കലാപ പരിപാടികള്‍ക്കിടെ എല്‍ഡിഎഫ് യോഗം; വിഷയം മറ്റ് രാജ്യത്തെ പ്രശ്നങ്ങള്‍

cpm-ldf-sfi-thiruva-eathirva
SHARE

ആരാണ് അഭിനവ നാറാണത്തുഭ്രാന്തന്‍ എന്ന ചൂടന്‍ ചര്‍ച്ചയാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. കെട്ടും കെട്ടി ശബരിമലക്കുവന്ന യുവതികളെ തല്ലിയോടിച്ച പൊലീസാണ് ഇപ്പോള്‍ നാറാണത്തുഭ്രാന്തന്‍റെ റോളിലുള്ളതെന്ന് മുഖ്യമന്ത്രി നിരീക്ഷിച്ചു.

എന്നാല്‍ വഴിയെ പോയ അയ്യപ്പന്മാരെ കല്ലെറിയാന്‍ മുന്നില്‍ നിന്ന മുഖ്യമന്ത്രിയാണ് ആ റോളില്‍ തകര്‍ത്തഭിനയിച്ചതെന്നാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ കണ്ടെത്തല്‍. തര്‍ക്കങ്ങള്‍ ഇങ്ങനെ തുടരുമ്പോള്‍ താഴേക്കുരുട്ടാനുള്ള കല്ലുമായി നമ്മള്‍ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ.

എസ്എഫ്ഐ ഇല്ലാതാകുമെന്നും ഇല്ലാതായെന്നും പലരും മുറുക്കാന്‍ കടകളിലും ബാര്‍ബര്‍ ഷഓപ്പിലും ചായക്കടയിലും അടക്കം പറയുന്നതായി സംഘടനക്കും അവരുടെ രക്ഷകര്‍ത്താവായ പാര്‍ട്ടിക്കും വിവരം ലഭിച്ചു. കാര്യം യൂണിവേഴ്സിറ്റി കോളജില്‍ ചില തല്ലുകൊള്ളികള്‍ കാരണം ശുഭ്രപതാകയില്‍ അല്‍പ്പം ചെളി പുരണ്ടിരുന്നു. ആ ചെളി നല്ല ഒന്നാന്തരം ഡിറ്റര്‍ജന്‍റിട്ട് കഴുകി മായിച്ചെന്ന് തെളിയിക്കേണ്ടത് ഇപ്പോള്‍ ഇളമുറയായ എസ്എഫ്ഐയുടെ മാത്രം ആവശ്യമല്ലല്ലോ. 

കടുത്ത പ്രതിരോധത്തിലുള്ള സര്‍ക്കാരിനുും ഒരു റിലാക്സേഷന്‍ കിട്ടണമെങ്കില്‍ ആവേശം നിറച്ച കുറച്ചു മുദ്രാവാക്യമെങ്കിലും കേള്‍ക്കേണ്ടതുണ്. പുഴുക്കുത്തുകള്‍ക്കായുള്ള ടി ഇന്‍ടു ഡി സംഘടനക്കുമേല്‍ തളിച്ചുവെന്നും ഇപ്പോള്‍ കീടാണുക്കള്‍ തീരയില്ലെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ദിനങ്ങളാണ് ഇനി വരാന്‍ പോകുന്നത്. 

യൂണിവേഴ്സിറ്റി കോളജ് അടച്ചിട്ടാലും തലസ്ഥാനത്ത് ഒരു പ്രകടനത്തിനുള്ള വെടിമരുന്ന് കൈയ്യിലുണ്ടെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ആദ്യ പടി. ഒരു ശക്തിപ്രകടനം. ചുവപ്പു നിറത്തില്‍ പെണ്‍കുട്ടികളെ മുന്നില്‍ നിരത്തിയുള്ള കിടിലന്‍ ഷോ. ആവിഷ്കാര സ്വാതന്ത്രത്തിന് എതിരല്ല എന്നറിയിക്കാന്‍ കൊട്ടം പാട്ടുമെല്ലാം അകമ്പടിയായുണ്ടായിരുന്നു. കുറ്റം പറയരുതല്ലോ.

കഴിഞ്ഞ ദിവസം വിമത ശബ്ദമുയര്‍ത്തിയ യൂണിവേഴ്സിറ്റി കോളജ് സഖാക്കള്‍ വര്‍ദ്ധിത വീര്യത്തോടെ ഇടയനെ അനുസരിക്കുന്ന ആട്ടിന്‍കുട്ടിയേക്കാള്‍ നിഷ്ടകളങ്കമായി ഇന്നത്തെ പ്രകടനത്തില്‍ പങ്കെടുത്തു. 

അവകാശ പത്രികയിലെ ആവശ്യങ്ങള്‍ കേട്ടല്ലോ. സ്കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ സ്വാതന്ത്രം പിഎസ്‍സി പരീക്ഷയുടെ സുതാര്യത. ഇതുതന്നെയാണ് നാട്ടുകാര്‍ മുഴുവന്‍ ആവശ്യപ്പെടുന്നതും. ഇപ്പോള്‍ പൊലീസ് കേസെടുത്ത് എസ്എഫ്ഐക്കാര്‍ക്കെതിരെ അന്വേഷിക്കുന്നതും ഇതേ വിഷയമാണ്. അപ്പോ പിന്നെ അവകാശ പര്തികയുടെ ആവശ്യമുണ്ടോ എന്നതാണ് ചോദ്യം. 

ജാള്യത കൊണ്ടല്ല എന്നു തോന്നുന്നു സംസ്ഥാന നേതാക്കളാരും പ്രകടനത്തിന് പിന്തുണയുമായെത്തിയില്ല. ദേശീയ നേതാവിനായിരുന്നു ഉദ്ഘാടന ചുമതല. അഖിലേന്ത്യാ പ്രസിഡന്‍റ് വി പി സാനു. അണികള്‍ കാട്ടുന്ന പല തല്ലുകൊള്ളിത്തരങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന സാനുവിനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ യോഗവും യോഗ്യതയും. അതില്‍ സംശയമില്ല. ഇപ്പോളത്തെ സാഹചര്യത്തില്‍ സംഘനടയുടെ വിശ്വാസ്യത തിരിച്ചുപിടിക്കുകയാണല്ലോ പ്രധാനം.

യൂണിവേഴ്സിറ്റി കോളജ് കാരണം നാട്ടിലെ രാഷ്ട്രീയക്കാരെല്ലാം സെക്രട്ടറിയേറ്റിനു മുന്നിലുണ്ട്. രണ്ടുമൂന്നു ദിവസമായി കെഎസ്‍യുവാണ് കൈയ്യടി വാങ്ങിയത്. അതില്‍ തെല്ല് അസൂയ പൂണ്ടിട്ടാവണം യുഡിഎഫ് ഇന്ന് സമരത്തിനിറങ്ങി. കടുത്ത സത്യാഗ്രഹ സമരം. നാട് ഞെട്ടി. കോണ്‍ഗ്രസുകാരാണല്ലോ. സ്വോഭാവികമായി സമരത്തിനെത്തുമ്പോള്‍ ഒരു പത്തര പതിനൊന്നാകും. ഉച്ചക്ക് ഒരു മണിവരെയായിരുന്നു സത്യാഗ്രഹം പ്രഖ്യാപിച്ചിരുന്നത്. 

ഉദ്ഘാടനം കഴിഞ്ഞപ്പോള്‍ തന്നെ സമാപനത്തിന് സമയമായി. കിട്ടിയ നേരം കൊണ്ട് രമേശ് ജി വാചാലനായി. സര്‍ക്കാരാനെ ഒന്ന് വിരട്ടി. കാര്യം നിയമസഭയില്‍ പ്രതിപക്ഷം കിടു ആണെങ്കിലും സഭാ കവാടത്തിന് പുറത്ത് അത്രക്ക് മേലനങ്ങി കാണുന്നില്ല. ചിലപ്പോള്‍ തങ്ങളില്‍ ആരാണ് അതിന് മുന്നിട്ടിറങ്ങേണ്ടതെന്ന  ഒരു വര്‍ണ്യത്തിലാശങ്ക  രമേശിനും ഉമ്മന്‍ ചാണ്ടിക്കും മുല്ലപ്പള്ളിക്കും ഉണ്ടായാലും തെറ്റു പറയാനാകില്ല.

പറഞ്ഞു പറഞ്ഞ് ജലീലിന്‍റെ ശവദാഹ പരാമര്‍ശം ചെന്നിത്തല മറ്റൊരു റൂട്ടിലാക്കി. ഇത്രയുമായ സ്ഥിതിക്ക് ജലീല്‍ ഇന്നലെ പറഞ്ഞതുകൂടി ഒന്നു കേള്‍ക്കാവുന്നതാണ്.

എസ്എഫ്‍ഐ മരിച്ചുവെന്നും ഇനി ശവദാഹം മാത്രമാണ് ബാക്കിയുള്ളതെന്നും അതുകൊണ്ടാണ് ജലീല്‍ പെട്ടിയില്‍ ആണിയടിക്കുന്ന കാര്യം പറയുന്നതെന്നും ഒരു വിവക്ഷണം ഈ ഡയലോഗിന്മേല്‍ കഴിഞ്ഞ ദിവസം ഉണ്ടായിരുന്നു. എന്നാല്‍ അതിനെ ശവദാഹ വിവാദമെന്ന ടാഗിടുന്നതില്‍ ചെന്നിത്തല വിജയിക്കാന്‍ ശ്രമിക്കുകയാണ്. 

സെക്രട്ടറിയേറ്റിന് മുന്നിലെ യുഡിഎഫ് സ്ത്യാഗ്രഹികള്‍ ഭരണ സിരാ കേന്ദ്രത്തെ കഴിഞ്ഞ ദിവസം ഞട്ടിച്ച ഉണ്ണിയാര്‍ച്ചയെ അനുമോദിച്ചു. കെപിസിസി ആസ്ഥാനത്ത് മുല്ലപ്പള്ളിയുടെ ചിലവില്‍ നടക്കേണ്ടിയിരുന്ന പരിപാടി സ്റ്റാച്യുവിലേക്ക് മാറ്റിയെന്നേയുള്ളൂ. ദേശാഭിമാനിയുടെ കാഴ്ച നഷ്ടപ്പെട്ട വിവരവും പ്രസ്തുത ചടങ്ങില്‍ ചെന്നിത്തല പങ്കുവച്ചു.

തലസ്ഥാനത്ത് ഇങ്ങനെ ചില കലാപ പരിപാടികള്‍ ‍അരങ്ങേറുന്നതിനിടെ എല്‍ഡിഎഫ് യോഗം ചേരുകയും മറ്റു രാജ്യത്തുള്ളവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. യൂണിവേഴ്സിറ്റി കോളജ് വല്ല ലാറ്റിന്‍ അമേരിക്കയിലുമായിരുന്നെങ്കില്‍ ചിലപ്പോള്‍ പരിഗണനയില്‍‌ വന്നേനേ. എന്തായാലും എകെജി സെന്‍ററില്‍ ചര്‍ച്ചയാകാനുള്ള ഭാഗ്യം കലാലയത്തിനില്ലാതെ പോയി.

അതായത് രമണാ. കാര്യം കര്‍ക്കിടക മാസമൊക്കെയാണ്. എന്നുകരുതി രാമായണം വായിപ്പിച്ചിട്ട് രാമന്‍ സീതയുടെ ആരാ എന്നു ചോദിക്കരുത്.  മനസിലായത് പറഞ്ഞാ മതി. ഭാഗ്യത്തിന് എന്തിനാണ് എല്‍ഡിഎഫ് ചോര്‍ന്നതെന്നു പോലും മനസിലായില്ല. അത് പോട്ടെ. ഇത് ദേശാഭിമാനി മാത്രം വായിക്കുന്നതിന്‍റെ കുഴപ്പമാ. 

അപ്പോ ഇനി അക്കാര്യത്തില്‍ സംസാരിച്ചിട്ട് കാര്യമില്ല. അത് വിടാം. സര്‍വകലാശാല ഉത്തരകടലാസു വിഷയം അങ്ങനങ്ങ് വെറുതെ വിടാന്‍ യുവമോര്‍ച്ച തീരുമാനിച്ചിട്ടില്ല. 

ഇത്തരക്കടലാസു സംബന്ധിച്ച ഉത്തരം വൈസ്ചാന്‍സിലറുടെ മുഖദാവില്‍ നിന്ന് നേരിട്ട് കേള്‍ക്കണമെന്നാണ് ആവശ്യം. അതുകൊണ്ട് വിസിയുടെ കാറ് തടഞ്ഞു നിര്‍ത്തി ചോദിക്കാനാണ് തീരുമാനം. പീഞ്ഞു പോകുന്ന വണ്ടുക്കുനേരെ ചാടി കരിങ്കൊടി കാണിക്കുന്നത് പ്രകാശ് ബാബുവിന്‍റെ വീക്നെസാണ്. കോഴിക്കോട്ടൊക്കെ നിരവധി തവണ പരീക്ഷിച്ച് വിജയിച്ച ഐറ്റമാണ്. 

കെഎസ്‍യു  സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ ഇതുവരെ ഗൗനിച്ചില്ല. പ്രശ്നങ്ങളിലേക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധ കൊണ്ടുവരാനാണല്ലോ ഇക്കണ്ട സമരമൊക്കെ നടത്തുന്നത്. ഇന്ന് ഒരു തുറുപ്പു ചീട്ടാണ് പ്രയോഗിച്ചത്. സെക്രട്ടറിയേറ്റില്‍ മതിലു ചാടി കയറിയതിലും സര്‍വകലാശാലയുടെ മുകളില്‍ കയറിയതിലും വലിയ നീക്കം. വിടി ബല്‍റാമിനെയിറക്കി പാട്ടു പാടിച്ചു. മാനവീയം വീഥിയൊക്കെ ആ പാട്ട് കേട്ട് ഞെട്ടിയെന്നാണ് കരക്കമ്പി.

എത്രയും പെട്ടെന്ന് എല്ലാം പരിഹരിക്കുന്നതാണ് സര്‍ക്കാരിന് നല്ലത്. പാട്ടുകാരനെ കണ്ട സ്ഥിതിക്ക് ഇനി ഋഷ്യശൃംഗനെക്കൂടി കണ്ടു മടങ്ങാം. സംസ്ഥാനത്ത് മഴ ഇക്കുറി കുറവാണ്. ഡാമുകളില്‍ വെള്ളമില്ല. മഴ പെയ്യാതെ പരിഹരിക്കപ്പെടില്ല ഒന്നും. മഴ എങ്ങനെ പെയ്യും. എല്ലാം നമ്മുടെ ഋഷ്യശൃംഗന് വിടുകയാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...