കാറിന്‍റെ പേരിൽ തമ്മിലടിച്ച് യൂത്ത് കോൺഗ്രസ്; വീടുകൾ കയറി കോടിയേരി

thiruva-ethirva
SHARE

ഒരു കാറിന്‍റെ പേരില്‍  ഇങ്ങനെ കിടന്നു കാറേണ്ടിവരുമെന്ന് ഒരു യൂത്ത് കോണ്‍ഗ്രസുകാരനും കരുതിയിട്ടുണ്ടാവില്ല. ഒരു വശത്ത് സര്‍ക്കാരിനെതിരെ പിഎസ്‍സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത്  യുദ്ധം ചെയ്യണം. മറുവശത്ത് സ്വന്തം വിശ്വാസ്യത തെളിയിക്കാന്‍ കഠിന പ്രയത്നം നടത്തണം. ഇങ്ങനെയൊരു അവസ്ഥ ലോകത്ത് കേരളത്തിലെ യൂത്തന്മാര്‍ക്കു മാത്രമേ വന്നിട്ടുണ്ടാകാന്‍ തരമുള്ളൂ. ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് ഒരു കാര്‍ വാങ്ങി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചതും അതിനായി നടത്തിയ പിരിവ് പാര്‍ട്ടിക്കുള്ളില്‍ വിവാദമായതും കാറ് വേണ്ടെന്‍റെ പൊന്നേയെന്നു പറഞ്ഞ് രമ്യ കാറിക്കോണ്ട് ഓടിയതുമായിരുന്നു ഇന്നലത്തെ കഥ. അതോടെ തീര്‍ന്നുവെന്നു കരുതിയെങ്കില്‍ തെറ്റി. ഇത് കോണ്‍ഗ്രസാണ്. അവിടെ തീക്കു ശേഷമല്ല പുക. പുകക്കുശേഷമാണ് തീ ആളിപ്പടരുക. കാറ് വാങ്ങാനുള്ള നീക്കത്തിന്‍റെ കാറ്റഴിച്ചുവിട്ട കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അനില്‍ അക്കരെ എംഎല്‍എ സ്റ്റാന്‍ഡു പിടിച്ചു. ഈ യൂത്തന്മാര്‍ക്ക് കാര്‍ വാങ്ങാനുള്ള ബുദ്ധി ഉപദേശിച്ചത് അക്കരയായിരുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കെതിരായ പടയൊരുക്കം കാറ് പിടിച്ചാണ് ഇക്കുറി വന്നിരിക്കുന്നതെന്ന് മനസിലായി. കോണ്‍ഗ്രസായതുകൊണ്ട് ലോറിക്ക് ലോഡുകണക്കിന് തമ്മിലടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ആശ്വസിക്കാം.

ഫേസ്ബുക്കാണ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്ന പ്രശ്നം. യൂത്ത് കോണ്‍ഗ്രസിന്‍റെ കാര്‍ സമ്മാനത്തിനെതിരെ മുല്ലപ്പള്ളി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതേ മുഖപുസ്തകത്തിലൂടെ മുഖത്തടിച്ചൊരു മറുപടി അനില്‍ അക്കരെ എംഎല്‍എയും പോസ്റ്റി. അതുകൊണ്ടരിശം തീരാഞ്ഞനിലാ പുരയുടെ ചുറ്റും മണ്ടിനടന്നു എന്നതാണ് സംഭവിച്ചത്.

സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ചവന്‍ എന്നാണ് മുല്ലപ്പള്ളിയെ അക്കര വിശേഷിപ്പിച്ചത്. ഇതില്‍ പരം ഒരു കരണത്തടി മുല്ലപ്പള്ളിക്ക് കിട്ടാനാല്ല. തൃശൂരില്‍ പാര്‍ട്ടിക്ക് നാഥനില്ലെന്നും അതിന്‍റെ ബുദ്ധിമുട്ട് കാര്‍ന്നോന്മാര്‍ക്ക് അറിയേണ്ടതില്ലല്ലോ എന്നൊക്കെ പറഞ്ഞ് അനില്‍ കേറി അങ്ങ് മേഞ്ഞു. അപ്പോ കാറല്ല പ്രശ്നം മറ്റു പലതുമാണ്. എന്തായാലും കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്ന കോണ്ഗ്രസിലെ തമ്മിലടി മഴയുടെ അകമ്പടിയില്‍ പൂര്‍വാധികം ശക്തിയോടെ മടങ്ങിവരവ് അറിയിച്ചു. ഇനി മഴ മാറിയാലും ആ അടിക്ക് വലിയ ശമനം ഉണ്ടാകാന്‍ സാധ്യതയും കാണുന്നില്ല.

സിപിഐക്ക് ഇന്ന് ഭേഷായി കിട്ടി. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജുവിനെ ബഹുമാനിക്കാത്ത എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെ സിഐക്കെതിരെ നടപടിയാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിനെയാണ് സിപിഎമ്മിന്‍റെ പൊലീസ് അതി ക്രൂരമായി തല്ലി തലോടി കുളിപ്പിച്ചു വിട്ടത്. എല്‍ഡിഎഫിന്‍റെ ആഭ്യന്തരവകുപ്പ് എന്ന് തെറ്റിദ്ധരിച്ചതാണ് സിപിഐക്ക് പറ്റിയ അബദ്ധം. സിപിഎം സിപിഐയെ തല്ലി എന്ന ലേബലിലാണ് സംഗതി എംഎന്‍ സ്മാരകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മില്‍ നിന്നും അപമാനം ലഭിക്കുന്നത് പതിവാണെങ്കിലും ഇത്തരത്തില്‍ തല്ല് ലഭിക്കുന്നത് അധികം സംഭവിച്ചിട്ടില്ലാത്തതിനാല്‍ വരും ദിവസങ്ങള്‍ സംഭവ ബഹുലമാകും.

കേരളത്തില്‍ എസ്എഫ്ഐ യെ ഏറ്റവും നന്നായി മനസിലാക്കിയിരിക്കുന്നത് സിപിഐയാണ് എന്നത് പറയാതെ വയ്യ. സ്വാതന്ത്രം സമത്വം സോഷ്യലിസം എന്നത് ഇന്നേവരെ എസ്എഫ്ഐയുടെ പക്കല്‍ നിന്ന് കിട്ടിയിട്ടുള്ളതായി ഒരു എഐഎസ്എഫുകാരന് അവകാശവാദവുമില്ല. സിഐക്കെതിരെ നടപടിയാവശ്യപ്പെട്ടുള്ള സമരം കത്തികയറുമ്പോളാണ് എന്താണ് ശരിക്കുള്ള പ്രശ്നമെന്നതില്‍ അല്‍പ്പ സ്വല്‍പ്പം വ്യക്തതയൊക്കെ വരുന്നത്.

സിപിഐക്ക് രണ്ടടിയുടെ കുറവുണ്ടെന്ന് സിപിഎം വിചാരിച്ചു തുടങ്ങിയിട്ട് കുറച്ചു നാളായി. കാനത്തിനാണ് ഓങ്ങി വച്ചിരുന്നതെങ്കിലും അതിനുള്ള ഭാഗ്യം രാജുവിനായിരുന്നു എന്നു മാത്രം. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനായിരുന്നു ഇന്ന് അവസരം. കഴിഞ്ഞ ദിവസം എംപി ഡീന്‍ കുര്യക്കോസായിരുന്നു ഇര. സിപിഐക്ക് അടി കിട്ടിയിട്ട് ചോദിക്കാന്‍ മുന്നോട്ടുവന്നത് കോണ്‍ഗ്രസ് നേതാവ് പിടി തോമസ് മാത്രം.

വീടിന്‍റെ ഉമ്മറത്ത് കോടിയേരി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ കണ്ടാല്‍ തിരഞ്ഞെടുപ്പ് വീണ്ടുമെത്തി എന്നു തെറ്റിദ്ധരിക്കരുത്. വോട്ടു ചോദിക്കാനല്ല ആ വരവ്. പാര്‍ട്ടിയുടെ ചാപല്യങ്ങള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് ചോദിച്ചറിഞ്ഞ് തിരുത്തല്‍ വരുത്തുന്നതിന്‍റെ ഭാഗമായുള്ള ജനസമ്പര്‍ക്ക കലാപരിപാടിക്ക് തുടക്കമായതാണ്. പാര്‍ട്ടി ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് വൈകിയ വേളയില്‍ തിരിച്ചറിഞ്ഞിരിക്കുകയാണ് സിപിഎം. അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം കാലങ്ങള്‍ക്കു മുന്നേ മനസിലായ കാര്യം തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റിയും സംസംഥാന കമ്മിറ്റിയുമെല്ലാം വിളിച്ച് ചര്‍ച്ച ചെയ്യേണ്ടവന്നു എന്നു മാത്രം. തലസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വഞ്ചിയൂരില്‍ വീടുകള്‍ കയറിയ കോടിയേരി ചോദിച്ചറിഞ്ഞു കുറ്റങ്ങളും കുറവുകളും

പെണ്ണുകാണാന്‍ ചെന്ന ചെക്കന്‍റെ അവസ്ഥയായിരുന്നു കോടിയേരിക്ക്. എവിടെ തുടങ്ങണം എന്തു ചോദിക്കണം എന്നതില്‍ ഒരു ട്രബിള്‍. തല്ലാനാണോ തലോടാനാണോ വന്നതെന്നറിയാതെ വീട്ടുകാരും പെട്ടു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ.

അപ്പോ തിരുവാ എതിര്‍വായുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാവുകയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...