എല്‍എഡിഎഫ് വരും എല്ലാം ശരിയാക്കും; അക്ഷരം തെറ്റാതെ പാലിച്ച് മുഖ്യമന്ത്രി‌

cm kerala
SHARE

പിണറായി സര്‍ക്കാരിന്‍റെ പരസ്യവാചകമായ എല്‍എഡിഎഫ് വരും എല്ലാം ശരിയാക്കും എന്നതിനെ അക്ഷരത്തെറ്റ് കൂടാതെ എന്ന് മാത്രമല്ല വള്ളീം പുള്ളീം കുത്തും കോമയും ഒന്നും വിടാതെ നടപ്പാക്കുന്ന ഒരേയൊരു ഡിപ്പാര്‍ട്ട്മെന്‍റേയുള്ളു. അത് മുഖ്യമന്ത്രി പിണറായി സഖാവ് തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പാണ്, പൊലീസാണ്. പൊലീസ് മൊത്തത്തിലങ്ങ് ശരിയാക്കിത്തരുമെന്നാണ് തോന്നുന്നത്. ആ ജാതി പോക്കല്ലേ പോകുന്നത്.

വീഴ്ച വല്ലതും വരുത്താന്‍ ഒരവസരം നോക്കിയിരിപ്പാണ് ഈ പൊലീസുകാര്‍. എന്തു കേസ് വന്നാലും ഒരു വീഴ്ചവരുത്തിയിരിക്കും. അങ്ങനെയാണ് കെവിന്‍ ഒക്കെ കൊല്ലപ്പെടുന്നത്. പിന്നെ വരാപ്പുഴയിലെ ശ്രീജിത്ത്, ഇപ്പോ നെടുംങ്കണ്ടത്തെ രാജ്കുമാര്‍. പൊലീസ് ഭരണകൂടത്തിന്‍റെ മര്‍ദനോപാധിയെന്ന് പ്രസംഗിക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകള്‍ അധികാരം കിട്ടിയാല്‍ പിന്നെ ഇങ്ങനെയാണ്. എല്ലാം ഒറ്റപ്പെട്ട സംഭവമായേ തോന്നുകയുള്ളു. രാജനൊക്കെ കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ആയത് നന്നായി. അല്ലെങ്കില്‍ അതും ഒരു ഒറ്റപ്പെട്ട സംഭവമായി തീര്‍ന്നേനെ.

പൊലീസിനെ അല്ലെങ്കിലും മുന്നും പിന്നും നോക്കേണ്ട കാര്യമേയില്ല. പിണറായി സര്‍ക്കാര്‍ ആണ് മുതലാളി. അധികാരത്തിലെത്തിയിട്ട് ആദ്യം ചെയ്തത് നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലലായിരുന്നു. വിമര്‍ശിച്ചവരോട് അന്ന് കമ്മ്യൂണിസ്റ്റ് മുഖ്യന്‍ പറഞ്ഞത് പൊലീസിന്‍റെ മനോരവീര്യം കെടുത്താന്‍ ഒരുത്തനേയും അനുവദിക്കില്ലെന്നാണ്. ഇങ്ങനെയുള്ള ചങ്ക് ബ്രോ കൂടെയുള്ള കേരള പൊലീസ് പിന്നെന്തിന് ഭയക്കണം. ഇതില്‍പരം സ്നേഹവാല്‍സല്യങ്ങള്‍ വേറെ എവിടെനിന്ന് കിട്ടാനാണ്. മാത്രവുമല്ല ആ വരാപ്പുഴ കസ്റ്റഡി മരണക്കേസിലൊക്കെ സസ്പെന്‍ഷനിലായ പൊലീസുകാരൊക്കെ ശരവേഗത്തില്‍ സര്‍വീസില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

ഈ പൊലീസിന്‍റെ കാര്യം അല്ലെങ്കിലും വല്യ തമാശയാണ്. സംഗതി സീരിയസാണെങ്കില്‍പോലും. ഭീമന്‍ രഘുവൊക്കെ കോമഡി റോളിലേക്ക് മാറിയ അവസ്ഥയാണ് കേരള പൊലീസിന്.  അല്ലെങ്കില്‍ നോക്കൂ. മുന്‍പ് എടപ്പാളില്‍ തിയറ്ററില്‍ പീഡനവിവരം പൊലീസിന് ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും വേണ്ട നടപടി എടുക്കാത്തതിന് രണ്ട് പൊലീസ് ഏമാന്‍മാര്‍ സസ്പെന്‍ഷനിലായി. എന്നുവച്ചാല്‍ അവര്‍ തന്നെ കേസെടുക്കാന്‍ വൈകി. എന്നിട്ടാണ് പരാതിപ്പെടാന്‍ വൈകിയെന്നും പറഞ്ഞ് തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത്.  കെവിന്‍ കേസിലും ഇങ്ങനെയാണ്. പരാതിയെ മുഖവിലക്കെടുത്തില്ല. വരാപ്പുഴയില്‍ സ്വന്തം നിലയ്ക്ക് സ്ക്വാഡൊക്കെ ഉണ്ടാക്കിയായിരുന്നു പൊലീസ് പരിപാടി. നെടുങ്കണ്ടത്ത് പിടിച്ചുകൊണ്ടുപോയി മൂന്നാം ദിവസമായിരുന്നു അറസ്റ്റ്. പക്ഷേ കൂടെ പിടിച്ചുകൊണ്ടുപോയ സ്ത്രീകളെ അന്ന് തന്നെ അറസ്റ്റും രേഖപ്പെടുത്തി. അങ്ങനെ മൊത്തം സീരിയസായ തമാശയാണ്.

കഴിഞ്ഞ മൂന്നുകൊല്ലമായി കേരളത്തില്‍ മാറ്റമില്ലാതെ തുടരുന്നവരാണ് പിണറായി വിജയനും അദ്ദേഹത്തിന്‍റെ കീഴിലെ പൊലീസും. പൊലീസ് വീഴ്ച വരുത്തും പിണറായി അതേറ്റുപറയും. പിന്നെ ഇതൊക്കെ ഒറ്റപ്പെട്ട സംഭവമായി കണ്ട് സ്വയം ആശ്വസിക്കും. പൊലീസും ഹാപ്പി, ആഭ്യന്തരമന്ത്രിയും ഹാപ്പി. ഇതിനിടെ, സംഭവം ഇടുക്കിയിലാണല്ലോ. അപ്പോ പിന്നെ ഇടുക്കിയുടെ രാജാവ് അഭിപ്രായം പറയേണ്ടതുണ്ടല്ലേ. അതും നാടന്‍ ശൈലിയില്‍.

അങ്ങനെ പിണറായിയില്‍ നിന്ന് വി.ഡി. സതീശന്‍ എം.എം.മണിയിലേക്ക് കയറിപ്പിടിക്കുകയാണ്. പിന്നെ ഈ കെമിസ്ട്രിയില്‍ ഒക്കെ പറയുന്നപോലെ ചെയിന്‍ റിയാക്ഷനായിരുന്നു. മണിയില്‍ നിന്ന് തിരുവഞ്ചൂരിലേക്ക്....വീണ്ടും സതീശനിലേക്ക്....അങ്ങനെയങ്ങനെ. 

ഇതിനിടെയാണ് ഭരണപക്ഷത്തെ ആസ്ഥാന തല്ലുകൊള്ളി എ.എന്‍.ഷംസീര്‍ ഒച്ചവച്ചുകൊണ്ടിരുന്നത്. പ്രതിപക്ഷത്തുനിന്നുള്ള ഏത് കൂരമ്പുകളേയും ചെറുക്കാന്‍ തക്ക തന്‍റേടം ഉണ്ടെന്നാണ് ഷംസീറിന്‍റെ വിശ്വാസം. പക്ഷേ എപ്പോഴും വിശ്വാസം കാത്തുരക്ഷിക്കണമെന്നില്ലല്ലോ.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...