കനത്ത മഴയിലും ദേഹത്തുപുരണ്ട ചെളി കഴുകിക്കളയാനാവാതെ എസ്എഫ്ഐ..!

sfu
SHARE

സംസ്ഥാനത്ത് ശക്തമായി മഴലഭിച്ചിട്ടും എസ്എഫ്ഐയുടെ ദേഹത്തുപുരണ്ട ചെളി പൂര്‍ണ്ണമായും കഴുകിക്കളയാന്‍ സംഘടനക്കായില്ല. കെഎസ്‍യു ആകട്ടെ ആകാശത്തുനിന്നു വീഴുന്ന വെള്ളത്തില്‍ കുളിക്കില്ല പകരം സര്‍ക്കാര്‍ ചിലവില്‍ ജലപീരങ്കിയിലെ വെള്ളത്തിലേ കുളിക്കൂ എന്ന് ഉറപ്പിച്ചിറങ്ങിയിരിക്കുകയാണ്. അപ്പോള്‍ മഴയില്‍ വഴുതാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

ഫേസ് ആപ്പില്‍ പടമിട്ട് ചെറുപ്പമായി കെഎ്സ‍യുവിലേക്ക് തിരിച്ചുപോകാനാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാരുടെ ആഗ്രഹം. അത്രക്കു വലിയ പെര്‍ഫോമന്‍സാണ് ഖദര്‍ കുട്ടികള്‍ നടത്തുന്നത്. ദിവസവും വ്യത്യസ്ഥങ്ങളായ സമരമാണ് അവരുടെ ഹൈലൈറ്റ്. സര്‍വകലാശാല കെട്ടിടത്തിന്‍റെ മുകളില്‍ കയറുക, സെക്രട്ടറിയേറ്റ് മതില്‍ ചാടിക്കടക്കുക എന്നീ ഇനങ്ങള്‍ക്കുശേഷം ഇന്ന് പയറ്റിയത് വൈസ് ചാന്‍സിലറെ തടയല്‍ എന്ന ആയുധമാണ്. സംഗതി വിജയിക്കുകയും ചെയ്തു. കുട്ടികള്‍ക്ക് പിന്തുണ നല്‍കി പ്രതിപക്ഷേ നേതാവ് കളത്തിലുണ്ട്. പക്ഷേ മുതിര്‍ന്നവര്‍ക്ക് പിള്ളേരുടെയത്ര മെയ്‍വഴക്കം വരില്ലല്ലോ. അതുകൊണ്ട് പ്രവര്‍ത്തിയിലല്ല പ്രസംഗത്തിലാണ് രമേശ് ചെന്നിത്തല ശ്രദ്ധയൂന്നുന്നത്. കുഭകോണ കഥകള്‍.

അതെ രമേശന് ആരെയും പേടിയില്ല. മടിയില്‍ കനമുള്ളവന്‍ പേടിച്ചാല്‍ മതി എന്നല്ലേ. ചെന്നിത്തല ലൈറ്റ് വെയിറ്റാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ പറഞ്ഞ അതേ വാചകങ്ങള്‍ തന്നെയാണ് ചെന്നിത്തല ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇത് വീണ്ടും വീണ്ടും കേള്‍ക്കേണ്ടിവരുന്ന കെഎസ്‍യു പിള്ളേര്‍ ആവര്‍ത്തന വിരസത കാരണം മനസ് മടുത്ത് സമരം നിര്‍ത്തി പാട്ടിനുപോകും എന്നാണ് തോന്നുന്നത്. ഇക്കുറി നടത്തിയ ഘോരഘോര സംഭാഷണത്തില്‍ പുതിയതായി ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്. യുഡിഎഫ് സമരം വീണ്ടും വരുന്നു. ബാക്കിയെല്ലാം റെക്കോഡ് ചെയ്തുവച്ചതിന്‍റെ തനിയാവര്‍ത്തനം മാത്രം. 

എസ്എഫ്‍ഐക്കെതിരെ യൂണിവേഴ്സിറ്റി കോളജിലെ അളമുട്ടിയ എസ്എഫ്‍ക്കാര്‍ തുറന്നടിച്ചതിനുപിന്നാലെ നമ്മള്‍ പലതും പ്രതീക്ഷിച്ചു. വല്ല കെഎസ്‍യുക്കാരോ മറ്റ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളോ സമാന പരാതികളും തെളിവുകളുമായി രംഗത്തെത്തുമെന്ന്. സാധാരണ അങ്ങനെയാണല്ലോ പതിവ്. ഇവിടെ പക്ഷേ അതല്ല സ്ഥിതി. കൂടപ്പിറപ്പുകള്‍ തന്നെയാണ് എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് രംഗത്തുള്ളത്. എസ്എഫ്ഐയുടെ ആട്ടും തുപ്പും കൊണ്ട് മടുത്തെന്ന് എഐഎസ്എഫ് തുറന്നു പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. തിരുവനന്തപുരത്ത് സിപിഐയുടെ കുട്ടികള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ഈ ആക്ഷനുള്ള റിയാക്ഷനായി കൊച്ചി വൈപ്പില്‍ കോളജില്‍ എസ്എഫ്ഐക്കാര്‍ എഐഎസ്എഫുകാര്‍ക്കിട്ട് വീണ്ടും പൊട്ടിച്ചു. ചില വാലുകള്‍ അങ്ങനെയാണ്. അത് അത് നൂരില്ല. പക്ഷേ അവര്‍ അത് സമ്മതിച്ച് തരില്ല എന്നതാണ് രസം. മറിച്ച് കുഴലിന്‍റെ കുറ്റമാണ് എല്ലാം എന്നങ്ങ് പറയും. തല്ലുകൊള്ളാന്‍ എഐഎസ്എഫിന്‍റെ ജീവിതം പിന്നെയും ബാക്കി. 

ആരെടാ തന്‍റെ പിള്ളേരെ തൊട്ടതെന്ന് ആക്രോശിച്ച് പരുക്കേറ്റവരെ കാണാന്‍ ആശുപത്രിയിലെത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിക്കും എസ്എഫ്ഐ ഡിവെഎഫ്ഐ സഖാക്കള്‍ സാമാന്യം നല്ല സ്വീകരണമാണ് ഒരുക്കിയത്. 

ലുങ്കിക്കാര്യം വെറുതെ പറഞ്ഞതല്ല. കോഴിക്കോട്ടെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറാനുള്ള മിനിമം യോഗ്യത കൈലിയുടുക്കരുത് എന്നതാണത്രേ. ഉടുക്കാതെ വന്നാലും പ്രശ്നമില്ല. പക്ഷേ ലുങ്കി പാടില്ല. ഹോട്ടലില്‍ പാന്‍റിട്ട് വന്ന് മുറിയോടുത്ത ശേഷം കൈലിയുടുത്ത് പുറത്തിറങ്ങിയവരാണ് പെട്ടത്. ഹോട്ടല്‍ മുറിയില്‍  തിരിക്കുകയറാനുള്ള ഏകമാര്‍ഗം പാന്‍റില്‍ കയറി വരുക എന്നതാണത്രേ. ഇതിനു മുന്‍പും കോഴിക്കോടന്‍ ഹോട്ടലുകാരില്‍ ഈ രോഗം കണ്ടിട്ടുള്ളതായും വെളിപ്പെടുത്തലുണ്ട്. തലസ്ഥാനത്താണെങ്കില്‍ പാട്ടുപാടാന്‍ എസ്എഫ്ഐ സമ്മതിക്കില്ല. കോഴിക്കോട്ട് ലുങ്കി ഉടുക്കാന്‍ ഫൈവ്സ്റ്റാറുകാരും. 

ഇനി അല്‍പ്പം ആരോഗ്യ കാര്യമാണ് പറയാനുള്ളത്. കമ്യൂണിസ്റ് ആരോഗ്യത്തെക്കുറിച്ച് ലോകത്തിന് ക്ലാസെടുക്കാറുള്ള പികെ ശശിയാണ് കര്‍ക്കിടകവും മരുന്നു കഞ്ഞിയും എന്ന വിഷയത്തില്‍ വാചാലനാകാനെത്തിയിരിക്കുന്നത്. ആരോഗ്യപരമായി പണി കിട്ടിയിട്ടുള്ളവര്‍  കര്‍ക്കിടകത്തില്‍ ചികില്‍സ നടത്തുന്നത് നല്ലതാണത്രേ. പാര്‍ട്ടിക്കാരില്‍ നിന്ന് പണി കിട്ടിയവര്‍ക്കും ബാധകമാണോ ആവോ

ഫേസ് ആപ്പാണ് ഇപ്പോള്‍ താരം. ചിത്രത്തിനൊപ്പം ജീവിത രഹസ്യങ്ങളും ആപ്പ് കൊണ്ടുപോകുമെന്ന് ആരോപണമുണ്ടെങ്കിലും എല്ലാവരും ഭാവി മുഖം കാണാന്‍ മല്‍സരിക്കുകയാണ്. അപ്പോള്‍ പിന്നെ നമ്മളായിട്ട് എന്തിന് മാറി നില്‍ക്കണം. 

അപ്പോ എസ്എഫ്ഐക്കാരുടെ കൈയ്യിലിരുപ്പുകാരണം ചാകരയായിരുന്ന ഈ ആഴ്ചത്തെ തിരുവാ കാലം അവസാനിക്കുകയാണ്. വരുന്ന ആഴ്ചയിലും ഇതുപോലൊക്കെ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...