'മോദി സ്തുതി'; തന്നെ ബിജെപിക്കാരനാക്കുന്ന കോൺഗ്രസിനോട് തരൂരിന്റെ ചോദ്യം

thiruva-ethirva
SHARE

രാജ്യത്ത് ഓരോ സെക്കന്‍ഡിലും റോഡപകടങ്ങളില്‍ പെടുന്നവരുടെ കണക്കുപറയുന്ന പോലെയാണ് രാജ്യത്തെ കോണ്‍ഗ്രസുകാര്‍ ബിജെപിയായി മാറിക്കൊണ്ടിരിക്കുന്നത്. ആ നേരത്താണ് ഇവിടെ കേരളത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ബിജെപിയിലേക്ക് തുരത്തിക്കൊണ്ടിരിക്കുന്നത്. ശശി തരൂര്‍ ഒരു ബിജെപിക്കാരനായി കണ്ടാമതിയെന്നാണ് അവരുടെ ഒക്കെ ആഗ്രഹം. രാജ്യത്തിന്‍റെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇത്തരത്തിലൊരു ഓപ്പറേഷന്‍ തരൂര്‍ ഏറ്റെടുത്ത് നടത്താന്‍ കേരളത്തിലെ കോണ്‍ഗ്രസിന് മാത്രം സാധിക്കുന്ന കാര്യമാണ്. കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ തരൂര്‍ മോദി സ്തുതി നടത്തിയെന്നാണ് പറയുന്നത്. തരൂരിന്‍റെ ഇംഗ്ലീഷിലുള്ള ട്വീറ്റ് വായിച്ച് മനസിലാക്കാന്‍ പറ്റാത്തതും അത് എന്തെന്നറിയാന്‍ ശ്രമിക്കാത്തതും അതീ നാട്ടുകാരുടെ കുറ്റമല്ല. സ്വന്തം നിലയില്‍ ഏറ്റെടുക്കുന്നതാണ് നല്ലത്.

മോദി വിമര്‍ശനത്തില്‍ ശശി തരൂരിന്‍റേത് എല്ലാം റെക്കോര്‍ഡിക്കലാണ്. പറഞ്ഞതും എഴുതിയതും എല്ലാം സൂക്ഷിച്ചുവയ്ക്കപ്പെട്ടതാണെന്നര്‍ഥം. മോദിയുടെ ഒന്നാം സര്‍ക്കാരില്‍ ശ്രീമാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തൊട്ടടുത്ത സീറ്റിലായിരുന്നു പാര്‍ലമെന്‍റില്‍ ശശി തരൂരിന്‍റെ ഇരുത്തം തന്നെ. ചര്‍ച്ചകളില്‍ ഇടപെട്ട് ശശി തരൂര്‍  പ്രസംഗിക്കാന്‍ എണീറ്റതുകൊണ്ട് മാത്രമാണ് മുല്ലപ്പള്ളിയും പാര്‍ലമെന്‍റിലൊക്കെ പോയിട്ടുണ്ടെന്ന് ടിവിയിലൂടെ നാട്ടുകാര്‍ കണ്ടതുതന്നെ. ആ നിലയ്ക്ക് കുറച്ചൊക്കെ നന്ദിയൊക്കെ മുല്ലപ്പള്ളിക്ക് തരൂരിനോട് ആകാവുന്നതാണ്. വിശദീകരണം ചോദിച്ച് മുല്ലപ്പള്ളി കത്തയച്ചിട്ടുണ്ട്. അല്ലെങ്കിലും ദേശീയതലത്തില്‍ കശ്മീരും, യുഎപിഎ നിയമവും സാമ്പത്തിക സ്ഥിതിയും ഒക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ ഹൈക്കമാന്‍ഡിന് കത്തയച്ചു കളിക്കാന്‍ നല്ല രസമാണ്. പണിയെടുക്കാന്‍ വല്യതാല്‍പര്യമില്ലാത്തവര്‍ക്ക് കത്തെഴുത്ത് തന്നെയാണ് പണിയേക്കാള്‍ മികച്ചത്. ആര്‍ക്കെങ്കിലും ഇട്ട് പണികൊടുക്കാനുള്ളതാവുമ്പോ പ്രത്യേകിച്ചും നല്ല ഹരമാണ്.

ശശി തരൂര്‍ മോദി സ്തുതി എപ്പോഴാണ് നടത്തിയതെന്ന് മുല്ലപ്പള്ളിയോട് ഒരു വിശദീകരണം ചോദിക്കുകയാണ് സത്യത്തില്‍ വേണ്ടത്. ഒറ്റ ചോദ്യം മതി. തരൂര്‍ എന്താണ് പറഞ്ഞത്. ആ ട്വീറ്റ് താങ്കള്‍ വായിച്ചിരുന്നോ എന്നൊരു ചോദ്യം. വായനാശീലമുള്ള കോണ്‍ഗ്രസുകാര്‍ ഉണ്ടെങ്കില്‍ അത് ചോദിക്കണം. പരസ്യമായിട്ടുവേണ്ട, പാര്‍ട്ടിവേദികളില്‍ മതി.  ഇല്ലെങ്കില്‍ ദാ ഇതുപോലെ ചരിത്രത്തെ കൊഞ്ഞനം കുത്തുന്ന പ്രയോഗങ്ങളും വാക്കുകളുമൊക്കെ കെപിസിസി അധ്യക്ഷന്‍റെ വായില്‍ നിന്ന് കേള്‍ക്കേണ്ടിവരും. ഇപ്പോ നിയന്ത്രിച്ചാല്‍ കുറച്ചെങ്കിലും രക്ഷപ്പെടാം. പ്രസംഗം കൊണ്ടും പ്രവര്‍ത്തികൊണ്ടും രാഷ്ട്രീയ എതിരാളികളെ  മുള്‍മുനയില്‍ നിര്‍ത്താന്‍ ശേഷിയുള്ളവരാണല്ലോ ഈ പറയുന്നതെന്ന് ഓര്‍ത്ത് സമാധാനിക്കാം. 

ഇതിനൊക്കെ മറുപടി ശശി തരൂര്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരു കാര്യം പ്രത്യേകം മുല്ലപ്പള്ളിജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിങ്ങനെയാണ്, മോദി സര്‍ക്കാരിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തുമായി താന്‍ പഠിച്ച് നടത്തിയ ഇടപെടലിന്‍റെ പത്തുശതമാനമെങ്കിലും പണിയെടുത്ത കേരളത്തില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്‍റെ പേര് ചൂണ്ടിക്കാട്ടാനാണ്. ഉത്തരം കൊടുക്കാന്‍ വല്യബുദ്ധിമുട്ടാവും. പത്തുപോയിട്ട് ആയിരത്തിലൊന്ന് പണിയെടുത്ത ആളെ കിട്ടാന്‍ പാടായിരിക്കും. മിനിമം ഡിമാന്‍ഡേ തരൂര്‍ മുന്നോട്ട് വച്ചിട്ടുള്ളു. 

ഇനിയിപ്പോ എന്ത് പരസ്യപ്പെടുത്താനാണ് ശ്രീ മുല്ലപ്പള്ളിജീ... പറയേണ്ടതൊക്കെ പറഞ്ഞു കഴിഞ്ഞില്ലേ. പിന്നെന്തിനാണീ പ്രഹസനം. ഒന്നുമില്ലെങ്കിലും ഉള്ളിലുള്ള നീരസമൊക്കെ അതുപോലെ പുറത്ത് വരികയും അതില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന വേറൊരാളുണ്ട്. കെ. മുരളീധരന്‍. തരൂരെന്ന് കേട്ടാല്‍ ഹാലിളകുന്ന ആളാണ്. കോണ്‍ഗ്രസ് വിട്ട് വേറെ പാര്‍ട്ടിയുണ്ടാക്കിയ ശേഷമാണ് താന്‍ കോണ്‍ഗ്രസിനെ തെറി പറഞ്ഞത് എന്നതാണ് മുരളീധരന്‍ തന്നില്‍ത്തന്നെ കാണുന്ന മഹത്വം. അതെന്തായാലും നന്നായി. തരൂരിനേയും നമുക്കൊരു പാഠം പഠിപ്പിക്കണം. 

ഇതെന്തായാലും മോദിയോടുള്ള അടങ്ങാത്ത വിരോധംകൊണ്ടൊന്നും അവാന്‍ വഴിയില്ല. തിരുവനന്തപുരം സീറ്റിനപ്പുറമുള്ള രാഷ്ട്രീയ ദീര്‍ഘവീക്ഷണം മാത്രമാണിത്. കടുത്ത കോണ്‍ഗ്രസ് വിരോധികള്‍ പോലും ബിജെപി ജയിക്കരുത് എന്ന് കരുതിയ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വരെ തരൂരിനിട്ട് പാലം വലിക്കാന്‍ പണിയെടുത്ത കൂട്ടരാണ്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും നാഴികയ്ക്ക് നാല്‍പത് വട്ടം മോദിയെ വിമര്‍ശിച്ചാല്‍ പോലും ഉണ്ടാക്കാന്‍ കഴിയാത്തത്ര ആഘാതമുണ്ടാക്കുന്ന ഒരു പുസ്തമുണ്ട്. പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍, അതെഴുതിയത് തരൂരായിരുന്നു.

അസൂയയും ഈഗോയും ഒരു തെറ്റല്ല. മനുഷ്യസഹജമാണ്. അത് പുറത്ത് കാണിക്കാതിരിക്കുന്നതിലാണ് മിടുക്ക്. ഇവിടെ സംഗതി രസം എന്താണെന്ന് വച്ചാല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമൊക്കെയായ ജയ്റാം രമേഷാണ് മോദി ചെയ്ത നല്ലകാര്യങ്ങള്‍ പറയണം എന്നുപറഞ്ഞത്. അതിനെ പിന്തുണച്ച് മറ്റൊരു കോണ്‍ഗ്രസുകാരന്‍ അഭിഷേക് സിങ്വി വന്നു. മൂന്നാമതാണ് ശശി തരൂര്‍ ഇവരെ പിന്തുണച്ച് വരുന്നത്. പക്ഷേ കിട്ടിയ അടിയും ഏറുമെല്ലാം തരൂരിനായിപ്പോയി. മുല്ലപ്പള്ളിയും മുരളീധരനും എന്തുകൊണ്ടാണാവോ മറ്റ് രണ്ടുപേരെ ഒഴിവാക്കിനിര്‍ത്തിയത്. സംഗതി സിംപിളാണ്. അവരാരും കേരളത്തിലെ നേതാക്കള്‍ക്ക് ഒരു ഭീഷണിയേയല്ല.

ഫാസിസത്തിനെതിരെയുള്ള നാടകത്തില്‍ പക്ഷേ രണ്ടു പ്രധാനകഥാപാത്രങ്ങള്‍ മൗനിബാബകളായാണ് വേഷം കെട്ടുന്നത്. അവര്‍ക്ക് സ്റ്റേജില്‍ ഡയലോഗ് ഒന്നും ഇല്ല. എല്ലാം ബാക്ക് സ്റ്റേജില്‍ മാത്രമാണ്. 

ഇടവേളയാണ്. അതുകഴിഞ്ഞാല് രാഹുല്‍ മാമന്‍ വരും. 

വെറും എംപിയായ രാഹുല്‍ ഗാന്ധി വയനാട്ടിലുണ്ട് ഇപ്പോള്‍. നല്ലൊരു എംപിയായി അദ്ദേഹം ഇങ്ങനെ വയനാടിന്‍റെ പ്രശ്നങ്ങളൊക്കെ നേരില്‍ കണ്ട് അതിന് പരിഹാരവും ആളുകള്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നുകൊണ്ട് സഞ്ചരിക്കുകയാണ്. കെ.സി. വേണുഗോപാലും കൂടെയുണ്ട്. വലിയ ഉത്തരവാദിത്തമാണ് കെസിക്ക്. നാട്ടുകാരുടെ മലയാളം ഇംഗ്ലീഷിലാക്കി രാഹുലിന് പറഞ്ഞുകൊടുക്കുക. രാഹുലിന്‍റെ ഇംഗ്ലീഷ് മലയാളത്തിലാക്കി നാട്ടുകാര്‍ക്കും പറഞ്ഞുകൊടുക്കുക. ഇതിനിടയില്‍ അല്‍പസ്വല്‍പം സ്വന്തം നിലയ്ക്കുള്ള വര്‍ത്തമാനങ്ങളും ഉണ്ട്.

പാലായില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥിയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയുടെ ഭൂരിപക്ഷം നാലായിരത്തില്‍ ഒതുക്കിയ മാണി സി. കാപ്പന്‍ തന്നെയാണ് ഇത്തവണയും. മാണിസാറിന്‍റെ അഭാവത്തില്‍ ഈ മാണി സി. കാപ്പന്‍ മാണിസാറായി മാറും എന്നാണ് മാണി സി. കാപ്പന്‍ തന്നെ പറയുന്നത്. കേരള കോണ്‍ഗ്രസില്‍ അടിപിടി കഴിഞ്ഞ് വിശ്രമം ഉണ്ടാവാത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...