി വിജയിച്ചതും മന്ത്രിയായതുമെല്ലാം രണ്ടിലയും കൊണ്ടായിരുന്നു. 32 വര്‍ഷമായ ആ രണ്ടിലയ്ക്ക് വാട്ടമോ, ഉണക്കമോ, മഞ്ഞളിപ്പോ ഒന്നും സംഭവിച്ചില്ല. വീണ്ടും ജോസഫ് വന്നു. ഇത്തവണ മാണിസാറിന്റെ ആബ്സെന്‍സില്‍ രണ്ടില കൈവശം വയ്ക്കാനുള്ള അധികാരം തനിക്കാണെന്നാണ് പി.ജെ. ജോസഫ് പറയുന്നത്. സാങ്കേതികമായി അത് ശരിയുമാണ്. ജോസ് കെ.മാണിക്ക് ജോസഫിനെ ചെയര്‍മാനായി കാണാന്‍ വയ്യാത്ത സാഹചര്യത്തിലാണ് ഈ രണ്ടില വലിയ പൊല്ലാപ്പായത്. പാലായില്‍ ജോസ് പക്ഷത്തുനിന്ന് സ്ഥാനാര്‍ഥി വന്നപ്പോള്‍ ജോസഫും ടീംസും എന്നാ പിന്നെ ആ ഇലവച്ചു കളിക്കാമെന്നങ്ങ് വച്ചു. കളി അങ്ങനെ കാര്യമായി.

ഇതിപ്പോ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംഭവിച്ച പാളിച്ചയാണ് ജോസഫിന് സംബന്ധിച്ച്. ജോസ് കെ. മാണി തന്‍റെ ഭാര്യ നിഷയെ സ്ഥാനാര്‍ഥിയാക്കുമെന്നൊക്കെ കരുതി അതിന് തടയിടാന്‍ വന്നപ്പോഴല്ലേ ജോസ് ടോം എന്നൊരാളെ ഇറക്കി ജോസ് കെ. മാണി കളിച്ചത്. അമ്പരന്നുപോയ ജോസഫിനും ടീംസിനും മറുത്തൊന്നും ചെയ്യാനുണ്ടായിരുന്നുമില്ല. യു.ഡി.എഫ് നേതാക്കളൊക്കെ ഉണ്ടായിരുന്നല്ലോ പ്രഖ്യാപനത്തിന്. പിന്നെ രണ്ടിലയായി പ്രശ്നം. ചിഹ്നം വേണ്ടെന്ന് വയ്ക്കാമെന്നൊക്കെ ജോസിനും കൂട്ടര്‍ക്കും തോന്നിയതാണ്. എന്നാലും മാണി, പാല രണ്ടില എന്നൊക്കെ പറഞ്ഞ് കിട്ടിയാല്‍ കിട്ടട്ടെ എന്നുവച്ച് ഒന്നുകൂടെ ശ്രമിച്ചു. അപ്പോഴാണ് ഈ ജോസ് മോന്‍ തന്നെയൊന്ന് ചെയര്‍മാനേ എന്നു വിളിച്ചുകാണാനുള്ള പൂതി പി.ജെ. ജോസഫ് പരസ്യപ്പെടുത്തിയത്. ഒന്നു ചെയര്‍മാനേ വിളിച്ചാല്‍ ദേ അപ്പോ കിട്ടും ഈ രണ്ടില. വേണമെങ്കില്‍ നിറയെ ഇലകളുള്ള ഒരു മരം തന്നെ ജോസഫ് സര്‍ തരുമായിരുന്നു.

ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. കേരള കോണ്‍ഗ്രസ് നിര്‍ത്തിയ സ്ഥാനാര്‍ഥിയുണ്ടല്ലോ ജോസ് ടോം. പി.ജെ. ജോസഫിന്‍റെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ അദ്ദേഹത്തെ പി.ജെ. ജോസഫ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സസ്പെന്‍ഡ് ചെയ്യപ്പെട്ട തന്‍റെ പാര്‍ട്ടിക്കാരനു വേണ്ടിയാണ് ജോസഫ് പ്രചാരണത്തിന് ഇറങ്ങുന്നത്. ഹോ. എന്തൊരു മനസാണത്. രാഷ്ട്രീയ കേരളം ആ മനസ് തിരിച്ചറിയണം.

എന്നൊക്കെ പറഞ്ഞ് ഉച്ചമയക്കം കഴിഞ്ഞപ്പോഴാണ് വേറൊരു ബുദ്ധിയുദിച്ചത്. ഒരു വിമതനെ രംഗത്തിറക്കുക. അല്ലെങ്കിലും നല്ല ബോധത്തിലല്ലെങ്കില്‍ തലയില്‍ വരുന്ന ബുദ്ധിയും വളഞ്ഞുതന്നെയായിരിക്കും. അതുകൊണ്ട് ജോസഫ് പക്ഷത്തു നിന്ന് വേറൊരു ജോസഫിനെ കണ്ടെത്തി പി.ജെ. ജോസഫ് ഗാലറിയിലിരുന്നു. ഇനി ജോസഫ് കളിക്കും. കര്‍ഷക യൂണിയന്‍ നേതാവ് ജോസഫ് കണ്ടത്തിലിനെ പൊക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറക്കി. ഈ ജോസഫ് കണ്ടത്തില്‍ ആളൊരു സത്യസന്ധനാണ്, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണ്. പക്ഷേ പി.ജെ. ജോസഫിന് ഇങ്ങേരുടെ സ്ഥാനാര്‍ഥിത്തം സംബന്ധിച്ച് ഒരറിവും ഇല്ലായിരുന്നു. ഞാന്‍ പറയുന്നതല്ല, കണ്ടത്തിലെ ജോസഫ് പറയുന്നതാണ്.

അങനെ ജോസഫ് കണ്ടത്തലിനെ വിശ്വസിച്ചാല്‍ തന്നെ ബുദ്ധിമുട്ടാവും. കാരണം കേരള കോണ്‍ഗ്രസില്‍ താനാര് എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്ന മറുപടിയാണ് പ്രശ്നം.

കൊള്ളാം. നല്ല ബെസ്റ്റ് പാര്‍ട്ടിയും അതിലും ബെസ്റ്റ് പ്രവര്‍ത്തകനും. ഇവരുടെയൊക്കെ ബുദ്ധി  ഒരു ഒന്നൊന്നര ബുദ്ധി തന്നെ. പി.ജെ. ജോസഫ് പറയുന്നത് കേട്ടു നോക്കൂ. വളരെ നിര്‍ണായകവും ബുദ്ധിപൂര്‍വവുമായ നീക്കമാണ് അവര്‍ നടത്തിയത്. നമ്മളൊക്കെ എന്തൊരു പൊട്ടന്‍മാരാണ് അല്ലേ.

......................

ടൈറ്റാനിയം കേസ് അങ്ങനെ സിബിഐക്ക് വിട്ട് പിണറായി സര്‍ക്കാര്‍ സിബിഐയെ മറന്നിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ കാലത്തെ കേസാണ്. അന്ന് രമേശ് ചെന്നിത്ത കെപിസിസി പ്രസിഡന്‍റായിരുന്നു. രണ്ടുപേരും ഒടുക്കത്തെ ആത്മവിശ്വാസത്തിലാണ്. 

ഈ കോണ്‍ഗ്രസുകാര്‍ക്ക് മൊത്തെ കഷ്ടകാലമാണ്. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വട്ടമിട്ട് പിടിക്കുകയാണ്. കേസും പൊല്ലാപ്പും അറസ്റ്റും. ദാ ആ ഡി.കെ. ശിവകുമാറിനെ വരെ അറസ്റ്റുചെയ്തു. കേരളത്തില്‍ പക്ഷേ ആ പേടി ഉണ്ടായിരുന്നില്ല. അപ്പോഴല്ലേ സംസ്ഥാന സര്‍ക്കാര്‍  സിബിഐയെ മാടിവിളിച്ചത്. ഇനി അതിന് കേന്ദ്രസര്‍ക്കാരിന്‍റെ ഒത്ത പിന്തുണ കൂടി ഉറപ്പാക്കിയാല്‍ സംഗതി ജോറാകും. 

മുല്ലപ്പള്ളി രാമചന്ദ്രനാണെങ്കില്‍ ചെന്നിത്തലയേക്കാളും ഉമ്മന്‍ചാണ്ടിയേക്കാളും ആവേശത്തിലാണ്. ഒന്നാമത് കെപിസിസി പ്രസിഡന്റൊക്കെ ആണ്. ഡല്‍ഹിയിലേക്ക് ഇനി ഒരു മടങ്ങിപ്പോക്ക് താല്‍പര്യവുമില്ല. അപ്പോ ആവേശം കൂടും.

പൊലീസ് മേധാവി ലോക് നാഥ് ബഹ്റയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്നൊക്കെ വിളിച്ചതോര്‍ത്താണ് എറണാകുളം കളമശ്ശേരിയിലെ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എസ്.ഐയെ വിളിച്ച് ഭീഷണിപ്പെടുത്താന്‍ നോക്കിയത്. പക്ഷേ സംഗതി പാളി. ബഹ്റയെപ്പോലെയല്ലപോലും ഈ എസ്.ഐ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...