ഒരു രാജിക്കത്തിന് വെക്കാൻ പോലും അഡ്രസില്ലാത്തവനായി രാഹുൽ

rahul-thiruva
SHARE

ആലോചിക്കുമ്പോ വലിയ വിഷമമാണ്. ഒരു സങ്കടം. കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോറ്റതിനേക്കാള്‍ അണികളെ സങ്കടപ്പെടുത്തുന്നത് പാര്‍ട്ടി അധ്യക്ഷനായിരുന്ന എന്നാല്‍ കഴിഞ്ഞ ഒരു മാസമായി അധ്യക്ഷപദവിയില്‍ നിന്ന് മനസുകൊണ്ടും ശരീരംകൊണ്ടും അകന്നു നിന്ന രാഹുല്‍ ഗാന്ധിയാണ്. ഒടുവില്‍ സ്വന്തം നിലയ്ക്ക് ഒരു രാജിക്കത്ത് എഴുതി നാട്ടുകാരെ അറിയിച്ചാണ് ആ ഒരു മാസത്തിലേറെ നീണ്ടു നിന്ന തിരക്കഥയെ വേറൊരു വഴിയിലെത്തിച്ചത്. അങ്ങനെ ഇന്ന ആള്‍ക്ക് എന്ന് പറഞ്ഞൊന്നും അല്ല ആ രാജിക്കത്ത്. അതാണ് അതിന്‍റെ മറ്റൊരു സങ്കടം. ഒരു രാജിക്കത്തിന്  വയ്ക്കാന്‍ പോലും അഡ്രസില്ലാത്തവനായിപ്പോയി രാഹുല്‍ ഗാന്ധി. 

മൊത്തം ശോകമാണ്. ഒരു സെന്‍റി പടം. ഗാന്ധി കുടുംബത്തില്‍ പെട്ടതിന്‍റെ സങ്കടം ഇത്രവ്യക്തമായി ജനങ്ങളോട് പറഞ്ഞ് വേറാരുണ്ട് ഈ രാജ്യത്ത്. എല്ലാവരും ആ കുടുംബത്തില്‍ പെട്ടതിന്‍റെ സൗഭാഗ്യമാണ് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ ദുരിതം പറയാന്‍ ഒരു രാഹുല്‍ ഗാന്ധി വേണ്ടിവന്നു. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വല്ല ഓഫിസില്‍ ക്ലര്‍ക്കോ മാനേജരോ മറ്റോ ആയിരുന്നെങ്കില്‍ ഒരു രാജിക്കത്ത് ഇങ്ങനെ അഡ്രസ് ചെയ്യാതെ കൊടുക്കേണ്ടി വരുമായിരുന്നില്ലല്ലോ. വേദനിക്കുന്ന ഒരു ഗാന്ധികുടുംബാംഗമാണ് രാഹുല്‍ ഗാന്ധി.

സത്യത്തില്‍ കോണ്‍ഗ്രസിലെ നേതാക്കളാരും ഇത് ഇപ്പോഴും വിശ്വസിച്ചിട്ടില്ല. മുല്ലപ്പള്ളി രാമചന്ദ്രന്‍ വരെ പറയുന്നത് രാജി തീരുമാനം തിരുത്തുമെന്നാണ്. എന്നുവച്ചാല്‍ സാധാരണ കോണ്‍ഗ്രസില്‍ അരങ്ങേറുന്ന നാടകത്തിലെ മറ്റൊരു അധ്യായം മാത്രമാണ് ഈ രാജിക്കത്ത്. ഒരുമാസം മുമ്പ് ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ ഇനി അധ്യക്ഷസ്ഥാനത്ത് താനില്ലെന്നും പറഞ്ഞ് മുറിയില്‍ കയറി വാതിലടച്ച ആളാണ് രാഹുല്‍. അത് ഈ നാടകത്തിലെ ആദ്യ അധ്യായം. രണ്ടാമത്തെ അധ്യായം രാഹുലിനെ വേണമെന്ന് പറഞ്ഞുള്ള നേതാക്കളുടേയും അണികളുടേയും സമരം. അതും കഴിഞ്ഞു. മൂന്നാം അധ്യായമാണ് ഈ രാജി. അതുകൊണ്ട് ഇനി രാജി പിന്‍വലിക്കണമെന്നാവും കോണ്‍ഗ്രസിലെ ആവശ്യം. ഇതിനൊക്കെ കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്ന പ്രശ്നം എന്താണെന്നുവച്ചാല്‍ പഴയ പോലെ നാടകം കളിക്കാന്‍ പാര്‍ട്ടിയില്‍ ഇപ്പോള്‍ വേണ്ടത്ര ആളില്ല എന്നതാണ്. 

ഒരു കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അഭിമാനിക്കാം. പാര്‍ട്ടിക്കുണ്ടായ വലിയ ഒരു പുരോഗതി എന്താണെന്ന് വച്ചാല്‍ സ്വന്തമായി രാജിക്കത്ത് എഴുതാന്‍ രാഹുല്‍ ഗാന്ധി ഇത്രയും കാലത്തിനിടെയുള്ള രാഷ്ട്രീയം പ്രവര്‍ത്തനംകൊണ്ട് പഠിച്ചു എന്നുള്ളതാണ്. മാത്രവുമല്ല താന്‍ കാര്യങ്ങളെല്ലാം സ്വയം തീരുമാനിച്ച് ചെയ്യാന്‍ മാത്രം പ്രാപ്തനായെന്നും ഇക്കാര്യത്തില്‍ തനിക്ക് ആരുടേയും സഹായം വേണ്ടെന്നും രാഹുലിന് തെളിയിക്കാനും സാധിച്ചു. ഇങ്ങനെയൊന്നും അല്ലാതെ ഈ 49 വയസ്സില്‍ വേറെ ഏതുനിലയ്ക്കാണ് ഇതൊക്കെ ഒന്ന് തെളിയിക്കാന്‍ ഒരവസരം കിട്ടുക. സോണിയയുടെ മകനാണ്, ചെറുക്കനാണ് എന്നൊക്കെ കരുതി ഇപ്പോ വിളിച്ചാല്‍ ദാ വരും എന്നൊക്കെയാണല്ലോ മുതിര്‍ന്ന നേതാക്കള്‍ കരുതിയത്. ആ കരുതലിനെ പൊളിക്കാനായി എന്നത് വലിയ നേട്ടം തന്നെയാണ്.

രാഹുലിന്‍റെ രാജി മറ്റൊന്ന് കൂടി തെളിയിക്കുന്നുണ്ട്. അതായത് കോണ്‍ഗ്രസിന് ജയിക്കാനും അധികാരത്തിലെത്താനും ഗാന്ധികുടുംബത്തിന്‍റെ സഹായം വേണമെന്നാണല്ലോ വയ്പ്. പക്ഷേ തോല്‍ക്കാന്‍ അതിന്‍റെ ആവശ്യമില്ല. അതുകൊണ്ട് രാഹുല്‍ എന്തിന് പ്രസിഡന്‍റായി ഇരിക്കണം. അതോര്‍ത്ത് തന്നെയാവണം രാഹുലിന്‍റെ രാജി.

ഇനിയും രാജി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസുകാര്‍ ഉപവാസസമരം നടത്തുകയോ നേരില്‍ കണ്ട് അഭ്യര്‍ഥിക്കുകയോ ചെയ്താല്‍ രാജ്യാന്തര മനുഷ്യാവകാശ കോടതിയെ രാഹുല്‍ സമീപിക്കണം. രാജിവയ്ക്കലും ഒരു മനുഷ്യാവകാശമാണ്. ഇനി അതല്ല, ഇവിടെത്തന്നെ കാര്യങ്ങള്‍ തീര്‍പ്പാക്കണമെന്നാണെങ്കില്‍ മോദിയുടെ സഹായം ചോദിക്കാവുന്നതാണ്. മോദി അമിത് ഷായോട് പറഞ്ഞ് ഒരു വഴിക്കാക്കി തന്നോളും. ഡോണ്ട് വറി.

രാഹുലിന്‍റെ രാജിക്കത്ത് വായിച്ചതല്ലേ. തത്വചിന്താപരമാണ് എല്ലാം. ഇങ്ങനെയൊരു രാജിക്കത്ത് ഈ രാജ്യത്ത് വേറാരും പുറത്തുവിട്ടിട്ടില്ല. മുമ്പ് ഈ നാട്ടിലെ ജനങ്ങള്‍ ഇങ്ങനെ സങ്കടപ്പെട്ടത് സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ പ്രസംഗം കേട്ടപ്പോഴാണ്. ഒന്നുമല്ലാത്ത വെറും രാഹുല്‍ ഗാന്ധിയായി ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നയിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു.

പൊലീസിനെകൊണ്ട് പിണറായി വിജയന്‍ തോറ്റമട്ടാണ്. എന്നും സഭയില്‍ അടിയന്തരപ്രമേയത്തിന് ഇക്കാര്യത്തില്‍ നോട്ടീസ് കിട്ടും. സഭാ ചേരുന്ന കാലത്താണ് കേരള പൊലീസ് ഒന്നു ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നത് . പിന്നെ കിട്ടുന്നവനെ ഉരുട്ടിയും കമ്പിയില്‍ പിടിപ്പിച്ച് കമ്പി വളയുന്നതുവരെ തല്ലിയും ഒക്കെ പേരെടുക്കുന്ന കാലമാണത്. അതുകൊണ്ട് സാധാരണ ഗൗരവത്തില്‍ വരുന്ന പിണറായി ഇപ്പോ വരുന്നത് രണ്ടെണ്ണം വാങ്ങിക്കൂട്ടിയിട്ട് പോകാം എന്ന മട്ടിലാണ്. ഇന്നത്തെ അവസരം ഷാഫി പറമ്പിലിനായിരുന്നു.

പതിവുപോലെ പിന്നെ ബഹളം. കസ്റ്റഡി കൊലപാതകങ്ങളിലെ കണക്കെടുത്തപ്പോള്‍ യുഡിഎഫും എല്‍ഡിഎഫും മോശക്കാരല്ല. പിന്നെ ആരാണ് വലിയവന്‍ എന്നതായി തര്‍ക്കം.

തര്‍ക്കം മുറുകുമ്പോള്‍ സഭയില്‍ നിഷ്പക്ഷ സ്വതന്ത്രനായി ഒരാളെ ഉള്ളു. സ്പീക്കര്‍ കഴിഞ്ഞാല്‍ ആ പദവി പി.സി. ജോര്‍ജിനാണ്.

ഏതായാലും ഇത്രയും കണ്ട സ്ഥിതിക്ക് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്‍റെ മഴവില്‍ ക്ലാസ് കേള്‍ക്കാം. ഒരു ചോദ്യമേ കെ.എന്‍.എ. ഖാദര്‍ ചോദിച്ചുള്ളു. പിന്നെയൊന്നും ഓര്‍മിയില്ല. വിദ്യാഭ്യാവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച ഒഴിവാക്കുന്നതാവും പ്രതിപക്ഷത്തിന് നല്ലത്.

മഴവില്ലില്‍ കറുപ്പ് കാണാത്തതെന്ത്. ഫിസിക്സ് പ്രഫസറാണല്ലോ. പഠിപ്പിക്കാന്‍ ഒരവസരം കിട്ടിയാല്‍ രവീന്ദ്രന്‍ മാഷ് അവിടെ പിന്നെ ശാസ്ത്രസാഹിത്യ പരിഷത്തിന്‍റെ ഒരു അരങ്ങാക്കി മാറ്റും.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...