വോട്ട് തേടി അനൈക്യ കേരള കോൺഗ്രസ്; ആശ്ചര്യ ചിഹ്നത്തിൽ ജോസ് ടോം

pala03
SHARE

കെഎം മാണിയെ പാലാക്കാര്‍ ഒരിക്കലും മാണി എന്നു വിളിച്ചിട്ടില്ല. ഇളയവര്‍ക്ക് അദ്ദേഹം മാണിസാറായിരുന്നു. മുതിര്‍ന്നവര്‍ക്ക് കക്ഷി കുഞ്ഞുമാണിയും. അതായത് തനിക്കൊപ്പം സമപ്രായത്തില്‍ താന്‍ മാത്രം എന്നൊരു തിയറിയിലാണ് ആ വണ്ടി ഓടിയിരുന്നത്. കഥ മാറി. വളയംപിടിക്കാന്‍ കുഞ്ഞുമാണി ജൂനിയറെത്തി. സാക്ഷാല്‍ ജോസ് മോന്‍. മൂക്കാതെ പഴുത്തതെന്ന ചീത്തപ്പേര് ആവോളം കേട്ടുമടുത്ത ജോസ് ഇക്കുറി രണ്ടും കല്‍പ്പിച്ചായിരുന്നു. താന്‍ പിടിച്ച മുയലിന് കൊമ്പെത്രയെന്ന് താന്‍ പറയുമെന്ന ലൈന്‍. പക്ഷേ പയറ്റിതെളിയുക എന്നതാണ്  രാഷ്ട്രീയത്തിലെ ഡിഗ്രി. അപ്പന്‍ പറഞ്ഞ വീരകഥകളാണ് ജോസിന്‍റെ സമ്പത്തെങ്കില്‍ ആ അപ്പനൊപ്പം പയറ്റിതെളിഞ്ഞ എക്സ്പീരിയന്‍സാണ് പിജെ ജോസഫ് എന്ന തൊടുപുഴക്കാരന്‍റെ ആസ്തി. താനാണ് പാര്‍ട്ടിയെന്ന് ജോസ് പറയുമ്പോളും സ്വന്തം സ്ഥാനാര്‍ഥിക്ക് പാര്‍ട്ടിയുടെ തിരിച്ചറിയല്‍ കാര്‍ഡായ രണ്ടില വാങ്ങിനല്‍കാന്‍ ജോസിനായിട്ടില്ല. അത് ജോസഫിന്‍റെ കീശയിലാണ്. പഴുത്തിലയേത് പച്ചിലയേതെന്ന് പാലാക്കാര്‍ ഈ തിരഞ്ഞെടുപ്പില്‍ തീരുമാനിക്കും. ഐക്യ കേരള കോണ്‍ഗ്രസിന് എന്നതാണ് മലനാടി‍ന്‍റെ സ്വപ്നം. അനൈക്യ കേരള കോണ്‍ഗ്രസ് വോട്ടുതേടിയിറങ്ങുകയാണ്. 

സംഗതി ഓര്‍ത്താല്‍ ബഹുരസമാണ്. പാര്‍ട്ടിയുടെ ചെയര്‍മാന്‍ താനാണെന്ന് പറയുന്ന പിജെ ജോസഫ് അതേ പാര്‍ട്ടി മല്‍സരിക്കുന്ന  തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ തയ്യാറല്ല. ഈ സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും പിജെ പ്രഖ്യാപിക്കുന്നു. അതായത് കേരള കോണ്‍ഗ്രസിന്‍റെ സീറ്റില്‍ കേരള കോണ്‍ഗ്രസുകാരനായ വ്യക്തി സ്വതന്ത്രനായി മല്‍സിരക്കുമ്പോള്‍ അയാള്‍ക്കായി കേരള കോണ്‍ഗ്രസ് വോട്ടുതേടി ഇറങ്ങുന്നു. എന്തുകൊണ്ടാണ് രണ്ടിലയില്ലാത്തത് എന്ന് ചോദ്യമുയര്‍ന്നാല്‍ ആയാളെ പാര്‍ട്ടി നടപടിയെടുത്ത് പുറത്താക്കിയതാണെന്ന് മറുപടി.  സത്യമായും കേരളത്തിന് പുറത്തൊരാളോട് ഈ കഥ പറഞ്ഞു മനസിലാക്കേണ്ടിവന്നാല്‍ അത് വലിയൊരു ചലഞ്ചാണ്. ചക്കരക്കുടത്തില്‍ തലയിട്ട അവസ്ഥയിലാണ് ജോസ് കെ മാണി. പുള്ളിയുടെ  ഏക പ്രതീക്ഷ യുഡിഎഫിലാണ്. 

ഈ രണ്ടില കേരള കോണ്‍ഗ്രസിന്റെ ബ്രാന്‍ഡാകാന്‍ കാരണക്കാരനായതും ഇതേ പിജെ ജോസഫാണ്. ഇടക്കിടക്ക് കൂടുകയും പിണങ്ങുകയും ചെയ്യുന്ന സ്വഭാവമാണല്ലോ ഈ പാര്‍ട്ടിയുടെ മറ്റൊരു ട്രേഡ് മാര്‍ക്ക്. 1979 ല്‍ കുതിരയായിരുന്നു പാര്‍ട്ടിയുടെ ചിഹ്നം. അന്ന് പാര്‍ട്ടി പിളരുകയും കുതിരയെ മാണിക്ക് കിട്ടുകയും ചെയ്തു. പിണക്കം മാറിയെത്തിയ ജോസഫ് മാണിക്കൊപ്പം നിന്ന് കുതിരയെ തീറ്റിവളര്‍ത്തി. 87 ല്‍ പാര്‍ട്ടി വീണ്ടും പിളര്‍ന്നപ്പോള്‍ ലായത്തില്‍ കെട്ടിയ കുതിരയെയും അഴിച്ച് പിജെ സ്ഥലംവിട്ടു. അന്ന് ക്ഷീണം മാറ്റാന്‍ രണ്ടിലയെടുത്ത് വീശിയ മാണി അത് പിന്നെ ഒരു തണലാക്കി.  വീണ്ടും പിണക്കം മാറ്റി ജോസഫ് എത്തി. എന്നിട്ട് പണ്ട് കുതിരയെ അഴിച്ചോണ്ടുപോയ അതേ സ്റ്റൈലില്‍ രണ്ടിലയും  തട്ടിയെടുത്ത് തിരിച്ചു നടക്കാന്‍ തയ്യാറെടുക്കുകയാണ്.  ആവര്‍ത്തിക്കുന്ന ചിഹ്നം ട്രാന്‍സ്പ്ലാന്‍റേഷന്‍ പ്രക്രിയ

ജോസ് ടോമിന് ഏത് ചിഹ്നമാണ് ചേരുകയെന്ന് ചോദിച്ചാല്‍ ആശ്ചര്യ ചിഹ്നം എന്ന് പാലാക്കാര്‍ ചാടി മറുപടിപറയും. കാരണം സ്ഥാനാര്‍ഥിത്വം ലഭിച്ചതിന്‍റെ ആശ്ചര്യത്തില്‍നിന്ന് പുള്ളി ഇതുവരെയും കരകയറിയിട്ടില്ല. പേരിനൊപ്പം പുലിക്കുന്നേല്‍ എന്നുണ്ടെങ്കിലും ആള് പൂച്ചയാണ്. കാരണം ഈ പാര്‍ട്ടിയില്‍ ഒന്നിലധികം പുലികള്‍ക്ക് സ്ഥാനം ഉണ്ടാകാറില്ല.

മാണിയുടെ വിടവ് നികത്താന്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി കാപ്പനെ ഇറക്കിയാണ് എല്‍ഡിഎഫ് കളിക്കുന്നത്. അപ്പോള്‍പിന്നെ കുറഞ്ഞത് ഒരു ജോസിനെയെങ്കിലും ഇറക്കാത വലത്പക്ഷത്തിന് പിടിച്ചുനില്‍ക്കാനാവില്ല. അങ്ങനെയാവണം ജോസ് ടോം സ്ഥാനാര്‍ഥിയാകുന്നത്. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിച്ച് കെഎം മാണി മുഖ്യമന്ത്രിയായ ഒരു കേരളം സ്വപ്നം കണ്ട പഴയ ഇടതുപക്ഷം അതുകൊണ്ടുതന്നെ മാണി എന്ന പേരിനെ എന്നും സ്നേഹിച്ചിട്ടേയുള്ളൂ. ബാറുകളിലെ പെഗുകള്‍ക്കുപോലും ആ സൗഹൃദത്തെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല

ഈ ലോകത്ത് പറഞ്ഞാല്‍ അനുസരിക്കാത്തവരും തെറ്റുപറ്റിയാല്‍ അതില്‍നിന്ന് പാഠം പഠിക്കാത്തവരുമായി രണ്ടു കൂട്ടരാണുള്ളത്. ഒന്ന് പൊലീസ്. രണ്ട് സിപിഎം. ഭാഗ്യത്തിന് ഈ രണ്ടുകൂട്ടരും പിണറയി വിജയന്‍റെ കീഴിലാണ് ഇപ്പോളുള്ളത്. അതൊകൊണ്ടുതന്നെയാവണം ഡിജിപിയെ കണ്ടപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയായി തോന്നിയത്. ബ്രാഞ്ച് എന്നാല്‍ ശിഖരം. അതായത് കൊമ്പ്. അപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയെന്നാല്‍ കൊമ്പത്ത് അല്ലെങ്കില്‍ തലപ്പത്തിരിക്കുന്നവന്‍. പൊലീസിന്‍റെ തലപ്പത്തിരിക്കുന്നവനാണ് ലോക്നാഥ് ബഹ്റ. ശബ്ദതാരാവലിയെടുത്ത് ഇങ്ങനെയൊന്ന് വാദിച്ചാല്‍ ഇപ്പോള്‍ ചാര്‍ത്തപ്പെട്ട കേസില്‍നിന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രക്ഷപെടാനായേക്കും. എന്നാല്‍ കെ മുരളീധരന്‍റെ കാര്യം അങ്ങനെയാകാന്‍ തരമില്ല. എന്നിട്ടും മുരളി പരസ്യമായി ബഹ്റയെ പലതും വിളിച്ചുകൊണ്ടേയിരിക്കുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...