ഇടിമുറി, വ്യാജ പരീക്ഷ...ഒരു എസ്എഫ്ഐ അപാരത

thiruva-15
SHARE

സ്വന്തമായി വീടുള്ളവര്‍, കാറുള്ളവര്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്ളവര്‍ എന്നൊക്കെ കേട്ടിട്ടുണ്ട്. അവരെക്കുറിച്ചൊന്നുമല്ല പറയാന്‍ പോവുന്നത്. അത് കേരളത്തില്‍ പൊലീസ് കഴിഞ്ഞാല്‍ സ്വന്തമായി ഇടിമുറിയൊക്കെ ഉള്ള ഒരു കൂട്ടരെപ്പറ്റിയാണ്.

വിദ്യാര്‍ഥി പ്രസ്ഥാനം എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. സമത്വം സ്വാതന്ത്ര്യം സോഷ്യലിസം പുരോഗമനം എന്നൊക്കെ ഇടയ്ക്കിടെ പറയുകയും അതൊക്കെ എഴുതിച്ചേര്‍ത്ത കൊടിയും പിടിച്ചാണ് പുറത്തിറങ്ങി പ്രസംഗിക്കാറ്. ഒരു പക്ഷേ സ്വാതന്ത്ര്യം നല്ല ഇടിയിലൂടെ, സോഷ്യലിസം നല്ല മൂര്‍ച്ചയുള്ള കത്തിമുനയിലൂടെ, പുരോഗമനം വ്യാജപരീക്ഷ എഴുത്തിലൂടെ എന്നൊക്കെ കരുതിയാവണം ഇക്കൂട്ടര്‍ ഈ പുതിയ കാലത്ത് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്‍റെയെല്ലാംകൂടെ തലസ്ഥാനമാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജ്. ആ കോളജില്‍ മ്യൂസിയം പോലെ, ലൈബ്രറി പോലെ ആരും ചെന്നൊന്ന് കാണേണ്ട സ്ഥലം തന്നെയാണ് ഈ ഇടിമുറി. 

യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂണിറ്റ് കാരണം സിപിഎം കേന്ദ്രനേതൃത്വം തൊട്ട് സംസ്ഥാന നേതൃത്വം വരെ ഞെട്ടല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഞെട്ടലിന്‍റെ ആദ്യമുദ്രാവാക്യം ഇതല്ല ശരിയായ എസ്എഫ്ഐ എന്നതാണ്. ശരിയായിരിക്കും. ശരിയല്ലാത്ത എസ്എഫ്ഐ മിനിയാന്ന് പൊട്ടിമുളച്ചതാണെന്നേ ഇവരുടെയൊക്കെ ഞെട്ടല്‍ കണ്ടാല്‍ തോന്നുകയുള്ളു. എസ്.എഫ്.ഐയുടെ പല മുന്‍ അധ്യക്ഷന്‍മാരും പറയുന്നത് കേട്ടാല്‍ ഇവരൊക്കെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്‍റെ മുന്നിലൂടെയൊക്കെ പോയിട്ട് പതിറ്റാണ്ടുകളായെന്ന് തോന്നും. ചിലപ്പോള്‍ ശരിയാവും. പേടിച്ചിട്ട് പോയിക്കാണില്ല. അവരുടെ മനസില്‍ ഒരു എസ്എഫ്ഐ ഉണ്ട്. അതിനെ നമ്മള്‍ കാണണം. കണ്ട് ഞെട്ടാതിരുന്നാല്‍ മാത്രം മതി. ആഗ്രഹിക്കാനും അവകാശമുണ്ട് ഈ നാട്ടില്‍.

അപ്പോ പറഞ്ഞുവരുന്നത് ഇതാണ്. ശരിക്കും എസ്എഫ്ഐ വേറെയാണ്. നമ്മളീ കാണുന്നതല്ല. അത് മറ്റെവിടെയോ കിടന്ന് സോഷ്യലിസവും സമത്വവും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ കാണുന്നത് പക്ഷേ എസ്എഫ്ഐയുടെ പേരില്‍ ഇറങ്ങിയ ചെകുത്താന്‍ ആണ്. മറ്റേതാണ് ശരിക്കും ദൈവം. ചെകുത്താന്‍ ഇങ്ങനെ പലവേഷത്തില്‍ മനുഷ്യരെ പറ്റിക്കാന്‍ ഇറങ്ങുമെന്നാണല്ലോ മതങ്ങള്‍ പറയുന്നത്. 

ആ പറഞ്ഞത് പോയിന്‍റാണ്. ഒന്നൊന്നര പോയിന്‍റ്. സ്വാധീനം നഷ്ടപ്പെട്ടു. തിരിച്ചുപിടിക്കണം. അതിന് മെനക്കെടണം. കൂട്ടത്തില്‍ ഒരു കാര്യം കൂടി പറഞ്ഞില്ലേ, തുടര്‍നടപടികള്‍ വേണമെന്ന്. ഈ ന്യായീകരണ തൊഴിലാളികളെ പുറത്താക്കാന്‍ വല്ല നടപടിയും എടുക്കാന്‍ കഴിയുമോ എന്‍റെ ബേബി സാറേ. ഇല്ലേല്‍ അവന്‍മാര്‍ ഇതെല്ലാം തള്ളിമറിക്കും. ആയ കാലത്ത് എസ്എഫ്ഐ കൊടിപോലും പിടിക്കാത്തവരാണ് ന്യായീകരണവും ആയി എഴുന്നള്ളുന്നത്.

സംഗതി മൊത്തം ശോകമാണ്. സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് തന്‍റെ  കാലത്തെ എസ്എഫ്ഐയെ ഓര്‍ത്ത് ആദ്യം കരഞ്ഞത്. കരച്ചില്‍ വലിയ തലവേദനയാവും എന്നു തോന്നിയത് കൊണ്ട് അപ്പോള്‍ തന്നെ എസ്എഫ്ഐ ദേശീയ അധ്യക്ഷന്‍ കേരളത്തോട് മാപ്പുമായി വന്നത്. അക്രമം നടത്തിയവരൊന്നും എസ്എഫ്ഐക്കാരല്ല, ഒറ്റുകാരാണത്രെ. സ്വന്തം സംഘടനയിലെ ഒറ്റുകാരെ ഇനിയെങ്കിലും പെട്ടെന്ന് കണ്ടെത്തി നടപടി എടുക്കണം. എങ്കിലേ പുറത്തുള്ള ശത്രുക്കളെ കണ്ടാലെങ്കിലും തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. എന്തൊക്കെയായാലും മുന്‍ എസ്എഫ്ഐ സംസ്ഥാന നേതാവ് എം.സ്വരാജും വാവിട്ട കരച്ചിലില്‍ ആണ്. ഇന്നാണ് ആ കരച്ചില്‍ ലോകം ഫെയ്സ്ബുക്കിലൂടെ കേട്ടത്.

ഈ തിരുത്തല്‍ നടപടിയും ചരിത്രത്തിലെ എസ്എഫ്ഐ വീരസ്യവും നല്ലതുതന്നെ. പുതിയ തലമുറക്ക് അതൊക്കെ ഒരു പുതിയ പാഠമാണ്. പക്ഷേ ക്യാംപസുകളില്‍ ഏകസംഘടനാ സമ്പ്രദായം കൊണ്ടുവന്നതിന് എസ്എഫ്ഐക്കാള്‍ ഉത്തരവാദിത്തം അതത് ലോക്കല്‍ സിപിഎം കമ്മറ്റികള്‍ക്കുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഭീഷണി, അക്രമം ഇതൊക്കെ ക്യാംപസില്‍ ഉള്ള എസ്എഫ്ഐക്കാരെക്കാള്‍ പുറത്തുള്ളവര്‍ നടത്തും. അതുകൊണ്ട് തിരുത്തല്‍ നടത്താന്‍ പറ്റിയ സമയമാണ്. ഒന്നുമില്ലേലും കേന്ദ്രകമ്മിറ്റി മുതല്‍ സംസ്ഥാന നേതൃത്വം വരെ ഞെട്ടല്‍ രേഖപ്പെടുത്തിയ നിലയ്ക്ക്.

ഇടത് വിദ്യാര്‍ഥി പ്രസ്ഥാനം എസ്എഫ്ഐ മാത്രമല്ല എഐഎസ്എഫ് കൂടി അതില്‍പെട്ടതാണെന്ന് എഐഎസ്എഫുകാര്‍ക്ക് നാട്ടുകാരോട് പറയാന്‍ കിട്ടുന്ന ചുരുക്കം അവസരങ്ങളില്‍ ഒന്നാണ് ഇപ്പോഴത്തേത്. ഇതിനു മുന്പ് ലോ അക്കാദമി സമരമായിരുന്നു ഒന്ന്. പാവങ്ങള്‍. സമത്വത്തിലും സോഷ്യലിസത്തിലും എഐഎസ്എഫുകാരും ഉള്‍പ്പെടട്ടേന്ന്. നല്ലതല്ലേ.

അതിപ്പോ രാഷ്ട്രപതി, മുഖ്യമന്ത്രി, സാഹിത്യകാരന്‍മാര്‍ ഇവര്‍ മാത്രമല്ലല്ലോ ഒരു സമൂഹത്തിലുള്ളത്. അക്കൂട്ടത്തില്‍ ഗുണ്ടകള്‍ക്ക് കൂടി പ്രാതിനിധ്യം വേണമെന്ന് ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനം ആഗ്രഹിച്ചു. അത്രയേയുള്ളു. 

ഇതിപ്പോ കാരണവന്‍മാരെ ബഹുമാനിക്കുക, അനുസരിക്കുക, മാതൃകയാക്കുക എന്നതൊന്നും ഒരു തെറ്റല്ലല്ലോ. കുട്ടിസഖാക്കളും അത്രയേ ചെയ്തുള്ളു. 

യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പല്‍ മാസാണ്. മരണമാസ്. പുള്ളിക്കാരന് ആ കോളജില്‍ നടന്നതെന്താണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കണം. ‌ഇതാണ്. ഒന്നും അറിയില്ല. അക്രമം നടത്തിയത് പുറത്തുനിന്ന് വന്നവരാകാമെന്നൊക്കെ പറഞ്ഞുപോയിട്ടുണ്ട്. ഒറ്റത്തവണത്തേക്ക്. ഇനി പറയില്ല. ഒന്നും വേണ്ട. ആ കോളജിന്‍റെ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ഒന്നു ജീവിച്ചുകണ്ടാമാത്രം മതി.

എസഎഫ്ഐ അപാരതയിലെ നിര്‍ണായക റോള്‍ ഉള്ളത് പൊലീസുകാര്‍ക്കാണ്. അവരെ മാറ്റിനിര്‍ത്തിയുള്ള ഒരു കണ്ടെത്തലും പൂര്‍ണതയിലെത്തില്ല. പിന്നെ അതിങ്ങനെ പിഎസ് സി പരീക്ഷയുടെ സുതാര്യതയെന്നും യൂണിവേഴ്സിറ്റി പരീക്ഷയെന്നതിലേക്കുമൊക്കെ വ്യാപിച്ചുകിടക്കുന്ന അപാരതയാണ് ഈ എസ്എഫ്ഐ അപാരത.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...