തിരുത്തിയ തെറ്റ്; സീസൺ 2, സീസൺ 3; സിപിഎം ലൈനിൽ എസ്എഫ്ഐയും

thiruva-ethirva-16-07
SHARE

കാര്യം കാര്യമായി പറയുന്നവനാണ് കാനം. യൂണിവേഴ്സിറ്റി കോളജ് സ്വാതന്ത്രത്തിന്‍റെ പടിവാതിലിലാണെന്ന് സിപിഐ എഐഎസ്എഫിനെ ഔദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. ഇനി ഏത് അര്‍ദ്ധരാത്രിയിലും ആ പ്രഖ്യാപനം പ്രതീക്ഷിക്കാം. സംഭവാമി യുഗേ യുഗേ എന്ന് വെറുതെ പറയുന്നതല്ലെന്ന് കാനം തിരിച്ചറിഞ്ഞിട്ടുള്ളതാണ.് ക്ഷമ ആട്ടിന്‍ സൂപ്പിന്‍റെ ഫലം ചെയ്യുമെന്നും കാനം വിശ്വസിക്കുന്നു. ഇതേ വിശ്വാസം വച്ചുപുലര്‍ത്തുന്ന മറ്റൊരു കൂട്ടരുണ്ട്. എസ്എഫ്ഐ സംസ്ഥാന നേതൃത്വം. ഇപ്പോള്‍ ഒന്നു താന്നു കൊടുക്കുന്നതാണ് മൊത്തത്തില്‍ സംഘടനക്ക് നല്ലതെന്ന് അവര്‍ക്കറിയാം. എങ്കിലും സ്വാഭാവികമായുള്ള സിപിഎമ്മിസം സംസാരത്തില്‍ കയറിയങ്ങുവരും. 

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതൃത്വം കാണിച്ച തല്ലുകൊള്ളിത്തരം തമ്മില്‍ തല്ലിലെത്തിയെന്ന സത്യത്തെ അവര്‍ പരസ്യമായി അംഗീകരിച്ചിട്ടില്ല. രണ്ടുവിഭാഗങ്ങള്‍ അല്ലെങ്കില്‍ അതിലും ലാഘവത്തോടെ ചിന്തിച്ചാല്‍ രണ്ടു വ്യക്തികള്‍. അവര്‍ തമ്മിലായിരുന്നത്രേ പ്രശ്നം. നെഞ്ചില്‍ കത്തികൊണ്ട് പണിത് നക്ഷത്രം എണ്ണിക്കുന്ന സംഘനടാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു. വെറും നടപടിയല്ല. മനുഷ്യസഹജമായതിന്‍റെ മാക്സിമം. പൊലീസുമായി അങ്ങേയറ്റം സഹകരിക്കും. ഇപ്പോള്‍ നടന്ന കലാപരിപാടികള്‍ എസ്എഫ്ഐയെ തകര്‍ക്കാന്‍ ചെയ്തതാണത്രേ. സച്ചിന്‍ ദേവ് പറയുന്നത് ശരിയാണ്. പക്ഷേ ശത്രു എതിര്‍ പാളയത്തിലല്ല എന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്.

സത്യമാണ്. എസ്എഫ്ഐ തെറ്റല്ല. ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നമുക്കാണ് തെറ്റുപറ്റിയത്. അല്‍ഭുതപ്പെട്ടിട്ടു കാര്യമില്ല. വിത്തുഗുണമാണ്. തെറ്റുപറ്റുക അത് തിരുത്തുക. അതാണ് സിപിഎം ലൈന്‍.  തിരുത്തിയ തെറ്റിന്‍റെ  സീസണ്‍ ടുവും സീസണ്‍ ത്രീയുമെല്ലാം പിന്നാലെ ഉണ്ടാകുമെന്നുമാത്രം. അതുതന്നെയാണ് എസ്എഫ്ഐയുടെയും കാര്യം. പാര്‍ട്ടിയുടെ ക്വട്ടേഷന്‍ രീതികള്‍  കണ്ടുവളരുന്ന കുട്ടികള്‍ ഇങ്ങനെയല്ലാതെ എങ്ങനെയാകുമെന്നാണ് ബിജെപി ചോദിക്കുന്നത്. ചട്ടിയിലുള്ളതല്ലേ തവിയില്‍ വരൂ.

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിയ എസ്എഫ്ഐ നേതാവായിരുന്ന ശിവരഞ്ജിത്ത് അയോധന കലയിലും അഗ്രഗണ്യനായിരുന്നു. അമ്പെയ്ത്തായിരുന്നു ഇഷ്ടന്‍റെ ഇഷ്ട വിനോദം. ഒഴിവു സമയങ്ങളില്‍ എയ്ത അമ്പുകള്‍ ഇയാളെ കേരള പൊലീനിന്‍റെ പടിവാതിലിലാണ് എത്തിച്ചു നിര്‍ത്തിയിരുന്നത്. എന്നാല്‍ ഇങ്ങനെയൊരു എയ്ത്തുകാരനെ അറിയില്ല എന്നാണ് ആര്‍ച്ചറി അസോസിയേഷന്‍ പറയുന്നത്. അസോസിയേഷന്‍ എത്ര തള്ളി പറഞ്ഞാലും  പല പയറ്റുകളിലും കേമനായിരുന്നതിന്‍റെ സര്‍ട്ടിഫിക്കറ്റ് ശിവരഞ്ജിത്തിന്‍റെ പക്കലുണ്ട്. ആശുപത്രിയിലുള്ള അഖിലിന്‍റെ ഭാഗ്യം. കത്തിയല്ലേ നെഞ്ചില്‍ തറച്ചൊള്ളൂ. ബ്രഹ്മാസ്ത്രം നേരെ വരാഞ്ഞത് ഭാഗ്യം. 

അവസരങ്ങള്‍ വരുമ്പോള്‍ ആഞ്ഞടിക്കണം. പലരും ഇങ്ങനെ പറയാറുണ്ടെങ്കിലും ഏറ്റവും നന്നായി പ്രവര്‍ത്തിയില്‍ വരുത്താറുള്ള ആള്‍ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയാണ്. എസ്എഫ്ഐക്കാര്‍ കുട്ടികളല്ലേ, ഇടപെട്ടാല്‍ കുട്ടിക്കളിയാകില്ലേ എന്നൊക്കെ ചിന്തിച്ച് പലരും മടിച്ചുനിന്നപ്പോള്‍ ചാണ്ടിച്ചന്‍ കുതിച്ചങ്ങ് ചാടി. പണ്ട് കണിമംഗലം കോവലകത്തെ ജഗദ്നാഥന്‍ തമ്പുരാന്‍ ധാരാവി ഒഴിപ്പിച്ചതിലും ഈസിയായി  യൂണിവേഴ്സിറ്റി കോളജ് ഉമ്മന്‍ ചാണ്ടിഒഴിപ്പിച്ചിരിക്കും. മൂന്നുതരം.

എസ്എഫ്ഐയുടെ പെട്ടിയില്‍ ആണിയടിക്കുവാന്‍ ആരും തുനിയേണ്ടയെന്ന് ഒരു സഖാവ് ഇതിനിടയില്‍ പ്രഖ്യാപിച്ചു. അപ്പോള്‍ കേള്‍ക്കുന്നവരോര്‍ക്കും ഏതെങ്കിലും പഴയ എസ്എഫ്ഐ സഖാവ് മൂത്ത് കാതലായി വന്നതാണെന്ന്. അല്ലേയല്ല. ഒരുകാലത്ത് അവര്‍ക്കെതിരെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ മുദ്രാവാക്യം കാച്ചി നടന്ന കെടി ജലീലാണ് കുഞ്ഞനിയന്മാരെ രക്ഷിക്കാന്‍ കളത്തിലുള്ളത്.

ഇല്ലോളം കെഎസ്‍യുക്കാര്‍ കേരളത്തിലുണ്ടെന്നും അവര്‍ക്ക് ഇത്രക്ക് പെര്‍ഫോമന്‍സിന് ശേഷിയുണ്ടെന്നും കുറച്ചധികം നാളിനു ശേഷമാണ് കേരളം തിരിച്ചറിയുന്നത്. ടീമിലെ എല്ലാ താരങ്ങളും മികച്ച ഫോമിലേക്കുയര്‍ന്നപ്പോള്‍ കേരളത്തിലെ റോഡുകളെന്നല്ല മതിലുകളും കെട്ടിടങ്ങളുമെല്ലാം നീലക്കാരെകൊണ്ട് നിറഞ്ഞു. എണ്ണം പറഞ്ഞ മുദ്രാവാക്യങ്ങള്‍ തലസ്ഥാനത്ത് വീശിയടിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് കല്ലേറും പെട്രോള്‍ ബോംബും വരില്ലെന്ന തിരിച്ചറിവാകണം കെഎസ്‍യുക്കാരെ ഇത്രക്കങ്ങ് ആവേശിപ്പിച്ചത്. കേരള സര്‍വകലാശാലാ ആസ്ഥാനത്തിന്‍റെ മുകളില്‍ കൊടി പാറിച്ച പ്രവര്‍ത്തകര്‍ അക്ഷരാര്‍ഥത്തില്‍ ഇന്ന് താരങ്ങളായിരുന്നു. 

കെട്ടിടത്തിന് മുകളില്‍ കയറാന്‍ കഴിയാതിരുന്നവര്‍ ചുറ്റുമതിലിനുമുകളില്‍ ഇടം പിടിച്ചു. ഒരേ സമയം വിവിധയിടങ്ങളില്‍ പലതരം സമരമുറകള്‍. കെഎസ്‍യു ആയത് ഭാഗ്യം. മറിച്ച് എസ്എഫ്ഐ എങ്ങാനുമായിരുന്നു ഇങ്ങനത്തെ സാഹചര്യത്തില്‍ സമരത്തിനിറങ്ങിയിരുന്നതെങ്കില്‍ നവകേരള നിര്‍മാണം വീണ്ടും ഒന്നേന്ന് തുടങ്ങാമായിരുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...