ഷോക്കേറ്റ് ചെന്നിത്തല; ഇനിയും ഷോക്കേൽക്കാൻ ജീവിതം ബാക്കി

chennithala-08
SHARE

ചെന്നിത്തല ഒന്ന് അഡ്വാന്‍സായി ഞെട്ടി എന്നേയുള്ളൂ. സകലമാന ആളുകളും അടുത്തമാസം കറന്റ് ബില്ല് കയ്യില്‍കിട്ടുമ്പോള്‍ നല്ലോണം ഞെട്ടുമെന്നുറപ്പാണ്. സര്‍ക്കാരിന് കിട്ടുന്ന ഷോക്കില്‍ ഒരുപങ്ക് പാവം നാട്ടുകാര്‍ക്ക് കൊടുക്കുന്നതില്‍ തെറ്റ് പറയാനാവില്ല. നെടുങ്കണ്ടത്തെ പൊലീസുകാര്‍ കൊടുത്ത ഷോക്കില്‍ പാതിബോധത്തില്‍ നില്‍ക്കുമ്പോഴാണ് വൈദ്യുതി ചാര്‍ജ് ഇത്തിരി കൂട്ടിയാലോ എന്ന് സര്‍ക്കാരിന് തോന്നിയത്. ചെറിയ ഷോക്ക് കൊടുത്താല്‍ ഈ പ്രതിഷേധക്കാരുടെ ബഹളവും ഒന്നടങ്ങും. ഐഡിയ കൊള്ളാമെന്ന് തോന്നിയപ്പോള്‍ വൈദ്യുതി നിരക്ക് കുത്തനെ അങ്ങ് കൂട്ടി. വൈദ്യുതിയില്‍ തൊട്ട് കളിക്കുന്നവര്‍ ഇനി സൂക്ഷിച്ചോ.

പാവം പ്രതിപക്ഷനേതാവ് പൊട്ടിക്കരയുകയാണ്. കേരളത്തിലിനി ജീവിക്കാന്‍ മേലാത്ത സ്ഥിതിയാണ്. കണ്ണുതുറന്നാല്‍ ഞെട്ടുന്ന വാര്‍ത്തകളേയുള്ളൂ. പ്രളയത്തിന് ശേഷം നല്ല രീതിയിലൊന്ന് ഉറങ്ങിയിട്ടില്ല. വൈദ്യുതി ചാര്‍ജ് കൂട്ടിയതോടെ മുന്നില്‍ ഇരുട്ടായി. കേരളം വിടാമെന്ന് വിചാരിച്ചാല്‍ എങ്ങോട്ട് പോകാനാണ്. കോണ്‍ഗ്രസിനെ നിലംതൊടീക്കാത്ത നാട്ടിലേക്ക് പോയിട്ടെന്ത് കിട്ടാനാണ്. അതിലും ഭേദം കേരളം തന്നെ. അതുകൊണ്ടാണ് കേരളത്തില്‍നിന്നുകൊണ്ട് പ്രതിഷേധിക്കാന്‍ പ്രതിപക്ഷ നേതാവ് തീരുമാനിച്ചത്.

സത്യം പറഞ്ഞാല്‍ ഇമ്മാതിരി ഷോക്കൊന്നും ഏല്‍ക്കാത്തയാളാണ് രമേശ് ചെന്നിത്തല. പക്ഷെ, പ്രധാനമന്ത്രിയാവാന്‍ നാട്ടിലിറങ്ങിയ രാഹുല്‍ജി പോലും മുങ്ങുന്ന കാലത്ത് ചെന്നിത്തലയ്ക്കും കാലിടറും. അതാണ് സംഭവിച്ചത്. പക്ഷെ, ആ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന ഒരു നേതാവ് കേരളത്തിലുണ്ട്. ശ്രീമാന്‍ മുല്ലപ്പള്ളി അവര്‍കള്‍. കോണ്‍ഗ്രസിനുകിട്ടിയ പുണ്യമെന്ന് നിസംശയം പറയാം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രവചന സിംഹം എന്നൊരു പേരു കൂടി കിട്ടിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പുവരുമ്പോഴും കോണ്‍ഗ്രസ് ക്രീസില്‍ പിടിച്ചുനിന്ന് സിക്സറിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. കുമ്പളം ബൈജു എന്നൊരു പേരുകൂടി കേരളത്തിലെ കോണ്‍ഗ്രസുകാരുടെ രക്ഷാധികാരിയെ കാത്തുകിടക്കുന്നുണ്ട്. സിക്സറിടിച്ചാട്ടെ.

സംഗതി ഇതൊക്കെയാണെങ്കിലും ക്യാപ്റ്റനില്ലാതെ എങ്ങനെ കളി ജയിക്കുമെന്നൊരാശങ്ക പൊതുവെ കോണ്‍ഗ്രസുകാര്‍ക്കിടയിലുണ്ട്. രാഹുല്‍ ഗാന്ധി കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചതോടെ പകരക്കാരുടെ തിക്കും തിരക്കുമാണ്. തൊണ്ണൂറും നൂറും പിന്നിട്ട നല്ല ഉശിരന്‍ ചെറുപ്പക്കാര്‍ ക്യാപ്റ്റനാവാന്‍ രംഗത്തുണ്ട്. അത് എന്തെങ്കിലും ആകട്ടെ, കേരളത്തിലെ കോണ്‍ഗ്രസിന് ഇതൊന്നും ഒരു പ്രശ്നമേയല്ലെന്നാണ് മുല്ലപ്പള്ളി പറയുന്നത്. പുനഃസംഘടനയാണ് അടുത്ത ലക്ഷ്യം. അത് പുഷ്പം പോലെ നടത്തും. രാഹുല്‍ ഗാന്ധി വയനാട്ടില്‍വന്നപ്പോള്‍ അടുത്തുവിളിച്ച് ചെവിയില്‍ പറഞ്ഞത്രെ, രാമചന്ദ്രാ നീ അടിച്ചുപൊളിച്ചോ എന്ന്.

പുനഃസംഘടനയൊക്കെ നല്ലതുതന്നെ. ഒടുവില്‍ അതിന്റെ പേരില്‍ ഉള്ള ആളുകള്‍ പാര്‍ട്ടിവിടുന്ന അവസ്ഥ ഉണ്ടാവാതെ നോക്കണം. കര്‍ണാടകയില്‍മാത്രമല്ല, നാലഞ്ചുകോണ്‍ഗ്രസുകാര്‍ കൂടുന്നിടത്തെല്ലാം ചൂണ്ടയുമായി ബിജെപി കണ്ണുംനട്ടിരിക്കുന്നുണ്ട്. അതോര്‍ത്താല്‍ നല്ലത്. അക്കരെ നിന്ന് ഇക്കരയ്ക്ക് എത്രപേരെ ചൂണ്ടാനാകുമെന്നാണ് നോട്ടം. അബ്ദുള്ളക്കുട്ടിപ്പാലം വഴിയാണ് ബിജെപിയിലേക്കുള്ള വഴി. കെ. സുധാകരനെയൊക്കെ നോക്കി വായില്‍ വെള്ളമൂറുന്നവരാണ് ബിജെപിയിലേറെയും.

അല്ല ഗോപാല്‍ജീ സുധാകരന്‍ മാത്രമാക്കേണ്ട, ആ രാജ് മോഹന്‍ ഉണ്ണിത്താനെയൊക്കെ കിട്ടുമോന്ന് നോക്കിക്കൂടെ. ഇനി ചരിത്രപ്രസിദ്ധമായ അബ്ദുള്ളക്കുട്ടിപ്പാലത്തെകുറിച്ച്. ഇടത് തൂണിലായിരുന്നു കുറേനാള്‍. അത് ഇളകിയപ്പോള്‍ കെ സുധാകരന്‍ കോണ്‍ട്രാക്ടര്‍ വലതുഭാഗത്തൊരു തൂണങ്ങ് ഫിറ്റ് ചെയ്തു. അടിപൊളി. പക്ഷെ, കാലവും കയ്യിലിരിപ്പും ആ തൂണും ഇളക്കി. പിന്നെ ഉത്തരേന്ത്യയിലെ വലിയ കമ്പനിക്കാര്‍ വന്ന് കരാര്‍ ഉറപ്പിച്ചു. പണിത ശേഷം കൈമാറാനല്ല, കയ്യില്‍വയ്ക്കാന്‍ തന്നെ. അങ്ങനെ കുറച്ച് ഹിന്ദുത്വ ചേര്‍ത്തങ്ങ് പണിതു. അതേറ്റു. ദേശീയ മുസ്ലീമായി അബ്ദുള്ളുക്കുട്ടിപ്പാലം നിലവില്‍വന്നു. ഇനി ദേശീയ ക്രിസ്ത്യാനികളെയും ദേശീയ കമ്യൂണിസ്റ്റുകാരെയുമൊക്കെ എളുപ്പത്തില്‍ ഇക്കരെയെത്തിക്കേണ്ടത് ഈ പാലത്തിന്റെ ഉത്തരവാദിത്തമാണ്. അത് നേരാംവണ്ണം ചെയ്തോണം. ഒരുമാതിരി പാലാരിവട്ടം പാലം പോലെ ഇളകിക്കളിക്കരുത്.

രാജ്യസ്നേഹികളെ കടന്നുവരൂ കടന്നുവരൂ. അതാണ് ബിജെപിക്കാരനാകാനുള്ള മിനിമം യോഗ്യത. നല്ലതുപറഞ്ഞാലും തെറി പറഞ്ഞാലും രാജ്യം എന്ന് തുടക്കത്തില്‍ പറയണം. ജനനീ ജന്‍മഭൂമിശ്ച സ്വര്‍ഗാധപീ ഗരീയസി എന്നൊക്കെ പഠിച്ച് പറഞ്ഞാല്‍ മെംബര്‍ഷിപ്പ് എപ്പോ കിട്ടിയെന്ന് ചോദിച്ചാല്‍ മതി. മിസ്ഡ് കോള്‍ വെറുതെ മിസ് ചെയ്യാനുള്ളതല്ലെന്ന് ഇനിയെങ്കിലും ശത്രുക്കള്‍ മനസിലാക്കണം.

മറ്റുപാര്‍ട്ടികളെപ്പോലെയല്ല ബിജെപി. ലക്ഷ്യബോധമാണ് അവരെ വെറിട്ടുനിര്‍ത്തുന്നത്. അമിത് ഷായുടെ കണ്ണ് കേരളത്തിലാണ് ഉന്നമിട്ടിരിക്കുന്നത്. അപ്പോള്‍ കേരളത്തിലെ ബിജെപിയുടെ കണ്ണോ ? അത് നോട്ടമിട്ടിരിക്കുന്നത് കണ്ണൂരിലാണ്. ഇത്തവണ മെംബര്‍ഷിപ്പ് വിതരണം പാര്‍ട്ടി ഗ്രാമങ്ങളില്‍ ഉല്‍വസമാക്കാനാണ് തീരുമാനം. എന്ത് സംഭവിക്കുമോ എന്തോ ?

ബിജെപിയുടെ അപ്പോത്തിക്കിരിയാണ് ഗോപാലകൃഷ്ണന്‍. നാളത്തെ കാര്യങ്ങള്‍ ഇന്നേ കണ്ടുപിടിച്ച് പറയുന്നതില്‍ അഗ്രഗണ്യന്‍.  സിപിഎം രോഗിയാണെന്നാണ് ഡോക്ടറങ്കിളിന്റെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ രോഗകാരണവും അതിന്റെ ലക്ഷണവുമൊക്കെ പറഞ്ഞാല്‍ ഉപകാരമായിരിക്കാം സാറേ.

മണ്ടരി ബാധിച്ചവര്‍ക്കും മണ്ട പോയവര്‍ക്കും മാത്രമാണോ ബിജെപിയില്‍ അംഗത്വം എന്നൊരു ചോദ്യം ചോദിക്കണമെന്നുണ്ടെങ്കിലും ഉത്തരമുണ്ടാവില്ല എന്ന് ഉറപ്പുള്ളതിനാല്‍ നിര്‍ത്തുന്നു. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...