വനവാസം കഴിഞ്ഞെത്തുന്ന 'ശ്രീരാമൻ' ; സ്രാവുകൾക്കൊപ്പം പോരടിക്കാൻ ജേക്കബ് തോമസ്

thiruva02
SHARE

സസ്പെന്‍ഷന്‍ സംസ്ഥാന സമ്മേളനങ്ങളുടെ ഒടുക്കം സസ്പന്‍സായി വിധി സമ്പാദിച്ച് ജേക്കബ്തോമസ് മടങ്ങിവരുകയാണ്. സിപിഎം ഒരു കേഡര്‍ പാര്‍ട്ടിയാണ്. ജേക്കബ് തോമസാകട്ടെ ഒരു കേരള കേഡര്‍ ഉദ്യാഗസ്ഥനും. രണ്ടിലും കേഡര്‍ ഉണ്ടെങ്കിലും അതിന്‍റെ പരസ്പര സ്നേഹം രണ്ടുകൂട്ടരും തമ്മിലില്ല. ഇനി ഒന്നരവര്‍ഷം കൂടി സര്‍വീസ് ബാക്കിയുണ്ടെങ്കിലും രാഷ്ട്രീയത്തിലെ സ്രാവുകള്‍ക്കൊപ്പം ഔദ്യോഗിക കുപ്പായമിട്ട് നീന്തുന്നത് അവസാനിപ്പിക്കുന്ന മട്ടിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. 

വെറുതെയിരിക്കുന്നവന്‍റ വായില്‍ കോലിട്ട് കുത്തി അവരെ ബിജെപി പാളയത്തിലെത്തിച്ചു നല്‍കുന്ന ഇടതുപക്ഷ എക്സ്പോര്‍ട്ടിങ് കമ്പനിയുടെ ലേറ്റസ്റ്റ് ഇടപാട് ഏറെക്കുറെ കച്ചവടമായി. അഴിമതിക്കെതിരെ പൊരുതുന്നവനാണ് താനെന്നൊരു തോന്നല്‍ ഉണ്ടാക്കുന്നതില്‍ വിജയിച്ച ജേക്കബ് തോമസിന് രാഷ്ട്രീയക്കുപ്പായം തന്നെയാണ് നന്നായി ചേരുന്നത്. ഇനി സ്രാവുകള്‍ക്കൊപ്പം നീന്തുകയല്ല പോരടിക്കുക തന്നെ ചെയ്യാന്‍ കഴിയും. 

ഏത് റൂട്ടിലേക്കാണ് ബസ് ഓടുന്നതെന്ന് ഏറെക്കുറെ മനസിലായിക്കാണുമല്ലോ.  ഇത് കര്‍ക്കിടകമാസമാണ്. വൃശ്ചികമാസത്തില്‍ അയ്യപ്പന്‍, കര്‍ക്കിടകത്തില്‍ രാമന്‍. ഇത് കേരളത്തില്‍ കാലങ്ങളായുള്ള ശീലമാണ്. ഇപ്പോള്‍ ബിജെപി ഈ ശീലത്തെ അവരുടെ അവകാശമായി ഏറ്റെടുത്തിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ സംഘമിത്ര ആള്‍ക്കൂട്ടങ്ങള്‍ ജയ് ശ്രീറാം എന്നു വിളിക്കാന്‍ ആവശ്യപ്പെടും. വിളിച്ചില്ലെങ്കില്‍ കുറഞ്ഞത് ജീവനെങ്കിലും നഷ്ടപ്പെടാം. വടക്കേ ഇന്ത്യയില്‍ വീശാറുള്ള ചില കാറ്റുകള്‍ അടുത്തിടെയായി സഹ്യന്‍റെ നാട്ടിലേക്കും വരുന്ന പതിവ് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ജയ് ശ്രീറാം ഇവിടെയും ട്രെന്‍റിങ്ങായി തുടങ്ങി. പാര്‍ട്ടി മെമ്പര്‍ഷിപ്പെടുത്ത് പാര്‍ട്ടിക്കാരനാകുന്നത് അണികള്‍ക്കു മാത്രമായുള്ള ഏര്‍പ്പാടാണ്. നേതാക്കള്‍ക്ക് അതിന്‍റെ ആവശ്യമില്ല. പാര്‍ട്ടിയുടെ ലേറ്റസ്റ്റ് നീക്കങ്ങളെ വെറുതെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ മെമ്പര്‍ഷിപ്പില്ലാതെതന്നെ വീട്ടില്‍ വന്ന് പൊക്കിക്കോണ്ടുപൊക്കോളും. അബ്ദുല്ലക്കുട്ടിയുടെ കാര്യത്തിലൊക്കെ നമ്മള്‍ ഇത് കണ്ടതാണല്ലോ. ഇക്കുറി വലയില്‍ ഐഎഎസ് ആണെന്നു മാത്രം. കര്‍ക്കിടമായതിനാല്‍ രാമായണ പാരായണം മസ്റ്റാണ്. 

സസ്പെന്‍ഷന്‍ കാലയളവില്‍ ജേക്കബ്തോമസ് വെറുതെയിരിക്കുകയായിരുന്നില്ല. നാടു നീളെ അലഞ്ഞു. എന്തിനാണെന്നല്ലേ. പ്രജാക്ഷേമം അന്വേഷിക്കാനല്ല. പ്രജകള്‍ക്കിടയില്‍ വല്ല ശ്രീരാമന്മാരും ഉണ്ടോ എന്നറിയാന്‍. വലിയ പെട്ടിയും ചാക്കുമൊക്കെയായാണ് പോയത്. എത്ര എണ്ണത്തെ കിട്ടുമെന്ന് ഉറപ്പൊന്നുമില്ലല്ലോ. പക്ഷേ ഇപ്പോള്‍ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നു. മരുന്നിനുപോലും ഒരു ശ്രീരാമന്‍, പരശുരാമന്‍ ഉണ്ടാക്കിയ ഈ നാട്ടിലില്ല. എല്ലാം വിഷ്ണുവിന്‍റെ ഒരു മായ. അല്ലാതെന്തുപറയാന്‍.പക്ഷേ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പരിശോധനക്കായി കയറാന്‍ ജേക്കബ് തോമസ് മറന്നു. അല്ലെങ്കില്‍ ഒരുലോഡ് രാമന്‍മാരെ കിട്ടുമായിരുന്നു. സസ്പെന്‍ഷന്‍ എന്ന വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ജേക്കബ് തോമസിന് താന്‍ ഒരു ശ്രീരാമനാണെന്ന് സ്വയം തോന്നിയാല്‍ തെല്ലും കുറ്റം പറയാനാവില്ല. ഇനി കീരീട ധാരണമാണ് ബാക്കിയുള്ളത്. 

രാമന്‍ മര്യാദാ പുരുഷോത്തമനാണ്. അതുകൊണ്ടുതന്നെ ജേക്കബ് തോമസ് തന്‍റെ സംസാരത്തില്‍ മിതത്വം സൂക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക എന്നതിനുപകരം മറുചോദ്യം ചോദിക്കുക എന്നതാണ് കക്ഷിയുടെ ശൈലി. പറയാനുള്ളത് നാനാര്‍ഥത്തിലും പര്യായപദത്തിലും പറയും. അല്ലെങ്കില്‍ ഉപമ ഉല്‍പ്രേക്ഷ ശാര്‍ദൂലവിക്രീഡിതം എന്നിവ പ്രയോഗിക്കും. കേള്‍ക്കുന്നവന്‍ അതുതാനല്ലേ ഇവന്‍ ഉദേശിച്ചത് എന്നാലോചിച്ച് നില്‍ക്കും. ഇതൊക്കെത്തന്നെയാണ് പുള്ളി ഉദ്ദേശിക്കുന്നതും. രാമായണ പാരായണം തുടരുന്നു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...