മിസ്ഡ്‍കോൾ അടിച്ച‌ാൽ മതിയല്ലോ?; എന്തിനീ ഒളിവുജീവിതം?; കന്നഡനാടകം

karnataka-thiruva-ethirva
SHARE

ബിജെപി രാജ്യത്ത് അംഗത്വവിതരണത്തിന്‍റെ തിരക്കിലാണ്. ഈ വിതരണകാലം നേരത്തെ മനസിലാക്കിയാണ് കര്‍ണാടകയില്‍ വിമത സ്വരം കടുപ്പിച്ച്  കോണ്‍ഗ്രസ് എംഎല്‍എമാരും ജെഡിഎസ് എംഎല്‍എമാരും നാടുവിട്ടത് എന്നാണ് ഇന്‍റലിജന്‍സ് വിവരം. പക്ഷേ ഒരു മിസ്ഡ്‍കോൾ അടിച്ച് അംഗത്വം എടുക്കാന്‍ മൊബൈല്‍ ഫോണ്‍ മതിയല്ലോ പിന്നെന്തിനാണ് ഈ ഒളിവുജിവിതം എന്ന് എത്രയായിട്ടും മനസിലാകുന്നില്ല. അതെന്തെങ്കിലുമാകട്ടെ, കേരളത്തിലേക്ക് വന്നാല്‍ എ.പി. അബ്ദുല്ലക്കുട്ടിയെയൊക്കെ കിട്ടിയതിന്‍റെ ഉഷാറിലാണ് ബിജെപി നേതൃത്വം. ഒരു മിസ്കോളില്‍ ആരംഭിക്കുന്നതാണ് ബിജെപി ബന്ധം എങ്കിലും സ്റ്റേജ് കെട്ടി നാലാളേയും കൂട്ടി വിളക്കൊക്കെ തെളിയിച്ചേ പരിപാടി തുടങ്ങുകയുള്ളു. പാര്‍ട്ടി അധ്യക്ഷന്‍ പിള്ളാജിയാണെങ്കില്‍ ഏഴാംസ്വര്‍ഗത്തിലാണുതാനും. തന്‍റെ അധ്യക്ഷകാലജീവത്തിനിടയിലെ മറ്റൊരു സുവര്‍ണാവസരമായാണ് പിള്ളവക്കീല്‍ ഈ അംഗത്വവിതരണത്തെ വിലയിരുത്തുന്നത്. ബിജെപിയുടെ പടിക്കലില്‍ ആരൊക്കെയോ കാത്തുനില്‍ക്കുന്നുണ്ടെന്ന് പറയാന്‍ തുടങ്ങിട്ട് കാലം കുറച്ചായി. എങ്കിലും ശ്രീധരന്‍ പിള്ളയ്ക്ക് സ്വപ്നം കാണാനൊക്കെ അവകാശമുണ്ട്. ഈ കോണ്‍ഗ്രസ് പാര്‍ട്ടിയും നേതാക്കളും ഉള്ളപ്പോള്‍ ബിജെപിക്കും പിള്ളാജിക്കും ധൈര്യമായി സ്വപ്നം കാണാം.

******************************* 

ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സന്തോഷിക്കാന്‍ വല്ലതും ഉണ്ടായിരുന്നോന്ന് ചോദിച്ചാല്‍ സിപിഎം റിപ്പോര്‍ട്ട് വരുന്നതുവരെ ഇല്ല എന്നാണ് മറുപടി. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച ഭയപ്പെടേണ്ടതുണ്ടെന്ന് സിപിഎം റിപ്പോര്‍ട്ടില്‍ അച്ചടിച്ചപ്പോഴാണ് സാക്ഷാല്‍ ശ്രീധരന്‍ പിള്ളയ്ക്ക് വരെ ഒരു ചിരി വന്നത്. പിന്നെ അത് വിശ്വസിക്കലായിരുന്നു പ്രയാസം. പക്ഷേ ഇപ്പോ വിശ്വസിച്ചു. അതില്‍പിന്നെ  നല്ല ആശ്വാസമുണ്ട്. ആവേശവും.  ബിജെപിക്ക് ഇത്തവണ വോട്ട് കൂടിയതിനെതുടര്‍ന്ന് ബിജെപി ഓഫിസുകളിലൊക്കെ പിണറായി വിജയന്‍ സഖാവിന്‍റെ ഫോട്ടോ വച്ച്  പാര്‍ട്ടിയുടെ ഐശ്വര്യം എന്ന് എഴുതാനൊക്കെ തുനിഞ്ഞതാണെന്ന് ചില ദോഷൈകദൃക്കുകള്‍ പറഞ്ഞു നടക്കാറുണ്ടെങ്കിലും ബിജെപിയുടെ മുന്നേറ്റം അംഗീകരിക്കാന്‍ സിപിഎമ്മിന്‍റെ റിപ്പോര്‍ട്ട് തന്നെ വേണ്ടിവന്നുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഇങ്ങനെ പരസ്യമായി പ്രഖ്യാപിച്ചത് കടുംകൈയ്യായിപ്പോയി. 

**************************************

ബുദ്ധിയുള്ളവര്‍ കാര്യങ്ങള്‍ വിലയിരുത്തട്ടേയെന്നും കൂടെ പറയായിരുന്നു ശ്രീധരന്‍ പിള്ളാജി. ബിജെപിയെ സംബന്ധിച്ച് ബുദ്ധിക്ക് വല്യ പ്രാധാന്യം ഇല്ലെന്ന് കരുതുന്നവര്‍ക്ക് ഇങ്ങനെ ഓരോന്ന് ഇട്ടുകൊടുക്കരുത്.

******************************************

ഇത് ശ്രീധരന്‍ പിള്ള മാത്രം നല്‍കുന്ന ഒരു സംസ്ഥാന ഓഫര്‍ മാത്രമാണ്. ദേശീയ തലത്തില്‍ ഇതിനു ശാഖകളില്ല. കോണ്‍ഗ്രസ് വിമുക്തഭാരതമാണ് മോദിജിയും ഷാജിയും മുന്നോട്ട് വയ്ക്കുന്നത്. ഇനി ഈയടുത്ത കാലത്ത് ബിജെപിക്കാരനായ അബ്ദുല്ലക്കുട്ടിയുടെ ഊഴമാണ്. ആളിപ്പോ ബിജെപിയായതോടെ ഭാഷയിലൊക്കെ മാറ്റം വന്നിട്ടുണ്ട്. പുണ്യത്തെക്കുറിച്ചൊക്കെയാണ് മിണ്ടാന്‍ തുടങ്ങി.

*********************************************

അപ്പോ സിപിഎമ്മില്‍ ഇരിക്കുമ്പോഴും കോണ്‍ഗ്രസില്‍ ഇരിക്കുമ്പോഴും ചെയ്തത് തെറ്റാണെന്നൊരു ബോധം താങ്കള്‍ക്കുണ്ടെന്ന്  മനസിലാക്കിത്തന്നത് നന്നായി. പക്ഷേ അന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ മോദിസ്തുതിയെ തിരുത്താന്‍ ആ പാര്‍ട്ടി പറഞ്ഞിട്ടും തിരുത്താതിരുന്ന അബ്ദുല്ലക്കുട്ടിയെ ആണല്ലോ കോണ്‍ഗ്രസ് ഇത്രയും കാലം ചുമന്നോണ്ട് നടന്നതെന്ന് അറിയുമ്പോഴാണ് ആ പാര്‍ട്ടിയോടുള്ള സഹതാപം കൂടിക്കൊണ്ടിരിക്കുന്നത്. 

**************************************

ശരി, പക്ഷേ ഇതേ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ പറഞ്ഞ പാരമ്പര്യമുള്ള ഒരു സംഘടനയായ ആര്‍എസ് എസിന്‍റേതാണ് ബിജെപിയുടെ ആദര്‍ശമെന്നത് അബ്ദുല്ലക്കുട്ടിക്ക് അറിയാന്‍ വഴിയില്ലാത്തതൊന്നും ആവില്ല. ഏകാത്മകാ മാനദര്‍ശനം എന്നുമാത്രമേ അബ്ദുല്ലക്കുട്ടി കേട്ടിട്ടുണ്ടാവുകയുള്ളു. അതിന്‍റെ പ്രയോക്താക്കളുടെ വിഭജനരാഷ്ട്രീയം ഇനി എന്തായാലും അബ്ദുല്ലകുട്ടി കാണാന്‍ ശ്രമിക്കില്ല. കാണേണ്ട കാര്യവും ഇല്ല. 

************************************

ഇനിയൊരു ഇടവേളയാണ്. അത് കഴിഞ്ഞാല്‍ ജോസ് കെ മാണിയും കര്‍ണാടക ചരിതവും അരങ്ങിലെത്തും. 

***********************************

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ പരിപാടികളൊക്കെ ഇപ്പോ ഡബിള്‍ അടിക്കുകയാണ്. അനുസ്മരണം പി.ജെ. ജോസഫും കൂട്ടരും നടത്തും. പിന്നാലെ ജോസ് കെ.മാണിയും കൂട്ടരും വേരെ പരിപാടി. നാടുതോറും രണ്ടുതരക്കാരാല്‍ ഇങ്ങനെ ഓര്‍മിപ്പിക്കപ്പെടുമെന്ന് കെ.എം.മാണിപോലും ജീവിച്ചിരുന്ന കാലത്ത് സ്വപ്നം കണ്ടിട്ടുണ്ടാവില്ല. കെ.എം. മാണി കൊണ്ടുവന്ന കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇന്ന് ജോസ് മോനും കൂട്ടരും ധര്‍ണ ഇരുന്നത്. നാളെ ജോസഫും ടീമും വരാനാണ് സാധ്യത. പക്ഷേ നാട്ടുകാര്‍ക്ക് ഇതിലേതാണ് ശരിക്കും പാര്‍ട്ടി എന്നൊന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

****************************************

കാരുണ്യം ഇപ്പോള്‍ ശരിക്കും വേണ്ടത് കെ.എം.മാണിയുടെ ഓര്‍മകള്‍ക്കാണ്. പാര്‍ട്ടി ചിഹ്നം രണ്ടിലയെന്ന് കരുതി രണ്ടായി ഇങ്ങനെ വീശിയടിക്കരുത്.

***************************************കര്‍ണാടകയിലെ നാടകം ഇങ്ങനെയാണ്. ഇടവേളയെടുത്ത് വേദിയിലെത്തും. പിന്നെ എംഎല്‍എമാര്‍ ഒളിവുജീവിതത്തിലാണ്. പണ്ടത്തെപ്പോലെയല്ല. ഇപ്പോ ലക്ഷ്വറി ഹോട്ടലിലും റിസോര്‍ട്ടിലുമൊക്കെയാണ് ഒളിവുജീവിതം. മുംബൈയില്‍ അര്‍മാദിച്ച് കഴിഞ്ഞ് മടുക്കുമ്പോ ഗോവയിലേക്ക് കുതിക്കും. എല്ലാം ബസിലാണ് യാത്ര. ഒരു ടൂറിസം പ്രോഗാം. അതുതന്നെ. ഇതിപ്പോ ഭരണകക്ഷിയായ കോണ്‍ഗ്രസിലെയും ജെഡിഎസിലേയും എംഎല്‍എമാരുണ്ട് . മൊത്തെ പത്തുപതിനാലുപേരുവരും. ആര്‍ക്കും കുമാരസ്വാമിയെ വേണ്ട. പക്ഷേ കുമാരസ്വാമിയല്ല ഇതിനൊന്നും ഉത്തരവാദി. അത് കോണ്‍ഗ്രസ് പാളയത്തിലെ മറ്റുചില അടിതടവുകളാണ്. പക്ഷേ പോയത് സര്‍ക്കാരിന്. യോഗം വിളിച്ചുകൂട്ടി വിമതരില്ലെന്ന് തെളിയിക്കാന്‍ മെനക്കെട്ടപ്പോള്‍ ഉള്ളവരും കൂടി വരാതായ അവസ്ഥയിലാണ് കോണ്‍ഗ്രസ്. 

*****************************************

അമിത് ഷാജി ബിജെപിയുടെ മാത്രം ചാണക്യനല്ലെന്ന് ഇനി പറയണം. ഇന്ത്യന്‍ രാഷ്ട്രീയത്തിന് തന്നെ പുതിയ ദിശാബോധം നല്‍കിയ തന്ത്രജ്ഞന്‍ എന്നൊക്കെ വേണം ഇനി വിളിക്കാന്‍. മണിപ്പൂരിലും ഗോവയിലുമൊക്കെ അങ്ങേരു കാട്ടിക്കൊടുത്ത മാതൃക പിന്തുടര്‍ന്നാണല്ലോ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ജെഡിഎസിന് പോയി പിന്തുണ കൊടുത്തത്. വീണ്ടും പന്ത് ഷാജിയുടെ കോര്‍ട്ടിലാണ്. അങ്ങ് ഡല്‍ഹിയില്‍ ഇരുന്ന് തന്ത്രം മെനയുകയാണെന്നാണ് കരക്കമ്പി.

************************************************

എത്രയും പെട്ടന്ന് കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാക്കിക്കൊടുക്കണം. അതിന് ഷാജി തന്നെ രംഗത്തിറങ്ങണം. കേന്ദ്രബജറ്റില്‍ ചാക്കിന് നികുതി വര്‍ധന നല്‍കാത്തതിന്‍റെ കാരണം ഇത്തരം അവസരങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന് ഇപ്പോ എല്ലാവര്‍ക്കും മനസിലായില്ലേ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...