തരൂര്‍ അല്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന് പറ്റിയ ആളല്ല..!

tharoor
SHARE

പുതിയ ലോകം പുതിയ സിപിഎം. ഈ മാറിയ ലോകത്ത് കോണ്‍ഗ്രസുകാര്‍ മാത്രം മോദിജിയെ സ്തുതിക്കാതിരിക്കുന്നതില്‍ കാര്യമില്ലെന്നാണ് തരൂര്‍ജിയുടെ കണ്ടെത്തലിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ആരംഭിക്കുകയാണ്. സ്വാഗതം. തിരുവാ എതിര്‍വായിലേക്ക്.

ശശി തരൂര്‍ അല്ലെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിന് പറ്റിയ ആളല്ല. ഒന്നാമത് അദ്ദേഹത്തിന് സ്വന്തമായി ഒരു ജോലി ഒക്കെ ഉണ്ടായിരുന്നു. അതും ഐക്യരാഷ്ട്രസഭയിലൊക്കെ. അതൊക്കെ ക്ഷമിക്കാമെന്ന് വച്ചാലും പിന്നേയും കുറെ പ്രശ്നങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ശശി തരൂരിന് വായനാശീലുമുണ്ട് എന്നതാണ്.  അത്യാവശ്യം ഗംഭീരമായിത്തന്നെ പുസ്തകം വായിക്കും. വായിക്കുക മാത്രമല്ല, സ്വന്തമായി പുസ്തകങ്ങള്‍ എഴുതുകയും െചയ്യും.  അറിവും പാണ്ഡിത്യവുമാണ് മെയിന്‍. ഗ്രൂപ്പുകളിയും കുതികാല്‍വെട്ടും വശവുമില്ല. ഇതൊക്കെ കണ്ടും കേട്ടും ശശി തരൂരിനെ സഹിച്ചുപോരുന്നവരാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ തന്നെ. അതിന്‍റെ ഇടയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ തരൂര്‍ജി ഒന്ന് പുകഴ്ത്തിയത്. പക്ഷേ സംഗതി പിടിവിട്ടു. അല്ലെങ്കിലും മോദിജിയെ പുകഴ്ത്താനല്ലല്ലോ യുഡിഎഫിന് മലയാളികള്‍ 20ല്‍ 19 സീറ്റും കൊടുത്ത് ഡല്‍ഹിക്ക് പറഞ്ഞയച്ചത്.

ശശി തരൂരിന്‍റെ പാര്‍ലമെന്‍റ് മണ്ഡലത്തില്‍പെട്ട വട്ടിയൂര്‍ കാവില്‍ നിന്നാണ് കെ. മുരളീധരന്‍ നിയമസഭയിലെത്തിയത്. അതുകൊണ്ട് മുരളിയും തരൂരും തമ്മിലുള്ള ഇരുപ്പുവശം ആ മണ്ഡലത്തിലുള്ളവര്‍ക്ക് നല്ല പിടിയാണ്. വടകരയില്‍പോയി മുരളീധരന്‍ ഡല്‍ഹിയിലെത്തുകയും ആളൊരു ദേശീയ തലത്തിലേക്കെത്തിയതുകൊണ്ടും തരൂരിനെതിരെ കോര്‍ക്കാന്‍ ഇപ്പോഴാണ് ഒരവസരം കിട്ടിയത്. ജയ്റാം രമേശാണ് ആദ്യം മോദിയെ ഇങ്ങനെ കുറ്റം പറയുന്നതില്‍ അര്‍ഥം ഇല്ലെന്ന കണ്ടെത്തല്‍ നടത്തിയത്. അഭിഷേക് മനു സിങ്വിയും തരൂരും ഏറ്റും പിടിച്ചു. ശശി തരൂരാണെങ്കില്‍ ഒന്നാം മോദി സര്‍ക്കാരിന്‍റെ തുടക്കകാലത്ത് സ്വച്ഛ് ഭാരത് പരിപാടിയിലൊക്കെ പങ്കെടുത്ത് തകര്‍ത്തതാണ്. അന്നും ഇടക്കിടെ മോദിയെ ഒന്ന് പ്രശംസിക്കും. നല്ലത് കണ്ടാല്‍ തരൂരിന് നല്ലത് എന്ന് പറഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ലത്രേ. ഇതിന് പ്രത്യേക കാലയളവും ഉണ്ട്. ചിലകേസും കൂട്ടവും വരും എന്നൊക്കെ ആളുകള്‍ക്ക് തോന്നുന്ന അതേ സമയത്താണ് തരൂരിനും മോദിയെ പുകഴ്ത്താന്‍ തോന്നാറ്. എന്തോ അതങ്ങനെയാണ്.

എന്തായാലും ചിദംബരത്തെ പിടികൂടിയപോലെ മതിലൊന്നും ചാടി അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ ഭാഗത്തേക്ക് വരാനിടയില്ല. ഇനി മറ്റൊരു കേസുകെട്ടിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. സംഭവം നടക്കുന്നത് ഗള്‍ഫിലാണ്. എന്‍ഡിഎ കണ്‍വീനറും ബി‍ഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി, മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ വെള്ളാപ്പള്ളി നടേശന്‍ ചേട്ടന്‍റെ മോന്‍. ആ മോനെ ഗള്‍ഫില്‍ വച്ച് അവിടുത്തെ പൊലീസ് പിടിച്ചു. സംഗതി ചെക്ക് കേസാണ്. തുഷാര്‍ വേറൊരു മലയാളിക്കിട്ട് പണികൊടുത്തു എന്ന് പറയാം. പണി കൊടുത്ത ആളും പണി കിട്ടിയ ആളും മലയാളികള്‍ ആയതുകൊണ്ട് കേരളസര്‍ക്കാര്‍ പണി കൊടുത്ത ആള്‍ക്കിട്ടാണ് സപ്പോര്‍ട്ട് കൊടുത്തത്. ഒന്നാമത് ഈ പണി കിട്ടിയ ആള്‍ അത്ര വലിയ ആളൊന്നും അല്ല. സ്വന്തമായി പാര്‍ട്ടിയില്ല, അണികളില്ല വേറെ ആരേയും പറ്റിക്കാനുള്ള ത്രാണിയുമില്ല. അങ്ങനെയുള്ള ആളെ സഹായിക്കുന്നതില്‍ പിന്നെന്തുകാര്യം. അതുകൊണ്ട് കാര്യം അറിഞ്ഞ പാടെ മുഖ്യമന്ത്രി പിണറായി വിജയിനെ സഖാവ് ഉണര്‍ന്നു.

ആപത്തില്‍ പെട്ടവനെ സഹായിക്കുക എന്നത് കമ്മ്യൂണിസ്റ്റ് മൂല്യബോധത്തിന്‍റെ അടിസ്ഥാനപ്രമാണം തന്നെയാണ്. അതിന് കമ്മ്യൂണിസം പോലും വേണ്ട. മനുഷ്യത്വം മാത്രം മതി. ഒന്നാമത് നടേശന്‍ ചേട്ടന്‍റെ മോനാണ്. അല്ലാതെ ബിജെപിക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ആ മുന്നണിയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ നേതാവ് എന്നതൊന്നും ഇവിടെ പരിഗണനാവിഷയമേയല്ല. അതുകൊണ്ട് നമ്മുടെ മുഖ്യമന്ത്രി കേന്ദ്രവിദേശകാര്യ മന്ത്രിക്ക് വരെ കത്തെഴുതി. ശ്ശെടാ ഈ ബിജെപി നേതാക്കള്‍ക്ക് പോലും ഇങ്ങനെയൊന്നും തോന്നിയില്ലല്ലോ. 

എന്തുപറയാനാണ്. ശ്രീധരന്‍ പിള്ളാജി തന്‍റെ അഭിഭാഷക ബുദ്ധിയില്‍ ചിലതൊക്കെ ആസൂത്രണം ചെയ്തിരുന്നു. ആ ബുദ്ധിയില്‍ തോന്നിയത് ഒരു ഗൂഢാലോചനയുടെ തിരക്കഥയാണ്. ബുദ്ധി മെയിന്‍ സംഭവമായ ബിജെപിക്കാര്‍ക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളു. പിള്ളാജിയുടെ ആ അതിബുദ്ധി ആരേയും വിസ്മയിപ്പിക്കുന്നതാണ്. പക്ഷേ അവിടേയും പിണറായി സഖാവ് എല്ലാവരേയും തോല്‍പിച്ചുകളഞ്ഞു. തുഷാര്‍ പറ്റിച്ച ആളുടെ നാട്ടിലെ വീട്ടില്‍ സ്വന്തം പോലീസിനെ വരെ പറഞ്ഞയച്ചാണ് സഖാവ് നീതി നടപ്പാക്കിയത്. പുതിയ ലോകം പുതിയ പാര്‍ട്ടി. 

സിപിഎമ്മിന്‍റേയും അത് നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്‍റേയും പലവിധ അത്ഭുതങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളു. സംസ്ഥാന കമ്മിറ്റി യോഗം അതിന് തിരികൊളുത്തിട്ടുണ്ട്. ഇടവേളയ്ക്ക് േശഷം കാണാം.

സിപിഎം പാര്‍ട്ടി നന്നാവാന്‍ തീരുമാനിച്ചുവെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. ആദ്യപടിയായി നേതാക്കളും പ്രവര്‍ത്തകരും വിനയന്‍മാരാവാന്‍ തീരുമാനിച്ചു എന്നതാണ്. പാലക്കാട് പ്ലീനവും കൊല്‍ക്കത്ത പ്ലീനവും ഒക്കെയായി കുറെ കൊല്ലമായി പറയുന്ന ഒന്നാണ് ഈ വിനയത്തിന്‍റെ കാര്യം. പക്ഷേ പാര്‍ട്ടിയുടെ മേല്‍തട്ടിലെ സ്വഭാവം തിരുത്താന്‍ സാധിക്കാത്തതുകൊണ്ട് താഴേതട്ടിലും അതുതന്നെ അനുകരിക്കപ്പെട്ടു എന്നുമാത്രം. പക്ഷേ ഇരട്ടച്ചങ്കുകൊണ്ട് പാര്‍ട്ടിയുടെ അടിത്തറയും ജനകീയതയും വിപുലമാവില്ല എന്നും പകരം ഒരൊറ്റ ഹൃദയം കൊണ്ട്  മാത്രം മതി ജനങ്ങളെ സമീപിച്ചാല്‍ എല്ലാം ശരിയാവും എന്നതാണ് തിരിച്ചറിവ്. എന്നുമുതല്‍ പ്രാബല്യത്തില്‍ വരും എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. വാര്‍ത്ത വന്ന സ്ഥിതിക്ക് സഖാക്കള്‍ക്ക് മുന്നൊരുക്കം ഇപ്പോഴേ ആരംഭിക്കാവുന്നതാണ്.

അന്യന്‍റെ വിമര്‍ശനം പോലും സംഗീതം പോലെ കേള്‍ക്കുന്ന പുതുയുഗത്തിലേക്കായിരിക്കും നമ്മള്‍ കാലെടുത്ത് വയ്ക്കാന്‍ പോവുന്നത്. അപ്പോ ഈ സൈബര്‍ പോരാളികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൂടി പാര്‍ട്ടി ആസൂത്രണം ചെയ്യേണ്ടിവരും. ഇല്ലെങ്കില്‍ തെറിവിളി,തെമ്മാടിത്തം എന്നിവ സോഷ്യല്‍ മീഡിയയിലേക്ക് മാത്രമായി പരിമിതപ്പെടുത്തി സാമൂഹമാധ്യമങ്ങള്‍ക്ക് പുറത്ത് ജനങ്ങള്‍ക്കിടയില്‍ മാന്യനായിരുന്നാല്‍ മതിയെന്നൊരു ഭേദഗതി വരുത്തേണ്ടതായിവരും. എന്നാലും ആലോചിക്കുമ്പോള്‍ കഷ്ടമാണ്, ഈ പറയുന്ന പത്തിരുപത് വയസ്സിന് മുകളിലുള്ളവരോടൊക്കെ നാളെമുതല്‍ വിനയത്തോടെയും ഭവ്യതയോടെയും സ്നേഹത്തോടേയും പെരുമാറണമെന്ന് പഠിപ്പിക്കേണ്ടിവരുന്നതിന്‍റെ ആ ഇതുണ്ടല്ലോ....സമ്മതിച്ചേ തീരൂ. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...