ഹിമാലയത്തിലെ കുളിയും ഹരിദ്വാറിലെ ധ്യാനവും കഴിഞ്ഞു; ഇനി വൻ കീ ബാത്ത്

modi-thiruva-ethirva
SHARE

നരേന്ദ്രമോദി തന്‍റെ രണ്ടാം സര്‍ക്കാരിന്‍റെ കാലത്ത് കാതലായ ചില മാറ്റങ്ങള്‍ സ്വന്തം നിലയ്ക്ക് സ്വന്തം കാര്യത്തില്‍ വരുത്തിയിട്ടുണ്ട് എന്നാണ് അറിവ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിദേശ രാജ്യങ്ങളിലെ കറക്കം ഒന്നു കുറച്ച് സ്വന്തം രാജ്യത്തിനകത്ത് കറങ്ങുന്ന പരിപാടിയിലേക്കുള്ള മാറ്റം. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് ഇതിലേക്ക് മോദി ഫോക്കസ് ചെയ്യാന്‍ തുടങ്ങിയത്. ഹിമാലയത്തിലെ വെളുപ്പാന്‍ കാലത്തെ കുളിയും ഹരിദ്വാറിലെ ധ്യാനവും മാവില്‍ കയറി മാങ്ങ തിന്നുന്നതുമെല്ലാം മുന്നോടിയായുള്ള ടീസറുകളായിരുന്നു. അങ്ങനെ ഒടുവില്‍ ഡിസ്കവറി ചാനലിലെ മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന പരിപാടിയിലേക്കാണ് ആ യാത്രപോയത്. മോദി പങ്കെടുക്കുന്നതുകൊണ്ട് പരിപാടിയുടെ പേര് മാന്‍ വേഴ്സസ് വൈല്‍ഡ് എന്നതിനുപകരം വന്‍ കീ ബാത്ത് എന്നാക്കണമായിരുന്നു. വന്‍ കീ ബാത്ത്. വന്‍ എന്നുവച്ചാല്‍ വനം എന്നര്‍ഥം.

നെഹ്റു ആണ് എക്കാലവും സംഘപരിവാറിന്‍റെ കണ്ണിലെ കരട്. പ്രധാനമന്ത്രി മോദിയുടെ കണ്ണിലെ കരടല്ല കല്ലാണ് നെഹ്്റു. നെഹ്റും ‍ഡിസ്കവറി ഓഫ് ഇന്ത്യ അഥവാ ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകം രചിച്ച ആളാണല്ലോ. ആ നിലയ്ക്കൊരു പുസ്തകം സാധ്യമല്ലെന്ന തിരിച്ചറിവില്‍, വേറെന്തുചെയ്യും എന്ന ആലോചനയില്‍ ഉരുത്തിരിഞ്ഞുവന്ന ആശയമായിരിക്കണം ഇത്. അതായത് ഡിസ്കവറി ഓഫ് ഇന്ത്യയൊന്നും നടക്കില്ല, പകരം ഡിസ്കവറി ചാനലില്‍ പോയി ഒരു പരിപാടി സംഘടിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇനി കാട്ടിലെ എത്ര മൃഗങ്ങള്‍ക്ക് മോദി ടാറ്റ കൊടുത്തു എന്നറിയാന്‍ പ്രോഗ്രാം സംപ്രേഷണം ചെയ്യുന്ന ആഗസ്റ്റ് 12 വരെ കാത്തിരിക്കണമെന്ന് മാത്രം. 

ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ അവതാരകന്‍ ബെയര്‍ ഗ്രില്‍സിനൊപ്പം കാടിന് നടവിലൂടെ നടന്ന്, കുന്തം കെട്ടിയുണ്ടാക്കി മോദി നടകുന്നത് കണ്ട കോണ്‍ഗ്രസിന് ഹാലിളകിയിരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണ സമയത്ത് നടന്ന പരിപാടിയുടെ ചിത്രീകരണത്തെക്കുറിച്ച് ഡിസ്കവറി ചാനല്‍ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാണ് അവരുടെ ആവശ്യം. പക്ഷേ ഒരു കാര്യമുണ്ട്, തിരഞ്ഞെടുപ്പിന് മുമ്പ്  മോദി വീണ്ടും പ്രധാനമന്ത്രിയാവുമെന്ന വിശ്വാസത്തില്‍ ഇത്തരത്തിലൊരു പരിപാടി ആസൂത്രണം ചെയ്ത ചാനലിനെ സമ്മതിക്കണം. ഇവിടെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കൊന്നും മോദി മുഖം കൊടുക്കാത്തതിന് കാരണം മറ്റൊന്നല്ല, ഇതുപോലെ വെറൈറ്റി പരിപാടികളുടെ ആശയവുമായി ആരും മോദിയെ സമീപിച്ചുകാണില്ല. റോളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അഭിനയ സാധ്യതയുള്ള റോളുകള്‍ കണ്ടെത്തുന്നവരാണ് യഥാര്‍ഥ അഭിനേതാക്കള്‍.

ഇതുപോലെ കേരളത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ചിലത് പരീക്ഷിക്കാവുന്നതാണ്. ഒന്നാമത് ഇവിടുത്തെ ടൂറിസം മേഖല ആകെ തകര്‍ന്നിരിക്കുകയാണ്. ഇത്തരത്തിലൊരു കേരളത്തെ കണ്ടെത്തല്‍ ഷോ ടൂറിസത്തെ രക്ഷിച്ചേക്കും.  

ഇതേസമയം ഇങ്ങ് കേരളത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ക്ലാസ് എടുക്കുന്ന തിരക്കിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ മാഷ്. പാര്‍ട്ടിയിലെ അച്ചടക്കം ഒത്തൊരുമ എന്നതായിരുന്നു മുഖ്യവിഷയങ്ങളെങ്കിലും മാഷിന് അടുത്ത കാലത്ത് ചില നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തിവന്ന പ്രവര്‍ത്തനരീതികളോട് പരമപുച്ഛമാണ്. രമ്യ ഹരിദാസ് എംപിക്ക് അനില്‍ അക്കര എംഎല്‍എയുടെ നേതൃത്വത്തില്‍ കാറുവാങ്ങാന്‍ നടത്തിയ പിരിവാണ് മുല്ലപ്പള്ളിമാഷിനെ പുതിയ അച്ചടക്കക്ലാസ് എടുക്കാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. അല്ലെങ്കിലും ഈ മുതിര്‍ന്നവര്‍ക്ക് ന്യൂജെന്‍കാരെ അംഗീകരിക്കാന്‍ വല്യമടിയാണ്.

അതുകൊള്ളാം. കോണ്‍ഗ്രസുകാരോട് പുസ്തകം വായിക്കാന്‍ പറയാനുള്ള ആ ധൈര്യമുണ്ടല്ലോ, മുല്ലപ്പള്ളിമാഷിനെ സമ്മതിച്ചിരിക്കുന്നു. അങ്ങനെ ജേക്കബ് തോമസ് ഐപിഎസും സര്‍ക്കാരിനെതിരായ കേസില്‍ വിജയിച്ചിരിക്കുന്നു. നീണ്ടുനീണ്ടു പോകുന്ന സസ്പെന്‍ഷനെതിരെയായിരുന്നല്ലോ കേസ്. സസ്പെന്‍ഷന്‍ നീട്ടി നീട്ടി ഒടുവില്‍ ആര്‍എസ്എസിന് ആളെച്ചേര്‍ത്തുകൊടുക്കുന്ന പിണറായി പദ്ധതിയിലെ ഏറ്റവും ഒടുവിലത്തെ ആളാണ് ജേക്കബ് തോമസ്. ഇതേപോലെയായിരുന്നു സെന്‍കുമാറിന്‍റെ അവസ്ഥ. അങ്ങേരിപ്പോ ബിജെപി പാളയത്തിലാണ്. ജേക്കബ് തോമസ് ഒരാഴ്ചമുന്‍പാണ് ആര്‍എസ്എസ് പരിപാടിയില്‍ ധ്വജപ്രണാമൊക്കെ പറഞ്ഞ് നിന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ബാര്‍ കോഴ കേസൊക്കെ നോക്കി ഉമ്മന്‍ചാണ്ടിയുമായി തെറ്റിയ ആളാണ് ജേക്കബ് തോമസ്. പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ അഴിമതി വിരുദ്ധതയുടെ ബ്രാന്‍ഡ് അംബാസഡറായി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് കൊണ്ടിരുത്തി. ഇ.പി. ജയരാജനെതിരെ നടപടി എടുക്കണമെന്ന് പറഞ്ഞതോടെ അഴിമതി വിരുദ്ധതയുമില്ല ബ്രാന്‍ഡ് അംബാസഡര്‍ പദവിയുമില്ല. അതിനിടെ പുസ്തകം കൂടി എഴുതിയപ്പോള്‍ വച്ചടി വച്ചടി സസ്പെന്‍ഷന്‍ കൊടുത്തുകൊണ്ടിരുന്നു. ഇപ്പോ പോകാനൊരു ഇടമില്ല. പി.സി.ജോര്‍ജിന്‍റെ ജനപക്ഷം വരെ എന്‍ഡിഎയിലേക്ക് പോയി. അപ്പോ ജേക്കബ് തോമസിനും എവിടേക്കെങ്കിലും ഒന്നു പോയല്ലേ പറ്റൂ. 

ബ്രിട്ടീഷ് ആചാരങ്ങളോട് കടുത്ത വിയോജിപ്പിലാണ് ജേക്കബ് തോമസ് ഇപ്പോള്‍. അതുകൊണ്ട് ഇനി പാന്‍റ്സ് ധരിക്കില്ലാന്നൊരു ശപഥം എടുത്തിട്ടുണ്ട്. മുണ്ടായിരിക്കും വേഷം. നല്ലതുതന്നെ. കാക്കി ട്രൗസര്‍ അകത്തിട്ട് നടക്കാനുള്ള എളുപ്പത്തിന് മുണ്ടാണ് നല്ലതെന്ന് വല്ല ആര്‍എസ്എസുകാരും ഉപദേശിച്ചുകാണും. അല്ലാതെ സംഘപരിവാര്‍ പരിപാടിയ്ക്കൊക്കെ പോകുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ആള്‍ക്ക് ഇത്തരത്തിലൊരു ബ്രിട്ടീഷ് വിരുദ്ധത ഉണ്ടാവാന്‍ വഴിയേ ഇല്ല.

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...