കവി ജി സുധാകരന്‍റെ രാജ്യത്ത് കവിത എഴുതാൻ ധൈര്യപ്പെടുന്നവർ..!

sudhakaran
SHARE

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം കൈയ്യില്‍ കിടന്ന സ്വര്‍ണവള ഊരി നല്‍കിയ ശ്രീമതി ടീച്ചര്‍ക്ക് അഭിന്ദനങ്ങള്‍. വള നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്ന സ്ഥിതിക്ക് അത് ഊരി കൈയ്യില്‍ പിടിച്ച് വരാമായിരുന്നു. ഇതുകണ്ടാല്‍ ഫോട്ടോക്കു പോസ് ചെയ്യുന്ന പഴയ രീതിക്കുപകരം വീഡിയോക്ക് പോസ് ചെയ്തപോലുണ്ട്. അപ്പോ വളയെക്കുറിച്ച് വളവളാ പറയാതെ തുടങ്ങുകയാണ് വീണ്ടും തിരുവാ എതിര്‍വാ.

ആര്‍ക്കൊക്കെയാണ് ഒരു രാജ്യത്ത് കവിതയെഴുതാന്‍ അവകാശം. പ്രശസ്ത കവി ജി സുധാകരന്‍ ജീവിക്കുന്ന രാജ്യത്താണെങ്കില്‍ മറ്റാര്‍ക്കും അതിന് അവകാശമില്ല എന്നാണ് ആ ചോദ്യത്തിനുള്ള ഉത്തരം. ഇടതുപക്ഷം ഭരിക്കുന്ന നാട്ടില്‍ ആവിഷ്കാര സ്വാതന്ത്രത്തിന് തെല്ലും വിലങ്ങുകളില്ല എന്ന് ചിലര്‍ പറയും. എന്നാല്‍ കാനത്തിനെതിരെ പോസ്റ്റഴെഴുതിയൊട്ടിച്ച സിപിഐക്കാരെപ്പോലുള്ളവര്‍ ഇപ്പോള്‍ ആ സ്വാതന്ത്രത്തില്‍ വിശ്വസിക്കുന്നില്ല. സിപിഐക്കാരുടെ ആ നിരയില്‍ ഇരിപ്പടം കിട്ടിയ ഏറ്റവും ഒടുവിലത്തെ ആളാണ് സിപിഎം ചേര്‍ത്തല കൊക്കോതമംഗലം ലോക്കല്‍ സെക്രട്ടറി. ലോക്കലി കവിതയെഴുതുന്നതിന് പകരം സമൂഹമാധ്യമത്തിലൂടെ ആഗോളതലത്തില്‍ പ്രസിദ്ധീകരിച്ചതാണ് വിനയായത്. സാക്ഷാല്‍ ഒബാമയെ തന്‍റെ പേനത്തുമ്പുകൊണ്ട് വിറപ്പിച്ചവനാണ് അമ്പലപ്പുഴ കവി ജി സുധാകരന്‍. അങ്ങനെയുള്ള ജിയെ വിറപ്പിക്കാനാണ് ഒരു ലോക്കല്‍ കവി ശ്രമിച്ചത്. പാര്‍ട്ടിക്കാരനയത് ഭാഗ്യം. അല്ലെങ്കില്‍ കാണിച്ചുതരാമായിരുന്നു. എന്തായാലും. പണ്ടാരാണ്ടുമായി ഉണ്ടായ കച്ചറയുടെ പേരില്‍  എന്തായാലും ലോക്കല്‍ സെക്രട്ടറിക്കെതിരെ ഒരു ചെറിയ കേസ് പൊലീസ് എടുത്തിട്ടുണ്ട്. 

ഉറങ്ങണം എനിക്കുറങ്ങണം പക്ഷേ ഉറങ്ങാനൊട്ടും കഴിയുന്നില്ലല്ലോ എന്ന് എനിക്കുറങ്ങണം എന്ന കവിതയില്‍ ജി കുറിച്ചിരുന്നു. അത് ലോക്കല്‍ സെക്രട്ടറി പ്രവീണിന്‍റെ ഇപ്പോളത്തെ അവസ്ഥയെ മുന്‍കൂട്ടി കണ്ടെഴുതിയതായിരുന്നത്രേ. നല്ല കവികള്‍ക്ക് ഇങ്ങനെ തൃകാല‍ഞ്ജാനമുണ്ട്

ശരിക്കും ജി സുധാകരന്‍ ഒരു തമാശക്കാരനാണ്. പക്ഷേ സീരിയസായി നമുക്ക് തോന്നുന്നതാണ്. സസൂക്ഷ്മം വീക്ഷിച്ചാല്‍ ഏത് കഠിനഹൃദയനും ഉള്ളുതുറന്ന് ചിരിക്കാനുള്ള വക കക്ഷി ഒരുക്കാറുണ്ട്. പക്ഷേ ചിരിക്കുന്നവര്‍ മന്ത്രി കാണാതെ ശ്രദ്ധിക്കണം. അല്ലെങ്കില്‍പിന്നെ കരയേണ്ടിവരും. 

കവി ജിയെ ഇങ്ങനെ പിന്തുടര്‍ന്നാല്‍ ഒരു ഖണ്ഡകാവ്യം തന്നെ രചിക്കാനുള്ള വക ഒത്തുകിട്ടും. 

എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെ സിഐയെ മാറ്റണം എന്നാവശ്യപ്പെട്ട് സിപിഐ എറണാകുളം ജില്ലാകമ്മറ്റി പ്രതിഷേധം നടത്തി. അതിന്‍റെ പരിണിതഫലമായി എറണാകുളം സെന്‍ട്രല്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. സിഐ സുഖമായിരിക്കുന്നു. ഇത് എന്തുകഥ എന്ന് കരുതരുത്. ഇടതുമുന്നണിയുടെ കുടുംബ പ്രശ്നമാണ്. അതിനാല്‍ അവരായി അവരുടെ പാടായി എന്ന ലൈനാണ്. സിഐക്കെതിരെ നടപടിയാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച് പൊലീസിന്‍റെ വക കൂട്ടത്തല്ലിലാണ് കലാശിച്ചത്. എല്‍ദോ എബ്രഹാമിന്‍റെയടക്കം പല്ലിന്‍റെ എണ്ണം കുറയുകയും എല്ലിന്‍റെ എണ്ണം കൂടുകയും ചെയ്തു. ലാത്തിച്ചാര്‍ജില്‍ വീഴ്ചയില്ലെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ ലാത്തിച്ചാര്‍ജ് നടത്തിയ എസ്ഐക്ക് സസ്പെന്‍ഷന്‍. സിപിഐയെ രോമാഞ്ച കഞ്ചുകരാക്കി പണറായി വക ചെക്

അപ്പോ ഞാറക്കല്‍ സിഐയോ. പുള്ളിയെ മാറ്റാനായിരുന്നല്ലോ സമരം. ഇതിനാണ് ചക്കിന് വച്ചത് അല്ല സിഐക്ക് വച്ചത് എസ്ഐക്ക് കൊണ്ടു എന്നു പറയുന്നത്. സിപിഐക്ക് ആശ്വസിക്കാം. എസ്ഐ എന്നെങ്കിലും സിഐ ആകാതിരിക്കില്ലല്ലോ

ശ്രീമാന്‍ ബിനോട് കോടിയേരി ശബരിമലക്കുപോയി. മലക്കുപോകുന്നത് വലിയ സംഭവമോ അല്‍ഭുതമോ അല്ല. അത് വ്യക്തിസ്വാതന്ത്രത്തിന്‍റെ പ്രശ്നമാണ്.  സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായിപ്പോയതിനാലും ശബരിമലയില്‍ പ്രവേശനം നിഷിധമല്ല. പക്ഷേ ശബരിമല കോടിയേരിക്കും സിപിഎമ്മിനും തീരാ തലവേദനയായി നില്‍ക്കുകയാണ്.  പാര്‍ട്ടിയെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കാന്‍ വിടുവീടാന്തരം കയറിയപ്പോള്‍ നാട്ടാര്‍ പറഞ്ഞു ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് തെറ്റിയെന്ന്. വിശ്വാസികള്‍ക്കെതിരല്ല പാര്‍ട്ടി എന്ന് കോടിയേകരി തുടര്‍ന്ന് പ്രഖ്യാപിച്ചു. ഇതിനുപിന്നാലെ ബിനോയ് വീട്ടില്‍ നിന്നിറങ്ങി കെട്ടുമുറുക്കി മലകയറി. 

സിപിഎം മാറാന്‍ പോവുകയാണ്. നേതാക്കള്‍ മര്യാദരാമന്മാരായി പെരുമാറണമെന്നതാണ് പാര്‍ട്ടി പറയുന്ന ഏറ്റവും ഒടുവിലത്തെ കോമഡി. പാര്‍ട്ടിയുടെ നിലവിലെ ഫോട്ടോ ആവശ്യമുള്ളവര്‍ എടുത്തുവച്ചുകൊള്ളണം. അത്രക്ക് അടിമുടി മാറ്റമാണ് വരാന്‍ പോകുന്നത്. ചിരിച്ച മുഖവുമായി പാറിപ്പറക്കുന്ന പിണറായി വിജയനും ഇപി ജയരാജനും മണിയാശാനുമൊക്കെയാണ് നാളയുടെ കാഴ്ച. നിയമപ്രകാരമുള്ള മുന്നറിയിപ്പ്.   ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...