‘കുട്ടികളെ’ കൊണ്ട് ബല്ലാണ്ടായി; കാവിയുടുത്ത് അബ്ദുല്ല‘ക്കുട്ടി’; കുട്ടിഭായീസ് ആവോ

abdullakutty-thiruva-ethirva
SHARE

ഒടുവില്‍ അബ്ദുല്ലക്കുട്ടി എത്തേണ്ടിടത്ത് എത്തി. ലക്ഷ്യത്തിലെത്താന്‍ കുറെ വര്‍ഷങ്ങളെടുത്തു എന്നത് നേരാണ്. അബ്ദുല്ല കുട്ടിയായി ശരിക്കും ഇരുന്നപ്പോള്‍ ചുവപ്പായിരുന്നു ഇഷ്ടനിറം. ആ ഇഷ്ടം കലാലയകാലത്തേക്ക് കൂടി ഒപ്പം കൂടി. കണ്ണൂരില്‍ നിന്ന് എംപിയൊക്കെ ആയി ഡല്‍ഹിയിലെത്തി പത്തുകൊല്ലം കഴിഞ്ഞപ്പോഴാണ് ചുവപ്പ് നരച്ച് ഇഷ്ടം കാവിയോടായത്. അങ്ങനെ വികസന ഭൂതത്തെ തുറന്നിട്ട് ഗുജറാത്തിനേയും മോദിയേയും പൊക്കിയടിച്ചപ്പോള്‍ സിപിഎം പുറത്താക്കി. തക്കം നോക്കി കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പിന്നെ കോണ്‍ഗ്രസുകാരനായി. ഉള്ളില്‍ കാവിയോടുള്ള അടങ്ങാത്ത ഇഷ്ടം രണ്ടാം വട്ടവും മോദി പ്രധാനമന്ത്രിയായതോടെ ഉച്ഛസ്ഥായിയിലായി. പിന്നെ ഒന്നും നോക്കിയില്ല. ആരെയൊക്കെയോ പ്രതീക്ഷിച്ച് പിള്ള വക്കീല്‍ പാട്ടുംപാടി ഇരിക്കുന്നത് കേട്ടപ്പോള്‍ അബ്ദുല്ലക്കുട്ടിയുടെ ഖല്‍ബില്‍ മോദിയോടുള്ള മൊഹബത്ത് ചിറകടിച്ചുയര്‍ന്നു. പിന്നെ ഒരു പോസ്റ്റായിരുന്നു. ഫെയ്സ്ബുക്കില്‍. അങ്ങനെ അബ്ദുല്ലകുട്ടി ഇച്ഛിച്ചതും കെപിസിസി കല്‍പിച്ചതും പാര്‍ട്ടിക്ക് പുറത്താക്കല്‍ എന്നതായതോടെ കുട്ടി ഡല്‍ഹിക്ക് പറന്നു.

അരുവാന്‍പള്ളി പുതിയപുരയില്‍ അബ്ദുല്ല കുട്ടിക്ക് വീട് പഴയതായാല്‍ അപ്പോ ബോറടിക്കും. അതുകൊണ്ടാണ് കൃത്യം പത്തുവര്‍ഷം കൂടുമ്പോ ഈ വീട് വിട്ട് വീട് മാറ്റം. ഇടതുപക്ഷത്തുനിന്ന് ആദ്യം പരമാവധി വികസിച്ചു. പിന്നെ പുരനിറഞ്ഞപ്പോള്‍ കൂടുതല്‍ വികസനം തേടി വലതുപാളയത്തില്‍. അവിടെയും തിന്നും കുടിച്ചും കൊഴുത്തു. വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുന്നതിന് അവിടെയും തടസങ്ങള്‍ നേരിട്ടതോടെ സ്ഥലം കാലിയാക്കി. 

മോദിയെ ചുറ്റിപ്പറ്റിയാണ് അബ്ദുല്ലക്കുട്ടി അത്ഭുതങ്ങള്‍ കാട്ടാറ്. പണ്ട് സിപിഎമ്മിലായിരുന്നപ്പോള്‍ ബോറടിച്ച നേരത്ത് മോദിയെ ഒന്ന് പ്രകീര്‍ത്തിച്ചു.  അത് 2009ലായിരുന്നു. ഉടനെ കോണ്‍ഗ്രസ് വന്ന് എടുത്തോണ്ട് പോയി. ഇപ്പോ പ്രത്യേകിച്ച് പണിയൊന്നും ഇല്ല. കൊല്ലം 2019 ആവുകയും ചെയ്തു. കണ്ണൂരില്‍ മല്‍സരിക്കാനൊക്കെ നോക്കിയതാണ്. സാധ്യത ലിസ്റ്റില്‍ പോലും പെട്ടില്ല. അപ്പോ പിന്നെ മോദിയെ ഒന്ന് പ്രകീര്‍ത്തിക്കാമെന്ന് കരുതി. അത് ചെയ്തു. പണ്ട് എംപിയായപ്പോള്‍ പരിചയപ്പെട്ട ഒരു എംപിയുടെ പിഎ വഴിയാണ് മോദിയുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തിയത്. 

സിപിഎം മുന്‍ എംപി, കോണ്‍ഗ്രസ് മുന്‍ എംഎല്‍എ, എന്നിങ്ങനെ ഇരട്ട മേല്‍വിലാസമുള്ള ഒരാളെ ബിജെപിക്ക് കേരളത്തില്‍ നിന്ന് കിട്ടുന്ന ആദ്യമായാണ്. നേരത്തെ എല്‍ഡിഎഫിലും യു‍ഡിഎഫിലും പങ്കാളിയായ പി.സി.ജോര്‍ജിനെയാണ് എന്‍.ഡി.എ മുന്നണിയ്ക്ക് കിട്ടിയത്. രാഷ്ട്രീയം മാത്രമാണ് തനിക്കറിയാവുന്ന പണിയെന്നൊക്കെ അബ്ദുല്ലക്കുട്ടി പറയും. എന്നുവച്ച് കുട്ടി ചേക്കേറുന്ന അവസാനപാര്‍ട്ടിയായിരിക്കും ബിജെപിയെന്ന് കുട്ടിയെ അടുത്തറിയുന്ന ഒരാളും പറയാന്‍ വഴിയില്ല. ഇക്കാര്യത്തില്‍ കുട്ടി ആളൊരു വലിയ കുട്ടിയാണ്.

സിപിഎമ്മില്‍ വികസനയം എന്ന ഭൂതത്തെ തുറന്നുവിട്ടാണ് അബ്ദുല്ലക്കുട്ടിയുടെ കോണ്‍ഗ്രസിലേക്കുള്ള ചാട്ടം. വികസനം കാണണമെങ്കില്‍ അങ്ങ് ഗുജറാത്തിലേക്ക് നോക്കൂ എന്നായി സഖാക്കളോടുള്ള അബ്ദുല്ലക്കുട്ടിയുടെ ആഹ്വാനം. മനസില്‍ പക്ഷേ പാര്‍ട്ടിയോട് എന്നെയൊന്ന് പുറത്താക്കൂ എന്നായിരുന്നു. പക്ഷേ അന്ന് കുട്ടിയുടെ കാവിപ്രേമത്തെ മനസിലാക്കാതെയാണ് കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി വാരിപ്പുണര്‍ന്ന് എംഎല്‍എ ആക്കിയത്. സിറ്റിങ് എംപിയെ കൈയ്യില്‍ കിട്ടുന്നതിന്‍റെ ആവേശത്തിലായിരുന്നു അന്ന് കണ്ണൂരിലെ കോണ്‍ഗ്രസ്. ആ ആവേശത്തിന്‍റെ വിലയാണ് പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം പലിശയും പലിശയുടെ പലിശയും ചേര്‍ത്ത് കിട്ടിയത്.

അബ്ദുല്ലക്കുട്ടിയെ കണ്ടതും കുട്ടിഭായ് ആവോ എന്നും പറഞ്ഞ് മോദി ചേര്‍ത്തങ് പിടിച്ചെന്നാണ് അബ്ദുല്ലക്കുട്ടി പറയുന്നത്. 

മോദിയെ മോദി ഭായ് എന്നു വിളിച്ച് കുട്ടിഭായിയും തുള്ളിച്ചാടി. ബാല്യകാലത്ത് പിരിഞ്ഞുപോയ രണ്ടു സുഹൃത്തുക്കള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന സീനിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു പ്രസ്തുത ചടങ്ങ്. പക്ഷേ ശ്രീധരന്‍ പിള്ളാജിയുടെ  നെഞ്ചിടിപ്പ് കൂടുകയാണുണ്ടായത്. വലിയ സന്തോഷമൊന്നും ഇല്ല.  കേരളത്തിലെ  ബിജെപിയില്‍ ഇനി കുട്ടി ഗ്രൂപ്പ് കൂടി ഉണ്ടായാല്‍ താനെങ്ങനെ പിഴച്ചുപോവുമെന്നൊരു ആശങ്ക അദ്ദേഹത്തിനുണ്ട്. മാത്രവുമല്ല പി.സി. ജോര്‍ജിനേയും അബ്ദുല്ലക്കുട്ടിയേയും ഇടത്തും വലത്തും നിര്‍ത്തി തന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കേണ്ടി വരുന്ന ഒരാളുടെ മനോനില അലോചിക്കാവുന്നതേയുള്ളു. പിന്നെയുള്ളത് ടോം വടക്കനാണ്. എന്തിനധികം പറയണം.

പുകഞ്ഞ കൊള്ളി പുറത്ത് എന്ന മട്ടിലാണ് കോണ്‍ഗ്രസ്. വലിയ ചര്‍ച്ചയൊന്നും ഇല്ല. ആരോ പോയി. പോകേണ്ടവന്‍ തന്നെയാണ് പോയത് എന്നൊരു ലൈന്‍. പണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കണ്ണൂരിലെ ജൈത്രയാത്രയ്ക്ക് തടയിട്ടാണ് അബ്ദുല്ലക്കുട്ടി അത്ഭുതകുട്ടിയായി സിപിഎം എംപി ആയത്. അതേ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റ് പദവിയിലിരിക്കുമ്പോള്‍ അബ്ദുല്ലക്കുട്ടി പാര്‍ട്ടിക്ക് പുറത്താവുമ്പോള്‍ അതും ഒരു സുഖമാണ്. കാലത്തിന്‍റെ കാവ്യനീതിയെന്നൊക്കെ മുല്ലപ്പള്ളി നിര്‍വചിക്കാന്‍ സാധ്യത ഏറെയാണ്.

ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിലെ അറിഞ്ചപുറഞ്ചം ചര്‍ച്ച ചെയ്തിട്ടും വോട്ട് ചെയ്ത ജനങ്ങളുടെ കുഴപ്പം കൊണ്ടാണ് തോറ്റുപോയതെന്ന സ്ഥിരം കണ്ടെത്തലിലാണ് സിപിഎം എത്തിയത്. ആ നിലയില്‍ ഇരിക്കുമ്പോഴാണ് ഇടിത്തീ പോലെ ബിനോയ് കോടിയേരിയ്ക്കെതിരെ മുംബൈയില്‍ യുവതിയും മകനും രംഗത്തെത്തുന്നത്. അതൊന്നും പറഞ്ഞ് തീര്‍ക്കാന്‍പോലും സമയം കിട്ടിയില്ല, ആന്തൂരില്‍ സിപിഎം അനുഭാവിയായ സംരഭകന്‍ ആത്മഹത്യയും ചെയ്തു. പഴി മുഴുവന്‍ ആന്തൂരില്‍ പ്രതിപക്ഷം പോലുമില്ലാതെ ഭരിക്കുന്ന സിപിഎമ്മിന്‍റെ തലയിലുമായി. യാഥാര്‍ഥ്യബോധത്തോടെ കാര്യങ്ങളെ വിശദീകരിക്കാന്‍ മുന്‍ ജില്ലാസെക്രട്ടറി പി. ജയരാജന്‍ മെനക്കെട്ടെങ്കിലും കോടിയേരിയും കൂട്ടരും തിരുത്തി. പാര്‍ട്ടി ക്ലാസുകളിലെ പാഠങ്ങള്‍ ഈയിടെയായി പി. ജയരാജന്‍ മനപാഠമാക്കുന്നില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ കണ്ടെത്തല്‍‌.

ചുരുക്കം പറഞ്ഞാല്‍ ഹിറ്റ് സിനിമകളായ അച്ഛനുറങ്ങാത്ത വീടും ചിന്താവിഷ്ടയായ ശ്യാമളയും ഒരുമിച്ച് ഒരേ സ്ക്രീനില്‍ കളിക്കുന്ന അവസ്ഥയാണ് സിപിഎമ്മില്‍ ഇപ്പോ. ആരെങ്കിലും ഒന്നുപോയി ഒരു പടത്തിന് എങ്കിലും ഇന്‍റര്‍വെല്‍ പറയണം. ഇല്ലെങ്കില്‍ സംഗതി ഭയങ്കര ബോറായിരിക്കും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...