യോഗാദിനത്തിലെ ചില മഹായോഗങ്ങൾ; അഭ്യാസങ്ങളുടെ യോഗം തെളിഞ്ഞ കാലം

yoga-leaders
SHARE

സ്വതസിദ്ധമായ മെയ് വഴക്കം കൊണ്ട് സ്വതവേ പേരെടുത്തിട്ടുള്ള രാഷ്ട്രീയക്കാര്‍ പൊതുജനമധ്യത്തില്‍ കൂടി തങ്ങളുടെ മെയ് വഴക്കം പ്രകടിപ്പിക്കാനുള്ള ഒരു അവസരമാണ് ഓരോ യോഗാ ദിനവും. ബാലനായിരുന്ന കാലം തൊട്ടേ ചില അഭ്യാസങ്ങള്‍ കാണിച്ച് നാട്ടുകാരെ കൈയ്യിലെടുത്ത് ശീലമുള്ള സാക്ഷാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോഴാണ് യോഗയുടെ യോഗം തെളിഞ്ഞത്. അന്നുമുതല്‍ ജൂണ്‍ 21ന് രാജ്യാന്തര യോഗ ദിനമാണ്. ഇവിടെ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വന്നതിന്‍റെ മൂന്നാം വാര്‍ഷികത്തിലും മുഖ്യമന്ത്രി നേരിട്ടെത്തി യോഗയ്ക്ക് നേതൃത്വം നല്‍കുന്നുണ്ട്. പക്ഷേ അഭ്യാസങ്ങളൊന്നും ഇല്ലാതെ വിളിക്കുതെളിയിച്ചുള്ള ഉദ്ഘാടന പരിപാടിയോടാണ് സഖാവിന് താല്‍പര്യം. അല്ലെങ്കിലും കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് ആരോഗ്യവും മെയ്്്വഴക്കവും ഒന്നും അങ്ങനെ പരസ്യമായി പ്രകടിപ്പിക്കാനുള്ള ഒന്നല്ലെന്ന് നമുക്കറിയാത്തതൊന്നും അല്ലല്ലോ. ആളൊരു ഇരട്ടച്ചങ്കനാണെന്നും വാളും പരിചയും ശീലിച്ച ആളാണെന്നും കരുതിയാവണം ഉദ്ഘാടന പരിപാടിക്കെത്തിയ യോഗികളെ കമിഴ്ത്തിക്കിടത്തി സാഷ്ടാംഗം പ്രണമിക്കുന്ന ആസനത്തിലിരുത്തിയാണ് മുഖ്യമന്ത്രിയുടെ യോഗാ പ്രസംഗം കേള്‍ക്കാന്‍ സംഘാടകര്‍ തീരുമാനിച്ചത്. 

രണ്ടാമതും പ്രധാനമന്ത്രിയായ ശേഷം മോദിജിക്ക് ഒരു രാജ്യാന്തര ഷോ ഒത്തുവന്നത് ഇന്നാണ്. ആദ്യത്തെ അഭ്യാസപ്രകടനത്തിന് പതിവുപോലെ, അതായത് കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ വന്നതുപോലെ ഇത്തവണയും എത്തി. പല അത്ഭുതങ്ങളും കുട്ടിക്കാലത്ത് കാണിച്ചിട്ടുണ്ട്. ബാലനരേന്ദ്രകഥകള്‍ വായിച്ചവര്ക്ക് അതുമനസിലാവും. അതായത് മുതലയെ പിടിച്ച് കരയ്ക്കെത്തിച്ചപോലെയുള്ള അഭ്യാസങ്ങള്‍ സ്വായത്തമാക്കിയ ആളെന്ന നിലയില്‍ ഈ ആസനങ്ങളൊക്കെ മോദിയെ സംബന്ധിച്ച് വളരെ സിംപിളാണ്. 

ജിമ്മില്‍ പോകാന്‍ കാശില്ലാത്തവരുടെ ഐറ്റം എന്ന പേരുദോഷം യോഗയ്ക്കില്ലാതായി എന്നതില്‍ യോഗയും യോഗ ചെയ്യുന്നവരും മോദിയോട് കടപ്പെട്ടിരിക്കണം. പൊതുവെ റെഡ് വളണ്ടിയര്‍മാര്‍ക്ക് കൈമെയ് അഭ്യാസങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ടിരുന്ന പിണറായിയും കൂട്ടരുമൊക്കെ ഇപ്പോ യോഗ പഠിപ്പിക്കുന്നത് കണ്ടിട്ടില്ലേ. മോദിയും അത്രയേ ഉദ്ദേശിച്ചുള്ളു. പക്ഷേ സ്വന്തം നിലയ്ക്ക് ഇറങ്ങിത്തിരിച്ച് കാര്യം നടപ്പാക്കുന്ന മോദി സ്റ്റൈല്‍ തന്നെയാണ് യോഗയിലും. സ്വച്ഛ് ഭാരത് പദ്ധതിക്ക് ചൂലുമെടുത്ത് അടിച്ചുവാരിയ മോദിയും കക്കൂസുകള്‍ക്ക് കല്ലിട്ട് സിമന്‍റ് തേച്ച മോദിയ്ക്ക് യോഗയ്ക്ക് അഭ്യാസങ്ങളുമായി എത്താതിരിക്കാന്‍ ആവില്ല.

മോദിയിലൂടെ പിണറായി വഴി മലയാളത്തില്‍ യോഗ പഠിക്കാനാണ് നമ്മുടെ ഒക്കെ ഭാഗ്യം. മോദി ആസനങ്ങള്‍ ഒരോന്നായി കാണിക്കും. സ്വന്തമായി ആസനങ്ങളൊന്നും പരസ്യപ്പെടുത്താന്‍ തയ്യാറല്ലാത്ത പിണറായി സ്വതവേ തനിക്ക് സാധ്യമാകുന്ന പ്രസംഗം വഴി യോഗയെ പഠിപ്പിക്കും. അതായത് നീന്തലൊക്കെ തിയറിയായി പഠിക്കുന്ന പോലെ. അതിന് ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടണം. അത് നിര്‍ബന്ധമാണ്. അത് പിണറായി പഠിച്ചുതന്നെയാണ് വന്നിരിക്കുന്നത്. അങ്ങനെ പിണറായിയെ കേട്ടും മോദിയെ കണ്ടും നമ്മള്‍ ഓരോരോ ആസനങ്ങളും നമ്മള്‍  മാറിമാറി അഭ്യസിക്കുകയാണ്.

കേന്ദ്രമന്ത്രിയായി ഇത്തവണ മോദിക്കൊപ്പം പാര്‍ലമെന്‍റില്‍ ഇരിക്കുന്ന അമിത് ഷാജിയും യോഗ പ്രാക്ടീസ് ചെയ്യാന്‍ എത്തിയിട്ടുണ്ട്. കണ്ടിട്ട് ഇത്തരം പ്രത്യേക ദിനത്തില്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രം യോഗചെയ്യുന്ന ആളാണെന്നു തോന്നുന്നു. വലിയ അഭ്യാസങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. തന്നെക്കൊണ്ട് ആവുന്നത്. അത്രയേ ഉദ്ദേശിച്ചുള്ളു. 

യോഗയെ പുകഴ്ത്തുമ്പോഴും പിണറായി വിജയന് പേടിയുണ്ട്. ഇതിന്‍റെയൊക്കെ ക്രെഡിറ്റ് ആ മോദി അങ്ങ് കൊണ്ടുപോവുമോ എന്ന്. കഴിഞ്ഞ രണ്ടുയോഗദിനങ്ങളിലും സഖാവ് അതുകൊണ്ട് യോഗയുടെ മതേതരഭാവത്തെക്കുറിച്ച് വിശദീകരിക്കും. മതേതരയോഗയാണ് ഈ യോഗയെന്ന് ആവര്‍ത്തിക്കും. അല്ലാത്ത യോഗ നമ്മളെക്കൊണ്ട് പറ്റാത്തതാണല്ലോ. പക്ഷേ കഴിഞ്ഞ രണ്ടുവര്‍ഷം വിശദീകരിച്ചിട്ടും നാട്ടുകാര്‍ക്ക് മനസിലായിട്ടില്ലെന്ന് പിണറായിക്ക് മനസിലായി എന്നുവേണം നമ്മള്‍ മനസിലാക്കാന്‍. എങ്കിലും ചിലര്‍ ഈ യോഗയെ എന്തോ നൃത്ത ഇനമായി കണ്ട് അവതരപ്പിച്ചിട്ടും ഉണ്ട്.

യോഗാദിനത്തില്‍ മനസും ശരീരവും പ്രത്യേക തരം ഉന്‍മേഷമൊക്കെ കൈവരിച്ചെങ്കിലും കണ്ണൂരില്‍ സഖാക്കള്‍ അവരുടെ ചില പാരമ്പര്യ അഭ്യാസങ്ങള്‍ എടുത്ത് പയറ്റിയിട്ടുണ്ട്. ഓരോ ചുവപ്പുനാടയിലും ഒരു ജീവിതമാണുള്ളത് എന്ന് മുഖ്യമന്ത്രിയായ ഉടനെ പിണറായി വിജയന്‍ പറഞ്ഞെങ്കിലും അത് അച്ചട്ടായി നാട്ടുകാര്‍ക്ക് മനസിലാവാന്‍ കണ്ണൂരില്‍ നിന്നുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ തന്നെവേണ്ടി വന്നു. ചുവപ്പ് നാട കെട്ടിയിട്ടതും അഴിക്കാന്‍ ഇട നല്‍കാത്തവരും അതുകൊണ്ട് ജീവിതം മടുത്ത് ആത്മഹത്യ ചെയ്ത ആളും ഒക്കെ സഖാക്കളായതുകൊണ്ട് കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാവും. തല്‍ക്കാലം ഉദ്യോഗസ്ഥരിലാണ് കുറ്റം കണ്ടെത്തിയിരിക്കുന്നത്. 

ഉദ്യോഗസ്ഥര്‍ ഇത്രമാത്രം നേരും നെറിവും ഉള്ളവരാണെന്നും നിയമങ്ങള്‍ അക്ഷരം പ്രതി അനുസരിക്കുന്നവരായതുകൊണ്ട് സംഭവിച്ചുപോയതാണെന്നും നഗരസഭ അധ്യക്ഷയുടെ സാക്ഷ്യപത്രമുണ്ട്. അതൊരു പുതിയ അറിവാണ്. ഈ നാട്ടില്‍ കായല്‍ നികത്തലിനും വയല്‍ മൂടുന്നതിനും ഫ്ലാറ്റ് നിര്‍മാണത്തിനുമൊക്കെ കൃത്യമായ നിയമം ഉള്ളത് പാവം ഈ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ പാടില്ലാത്തുകൊണ്ടാണ് അനധികൃതമായി സംഭവിച്ചുപോകുന്നത്. ഭരണകര്‍ത്താക്കള്‍ക്ക് പിന്നെ നിയമം നോക്കേണ്ട കാര്യമില്ലാത്തതുകൊണ്ട് അവര്‍ നിരപരാധികളുമാണ്. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...