ചെന്നിത്തലയുടെ കണക്കുപുസ്തകം; പാഠം ഒന്ന് പോരാട്ടം

ramesh-chennithala-10
SHARE

മാധ്യമങ്ങളെ കണ്ട് എന്തൊക്കെ എങ്ങനെയൊക്കെ പറയണം എന്നുറപ്പിച്ചാണ് പ്രതിപക്ഷ തലവന്‍ രമേശ് ചെന്നിത്തല ഇന്ന് എണീറ്റതു തന്നെ . കുറെയായി ഇങ്ങനെ ഉഷാറോടെ ഒക്കെ ഒന്ന് വല്ലതും പറഞ്ഞിട്ട്. ഇതിപ്പോ കാനം രാജേന്ദ്രന്‍ ഒന്നും സീനിലില്ലാത്ത നേരമാണ്. ഒരു പ്രതിപക്ഷമാണെന്ന വിചാരം നിയമസഭയ്ക്ക് പുറത്ത് നാട്ടുകാരെ അറിയിക്കേണ്ട ചെറുതല്ലാത്ത ബാധ്യത ഉണ്ട്. എന്നാ പിന്നെ അതിനുള്ള കൃത്യമായ സമയം ഇതാണെന്ന് ചെന്നിത്തല അങ്ങ് തീരുമാനിച്ചുള്ള വരവാണ്. പിണറായി സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനമല്ലേ പ്രതിപക്ഷ നേതാവ് നടത്തിയത് എന്നൊക്കെ കോണ്‍ഗ്രസുകാര്‍ പറയും. പക്ഷേ യുദ്ധം ചെയ്ത് അത് കാണിക്കുന്നത് വരെ നമ്മളങ്ങളനെ വിശ്വസിക്കേണ്ട കാര്യമില്ല.

വൈദ്യുതി ചാര്‍ജ് കൂട്ടിയത് അറിഞ്ഞപ്പോഴാണ് ചെന്നിത്തലയുടെ തലയില്‍ ആയിരം വോള്‍ഡ് ബള്‍ബ് കത്തിയത്. ഉടനെ പ്രതികരണവുമായി രംഗത്തെത്തി. പക്ഷേ കറന്‍റ് മന്ത്രി മണിയാശാന്‍ നാടന്‍ ശൈലിയിലെ അതിനെ നേരിട്ടതോടെ കറന്‍റടിച്ച അവസ്ഥയിലായിപ്പോയതാണ് ചെന്നിത്തല. പക്ഷേ ഇന്ന് കണക്കുപുസ്തകവുമൊക്കെ ആയിട്ടാണ് നേരിടാനെത്തിയത്. 

പക്ഷേ പിണറായി സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരം വിലവര്‍ധനയൊക്കെ ചെറിയ കാര്യമാണ്. ഇതൊന്നും വര്‍ധനയേ അല്ലെന്നാണ് മണിയാശാന്‍ വരെ പറയുന്നത്. ഇതിപ്പോ മഴ ചതിക്കുന്ന കാലമാണ്. അങ്ങ് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്ററില്‍ മഴ പെയ്തതോടെ തോറ്റുപോയത് ഇന്ത്യയാണ്. ഇവിടെ കേരത്തില്‍ മഴ പെയ്യാതിരുന്നതോടെ തോറ്റുപോയത് മലയാളികളാണ്. രണ്ടുപേര്‍ക്ക് മഴമൂലം കനത്ത ഷോക്കായി പോയി കിട്ടിയത്. 

ചെന്നിത്തല ആ പറഞ്ഞത് പോയിന്‍റ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിനെതിരെയും സംസ്ഥാന ഭരിക്കുന്ന സര്‍ക്കാരിനെതിരെയും ഇങ്ങനെ പോയിന്‍റിട്ട് വിമര്‍ശിക്കുന്നതില്‍ ഈ രമേശ് ചെന്നിത്തല മാതൃകയാക്കിയത് ആരെയെന്ന് അന്വേഷിച്ചപ്പോഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടിയത്. അത് സാക്ഷാല്‍ പിണറായി വിജയനെയായിരുന്നു. 2014ല്‍ അന്ന് മുഖ്യമന്ത്രിയല്ലാത്ത കാലത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേയും മോദി സര്‍ക്കാരിനേയും വിമര്‍ശിച്ച് പിണറായി സഖാവ് ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് കോപ്പിയടിച്ചല്ലേ ഈ ചെന്നിത്തല ഇന്ന് രണ്ട് പറയാന്‍ എത്തിയത്. നോക്കൂ...അന്നത്തെ പോസ്റ്റ് ഇങ്ങനെയാണ്...........(പോസ്റ്റ് വായിക്കുന്നു.) വിധിയുടെ വിളയാട്ടം എന്നൊക്കെ പറഞ്ഞാല്‍ അതിതാണ്. 

അപ്പോ പ്രതിപക്ഷത്തിന്‍റെ സമരകാലമാണ് വരാന്‍ പോകുന്നത്. ഇതിനൊക്കെ ആളെ കിട്ടുമെന്ന ശുഭാക്തി വിശ്വാസം ചെന്നിത്തലയ്ക്കുണ്ട്. ഒന്നാമത് കുറെയായി വല്ലതും പറഞ്ഞ് ഒന്നു ശരീരം ഇളകിയിട്ട്. അതുകൊണ്ട് പ്രതിപക്ഷഎംഎല്‍എമാര്‍ തന്നെ മാതൃകാസമരപ്പോരാളികളായി അണികളെ ഉഷാറാക്കാനാണ് ശ്രമിക്കുന്നത്. 

നാട്ടി‍ല്‍ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ആളുകള്‍ പെടാപാടുപെടുമ്പോഴും അതോര്‍ത്ത് സമരത്തിനിറങ്ങുന്നതിനെക്കുറിച്ചൊക്കെ പലരും ആലോചിക്കുമ്പോഴാണ് ഉത്തരാഖണ്ഡ്  ബിജെപി എംഎല്‍എ തോക്കും പിടിച്ച് തുള്ളിച്ചാടുന്നത് കണ്ടത്. ആള് ചില്ലറക്കാരനല്ല. മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രണവ് സിങ് ചാംപ്യനാണ് തന്‍റെ നൃത്തത്തിന് തോക്ക് കൊണ്ട് പുതിയ രംഗഭാഷ്യം ഒരുക്കിയത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോയെന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

നെടുങ്കണ്ടത്ത് കസ്റ്റഡ് കൊലക്കേസില്‍ വല്ലതും പറയണമെന്ന് സിപിഐക്ക് തോന്നിയത് ഇക്കഴിഞ്ഞ ദിവസമാണ്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഒട്ടും ഫോമിലല്ലാതെ ഉള്‍വലിഞ്ഞു നില്‍ക്കുന്ന നേരത്ത് ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ ആ ദൗത്യം അങ്ങ് ഏറ്റെടുത്തു. ഇടതുപക്ഷത്തിന്‍റെ പൊലീസ് നയങ്ങളെ വിശദീകരിച്ചായിരുന്നു ദൗത്യത്തിന് തുടക്കം.

ഇടുക്കിയില്‍ സിപിഎം എന്നു പറഞ്ഞാല്‍ അത് മണിയാശാനാണ്. ആശാന്‍ കഴിഞ്ഞാല്‍ പിന്നെ രാജേന്ദ്രന്‍ എംഎല്‍എ അതേറ്റെടുക്കും. മലയോരത്ത് എന്ത് നടന്നാലും അതിലേക്ക് ആശാനും കടന്നുവരും. ആശാനറിയാതെ ഒരില അനങ്ങുകയോ ചോലകളില്‍ നിന്ന് ഒരിറ്റു നീരു ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുകയോ ചെയ്യില്ല. അതുകൊണ്ട് കസ്റ്റഡിയെക്കുറിച്ച് ഡിജിപി അറിഞ്ഞില്ലെങ്കിലും മണിയാശാന്‍ അറിയുമെന്ന് ശിവരാമനറിയാം.

പണ്ട് ഭൂമിക്കയ്യേറ്റക്കേസില്‍ സിപിഐ വേഴ്സസ് മണിയാശാന്‍ ഒന്ന് അരങ്ങേറിയതാണ്. എല്ലാം നാടന്‍ ശൈലിയില്‍ ആയതുകൊണ്ട് ആശാന് പരിക്കൊന്നും പറ്റാതെ പാര്‍ട്ടി നോക്കി. പിന്നെ ഒരു മിണ്ടുന്നത് കുറക്കാനൊരു ഉപദേശവും കൊടുത്തു. അന്ന് തൊട്ട് ഇന്നേവരെ ആശാന്‍ തന്‍റെ നാടന്‍ പ്രയോഗങ്ങളെ കടിച്ചുപിടിച്ചായിരുന്നു നടപ്പ്. എന്നാലും ഇടക്കിടെ ഒന്ന് ഒച്ചയിടും. ശീലമായിപ്പോയി.

കമ്മ്യൂണിസം പഠിപ്പിക്കാന്‍ സിപിഐ എപ്പോ മുതിരുന്നുവോ അപ്പോ കോണ്‍ഗ്രസുമായുള്ള പഴയ ബന്ധം സിപിഎം എടുത്തിടും. പക്ഷേ അതൊക്കെ വെറും സൗന്ദര്യപ്പിണക്കം മാത്രമായി കണ്ടാമതി. കമ്മ്യൂണിസം പ്രാവര്‍ത്തികമാവാത്തതിന്‍റെ വിഷമത്തില്‍ സിപിഐ ഏതായാലും മുന്നണി വിടുകയൊന്നും ഇല്ല. അങ്ങനെ ഇല്ലെന്ന് സിപിഎമ്മിനും നന്നായിട്ടറിയാം. പിന്നെ ഇതൊക്കെ ഒരു തരം ഷോയാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...