പഴയ ഉശിരുപോയി കാനം; കവടി നിരത്തി പരാജയ വിശകലനം

thiruva-ethirva
SHARE

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തോറ്റത് എന്തുകൊണ്ട് എന്ന് സംസ്ഥാനത്തും കേന്ദ്രത്തിലും വരെ ചര്‍ച്ച ചെയ്ത് സിപിഎം ഒരു വഴിക്കായപ്പോഴാണ് സിപിഐ ആ പണിക്ക് സംസ്ഥാനതലത്തില്‍ തുടക്കം കുറിച്ചത്.  ഇവിടെ തോറ്റത് ഇവിടെ തന്നെ ചര്‍ച്ച ചെയ്ത് ഒരു വഴിക്കാവാം എന്നായിരുന്നു ധാരണ. പൊതുവെ പിണറായി സര്‍ക്കാരില്‍ യഥാര്‍ഥ പ്രതിപക്ഷത്തിരിക്കുന്നത് തങ്ങളാണെന്നാണ് സിപിഐ ഇതുവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരുന്നത്. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നു കേരളത്തിന്‍റെ അപ്രഖ്യാപിത പ്രതിപക്ഷ നേതാവും. പക്ഷേ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അംഗങ്ങള്‍ മൊത്തം കാനത്തെ ഭരണപക്ഷത്താക്കി പ്രതിപക്ഷമായി ഇരുന്നു എന്നാണ് കേട്ടത്. പാര്‍ട്ടിയും മുന്നണിയും തോറ്റതിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് കാനം രാജേന്ദ്രന് പഴയ ഉശിരില്ലെന്ന കണ്ടെത്തലും ഉണ്ടായത.് ഏതായാലും മുന്നണിയുടെ തോല്‍വി വിശ്വാസികളെ തട്ടി സംഭവിച്ചതാണെന്ന തിരിച്ചറിവുണ്ടായതുകൊണ്ട് കവടി നിരത്തിയായിരുന്നു പരാജയ വിശകല വേല സംഘടിപ്പിക്കപ്പെട്ടത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പ്രചാരണപരിപാടികള്‍ക്ക് പ്രചാരവേല എന്നാണ് പൊതുവെ പറയാറ്. ഇത്തവണ അവര്‍ കൈയ്യും മെയ്യും മറന്ന് പ്രചാരവേല നടത്തിയത് ബിജെപിയെ തോല്‍പിക്കാനാണ്. ആ വേല ജനം ആഘോഷത്തോടെ ഏറ്റെടുത്തു. ബിജെപിയെ തോല്‍പിക്കാന്‍ ശേഷിയുണ്ടെന്ന് സംശയിച്ച് അവര്‍ വാരിക്കോരി കോണ്‍ഗ്രസിന് വോട്ടും കൊടുത്തു. യു.ഡി.എഫ്. ജയിച്ചു, എല്‍ഡിഎഫ് പൊട്ടി. ജനങ്ങള്‍ അവരവരുടെ ഉത്തരവാദിത്തം അതേ അര്‍ഥത്തില്‍ നിറവേറ്റിയപ്പോള്‍ സന്തോഷിക്കേണ്ട ഇടതുമുന്നണി പക്ഷേ ദുഖാര്‍ഥരായി. പിന്നെ രണ്ട് മൂന്നാഴ്ചയായി സിപിഎം വിശകല യോഗങ്ങളായിരുന്നു. കാലാവസ്ഥ വ്യതിയാനം ഒഴികെ ഈ പ്രകൃതിയില്‍ സംഭവിച്ചിരിക്കുന്ന സര്‍വ പ്രതിഭാസങ്ങളും ഇടതുമുന്നണിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം പേറി നടക്കുകയാണിപ്പോള്‍. ആ നേരത്താണ് മുന്നണിയിലെ രണ്ടാമന്‍ സിപിഐ യോഗം ചേര്‍ന്ന് കാരണങ്ങള്‍ കണ്ടെത്തിയത്. വലിയ മാറ്റമൊന്നും ഇല്ല. കോടിയേരി മനസില്‍ പറഞ്ഞത് കാനം പരസ്യമായി പറഞ്ഞു.

തിര​ഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നത് ഒരു കലയാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ അത് എങ്ങനെ ചെയ്യണമെന്ന് സാക്ഷാല്‍ കോണ്‍ഗ്രസിനെ കണ്ടുപഠിക്കണം. രാജ്യം മൊത്തത്തില്‍ തോറ്റമ്പിയിട്ടും ഒരു കുലുക്കവുമില്ലാതെ നില്‍ക്കുന്നത് കണ്ടിട്ടില്ലേ. അങ്ങനെ വേണം.

പിണറായികാലത്തെ രണ്ടാം നവോത്ഥാനകാലഘട്ടം ആരംഭിക്കാന്‍ സമയമായി. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തോല്‍പിച്ചവരെയൊക്കെ അങ്ങോട്ട് നേരില്‍ പോയി കാണാനാണ് സിപിഎമ്മിന്‍റെയും ദാ ഇപ്പോ സിപിഐയുടേയും തീരുമാനം. പ്രത്യേകിച്ച് വിശ്വാസികളെ തിരഞ്ഞുപിടിച്ചാകും നേരില്‍ കണ്ട് സംസാരിക്കുക. വിശ്വാസികളുടെ അവിശ്വാസം മാറ്റുക എന്ന വിശ്വാസത്തിലധിഷ്ഠിതമായ പാര്‍ട്ടി പരിപാടിയാണ് ഇനി നടക്കാന്‍ പോകുന്നത്.

കാനം രാജേന്ദ്രന്‍ പണ്ടേ പോലെ പിണറായിയെ ഒന്നും പറയുന്നില്ല എന്നാണ് വിമര്‍മശനം. പറഞ്ഞിട്ട് കാര്യമില്ല എന്ന തിരിച്ചറിവുകൊണ്ടാവാനാണ് സാധ്യത. പക്ഷേ പൊക്കിപ്പറയുന്നതിന്‍റെ കാര്യം പിടികിട്ടുന്നുമില്ല. കാനത്തില്‍ നിന്ന് പിണറായിയിലേക്കുള്ള ദൂരം നല്ലവണ്ണം കുറഞ്ഞിട്ടുണ്ട് ഈ തോല്‍വിയോടെ. 

കേരളത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചില്ലറ ആശ്വാസമൊന്നും അല്ല കാനം രാജേന്ദ്രന്‍ നല്‍കിയിരിക്കുന്നത്. ഇല്ലെങ്കില്‍ സര്‍ക്കാരിനെതിരെ വല്ലതും ബുദ്ധിമുട്ടി കൊണ്ടുവന്ന് വല്ലതും പറയുന്നതിന് മുമ്പേ കാനം കേറി ഗോളടിച്ച് കാണും. കഴിഞ്ഞ മൂന്നുകൊല്ലമായി സിപിഐക്കാരുടെ ഏക ആവേശം തന്നെ ഈ കാനത്തിന്‍റെ പ്രതിപക്ഷ സ്വരമായിരുന്നു. അതില്ലാതായി പൊടി തട്ടി എടുക്കണം എന്നാണ് സംസ്ഥാനകൗണ്‍സിലിലെ അംഗങ്ങള്‍ തന്നെ ദയാഹര്‍ജി നല്‍കിയിരിക്കുന്നത്. പക്ഷേ നവോത്ഥാനത്തിന്‍റെ കാര്യത്തില്‍ കാനം പിണറായിക്കൊപ്പം തന്നെയാണ്.

കണക്കില്‍ വല്യ പുലികളാണ് ഈ കമ്മ്യൂണിസ്റ്റുകള്‍. കിട്ടിയ കണക്ക് വച്ച് ഹരിക്കാനോ കൂട്ടാനോ ഗുണിക്കാനോ ഒന്നും മിനക്കെടാറില്ല. മറിച്ച് അതിനൊരു സൈദ്ധാന്തിക തലം ഉണ്ടാക്കും. അങ്ങനെയാണ് ഒന്നും ഒന്നും രണ്ടല്ല, മൂന്നൊക്കെ വരാമെന്ന് പറയുന്നത്. തത്വചിന്താപരമായേ എന്തിനേയും കാണൂ. അതുകൊണ്ടാണ് പാര്‍ട്ടി തോറ്റാലും തോറ്റുപോയത് ജനമാണ് എന്നൊക്കെ പിച്ചും പേയും പറഞ്ഞ് നെഞ്ചത്തടിക്കുന്നത്. 

കാര്‍ട്ടൂണ്‍ പുരസ്കാരമാണല്ലോ ഇപ്പോഴത്തെ വലിയ വിഷയം. വികാരം വൃണപ്പെടാന്‍ മുട്ടിനില്‍ക്കുന്നവരുടെ നാട്ടില്‍ അങ്ങനെയാണ്. സ്വതന്ത്രസംവിധാനമായ കാര്‍ട്ടൂണ്‍ അക്കാദമി പ്രഖ്യാപിച്ച പുരസ്കാരം തിരുത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ആവിഷ്കാര സ്വാതന്ത്ര്യവും ഇടതുപക്ഷവും എന്ന വിഷയത്തില്‍കൂടി പുതിയൊരു നവോത്ഥാനമതില്‍ സംഘടിപ്പിച്ച് പ്രശ്നത്തില്‍ ഒരു തീര്‍പ്പുണ്ടാക്കണം. 

പൊലീസ് കമ്മിഷണറേറ്റിനെതിരെ അതും അവര്‍ക്ക് മജിസ്റ്റീരിയല്‍ പവര്‍ നല്‍കുന്നതിനെതിരെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് പ്രക്ഷോഭവുമായി വന്നവരാണ് ഇവിടുത്തെ ഇടതുപക്ഷം. കൊറെ കാലം ജയിലില്‍ കിടന്ന് പൊലീസിന്‍റെ കൊടിയ മര്‍ദനമൊക്കെ കിട്ടിയതുകൊണ്ടാവണം പിണറായിക്കും പിണറായി നേതൃത്വം നല്‍കുന്ന സര്‍ക്കാരിനും പൊലീസിനോട് വലിയ സിംപതിയാണ്. അവര്‍ക്ക് കുറച്ചുകൂടി അധികാരം കൊടുത്ത് ജനങ്ങളെ കൈകാര്യം ചെയ്യണമെന്നാണ് ആഗ്രഹം. പക്ഷേ ഇക്കാര്യത്തില്‍ കാനം തിരിഞ്ഞുകൊത്താന്‍ തുടങ്ങിയിട്ടുണ്ട്. ശൗര്യം പൂര്‍ണമായിട്ടങ്ങട്ട് പോയിട്ടില്ല എന്നര്‍ഥം.

കേരള കോണ്‍ഗ്രസില്‍ ദിവസം പ്രതി ഓരോരോ ഒത്തുതീര്‍പ്പുനിര്‍ദേശങ്ങളാണ് പി.ജെ. ജോസഫ് വക ഇറങ്ങുന്നത്. പക്ഷേ ജോസ് കെ.മാണിയും കൂട്ടരും വഴങ്ങുന്നുമില്ല. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം ഒഴിച്ചുള്ള ഒരു സമവായത്തിനും ജോസ് മോന്‍ ഇല്ലെന്നാണ് പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ചാല്‍ ഭൂരിപക്ഷവും തന്‍റെ കൂടെയുണ്ടാകുമെന്നാണ് ജോസ് കെ. മാണിയുടെ ധൈര്യം. ആ ധൈര്യം ഇല്ലാത്തതാണ് പി.ജെ.ജോസഫിന്‍റെ പ്രശ്നവും. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...