പിന്നെപ്പറയാമെന്ന് സര്‍ക്കാര്‍; 'മുക്കുമന്ത്രിയോ' എന്ന് പ്രതിപക്ഷം; തിരുവാ എതിർവ

pinarayi
SHARE

പാലാരിവട്ടം പാലം പരിശോധിച്ച ഇ ശ്രീധരനും കൂട്ടരും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സിമന്‍റില്ലാതെ പാലം പണിതതിന്‍റെ ഗിന്നസ് റെക്കോഡിന് ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. സിനിമയില്‍ മാത്രമായിരുന്നു പാലം പൊളിയുന്ന സീനുകള്‍ മലയാളിക്ക് കാണാന്‍ ഇതുവരെ ഭാഗ്യം ലഭിച്ചിരുന്നത്. ഇനി കൊച്ചിയില്‍ വന്നാല്‍ തല്‍സമയം ആസ്വദിക്കാവുന്നതാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പണി തുടങ്ങിയ പാലം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ തലയില്‍ വീഴുമെന്ന് ഉമ്മന്‍ ചാണ്ടിയും ഇബ്രാഹിംകുഞ്ഞും കരുതിയിട്ടുണ്ടാവും

തന്‍റേതല്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ ശുഷ്കാന്തി കാണിക്കുന്ന മുഖ്യന്‍ സ്വന്തം വകുപ്പുകളുടെ കാര്യത്തില്‍ മൗനീബാവയാണെത്രേ. ഇത് കണ്ടുപിടിച്ചത് പിടി തോമസ് എംഎല്‍എയാണ്. സഭയില്‍ പ്രതിപക്ഷം കൊണ്ടുപിടിച്ച് ചോദ്യങ്ങള്‍ ചോദിക്കും. പിന്നെപ്പറയാം എന്നാണത്രേ സര്‍ക്കാര്‍ മറുപടി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ചുറ്റും നിന്ന് വീര്‍പ്പു മുട്ടിച്ചപ്പോള്‍ പിടി തോമസിന്‍റെ പിടിവിട്ടു. മുഖ്യമന്ത്രിയെന്നതിന് പകരം ഉത്തരം മുക്കുമന്ത്രി എന്ന് വിളിച്ചാലും തരക്കേടില്ലത്രേ. മുഖ്യന് ഉത്തരം മുട്ടി എന്ന് പ്രതിപക്ഷം പറയുന്നത് കണ്ണില്‍ ചോരയില്ലാത്ത പരിപാടിയാണ്. എത്ര ചോദ്യത്തിനാന്നുവച്ചാ പിണറായി വിജയന്‍ ഉത്തരം പറയുക. ഒരു പരിധിയില്ലേ

ഈ കെഎസ്‍യു പിള്ളേരെ സമ്മതിക്കണം. പിണറായിപ്പോലീസിന്‍റെ വീരകൃത്യങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന ഈ സമയത്തും അവര്‍ കാക്കിക്കുമുന്നിലൂടെ നെഞ്ചും വിരിച്ച് പ്രകടനം നടത്തി. പിന്നെ നടന്നത് പടക്കം പൊട്ടുന്ന അടിയായിരുന്നെന്നു മാത്രം. അടി കിട്ടിയ പിള്ളേര്‍ ചെന്നിത്തലയോട് പരാതി പറഞ്ഞു. ആരാടാ എന്‍റെ പിള്ളേരെ തൊട്ടതെന്നാക്രോശിച്ച് ആഭ്യന്തരനുമേല്‍ ചെന്നിത്തല ചാടി വീണു. നാക്കു പിഴ ചെന്നിത്തലയുടെ തലേവരച്ചിരിക്കുന്നതാണ്. ഗുമ്മില്‍ പറഞ്ഞുവരുമ്പോള്‍ ആ ഫ്ലോ കളയാന്‍ നാക്ക് ഒന്നുടക്കും

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...