മതിലുചാട്ടം; അഥവാ ഒരു സിബിഐ അറസ്റ്റ് കഥ

cbi-chidambaram
SHARE

ഡമ്മി ടു ഡമ്മി അളവെടുക്കുന്ന സിബിഐ ഔട്ട് ഓഫ് ഫാഷന്‍ ആകുകയും മതില്‍ ചാടികടക്കുന്ന സിബിഐ പുതിയ കാഴ്ചയാവുകയും ചെയ്തതിന്‍റെ ഓര്‍മകളെ താലോലിച്ചുകൊണ്ട് തുടങ്ങുകയാണ്  ഇന്നത്തെ തിരുവാ എതിര്‍വാ

ഇന്നലെ ഈ സമയം രാജ്യം ചിരിച്ച് ചിരിച്ച് മണ്ണുകപ്പുകയായിരുന്നു. പി ചിദംബരത്തിന്‍റെ ലുക്കൗട്ട് നോട്ടീസൊട്ടിച്ച് സിബിഐ മടങ്ങുമ്പോള്‍ തേടിയ വള്ളി വഴിയിലെ ടിവിയിലിരുന്ന് രാജ്യത്തോട് എന്തൊക്കെയൊ എഴുതി വായിക്കുന്നു. കുറ്റപത്രം കിട്ടാത്തതിനാല്‍ അറസ്റ്റുവരിക്കാന്‍ കഴിയുന്നില്ല എന്ന് ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസിലെ പ്രതി വികാരം കൊള്ളുന്നതുകണ്ട ഉദ്യോഗസ്ഥര്‍ എഐസിസി ആസ്ഥാനത്തേക്ക് പറന്നു. താന്‍ ഒളിവിലായിരുന്നില്ലെന്നും രക്ഷപെടാനുള്ള വഴികള്‍ വക്കീലന്മാരുമായി ആലോചിക്കുന്നതിന്‍റെ തിരക്കില്‍ താന്‍പോലും തന്നെ കണ്ടിരുന്നില്ല എന്നുമാണ് ചിദംബരത്തിന്‍റെ വിശദീകരണം. മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുന്നതിനും സിബിഐ സംഘം എത്തുന്നതിനും മുന്നേ മുന്‍ മന്ത്രി പളനിയപ്പന്‍ ചിദംബരം കസേര കാലിയാക്കി പറന്നു. 

എഐസിസി ആസ്ഥാനത്തെത്തിയ സിബിഐക്ക് അവിടെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറച്ചുനാളുകളായി ആ ആസ്ഥാനത്ത് ആരും അങ്ങനെ ഉണ്ടാവാറില്ല എന്നത് മറ്റൊരു കാര്യം. ചിദംബരത്തെയും കൊണ്ട് കപില്‍ സിബല്‍ എന്ന ക്രിമിനല്‍ വക്കീല്‍ പാഞ്ഞ വഴിയേ സിബിഐയും പറന്നു. ചെന്നെത്തിയത് ഡല്‍ഹി ജോര്‍ബാഗിലെ സിംഹത്തിന്‍റെ വസതിയില്‍. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന ആപ്തവാക്യം പരീക്ഷിച്ച് പരാജയപ്പെട്ട സിബിഐ അവസാനത്തെ അടവ് പുറത്തെടുത്തു. മതിലുചാട്ടം. നല്ല മെയ്‍വഴക്കത്തോടെ വൃത്തിയായി അന്വേഷണ ഉദ്യോഗസ്ഥര്‍ പണി ചെയ്യുന്നത് നാട് കണ്‍കുളിര്‍ക്കെ കണ്ടു. 2010 ല്‍ ആഭ്യന്തരമന്തിയായിരുന്ന ചിദംബരം ഒരു ഗുജറാത്തിയെ അകത്താക്കിയിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ മാര്‍വാടിയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി. കാര്യങ്ങളുടെ കിടപ്പ് ഏറെക്കുറെ മനസിലായിക്കാണുമല്ലോ അല്ലേ

എല്ലാം മോദി സര്‍ക്കാരിന്‍റെ പകപോക്കലാണെന്ന് ഉറക്കെപറയാന്‍ ധൈര്യമുള്ള ഒരാളേ കേരളത്തിലുണ്ടായൊള്ളൂ. മാവേലിക്കരയുടെ മണിമുത്ത് കൊടിക്കുന്നില്‍ സുരേഷ് എംപി. ഒരാള്‍ക്കൊരു പദവി എന്ന തത്വം നടപ്പിലാക്കുകയാണെങ്കില്‍ തനിക്ക് എംപി സ്ഥാനം വേണ്ട പാര്‍ട്ടിയിലെ പദവിമതി എന്നു പറയാന്‍ കാണിച്ച ധൈര്യത്തിന്‍റെ പകുതിയേ കേന്ദ്രത്തിനെതിരെ പ്രതികരിക്കാന്‍ വേണ്ടിവന്നൊള്ളൂവെന്നതാണ് സത്യം. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസ് എന്താണെന്ന് പരതിയവര്‍ക്ക് അതു മനസിലാക്കി കൊടുത്തത് കൊടിക്കുന്നിലാണ്. 

മക്കള്‍ കാരണം അപ്പന്മാര്‍ക്ക് തലവേദന കൂടുന്ന കാലമാണിതെന്ന് തോന്നുന്നു. കേരളത്തില്‍ ബിനോയ് കാരണം കൊടിയേരിയും തുഷാര്‍ കാരണം വെള്ളാപ്പള്ളിയും വലഞ്ഞിരിക്കുകയാണ്. ഇതിന്‍റെ തമിഴ്നാട് വേര്‍ഷനാണ് ചിദംബരവും കാര്‍ത്തി ചിദംബരവും. മകന്‍റെ കമ്പനിയില്‍ നിന്ന് പിടിച്ചെടുത്ത കണക്കുകള്‍ വച്ചാണ് ഉദ്യോഗസ്ഥര്‍ ചിദംബരത്തെ തേടിയെത്തിയത്

വളര്‍ന്ന് പടര്‍ന്ന് പന്തലിക്കാന്‍ ബിജെപി തീരുമാനിച്ചിട്ട് നാളേറെഎയായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സുനാമി പോലെ ആഞ്ഞടിക്കുമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ പ്രഖ്യാപനം. അല്ല സ്വപ്നം. മറ്റ് സംസ്ഥാനങ്ങളിലൊക്കെ സുനാമിയുടെ തിരമാലയുമൊക്കെ ഉണ്ടായെങ്കിലും കേരളത്തില്‍ വെള്ളത്തില്‍ കല്ലുവീഴുമ്പോളുള്ള ഓളംപോലും ഉണ്ടായില്ല.  വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില‍ മണ്ഡലങ്ങള്‍ തൂത്തുവാരിയില്ലെങ്കിലും സാരമില്ല പക്ഷേ തോറ്റ് തുന്നം പാടിയിട്ട് ഇനി കാവിലെ പാട്ടുമല്‍സരത്തില്‍ കാണാമെന്നുപറഞ്ഞ് വന്നേക്കരുത് എന്ന ഉത്തരവാണ് അമിത്ഷാ ശ്രീധരന്‍പിള്ള വക്കീലിന് നല്‍കിയിരിക്കുന്നത്. ശബരിമല വികാരം ഉയര്‍ത്തി പയറ്റിയിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിലും കാവി ഉയരാഞ്ഞതില്‍ അമിത് ജി നിരാശനാണ്. ഇത്തരം കാര്‍ഡുകളുടെ പകുതി വീശിയാന്‍ കൂടെപ്പോരുന്ന വടക്കേഇന്ത്യയാണല്ലോ പുള്ളിയുടെ ശീലം. മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പൊന്നും കാര്യമായി പച്ചപിടിക്കാതെ വന്നപ്പോള്‍ ആളെ കൂട്ടാന്‍ പിള്ളച്ചേട്ടന‍ തന്നെ ഇക്കുറി നേരിട്ടിറങ്ങിയിരിക്കുകയാണ്. വലവീശല്‍ കഴിഞ്ഞ് തിരിച്ചുവന്ന സംസ്ഥാന പ്രസിഡന്‍റിന് പറയാനുള്ളത് ചാകരയുടെ കഥയാണ്. നല്ല കലക്ഷനായിരുന്നത്രേ ഇക്കുറി

പൊതുജനങ്ങളെ ഉദ്ദേശിച്ചിട്ട ചൂണ്ടയില്‍ ഐഎഎസ് ഐപിഎസ് ലോബികള്‍ കൊത്തി എന്ന നേട്ടമാണ് ശ്രീധരന്‍ പിള്ളയുടെ രണ്ടാംവരവിലെ നേട്ടമായി ചരിത്രം കൊത്തിവയ്ക്കാന്‍ പോകുന്നത്. ജയ്ശ്രീറാം വിളിക്കാനും രാമായണ പാരായണത്തിനുമൊക്കെ ജേക്കബ് തോമസിനെപ്പോലുള്ള സ്രാവുകളെ കിട്ടുകയെന്നത് ചെറിയ കാര്യമല്ല. കൊച്ചിയില്‍ ആര്‍എസ്എസ് അനുകൂല സംഘടന സംഘടിപ്പിച്ച ചടങ്ങില്‍  രക്ഷാ ബന്ധന്‍ കെട്ടാനെത്തിയ ജേക്കമ്പ് തോമസ് പരസ്പര ബന്ധത്തെക്കുറിച്ചൊക്കെ വാചാലനായി. സിന്ദൂരക്കുറിയണിയിച്ച് ആരതിയുഴിഞ്ഞായിരുന്നു സ്വീകരണം. മറ്റേതുപാര്‍ട്ടി വേദിയില്‍ കിട്ടും ഇങ്ങനെയൊരു വരവേല്‍പ്പ്

കൃഷി കേരള കോണ്‍ഗ്രസുകാരുടെ കുത്തകയാണ് . കേരളകോണ്‍ഗ്രസ് ചൂര് മാറാത്ത പിസി ജോര്‍ജിന് റബറാണ് ഇഷ്ട വിള. അതാകുമ്പോള്‍ നട്ടുകഴിഞ്ഞാല്‍ വല്യ മിനക്കേടില്ലാതെ അങ്ങ് വളന്നോളും. താനൊരു കര്‍ഷകനാണെന്ന് പ്രഖ്യാപിച്ചാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഉയര്‍ത്തി പിസിയുടെ വരവ്. കാര്യം സിംപിളാണ്. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ല. പറയുന്നത് പിസിയായതുകൊണ്ട് അത് ഒരു ഒന്നൊന്നര പറച്ചിലായിരിക്കുമെന്നതില്‍ സംശയം വേണ്ടല്ലോ

സമാനമായ മറ്റൊരു കഥ പറയാം. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലം. കേരളത്തിലെ വെള്ളപ്പൊക്ക മേഖലകള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് പ്രതിനിധിയെത്തി. വെള്ളമിറങ്ങി വെയില്‍ വന്നു കഴിഞ്ഞാകുമല്ലോ സ്വോഭാവികമായും ഇത്തരക്കാരുടെ സന്ദ്ര്‍ശനം. ആ പതിവ് തെറ്റിയില്ല. വന്ന ഏമ്മാന്‍ മാരെ ഹെലികോപ്റ്ററില്‍ കയറ്റി കരുണാകരന്‍ കുട്ടനാട്ടിലേക്ക് പറന്നു. എന്നിട്ട് ആകാശത്തുനിന്ന് വിശാലമായ കായലുകള്‍ കാട്ടിക്കൊടുത്തു. നാട് വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്നും വീടുകള്‍ പോയിട്ട് മരങ്ങളുടെ മുകള്‍ഭാഗം പോലും കാണാനില്ലെന്നും ബോധിപ്പിച്ചു. ഇത്തരത്തിലുള്ള സൂത്രക്കാര്‍ ആരെങ്കിലുമായിരിക്കും കസ്തൂരി രംഗന്‍റെയും കൂടെ പോയിട്ടുണ്ടാവുക. തീര്‍ച്ച. പാറമടകളാണ് ഇരുള്‍പൊട്ടലിന് കാരണമായതെന്ന തിരിച്ചറിവും പിസിക്കുണ്ട്. കരിങ്കല്ലിനേക്കാള്‍ ഉറപ്പുള്ള ആ ഹൃദയത്തില്‍ നിന്ന് ഉറച്ച തീരുമാനങ്ങള്‍ പുറത്തേക്ക്

അല്ല അതുപിന്നെ പിസിക്ക്  പാറമടയുണ്ടെന്നൊക്കെ ഒരു കരക്കമ്പിയുണ്ടല്ലോ. മകന് പാറമട പാറപൊട്ടിക്കല്‍ ബിസിനസായിരുന്നോ. അല്ല ഷോണിന്‍റെ ആ ബിസിനസ് ഐഡിയ എന്തായിരുന്നു എന്ന്. എന്നാലും ഒരാരോപണം വന്നപ്പോള്‍ ആത്മഹത്യ ചെയ്യുമെന്നൊക്കെ പറയാന്‍ പാടുണ്ടോ?

അപ്പോ ഇന്നത്തെ മതിലുചാട്ടം ഇവിടെ അവസാനിപ്പിക്കുകയാണ്. മുന്‍ എപ്പിസോഡുകള് ‍മനോരമ ന്യൂസ് ഡോട് കോമിലും യു ട്യൂബിലുമുണ്ട്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...