എന്താണ് ആവിഷ്കാര സ്വാതന്ത്യം? എകെ ബാലന്‍ പറയും

ak-balan
SHARE

വിഷയദാരിദ്രം അനുഭവിക്കുന്ന ഗവേഷണ വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ആവിഷ്കാര സ്വാതന്ത്രത്തിലെ ഇടത് സ്വാതന്ത്ര‌്യം എന്നൊരു ടോപ്പിക്ക് വേണമെങ്കില്‍ പരിഗണിക്കാവുന്നതാണ്. വളരെ സാധ്യതയുള്ള വിഷയമാണെന്നുമാത്രമല്ല കേരളത്തില്‍ അതിന് നല്ല സ്കോപ്പുമുണ്ട്. ഇനി അധവാ വല്ല സംശയവുമുണ്ടെങ്കില്‍ എകെ ബാലനുള്‍പ്പെടെ നിരവധി ബുജി കള്‍ അതിന്‍റെ ഗതിവിഗതികള്‍ പറഞ്ഞുതരാന്‍ ഉണ്ടുതാനും. ഗവേഷണ വിഷയത്തില്‍ എന്താണ് ഗതിവിഗതികള്‍ എന്നല്ലേ. ഉണ്ട്. ആവിഷ്കാര സ്വാതന്ത്രം എന്നത് അവസരോചിതവും അവനവനിസത്തിന്‍റെ പരിധിയില്‍ വരുന്നതുമാണ്. എന്നുവച്ചാല്‍ പാര്‍ട്ടി പറയും. പാര്‍ട്ടി തീരുമാനിക്കും. ഉത്തരേന്ത്യയില്‍ കലാകാരനുനേരെ ഉണ്ടാകുന്ന അവഗണനയെ രണ്ടും കല്‍പ്പിച്ച് ആവിഷ്കാരസ്വാതന്ത്ര ധ്വംസനം എന്നു വിളിക്കും. എന്നാല്‍ ദക്ഷിണേന്ത്യയില്‍ ആ മാനദണ്ഡമല്ല പാര്‍ട്ടി നിശിചയിച്ചിരിക്കുന്നത്. അവിടെ വോട്ടുബാങ്കും അധികാര സ്ഥാനത്തിന്മേലുള്ള പിടിയുമൊക്കെക്കൂടി പരിഗണിച്ച ശേഷമായിരിക്കും തീരുമാനം. ഫ്രാങ്കോ മുളക്കലിനെ വരച്ച കാര്‍ട്ടൂണിസ്റ്റിന് തനിക്ക് ലഭിച്ചത് അംഗീകാരമാണോ അതോ അപമാനമാണോയെന്ന് ഇപ്പോളും മനസിലായിട്ടില്ല. എകെ ബാലന്‍ പറയുന്നതനുസരിച്ചാണെങ്കില്‍ ആവിഷ്കാര സ്വാതന്ത്രം എന്നത് ആവിഷ്കരിക്കാതിരിക്കാനുള്ള സ്വാതന്ത്രമാണ്. സിപിഐക്കും സിപിഎമ്മിനും ആവിഷ്കാരത്തിന്‍റെ അര്‍ഥം രണ്ടാണെന്നതുമാത്രമാണ് കലാകാരന്മാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത്.

**************************************

ബാലന്‍റെ ഈ പറച്ചില്‍ കേട്ട് സ്വാമിയേ ശരണമയ്യപ്പ എന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറുവിളി ഉയര്‍ന്നാല്‍ അതില്‍ തെല്ലും അല്‍ഭുതം പറയാനാകില്ല. പറഞ്ഞുവന്നത് സ്വാതന്ത്രത്തെക്കുറിച്ചാണ്. ഇടതുപക്ഷം ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന അല്ലെങ്കില്‍ ചര്‍ച്ച ചെയ്യേണ്ടിവരുന്നതും ഈ സ്വാതന്ത്രത്തെക്കുറിച്ചാണ്. വ്യക്തിസ്വാതന്ത്രം എന്നത് പാര്‍ട്ടി സെക്രട്ടറിക്കുമാത്രമല്ല അദ്ദേഹത്തിന്‍റെ മകനും ബാധകമാണ്. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് അതില്‍ എതിരഭിപ്രായമുണ്ട്. അതുകൊണ്ടാണ് ബിനോയ് കോടിയേരിക്കെതിരെ ലതിക വാര്‍ത്താ സമ്മേളനം വിളിച്ചത്. സംസ്ഥാന വനിതാ കമ്മീഷന്‍ കമ്മീഷന്‍ വാങ്ങീനുള്ള ഏര്‍പ്പാടുമാത്രമാണെന്ന ലൈനിലായിരുന്നു മഹിള കോണ്‍ഗ്രസിന്‍റെ വര്‍ത്തമാനം. കേരളത്തില്‍ നടപടിയില്ലാത്തുകൊണ്ട് അവര്‍ ബിനോയ് കോടിയേരിക്കെതിരെ ദേശീയ വനിതാ കമ്മീഷന് പരാതിയയച്ചു. പക്ഷേ പരാതി പരതിയപ്പോളാണ് അതുകണ്ടത്. അതില്‍ ബിനോയ് അല്ല പ്രതി. കോടിയേരിയുടെ മറ്റൊരു മകന്‍ ബിനീഷിന്‍റെ പേരാണുള്ളത്. ഇതിപ്പോ പരാതി കൊടുക്കാന്‍ പോയ ലതിക മിക്കവാറും മാനനഷ്ടക്കേസില്‍ കുടങ്ങാനാണ് സാധ്യത.

**************************************

കോടിയേരിക്കെതിരെ ഉണ്ടയില്ലാ വെടിവരെ വച്ചിട്ടുള്ള ബിജെപിയുടെ തോറ്റ എംപി കെ സുരേന്ദ്രനുപോലും വ്യക്തി സ്വാതന്ത്രത്തെക്കുറിച്ച് നന്നായറിയാം. എന്നാലും നൈസായി ഒന്നു തേക്കാന്‍ കിട്ടിയ അവസരം അങ്ങനങ്ങ് മിസാക്കാന്‍ പറ്റില്ലല്ലോ

**************************************

പാലാരിവട്ടം പാലത്തിന്മേല്‍ പരിശോധന പൂര്‍ത്തിയാകാറായി. ഇ ശ്രീധരന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ കാര്യങ്ങള്‍ വിലയിരുത്തി. ഇനി പണിക്കാരെ നിര്‍ത്തി പൊളിക്കണോ അതോ തനിയെ വീണോളുമോ എന്ന സംശയം മാത്രമാണ് ബാക്കി. അപ്പോളാണ് ഡിവൈഎഫ്ഐ പുലിക്കിട്ടികള്‍ ചാടിവീണത്. ഉമ്മന്‍ ചാണ്ടി ഭരിച്ചകാലത്താണ് പാലം പണിതതെന്ന് അറിയാന്‍ വൈകിയതുകൊണ്ടാണോ അതോ തിരുവനന്തപുരത്തുനിന്ന് സംസ്ഥാന നേതാക്കള്‍ എത്താന്‍ വൈകിയതുകൊണ്ടാണോ എന്നറിയില്ല. സമരം അല്‍പ്പം വൈകി. പക്ഷേ ലേറ്റസ്റ്റ് ന്യൂജന്‍ ഐഡിയയുമായാണ് സഖാക്കളെത്തിയത്. കൈനിറയെ റീത്തുകള്‍. ഇനി റീത്ത് കിട്ടാന്‍ വൈകിയതുകൊണ്ട് സമരം ലേറ്റായതാകാനും മതി. 

**************************************

ചില അലമ്പ് പയ്യന്മാരെ കണ്ടിട്ടില്ലേ. ലോകത്തുനടക്കുന്ന സകല കുരുത്തക്കേടിലും പങ്കാളികളാണെങ്കിലും അവസരം കിട്ടിയാല്‍ മറ്റുള്ളവരെ അങ്ങ് ഉപദേശിച്ചുകളയും. അത്തരത്തിലൊരു ജനുസാണ് കെബി ഗണേശ്കുമാര്‍. ഗണേശന്‍റെ വീര വിപ്ലവങ്ങള്‍ കാരണം പിതാവ് ബാലകൃഷ്ണപിള്ള ഒരു വഴിയായതാണ്. സ്വത്തിന്‍റെ നല്ലൊരു ഭാഗം വരെ മകന്‍റെ കൈയ്യിലിരിപ്പുകൊണ്ട് കൈമോശംവന്നതൊക്കെ പതിയെ മറന്നങ്ങനെയിരിക്കുമ്പോളാണ് മകന്‍ മറ്റുള്ളവരെ നന്നാകാന്‍ ഉപദേശിക്കുന്നത് കാണേണ്ടിവരുന്നത്. അതിനും വേണം ഭാഗ്യം. ഉപദേശത്തിന് വിധോയനാകുന്നത് കവിതകൊണ്ട് ലോകത്തെ ഉപദേശിക്കുകയും ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ജി സുധാകരനാണെന്നത് അതിലും കൗതുകം. 

**************************************

ഡിവൈഎഫ്ഐ വക പാലാരിവട്ടം സമരം കണ് യുവമോര്‍ച്ച വെറുതെയിരുന്നില്ല. പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തില്‍ അവരും കൊച്ചിക്ക് വണ്ടികയറി. റീത്ത് വാങ്ങാന്‍ പണമില്ലാഞ്ഞാണോ അതോ പൂക്കളോട് ഇഷ്ടമില്ലാത്തതുകൊണ്ടാണോ ആവോ പതിവ് ഫ്ലക്സ് ബാനര്‍ മാത്രമായിരുന്നു കൈമുതല്‍. തിരഞ്ഞെടുപ്പില്‍ നില്‍ക്കാന്‍ നേരമാണ് താന്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഇടംനേടാന്‍ കോല്‍പ്പുള്ളവനാണെന്ന് പ്രകാശ് ബാബു വരെ തിരിച്ചറിഞ്ഞത്. എന്നാല്‍ സിനിമാ സ്റ്റൈലില്‍ സമരവുമായെത്തിയ യുവമോര്‍ച്ചക്കാരെ നാടക സ്റ്റൈലില്‍ പൊലീസ് തടഞ്ഞു. തൂട്ടി വണ്ടിയേലിട്ടു. കേസുകെട്ടുകള്‍ കണ്ടുമടുത്ത പ്രകാശ് ബാബുവിന് അങ്ങനെ പുതൊയൊരു വ്യവബാരംത്തിനുകൂടി അവസരമായി.

**************************************

കോണ്‍ഗ്രസിന്‍റെ കണ്ണൂര്‍ സിഹം കെ സുധാകരന്‍ പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ പി ജയരാജന്‍ തുടങ്ങിയ നേതാക്കളെ വിമര്‍ശിച്ച് മടുത്തു. ഇവരാരും തിരിച്ചൊന്നും പറയാത്തതിനാല്‍ ഇനി അവരെ പറഞ്ഞ് തൊണ്ടയിലെ വെള്ളം വറ്റിക്കേണ്ട എന്നാണ് തീരുമാനം. അതിന്‍റെ ഭാഗമായ ഇപി ജയരാജനെയാണ് പുതിയ ഇര. കൊടുത്തു, കിട്ടിയതു വാങ്ങി. ഇപിക്ക് എന്ത് സുധാകരന്‍. 

**************************************

അപ്പോള്‍ നമ്മള്‍ നിര്‍ത്തുകയാണ്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരെയും അനുവദിക്കില്ല എന്ന് ജോസ് കെ മാണി പറഞ്ഞതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് വിഭവം ഇന്ന് വിളമ്പാത്തത്. നമ്മളായിട്ട് ഇനി പിളര്‍ത്താന്‍ കൂട്ടുനിന്നെന്ന് പരാതി വേണ്ട. പറച്ചില്‍ കേട്ടാല്‍ തോന്നും നാട്ടുകാരുടെ കൈയ്യിലിരുപ്പുകൊണ്ടാണ് ഇക്കണ്ട കേരള കോണ്‍ഗ്രസുകളെല്ലാം ഉണ്ടായതെന്ന്. 

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...