നവോത്ഥാനം ലേറ്റസ്റ്റ്; കുട്ടിസഖാക്കള്‍ വക; കനൽ ഒരു തരി മതി

sfi-thiruva12
SHARE

ചരിത്രദിനമാണ്. ശുഭ്രപതാകയുടെ സ്വയംഭരണ പ്രദേശമെന്ന് എസ്എഫ്ഐ പരസ്യമായും അത് അങ്ങനെ തന്നെയെന്ന് ഒരു മതിലിനപ്പുറമുള്ള എകെജി സെന്‍റര്‍ രഹസ്യമായും സമ്മതിക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ചിലത് നടന്നു.

ക്യാംപസില്‍ പാട്ടുപാടിയ വിദ്യാര്‍ഥിയെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ പരസ്യ ശിക്ഷ. പാര്‍ട്ടിക്കാരന്‍ കൂടിയായ വിദ്യാര്‍ഥിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കി. നവോഥാനത്തിന്‍റെ ലേറ്റസ്റ്റ് വേര്‍ഷന്‍ കുട്ടിസഖാക്കള്‍ പരീക്ഷിച്ചതാകും. മൂത്ത സഖാക്കളുടെ കത്തിക്കുത്ത് കഥകള്‍ കേട്ടും അറിഞ്ഞും വളരുന്ന ഇളമുറ നേതൃത്വത്തില്‍ എത്താനുള്ള കുറുക്കുവഴി തേടിയതാകാനും മതി.

പക്ഷേ ഇതല്ല നമ്മള്‍ പറഞ്ഞുവന്ന ചരിത്രം. എസ്എഫ്ഐ എസ്എഫ്ഐ എന്നുമാത്രം മുദ്രാവാക്യം ഉയര്‍ന്നിരുന്ന ക്യാംപസ് ഇന്ന്് വിദ്യാര്‍ഥി ഐക്യം എന്ന് ഉറക്കെവിളിച്ചു. ഈ മതിലുകള്‍ക്ക് അങ്ങനെയൊരു മുദ്രാവാക്യം പരിചിതമല്ല. മതിലുകള്‍ക്കെന്നല്ല തലസ്ഥാനത്തെ ആ വഴിത്താരകള്‍ക്കും. അതുകൊണ്ട് തിരുവനന്തപുരം മൂക്കത്ത് വിരല്‍വച്ചാണ് യൂണിവേഴ്സിറ്റി കോളജിനെ നോക്കികണ്ടത്. ഫാസിസമാണ് പ്രതിയെന്ന് കണ്ണടച്ച് പറയരുത്.  ഇക്കുറി വില്ലന്‍ കമ്യൂണിസമാണ്. 

കോളജിലേക്ക് വരും മുമ്പ് എസ്എഫ്ഐയെക്കുറിച്ച് അല്ലെങ്കില്‍ കുട്ടിസഖാക്കളെക്കുറിച്ച് വിദ്യാര്‍ഥികള്‍ അറിഞ്ഞുതുടങ്ങുന്നത് സിനിമകളിലൂടെയാണ്. നിവിന്‍ പോളിയൊക്കെ അടിപൊളിയായി പഞ്ചില്‍ അത് പറഞ്ഞു നല്‍കുന്നുമുണ്ട്. 

എന്നാല്‍ കോളജിലെത്തിക്കഴിയുമ്പോള്‍ എസ്എഫ്ഐ മെമ്പര്‍ഷിപ്പ് കിട്ടികഴിയുമ്പോള്‍ യൂണിവേഴ്സിറ്റി കോളജ് കുട്ടിസഖാവ് മറ്റൊരു നിവിന്‍ പോളിയാകും.

ഇതാണ് ശരിക്കും പ്രശ്നം. നാടിനെയും ഭരണകൂടത്തെയും പൊലീസിനെയുമെല്ലാം ഇത്രയും നാള്‍ വിറപ്പിച്ചുകൊണ്ടിരുന്ന മുദ്രാവാക്യങ്ങള്‍ എസ്ഐഫ്ഐയെ തിരിഞ്ഞു കൊത്തുന്ന കാഴ്ചയാണ് കണ്‍മുന്നില്‍. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഈ ക്യാംപസിലെ സഖാക്കള്‍ക്ക് പിടിപ്പതു പണിയുണ്ടായിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ചുകള്‍ അക്രമാസക്തമാക്കണം. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കണം, പെട്രോള്‍ ബോംബുണ്ടാക്കണം അങ്ങനെയങ്ങനെ. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ നിന്നിറങ്ങിയതോടെ അക്ഷരാര്‍ഥത്തില്‍ ബോറഡിയാണ്.

കല്ലെറിയാനുള്ള ആവേശം സഹിക്കവയ്യാതാകുമ്പോള്‍ ശംഖുമുഖത്തോ കോവളത്തോ പോയി കടലിലേക്ക് ആഞ്ഞു കീച്ചുകയാണത്രേ ഇപ്പോള്‍ പതിവ്. അപ്പോളാണ് സ്വന്തം ക്യാംപസിലെ ജൂനിയേഴ്സിനുമേല്‍ ഈദി അമീന്‍ ഭരണം നടത്തിക്കളയാം എന്നു കരുതിയത്. പക്ഷേ ഇക്കുറി കാര്യംങ്ങള്‍ കൈവിട്ടുപോയി.

പണ്ട് സോളര്‍ സമരകാലത്ത് എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് വളയാന്‍ തീരുമാനിക്കുന്നു. അന്ന് ഏവരും ഭയപ്പെട്ടത് യൂണിവേഴ്സിറ്റി കോളജിനെയായിരുന്നു. കനല്‍ ഒരു തരമതിയെന്ന മുദ്രാവാക്യമൊന്നും പിറന്നിട്ടില്ലാത്ത കാലം. തീപ്പന്തമായി ജ്വലിക്കാന്‍ ശേഷിയുള്ള ക്യാംപസിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നൈസായി ഫ്യൂസാക്കി കളഞ്ഞു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പട്ടാളത്തിന്‍റെ സേവനം തേടിയ ചാണ്ടിച്ചന്‍ അവര്‍ക്ക് ക്യാംപായി നല്‍കിയത് യൂണിവേഴ്സിറ്റി കോളജായിരുന്നു. അന്ന് കുറുവടീം ക‍ഠാരേം കുറെ ഇവിടെനിന്ന് നീക്കിയതാണ്. പേനക്കുപകരം പേനക്കത്തി തിരുകുന്ന ക്യാപസ് അത്ര നല്ലതല്ലല്ലോ.

സംഭവം രാജ്യം മുഴുവനറിഞ്ഞു. ഒരാളൊഴികെ. അത് ആ കോളജിലെ പ്രിന്‍സിപ്പലായിരുന്നു. രാത്രിയില്‍ ബുക്കുവായിച്ച് പഠനത്തില്‍ മുഴുകിയതിനാല്‍  കരണ്ടുപോയ് ഇരുട്ടായതുപോലും അറിഞ്ഞില്ലെന്നു പറയുന്നവന്‍റെ നിഷ്ടകളങ്കത ഒരിക്കല്‍കൂടി കാണാനായി

ഇനി സംഘടനയുടെ വിശദീകരണമാണ്. രണ്ടു ഡിപ്പാര്‍ട്ടുമെന്‍റുകള്‍ തമ്മിലുണ്ടായ ചെറിയ കച്ചറ. ഇതാണ് എസ്എഫ്ഐയുടെ വിശദീകരണം. ഇതിലും നല്ലത് ഇവിടെ ഒന്നും സംഭവിച്ചില്ല. എല്ലാം നിങ്ങളുടെ തോന്നലാണ് എന്നു പറയുന്നതായിരുന്നു. ഈക്വിലാബ് സിന്ദാബാദ് എസ്എഫ്ഐ മൂര്‍ദ്ധാബാദ് എന്നു കേള്‍ക്കാന്‍ കേരളത്തിനെന്നല്ല ലോകത്തിനുതന്നെ ആദ്യമായാണ് അവസരം കിട്ടുന്നത്. അതുണ്ടാക്കിത്തന്ന സംഘടനക്ക് നന്ദി. എസ്എഫ്ഐ  സംസ്ഥാന സെക്രട്ടറി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ലൈനില്‍ ഒന്നും നമ്മുടെ തെറ്റല്ല എന്ന് വ്യക്തമാക്കി. ഈ മികച്ച വിശദീകരണത്തോടെ സച്ചില്‍ ഡിവൈഎഫ്ഐയില്‍ പോലുമെത്താതെ നേരെ സിപിഎം അംഗത്വത്തിന് അര്‍ഹത നേടി

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...