പദവികളുടെ കാര്യത്തില്‍ 'സമ്പന്നൻ'; ജയിച്ചയാൾക്കും മീതെ സമ്പത്ത്

sampath-cpm-mp
SHARE

പദവികളുടെ കാര്യത്തില്‍ താന്‍ എന്നും ഒരു സമ്പന്നനാണെന്ന് ആറ്റിങ്ങലിലെ തോറ്റ എംപി എ സമ്പത്ത് വീണ്ടും തെളിയിച്ചു.  ഡല്‍ഹിയില്‍ കേരളത്തിന്‍റെ ഹൈക്കമ്മീഷണറായി സമ്പത്തിനെ പിണറായി സര്‍ക്കാര്‍ നിയമിച്ചു. സംഗതി ക്യാബിനറ്റ് റാങ്കാണ്. എന്നുവച്ചാല്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച അടൂര്‍ പ്രകാശിനും മീതെ ഒരു പദവി. പാര്‍ട്ടി വേണം എന്നുവച്ചാല്‍ വോട്ടര്‍മാരുടെ സഹായമില്ലെങ്കിലും ആരെയും ഡല്‍ഹിയിലെത്തിക്കാനാകുമെന്ന് സിപിഎം തെളിയിച്ചു.  ജനാധിപത്യത്തോടുള്ള ഇടതു സര്‍ക്കാരിന്‍റെ അകമഴിഞ്ഞ സ്നേഹത്തിന് ലാല്‍സലാം പറഞ്ഞുകൊണ്ട് തിരുവാ എതിര്‍വാ...

************************************

തന്നെ സ്വയം ഒരു ജഡ്ജിയായി പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി സര്‍ക്കാരിനെതിരായ വിചാരണ ആരംഭിക്കുകയാണ്. ഓഗസ്റ്റ് പത്തൊമ്പതുമുതല്‍ ജില്ലാ അടിസ്ഥാനത്തില്‍ സര്‍ക്കാരിനെതിരായ കുറ്റ വിചാരണ ജാഥ നടത്താനാണ് യുഡിഎഫ് തീരുമാനം. വിചാരണക്കൊടുവില്‍ ശിക്ഷ വിധിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും കെഎസ്‍യു സമരമൊക്കെയുണ്ടാക്കിയ അലമാല യുഡിഎഫിനെ ഒന്നുണര്‍ത്തിയെന്ന് മനസിലായി. പക്ഷേ മനസിലാകാത്തത് സര്‍ക്കാരിനെതിരായ കുറ്റ വിചാരണ തുടങ്ങാന്‍ ഇരുപതു ദിവസം ഇനിയും വൈകുന്നത് എന്തിനാണെന്നാണ്. ചിലപ്പോള്‍ സര്‍ക്കാരിന് കൂടുതല്‍ തെറ്റുകള്‍ ചെയ്യാന്‍ അവസരം നല്‍കുക എന്ന വിചാരമാകും പ്രതിപക്ഷത്തിന്‍റ മനസില്‍. അല്ലെങ്കില്‍ വിചാരണക്ക് മുന്നോടിയായി പശ്ചാത്തപിക്കാനും സ്വയം തിരുത്താനും മുഖ്യനും കൂട്ടര്‍ക്കും അവസാന അവസരം നല്‍കിയതാകാം. പ്രതിപക്ഷത്തിന്‍റെ ക്രോസ്‍വിസ്താരത്തിന് സര്‍ക്കാര്‍ തയ്യാറായിക്കൊള്ളുക

*********************************

കേരള കോണ്‍ഗ്രസിലെ മൂപ്പിളമ തര്‍ക്കം യുഡിഎഫിനും ചെന്നിത്തലക്കും ചെന്നിക്കുത്തായി മാറിയിട്ട് നാളുകളേറെയായി. സ്വയം പ്രഖ്യാപിത പാര്‍ട്ടി നേതാവായി ജോസ് കെ മാണി മാറിയതിനെ ചോദ്യം ചെയ്യുന്ന ജോസഫ് തല്‍ക്കാലം ഒന്ന് അടങ്ങിയതായിരുന്നു. അപ്പോളാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആളെ ആവശ്യം വന്നത്. ജോസ്മോന്‍ പക്ഷം തന്നെ തുടര്‍ന്നും ഭരിക്കട്ടെയെന്നായി യുഡിഎഫ്. ഇത് തെല്ലും ഇഷ്ടപ്പെടാതിരുന്ന പിജെ ജോസഫ് യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തില്ല. ഈ സാഹര്യം മുതലെടുത്ത് തന്‍റെ ഇരുതല മൂര്‍ച്ചയുള്ള ആയുധമായ റോഷി അഗസ്റ്റിനെയും കൂട്ടിയാണ് ജോസ് മാണി യോഗത്തിനെത്തിയത്. കേരള കോണ്‍ഗ്രസ് വിഭാങ്ങളുടെ പരസ്പരം വിഴിപ്പലക്കല്‍ എന്ന അജണ്ടയിലില്ലാത്ത വിഷയമായിരുന്നു യുഡിഎഫ് യോഗത്തിലെ പ്രധാന കലാപരിപാടി. ആ യോഗം കഴിഞ്ഞതോടെ കെഎം മാണി ദൈവിക പരിവേഷത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. രമേശ് ചെന്നിത്തലയായിരുന്നു അപ്പോസ്തലന്‍

*********************************

ജോസ് കെ മാണി യുഡിഎഫിനെ ഭീഷണിപ്പെടുത്തിയെന്നും മുട്ടുവിറച്ച ചെന്നിത്തലാദികള്‍ കോട്ടയം ജില്ലാ പഞ്ചായത്ത് തീറെഴുതി നല്‍കിയെന്നുമാണ് കരക്കമ്പി. പ്രസ്തുത പോസ്റ്റിന് ലൈക്കും ഷെയറും നല്‍കി വൈറലാക്കുന്നത് ജോസഫ് വിഭാഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതിനെയെല്ലാം പ്രതിരോധിക്കേണ്ട ഭാരിച്ച ചുമതലയും ചെന്നിത്തലക്കുതന്നെസര്‍ക്കാരിനെതിരായ സമരങ്ങളില്‍ പ്രതിപക്ഷം പിന്നോട്ടു പോകുന്നതിനെ തെല്ലും കുറ്റപ്പെടുത്താനാവില്ല. ഘടകകക്ഷികളിലെ മൂപ്പിളമ തര്‍ക്ക പരിഹാരത്തിനുപോലും സമയം നേരാംവണ്ണം തികയുന്നില്ല

*********************************

പാലായില്‍ മീനച്ചില്‍ ആറ്റില്‍ മാത്രമാണ് അടിയൊഴുക്കുള്ളതെന്ന് വിശ്വസിക്കുന്ന ലോകത്തിലെ ഏക കേരള കോണ്‍ഗ്രസുകാരന്‍ എന്ന ബഹുമതി ഇതോടെ റോഷി അഗസ്റ്റിന് സ്വന്തം

*********************************

കൊച്ചിയില്‍ വീണ്ടുമൊരു സമരത്തിന് തയ്യാറെടുക്കുകയാണ് സിപിഎം ജില്ലാ കമ്മിറ്റി. ഒറ്റക്കല്ല. ഇടതു മുന്നണി തീരുമാനപ്രകാരമാണ് കേന്ദ്ര ബജറ്റിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇടതുമുന്നണി എന്ന് എറണാകുളത്തും പരിസരപ്രദേശങ്ങളിലും നിന്ന് അത്ര ആവേശത്തോടെ പറയാന്‍ ഇപ്പോള്‍ ആരും ധൈര്യപ്പെടാറില്ല. കാരണം ആ മുന്നണിയിലെ സിപിഐ എന്ന പാര്‍ട്ടിയെ സിപിഎം അധീനതയിലുള്ള പൊലീസ് ഒന്ന് കാര്യമായി പരിഗണിച്ചിരുന്നു. അതിന്‍റെ പരിക്കും ക്ഷീണവും വിവാദങ്ങളും ഇപ്പോളും കെട്ടടങ്ങിയിട്ടില്ല. അതിനിടക്കാണ് സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ പുതിയ സമരം പ്രഖ്യാപിച്ചത്. ഇക്കുറി ലാത്തിച്ചാര്‍ജുണ്ടാകില്ല എന്ന ഉറപ്പാണ് സഹോദര സ്ഥാപനമായ സിപിഐക്ക് എറണാകുളത്തെ പിണറായി അണികള്‍ നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരെയല്ല സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യാനുള്ള മൂഡിലിരിക്കുന്ന എറണാകുളത്തെ സിപിഐ ഇതോടെ ആകെ അങ്കലാപ്പിലായെന്ന് പറഞ്ഞാ മതിയല്ലോ

*********************************

ദിനേശ് മണി ഡോക്ടര്‍ സണ്ണിയെ തിരയുന്ന തിരക്കിലാണ്. ആരാണ് പൂട്ടിട്ട വീരനെന്നും ആരാണ് പൂട്ടലകപ്പെട്ടതെന്നും നാട്ടിലെല്ലാവര്‍ക്കും നല്ലോണമറിയാം. പതം വന്ന നേതാക്കള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവുണ്ടെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പഞ്ച് ഡയലോഗ്. ഇത് സിപിഐയെ മൊത്തത്തില്‍ താഴിടാനുള്ള നീക്കമാണ്. ഇനിയിപ്പോ പ്രതികരിക്കുന്നവന്‍ കാര്യങ്ങള്‍ തിരിച്ചറിയാന്‍ കെല്‍പ്പില്ലാത്തവനാണെന്ന ലേബലില്‍ പെടും. ആദ്യം മിണ്ടുന്നവന്‍ കുരങ്ങന്‍ എന്നൊക്കെ സ്കൂള്‍ കുട്ടികള്‍ പയറ്റുന്ന കളിയില്ലേ. അതാണ് ഐറ്റം. 

*********************************

വിജയം ആശംസിക്കാനെങ്കിലും രാജുവിന് കഴിയുന്നുണ്ടല്ലോ എന്നാശ്വസിച്ചുകൊണ്ട് ഒരു ഇടവേള

*********************************

സ്വാതന്ത്രം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണ്. അങ്ങനെയൊരു കാലത്താണ് വടക്കേ ഇന്ത്യയില്‍ ജയ് ശ്രീറാം വിളിക്കാത്തവരെ ആള്‍ക്കൂട്ടങ്ങള്‍ ആക്രമിക്കുന്നത്. ഇതറിഞ്ഞ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രധാനമന്ത്രിക്ക് ഒരു കത്തെഴുതി. പ്രധാനമന്ത്രിക്ക് എന്ത് എഴുതിയാലും അതിന്‍റെ ഒരു കോപ്പി ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന് കിട്ടുമെന്ന് അടൂരിനറിയില്ലായിരുന്നു. ഒരേ പേരില്‍ രണ്ടുപേര്‍ ഈ നാട്ടില്‍‌ വേണ്ടെന്ന് തീരുമാനിച്ച ബിജെപി ഗോപാലകൃണന്‍ സംവിധായകന്‍ ഗോപാലകൃഷ്ണനെ ചന്ദ്രനില്‍ വിടാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ യാത്രക്കുള്ള ടിക്കറ്റിന്‍റെ ചിലവ് വഹിക്കാനാകില്ല എന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. താന്‍ സംസ്ഥാന കമ്മിറ്റിക്കു കീഴിലുള്ള ആളല്ല എന്ന് പ്രോട്ടോക്കോളില്‍വിശ്വസിച്ച് കഴിയുന്ന കുമ്മനം രാജശേഖരന് സ്വോഭാവികമായും പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാന പ്രസി‍ന്‍റിന്‍റെ നിലപാട് അംഗീകരിക്കേണ്ട കാര്യമില്ല. തനിക്കിഷ്ടം അടൂര്‍ ഗോപാലകൃഷ്ണനെയല്ല ബി ഗോപാലകൃഷ്ണനൊണെന്ന് കുമ്മനം വ്യക്തമാക്കി. വിധേയന്‍ നാലുപെണ്ണുങ്ങള്‍ എന്നൊക്കെയുള്ള പേരില്‍ സിനിമയെടുക്കുന്ന അടൂരിനെ കുമ്മനത്തിന് ഇഷ്ടമല്ലാത്തതില്‍ കുറ്റം പറയാനാവില്ല. പക്ഷേ അടൂരിനെ തുണക്കാന്‍ ഈ നാട്ടില്‍ ഒരു ഇടതുപക്ഷ സര്‍ക്കാരുണ്ട്. 

*************************

ആവിഷ്കാര സ്വാതന്ത്രം ഘനിക്കപ്പെടുന്നത് പിണറായി വിജയന്‍ എന്ന വ്യക്തിക്കും മുഖ്യമന്ത്രിക്കും  ഇഷ്ടമല്ല. പക്ഷേ സഖാക്കള്‍ക്ക് ആ സ്വാതന്ത്രമില്ലതാനും. കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ച സിപിഐക്കാര്‍ക്കതിരെ കേസെടുത്ത പിണറായി അടൂരിന്‍റെ സ്വാതനനത്രത്തെക്കുറിച്ച് മാലോകരോട് വാചാലനായി

*********************************

ഒരു വാക്കു മാത്രമല്ല വക്കീലേ. ഇങ്ങനെ പലതും പറയാനും കഴിക്കാനും ഭയക്കുന്ന ഒരുപാടു ജീവിതങ്ങള്‍ ഇപ്പോള്‍ ഈ നാട്ടിലുണ്ട്. അവരെ പേടിപ്പിക്കുന്നത് ആരെന്ന് തിരിച്ചറിയാന്‍ ഇനി ഈ ലോകത്ത് നിങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നുമാത്രം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...