തോറ്റ എംപിമാർക്ക് രാജയോഗം; പുനരധിവാസ പദ്ധതിയുമായി പിണറായി സർക്കാർ

thiruva
SHARE

തോറ്റ എംപിമാരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലേക്ക് നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ തേടുന്ന പിണറായി സര്‍ക്കാരിന് നൂറു ചുവപ്പന്‍ വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കുകയാണ്. 

പ്രളയനഷ്ടത്തില്‍ നിന്ന് കരകയറാന്‍ ഇന്നാട്ടില്‍ കരം പിരിക്കാന്‍ തുടങ്ങിയ ദിവസമാണിന്ന്. നവകേരളനിര്‍മിതിക്ക് നാട്ടുകാരാല്‍ കഴിയുന്ന സഹായമൊക്കെ അതും പ്രതീക്ഷക്കപ്പുറം നല്‍കിക്കഴിഞ്ഞതാണ്. എന്നാലും വാങ്ങുന്ന സാധനങ്ങളില്‍ ഒരു ശതമാനം അധികം നികുതി കൊടുക്കേണ്ടി വന്നാലും നമ്മളങ്ങ് സഹിക്കും. പക്ഷേ കാര്യങ്ങളുടെ കിടപ്പ് അത്രപന്തിയല്ല. നമ്മുടെ ആറ്റിങ്ങലിലെ തോറ്റ എംപിയായ എം.സമ്പത്തിന് പുതിയൊരു ജോലി ശരിയാക്കിക്കൊടുത്തിട്ടുണ്ട് പിണറായി സര്‍ക്കാര്‍. കുറെകാലം ഡല്‍ഹിയില്‍ കഴിഞ്ഞതിനാല്‍ സമ്പത്തിന് ഡല്‍ഹിയില്‍ തന്നെയാണ് നിയമനം. നാട്ടുകാര്‍ തോല്‍പിച്ചാലെന്താ, കേരളത്തിന്‍റെ ലെയ്സണ്‍ ഓഫിസറായി വീണ്ടും ഡല്‍ഹിയിലേക്ക് കുടിയേറുന്ന സമ്പത്ത് സഖാവിന് ലാല്‍സലാം. സമ്പത്ത്, സിപിഎമ്മിന് പ്രിയപ്പെട്ടവനാണ്. ഇങ്ങനെ തൊഴില്‍രഹിതനായിരിക്കുന്നത് പിണറായി സഹിക്കില്ല.  ഇതേ പോലെ പാലക്കാട് തോറ്റ എംപിയെ ബാംഗ്ലൂരോ ആലത്തൂരില്‍ തോറ്റ എംപിയെ ചെന്നൈയിലോ  നിയമിച്ചാല്‍ അവരുടേയും സങ്കടം തീരും. അയല്‍സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യും.  

എംപിയായി പോകുന്ന പോലയേ അല്ല ഈ പോക്ക്. ക്യാബിനറ്റ് പദവിയോടെയാണ്. കൊടിവച്ച കാറുമുണ്ട്. ഒരു പ്രൈവറ്റ് സെക്രട്ടറിയും മൂന്ന് അസിസ്റ്റന്‍റുമാരും ഒരു ഡ്രൈവറുമടക്കം മന്ത്രിമാര്‍ക്കുള്ള ആനുകൂല്യങ്ങളും വേതനവും കിട്ടും. സംഗതി ജോറാണ്. പ്രളയസെസ് പിരിക്കാന്‍ തുടങ്ങിയ ദിവസം തന്നെ ഇത്തരമൊരു നിയമനം നടത്താന്‍ തോന്നിയത് നന്നായി. തോറ്റുപോയ ബാക്കി സ്ഥാനാര്‍ഥികളെയും ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിക്കണം. അതിനായി വേറെയൊരു സെസ് കൂടി ഏര്‍പ്പെടുത്തുന്നതും നന്നാവും. ചിലവ് ചുരുക്കല്‍ നടപടിയുമായി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ ആദ്യം ചെയ്തത് വി.എസ്. അച്യുതാനന്ദനെ ഭരണപരിഷ്കാരകമ്മിഷന്‍ ചെയര്‍മാനായി പുനരധിവസിപ്പിച്ചുകൊണ്ടാണ്. അതും ക്യാബിനറ്റ് റാങ്ക്. യുഡിഎഫ് ഭരണക്കാലത്ത് ഹറാമായിരുന്ന ചീഫ് വിപ്പ് പദവി ഭരണത്തിന്‍റെ നാലാംവര്‍ഷത്തില്‍ സിപിഐക്ക് നല്‍കി ചിലവു ചുരുക്കല്‍ ഒന്നുകൂടി ഉഷാറാക്കി. ഇതിന്‍റെ ഇടയിലാണ് ബാലകൃഷ്ണപിള്ളക്ക് മുന്നാക്ക വികസനകോര്‍പറേഷന്‍ ചെയര്‍മാനായും നിയമിച്ചത്. കമ്മ്യൂണിസം അല്ലെങ്കിലും അങ്ങനെയാണ്. തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കി ശാക്തീകരിക്കല്‍ തീര്‍ത്തും പ്രത്യയശാസ്ത്രപരമാണ്. 

ഇതൊക്കെ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേയും ഫാസിസത്തിനെതിരേയും ഒക്കെ പടപൊരുതാനല്ലേ. മുല്ലപ്പള്ളിക്ക് എന്തറിയാം. ഈ പാര്‍ട്ടിയെപറ്റി ഒരു ചുക്കും അറിയില്ല.  ഇനി മുതല്‍ കേരളത്തിന്‍റെ ഡല്‍ഹിയിലെ അംബാസഡറല്ലേ സമ്പത്ത്. പേരിലേ സമ്പത്തുള്ളു. പെരുമാറ്റത്തില്‍ തനി വിനയനാണ് സമ്പത്ത്. പക്ഷേ സമ്പത്തിന് പണി കൂടും. കേന്ദ്രകേരള ബന്ധം ശക്തിപ്പെടുത്താനും സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ കണക്ക് പറഞ്ഞ് വാങ്ങാനും ഈ നിയമനം ഉപകരിക്കും എന്നാണ് അവകാശവാദം. പ്രശ്നം അതല്ല. 

കേരളത്തില്‍ വല്ല സിപിഎം ബിജെപി സംഘര്‍ഷമുണ്ടായാല്‍ സമ്പത്തിനെ വിളിച്ചായിരിക്കും ബിജെപി സര്‍ക്കാര്‍ ശാസിക്കുക. രാജ്യാന്തരതലത്തില്‍ എംബസികള്‍ക്കെതിരെ ആക്രമണം നടക്കുന്നപോലെ സമ്പത്തിന്‍റെ ഓഫിസിന് നേരെ ആക്രമണം വരെ നടന്നേക്കാം. അതുകൊണ്ട് പണിയത്ര എളുപ്പമല്ല. ഇതിനൊക്കെ പുറമേ കേന്ദ്രത്തില്‍ നിന്ന് ഇനി ഒന്നും കിട്ടിയില്ലെന്ന് വിചാരിക്കുക. അത് സമ്പത്തിന്‍റെ കഴിവുകേടുകൊണ്ടാവുമെന്നും വരും. 

കാനം രാജേന്ദ്രനെതിരെ ആലപ്പുഴ സിപിഐ ഓഫിസിനു മുന്നില്‍ പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത നാടാണിത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഇടതുപക്ഷക്കാര്‍ക്കും സാക്ഷാല്‍ പിണറായിക്കും വരെ ആ പോസ്റ്റര്‍ ഒട്ടിപ്പിനോട് ഒരുതരം ഫാസിസ്റ്റ് നിലപാടാണുള്ളത്. പോസ്റ്ററൊട്ടിക്കുക, ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടുക ഇതൊന്നും നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. പൊലീസ് കൈകാര്യം ചെയ്യും. 

ഇതെന്തുകഥയെന്ന് ആലോചിക്കാന്‍ വരട്ടെ. കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ എഴുതുക എന്നുവച്ചാല്‍ അതും സ്വന്തം പാര്‍ട്ടിക്കാര്‍ പോസ്റ്റര്‍ എഴുതിയാല്‍ അതൊരു സാമൂഹ്യപ്രശ്നമാണെന്നാണ് പിണറായി സഖാവിന്‍റെ ഹൃദയം പറ​ഞ്ഞത്. അതായത് ആ പോസ്റ്ററുകാരണം നാട്ടില്‍ വല്ല കാലാപവും മറ്റും പൊട്ടിപ്പുറപ്പെട്ടാല്‍ പിന്നെപറഞ്ഞിട്ടു കാര്യമില്ലെന്ന്. ഇത്രയും സ്നേഹം താങ്കള്‍ക്ക് കാനത്തിനോട് ഉണ്ടെന്ന് അറിഞ്ഞില്ല സഖാവേ... ആരും പറഞ്ഞുമില്ല.

സംഭവത്തോടെ പുറത്തായത് കാനവും പിണറായിയും രണ്ടും സ്ഥലനാമങ്ങളല്ലെന്നും അതൊരു അപൂര്‍വസൗഹൃദക്കൂട്ടിന്‍റെ പേരാണ് എന്നുമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റുകളില്‍ സഖാവേ എന്ന് ഹൃദയത്തില്‍ നിന്ന് മുഖത്തേക്ക് നോക്കി പരസ്പരം വിളിക്കുന്ന രണ്ടുപേരേയുള്ളു, അതീ പിണറായി വിജയന്‍ സഖാവും കാനം രാജേന്ദ്രന്‍ സഖാവുമാണ്. 

കാനത്തിന്‍റെ മകന്‍റെ പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്യുന്നൂന്നൊക്കെ സിപിഎമ്മുകാര്‍ വരെ അടക്കം പറയുന്ന കാര്യം പിണറായി സഖാവ് വരെ പുച്ഛിച്ച് തള്ളിക്കളഞ്ഞിരിക്കുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന സങ്കല്‍പം പേറിയാണ് കാനം പിണറായി സഖാക്കള്‍ രാവിലെ ഉറക്കമുണരുന്നതുതന്നെ. ഇതൊന്നും അറിയാതെയാണ് പാവം സിപിഐക്കാര്‍ പ്രത്യേകിച്ച് സിപിഐ എറണാകുളം ജില്ലയിലെ പ്രവര്‍ത്തകര്‍ ഉണരുന്നതും പണിയെടുക്കുന്നതും ഉറങ്ങുന്നതും.

ഡല്‍ഹിയില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ചരിത്രപരമായ കൂടിക്കാഴ്ച എന്നാണ് സംഭവത്തെ നാട്ടിലെ ബുദ്ധിജീവികള്‍ വിലയിരുത്തുന്നത്. അമിത് ഷായെ കണ്ട് പൂച്ചെണ്ട് നല്‍കാനുള്ള പിണറായിയുടെ തീരുമാനം സാര്‍വദേശീയ സമത്വത്തേയും മനുഷ്യത്വത്തേയും ഓര്‍മിപ്പിക്കുന്നതാണെന്നാണ് സൈബര്‍ സഖാക്കളുടെ കണ്ടുപിടിത്തം. പക്ഷേ കൂടിക്കാണുമ്പോള്‍ ഉള്ളിലെന്തായിരുന്നുവെന്ന്, അത് സാക്ഷാല്‍ പിണറായിക്കും ഷാജിക്കും മാത്രമേ അറിയൂ. ഭൂതകാലം അങ്ങനെയായിരുന്നല്ലോ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...