എസ്എഫ്‍ഐക്കാരെപോലെ കൂട്ടത്തിലുള്ളവരെ 'കുത്തി'; കാനത്തിന്‍റെ കനം കുറഞ്ഞോ?

kanam-raj
SHARE

എസ്എഫ്‍ഐക്കാര്‍ സ്വന്തം സഖാവിനെ കുത്തിയതിന്‍റെ വിവാദം ആറും മുമ്പുതന്നെ സമാന സംഭവങ്ങളാണ് സിപിഐയിലും അരങ്ങേറുന്നത്. സെക്രട്ടറി കാനം സഖാവ് എറണാകുളത്തെ അണി സഖാക്കളെ പിന്നില്‍ നിന്ന് കുത്തി. എല്ലാം തികച്ചും ആഭ്യന്തര കാര്യങ്ങളാണ്.  സമരവും സമരസവും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് സിപിഐ കാട്ടിത്തരുകയാണ്. 

കാനം എന്ന് ഇത്രയും നാളും സിപിഐക്കാര്‍ അല്‍പ്പം കനത്തില്‍ തന്നെയാണ് പറഞ്ഞുവന്നിരുന്നത്. എന്നാല്‍ സംസ്ഥാന ആഭ്യന്തരവകുപ്പുകാരണം ആ കനത്തിന് അല്‍പ്പം കോട്ടം തട്ടിയിരിക്കുന്നു. സിപിഐ എറണാകുളം ജില്ലാക്കമ്മറ്റിയെ പൊലീസ് ബഹുമാനിക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. പൊലീസുകാരണം ഈ സര്‍ക്കാരിന് ഇടവേളകളില്ലാതെ പണികിട്ടുന്നുണ്ട്. സിപിഐയുടെ പ്രകടനത്തിനുനേരെ ലാത്തിവീശിയ കാക്കിക്കൂട്ടം എംഎല്‍എയെന്നോ ജില്ലാ സെക്രട്ടറിയെന്നോ വ്യത്യസമില്ലാതെ കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരം നേരിടുന്ന അതേ വീര്യത്തില്‍ ഘടകകക്ഷിക്കുമേല്‍ ചാടി വീണു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോയുടെ എല്ലിന്‍റെ എണ്ണം കൂടി പല്ലിന്‍റെ എണ്ണം കുറഞ്ഞു. അണികള്‍ക്ക് എന്തുസംഭവിച്ചാലും ചോദിക്കാന്‍ കാനം രാജേന്ദ്രനെന്ന കൊമ്പന്‍ ഉണ്ട് എന്നതായിരുന്നു എറണാകുളം ജില്ലാക്കമ്മിറ്റിയുടെ ധൈര്യം. എന്നാല്‍ എംഎല്‍എ അടക്കം അടിവാങ്ങിക്കൂട്ടിയപ്പോള്‍ കാനം കമ്പിളിപ്പുതപ്പ് ലൈനില്‍ ഒരു ഇരുപ്പിരുന്നു. വീട്ടില്‍ വെറുതെ ഇരുന്നപ്പോ കിട്ടിയ സമ്മാനമല്ലല്ലോ പോയി ഇരന്നു വാങ്ങിയതല്ലേ എന്ന് വിപ്ലവ വീര്യം മുറ്റിനിന്ന അണികളോട് വെട്ടിത്തുറങ്ങ് ചോദിക്കുകയും ചെയ്തു. 

പൊലാസ് സ്റ്റേഷന്‍വരെ ചെറുങ്ങനെ ഒന്ന് സമരം നടത്തിവന്നോട്ടേ എന്നാണ് എറണാകുളം ജില്ലാക്കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തോട് ചോദിച്ചതത്രേ. അനുമതി കിട്ടിയപ്പോ പ്രകടനം ഒരല്‍പ്പം നക്ഷത്രം കൂടിയ പൊലീസിനു നേര്‍ക്കാക്കി അപ്ഡേറ്റ് ചെയ്തു. ഭേഷായി അടിയും വാങ്ങി. സിപിഐയെ സംബന്ധിച്ച് രണ്ടു വിശ്വാസങ്ങള്‍ക്കാണ് മുറിവേറ്റത്. ഒന്ന് സിപിഎം ഭരിക്കുന്ന ആഭ്യന്തരവകുപ്പ് ഇങ്ങനെ പൊതിക്കുമെന്ന് അവര്‍ തെല്ലും പ്രതീക്ഷിച്ചില്ല. ആ വേദന എങ്ങനെയും സഹിക്കാം. പക്ഷേ കാനത്തിന്‍റെ മൗനവും പിന്നീട് മൗനം ഭഞ്ചിച്ചപ്പോള്‍ കേള്‍ക്കേണ്ടിവന്ന കൂരമ്പ് വാക്കുകളും അവര്‍ എങ്ങനെ മറക്കും പൊറുക്കും. കാനം മാപ്പുപറയണമെന്നാണ് എറണാകുളം ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നത്. ഇന്നലെ പറഞ്ഞത് ഞാനല്ലെന്നും ശരിക്കുള്ള ഞാന്‍ മറ്റെവിടോ ആണെന്നൊക്കെ കാനം വിശദീകരിക്കുന്നുണ്ട്. ഏശുമോ എന്നറിയില്ല. ചീട് തണുപ്പിക്കാന്‍ എല്‍ദോ എംഎല്‍എയെ കാനം സന്ദര്‍ശിച്ചു. 

വിഷയത്തില്‍ വല്യേട്ടനും കൂട്ടരും ഇടപെട്ട മട്ടാണ്. അടികിട്ടിയവര്‍ അതിന്‍റെ പാടുകള്‍ ജില്ലാകലക്ടറെ നേരില്‍ ബോധ്യപ്പെടുത്തി. ജില്ലാ ഭരണകൂടത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ മുഴുവന്‍ സിപിഐക്കാരും കൈയ്യടിക്കുന്ന തരത്തിലുള്ള നടപടിയുണ്ടാകുമെന്നാണ് മുഖ്യന്‍റെ ഉറപ്പ്. ആ ഉറപ്പ് പഴയ ചാക്കുപോലെയാകില്ലെന്നാണ് സിപിഐയുടെ വിശ്വാസം.  മൊത്തത്തില്‍ ഒരു തണുത്ത കാറ്റ് കൊച്ചി പ്രദേശത്ത് വീശിത്തുടങ്ങിയിട്ടുണ്ട്. അതിന്‍റെ ഫലമായി സിപിഐ എറണാകുളം ജില്ലാക്കമ്മിറ്റി ഒന്നു തണുത്ത മട്ടാണ്. സിപിഐ അടികൊണ്ട വിഭാഗം, അടി കൊള്ളാത്ത വിഭാഗം എന്ന് പുതിയ ഗ്രൂപ്പുകള്‍ പിറക്കാനുള്ള സാധ്യത ഇല്ലാതാക്കാന്‍ അണിയറയില്‍ കൊണ്ടു പിടിച്ച നീക്കമാണ് നടക്കുന്നത്. ലാത്തിച്ചാര്‍ജ് വിവാദം കെട്ടടങ്ങിയാലും കാനത്തിന്‍റെ ഉള്ളിലെ കനല്‍ എങ്ങനെ അണഞ്ഞു എന്ന വിഷയം വരും ദിവസങ്ങളിലും പുകഞ്ഞുകൊണ്ടിരിക്കാനാണ് സാധ്യത.

ചന്ദ്രയാന്‍റെ വിക്ഷേപണം വിജയകരമായിരുന്നു. അത് അമ്പിളിമാമനെ ലക്ഷ്യമാക്കി കുതിക്കുന്നത് എഎസ്ആര്‍ഒ മാത്രമല്ല ബിജെപി സംസ്ഥാന ഓഫീസിലും നിരീക്ഷിക്കുന്നുണ്ട്. പാര്‍ട്ടി വക്താവ് ബി ഗോപാലകൃഷ്ണനാണ് വാന നിരീക്ഷണത്തിന്‍റെ ചുമതല. ചന്ദ്രനില്‍ ശ്രീരാമ ചരിതമുണ്ടോ എന്നറിയുകയാണ് ഉദ്ദേശം. കാരണം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചന്ദ്രനിലേക്ക് വിടാന്‍ ഗോപാലകൃഷ്ണന്‍ പദ്ധതി ആലോചിക്കുന്നുണ്ട്. ജയ് ശ്രീറാം വിളി ഉയര്‍ത്തി കലാപമുണ്ടാക്കുന്നവര്‍ക്കെതിരെ അടൂര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതാണ് പുതിയ ദൗത്യത്തിലേക്ക് ബിജെപിയെ എത്തിക്കുന്നത്. അസഹിഷ്ണുതക്കും കഷണ്ടിക്കും മരുന്നില്ലല്ലോ. ഇതൊക്കെ കേട്ട് ചന്ദ്രന്‍ പൊട്ടിപ്പൊട്ടി ചിരിക്കുകയാകാനാണ് സാധ്യത. 

പ്രളയത്തിന്‍റെ വാര്‍ഷികത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വ്യത്യസ്ഥമായി വെള്ളത്തിലിറങ്ങിനിന്ന് വാര്‍ഷികം ആചരിക്കാനാണ് ബിജെപി എറണാകുളം ജില്ലാക്കമ്മറ്റി തീരുമാനിച്ചത്. മഴ കനത്തപ്പോള്‍ എളുപ്പത്തില്‍ പരിപാടി നടക്കുമെന്നായിരുന്നു വിചാരം. എന്നാല്‍ മഴമാറിയതിനാല്‍ വെള്ളം തേടി അവരിറങ്ങി. പ്രളയത്തില്‍ മുങ്ങിയ കേരളത്തെ പിണറായി മറന്നുവെന്ന് മുഷ്ടിചുരിട്ടിവിളിച്ച് അവര്‍ വെള്ളത്തില്‍ മുങ്ങി. വെള്ളത്തിനടിയില്‍ കിടന്ന് മുദ്രാവാക്യം വിളിച്ചോ എന്നതില്‍ വ്യക്തതയില്ല.

ഈ മുദ്രാവാക്യങ്ങള്‍ വെള്ളത്തിനടിയില്‍ പ്രകമ്പനം സൃഷ്ടിച്ചുവെന്ന് വിശ്വസിച്ചാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. എന്താന്നറിയില്ല എല്ലാവരും വല്ലാത്ത ഫോമിലാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വരെ. പണ്ടൊക്കെ എല്‍ഡിഎഫ് കണ്‍വീനര്‍മാരുടെ പ്രസംഗങ്ങള്‍ക്ക് ആരും ചെവി കൊടുക്കാറില്ലായിരുന്നു. വൈക്കം വിശ്വന്‍റെയൊക്കെ ഒന്നര മണിക്കൂര്‍ പ്രസംഗത്തില്‍ ആകെ രണ്ട് ഫുള്‍സ്റ്റോപ്പുകളൊക്കെയേ ഉണ്ടാകാറുള്ളായാരുന്നു. ഇപ്പോ അതല്ല സ്ഥിതി. മൈക്ക് കണ്ടാല്‍ വിജയരാഘവന്‍ പൂരപ്പാട്ട് തുടങ്ങും. ചെവിയില്‍ പഞ്ഞി തിരുകേണ്ടതാണ് നിലവിലെ സാഹചര്യം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...