ഗ്രൂപ്പില്ലാത്ത കോൺഗ്രസും ചുക്കില്ലാത്ത കഷായവും

congress20
SHARE

രാജ്യത്ത് അമ്പേ തോറ്റോടിനില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഫാസിസത്തെ എതിര്‍ക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പുകാലത്ത് ഇറങ്ങിത്തിരിച്ചെങ്കിലും അത് ഗ്രൂപ്പടിസ്ഥാനത്തിലായിരുന്നതിനാല്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പാളത്തൊപ്പിയിട്ടു. പച്ചപ്പ് ആകെയുള്ളത് ഇങ്ങ് താഴെ കേരളത്തിലാണ്. ചെന്നിത്തല കോൺഗ്രസും ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസും മുല്ലപ്പള്ളി കോണ്‍ഗ്രസുമൊക്കെയായി ഇവിടിപ്പോള്‍ ജോറാണ് കാര്യങ്ങള്‍.

പുനസംഘടനയാണ് വിഷയം. പാര്‍ട്ടിക്കൊരു ദേശീയ അധ്യക്ഷനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ‍ഡെപ്യൂട്ടേഷനില്‍ സോണിയാ ഗാന്ധിയെ കൊണ്ടുവന്നിറക്കി വല്ലവിധേനെയും ഓടുകയാണ് ഇന്ദ്രപ്രസ്ഥത്തിലെ വണ്ടി. ഒരാളെ നേതാവായി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന പാര്‍ട്ടി കേരളത്തില്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യം പുനസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി എന്നതാണ്. അത്രക്ക് റിച്ചാണ് കേരളത്തില്‍ പാര്‍ട്ടിയെന്ന് ഹൈക്കമാന്‍റിനെ അറിയിക്കുക എന്നൊരു ഗൂഡഉദ്ദേശവും ഈ നീക്കത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരുപദവി ഫോര്‍മുലയില്‍ താല്‍പ്പര്യമില്ല എന്നാണ് ചെന്നിത്തലാദികള്‍ നയിക്കുന്ന ഐ കോണ്‍ഗ്രസുകാരുടെ നിലപാട്.  അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണുവച്ച് പാര്‍ട്ടി പദവികളില്‍ തനിക്കുവേണ്ടി കൈപൊക്കാനുള്ളവര്‍ക്കായുള്ള റിക്രൂട്ടമെന്‍റാണ് രമേശ് ചെന്നിത്തല ഉദ്ദേശിക്കുന്നത്. പക്ഷേ ഒപ്പമുള്ള കെ മുരളീധരന്‍ ചാടാന്‍ പാങ്ങിന് ചട്ടിയുടെ വക്കില്‍ നില്‍ക്കുന്നത് ചെന്നിത്തല അത്രക്കങ്ങ് ശ്രദ്ധിച്ചില്ല എന്നുതോന്നുന്നു

ഗ്രൂപ്പുകള്‍ക്ക് അതീതനാണ് താനെന്ന് ഉറച്ചു പ്രഖ്യാപിക്കാറുള്ള കെപിസിസി അധ്യക്ഷന്‍ തനിക്ക് ആരെയും പേടിയില്ലെന്ന് ഇടക്കിടക്ക് ആത്മഗതം പറയുകയും ചെയ്യും. ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് ചുക്കില്ലാത്ത കഷായം പോലെയോ ഉപ്പില്ലാത്ത ഉപ്പുബിസ്കറ്റ് പോലെയോ ആണെന്ന് ആര്‍ക്കാണറിയാത്തത്. എത്രവലിയ ജനാധിപര്യപരമാണ് കാര്യങ്ങള്‍ എന്ന് അഭിനയിക്കുമ്പോളും ഹൈക്കമാന്‍റിനും അറിയാം ഇവിടെ വീതംവയ്പ്പ് ഗ്രൂപ്പുകാരുടെ പായിലും പാത്രത്തിലുമാണ് എന്ന്

മുല്ലപ്പള്ളി വന്നെങ്കിലും പതിവുകള്‍ മാറ്റാനുള്ള ഒരു മുല്ലപ്പൂ വിപ്ലവമൊന്നും പാര്‍ട്ടിയില്‍ ഉണ്ടായിട്ടില്ല. മുല്ലപ്പള്ളി ഗ്രൂപ്പ് എന്നൊരു ശൈലി പിറന്നുവെന്നുമാത്രം. എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കുന്നതാണ് പാര്‍ട്ടിയുടെ ശീലം. ഹൈക്കമാന്‍റ് ആരാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ല എന്നതാണ് പുനസംഘടന നേരിടുന്ന ഏക വെല്ലുവിളി

ഹൈക്കമാന്‍ഡ് പത്തുമാസവും മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാത്തതില്‍ തെല്ലുമില്ല അല്‍ഭുതം. ഈ പറഞ്ഞ കാലയളവില്‍ കുറഞ്ഞത് നാലുമാസം പാര്‍ട്ടിക്ക് തല ഇല്ലായിരുന്നു. ശേഷിച്ചത് തിരഞ്ഞെടുപ്പുകാലവും. ജയിക്കുന്ന സീറ്റുതേടി അലയുന്ന തിരക്കിനിടയില്‍ രാഹുലിന് ഇടപെടലിന് സമയമില്ലായിരുന്നു. പിന്നെ എല്ലാം നോക്കാന്‍ തന്‍റെ സൈബര്‍ ചാവേറുകളെ ഏല്‍പ്പിച്ചിരിക്കുന്നതാണ് തെല്ല് ആശ്വാസം. എന്തായാലും തര്‍ക്കം തീര്‍ക്കാന്‍ ഹൈക്കാമാന്‍ഡ് ഇടപെട്ടില്ലെങ്കിലും നമുക്ക് സ്വന്തമായി ഒരു കാര്‍ന്നോരുള്ളത് ആശ്വാസമാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...