വളരുന്തോറും പിളരും, പിളരുന്തോറും വളരും; ഇത് താൻ ഡാ കേരള കോൺഗ്രസ്

jose-k-mani4
SHARE

കേരള കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയില്‍ അസൂയപ്പട്ടുകൊണ്ട് തുടങ്ങുകയാണ്. ബാഹുബലിയൊക്കെപ്പോലെ രണ്ടും മൂന്നും ഭാഗങ്ങളായി സിനിമയാക്കിയാലും തീരാത്തത്ത പ്രശ്നങ്ങളും കളികളും യുദ്ധങ്ങളുമൊക്കെയുണ്ട് കേരള കോണ്‍ഗ്രസില്‍. അതുകൊണ്ടുതന്നെ അരമണിക്കൂറില്‍ പൂര്‍ണതയോടെ പറയുക അസാധ്യം. കുറ്റങ്ങളും കുറവുകളും രണ്ടിലയുടെ പേരില്‍ ക്ഷമിക്കണമേയെന്ന് അഭ്യര്‍ഥിക്കുന്നു. 

വളര്‍ച്ചയെത്തിയാല്‍ കൂട്ടത്തില്‍ നിന്ന് വിട്ടകന്നുപോവുകയെന്നതാണ് പ്രകൃതിനിയമം. തനിയെ പോയില്ലെങ്കില്‍ കൊത്തിയകറ്റും. പക്ഷിമൃഗാദികളുടെ ഈ ആവാസ വ്യവസ്ഥയെ ആവാഹിച്ചിരിക്കുന്ന ഒരേയൊരു പാര്‍ട്ടിയേ ലോകത്തുള്ളൂ. കേരള കോണ്‍ഗ്രസ്. ഈ പാര്‍ട്ടിയുടെ പിളര്‍പ്പിന്‍റെ ചരിത്രം എഴുതാന്‍ വിക്കിപ്പീഡിയ പോലും തയ്യാറായിട്ടില്ല. അത്രക്ക് സ്പെയ്സ് അവരുടെ പക്കലില്ലെന്നതാണ് സത്യം. ഇടതുസര്‍ക്കാരിലെ മന്ത്രി കസേരയില്‍ ഭരണനിര്‍വഹണങ്ങളില്‍ മുഴുകിയിരുന്ന പിജെ ജോസഫിനോട്  പോരുന്നോ എന്‍റെ കൂടെയെന്ന് കെഎം മാണി അങ്ങ് ചോദിച്ചു. കേട്ടപാതി കൈയ്യില്‍ കിട്ടിയതെല്ലാം പെറുക്കിക്കെട്ടി ജോസഫ് ഇങ്ങ് പോന്നു. രണ്ടിലയിലെ ഒരില ഇന്നുമുതല്‍ ഔസേപ്പച്ചനാണെന്ന് മാണിസാര്‍ വാക്കാല്‍ പറയുകയും ചെയ്തു. പച്ചില പഴുക്കുമെന്നും പഴുത്തില വീഴുമെന്നും വീണാല്‍ ആ ഗ്യാപ്പില്‍ പുതിയ തളിരില വരുമെന്നതും പച്ചപ്പരമാര്‍ത്ഥം. എന്നാല്‍ വളര്‍ന്നുവരുന്ന ഇല തന്‍റെ അന്ധകനാകുമെന്ന് ജോസഫ് സ്വപ്നേന നിരീച്ചില്ല. മാണിയുടെ പേരിലുള്ള പാര്‍ട്ടിയുടെ തലപ്പത്ത് മാണിക്കുടുംബത്തിലെ അംഗംതന്നെ വേണമെന്നും അതുതാന്‍തന്നെ ആകണമെന്നും ജോസ് വിചാരിച്ചതിലും തെറ്റുപറയാനാകില്ല. തൊണ്ണൂറ്റിയൊന്‍പതില്‍ മൂവാറ്റുപുഴയില്‍ മല്‍സരിക്കാനിറങ്ങിയതുപോലെയോ പിന്നീട് അടുത്ത കാലത്ത് പാര്‍ട്ടിയുടെ മറ്റ് പദവികള്‍ നേടിയതുപോലെയോ എളുപ്പമല്ല ചെയര്‍മാനാകാന്‍ എന്ന് ജോസ് വൈകിയവേളയില്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. പാര്‍ട്ടി ചെയര്‍മാനെ തീരുമാനിക്കാന്‍ ജോസഫ് യോഗം വിളിക്കാത്തതിനാല്‍ ജോസ് രണ്ടും കല്‍പ്പിച്ചങ്ങ് വിളിച്ചു.

കെഎം മാണിയുടെ വലംകൈയ്യായിരുന്നു ജോയ് എബ്രഹാം. പിസി ജോര്‍ജിനെയൊക്കെ അകത്താക്കാനും പറത്താക്കാനും ഭരണഘടനയില്‍ പണി ആവശ്യമായി വന്നപ്പോള്‍ മാണിക്കുവേണ്ടി അതെല്ലാം ചെയ്തത് ജോയി ആയിരുന്നു. എന്നാല്‍ ചില സിനിമയിലെ ക്ലൈമാക്സ് കണക്കെ ഇപ്പോള്‍ ജോയ് എബ്രഹാം എതിര്‍ചേരിയിലാണ്. എന്നുവച്ചാല്‍ കരിങ്കോഴക്കല്‍ തറവാടിന്‍റെ അസ്ഥിവാസ രഹസ്യം വരെ അറിയാവുന്ന ഒരാള്‍ ഇപ്പോള്‍ ജോസഫിനൊപ്പമാണെന്നു സാരം. ചെറിയ തിരിച്ചടിയല്ല ഇത് ജോസ് കെ മാണിക്ക് സമ്മാനിച്ചത്. 

എന്തുകൊണ്ടാണ് ജോയ് എബ്രഹാം മറുകണ്ടം ചാടിയത്. മാണി കോണ്‍ഗ്രസില്‍ എങ്ങനെ രണ്ടുപക്ഷമുണ്ടായി. ആ കഥക്ക് ഈ സാഹചര്യത്തില്‍ പ്രാധാന്യമുണ്ട്. ഇരുപക്ഷത്തെയും നന്നായറിയാവുന്ന ജോയ് എബ്രഹാം ആ കഥ പറയും.

ജോസും സിഎഫ് തോമസുമല്ല. പിന്നെ യോഗത്തില്‍ പങ്കെടുത്തത് റോഷി അഗസ്റ്റിന്‍ ആണ്.  യോഗത്തില്‍ അമ്മാതിരി പറച്ചില്‍ പറഞ്ഞത് ആരാണെന്നു കണ്ടുപിടിക്കാന്‍ ഇനി കവടി നിരത്തേണ്ട ആവശ്യമില്ല. രണ്ടുവള്ളത്തിലും തല്‍ക്കാലമില്ലെന്ന നാലപാടിലാണ് സിഎഫ് തോമസ്. പാര്‍ട്ടിയിലെ ഓരോ അംഗത്തിലും വിലപിടിക്കാനാവാത്ത പ്രാധാന്യമുള്ള കാലമാണ് കണ്‍മുന്നില്‍

യോഗം വിളിക്കാന്‍ ആര്‍ക്കാണ് യോഗം എന്നതായിരുന്നു കേരളം ഇത്രയും ദിവസം ഉറ്റുനോക്കിയത്. കോട്ടയത്തെ മാത്രം ബാധിക്കുന്ന വിഷയമായിട്ടും കേരളം വലിയ ആകാംഷയോടെ ഈ കളികളെല്ലാം നോക്കികണ്ടു. അതിനുവേണ്ടി ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മല്‍സരം വരെ ഉപേക്ഷിച്ചവര്‍ പാലായിലും പരിസരത്തും ധാരാളം.  മെഗാസീരിയലിനുപോലും ക്ലൈമാക്സുള്ള ഇക്കാലത്ത് അതിനെ തോല്‍പ്പിക്കും വിധമായിരുന്നു കേരള കോണ്‍ഗ്രസ് പ്രതിസന്ധിയുടെ പോക്ക്. ഒരു കണക്കിന് ജോസ് കെ മാണി യോഗം വിളിച്ചത് വളരേ നന്നായി എന്ന അഭിപ്രായക്കാരാണ് മലയാളികള്‍. ഭരണഘടനയിലെ ക്ലോസുകളാണ് അപ്പോളും ഇപ്പോളും തര്‍ക്കവിഷയം. പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാത്തവര്‍ ഇത്രയും കാലം ഒന്നിച്ചു നിന്നതുതന്നെ വലിയ സംഭവമാണ്. ഒരു വീട്ടില്‍ രണ്ടടുക്കള സമ്പ്രദായം അത്ര നല്ല ഏര്‍പ്പാടല്ല.

ഒടുവില്‍ തന്നെ പാര്‍ട്ടിയുടെ ചയര്‍മാനായി ജോസ് കെ മാണി അങ്ങ് പ്രഖ്യാപിച്ചു. പാര്‍ട്ടിയില്‍ ആര്‍ക്കും ആ സ്ഥാനത്തേക്കുവരാന്‍ അവസരമുണ്ടെന്ന് ആത്മാര്‍ഥമായി പറയുന്നതായി അഭിനയിച്ച ശേഷമായിരുന്നു തലപ്പാവണിയല്‍. റോഷി അഗസ്റ്റിന്‍ തുടങ്ങിയ ഇത്തിള്‍ കണ്ണികള്‍ വേദിയില്‍ ജോസുമോനെ വാനോളം പുകഴ്ത്തി. കോട്ടയം പട്ടണത്തെ കിടിലം കൊള്ളിച്ച റോഡ്ഷോക്കൊടുവില്‍ കേരള കോണ്‍ഗ്രസ് ഓഫീസിലെത്തിയ ജോസുമോന്‍ കെഎം മാണി ബാക്കിവച്ചുപോയ കസേരയില്‍ അമര്‍ന്നിരുന്നു. ഇതിനുവേണ്ടിയായിരുന്നല്ലോ ഇക്കണ്ട പൊല്ലാപ്പെല്ലാമെന്ന് നെടുവീര്‍പ്പിട്ടു

എന്നാല്‍ ചില സന്തോഷങ്ങള്‍ക്ക് അധികം ആയുസുണ്ടാവില്ലല്ലോ. ജോസുമോന്‍റെ കിരീടം മുള്‍ക്കിരീടമാകാന്‍ അധികസമയമെടുത്തില്ല. ഒരുദിവസത്തെ മുഖ്യമന്ത്രിയെന്നൊക്കെ സിനിമയില്‍ കണ്ടിട്ടില്ലേ. അമ്മാതിരി പണിയായിപ്പോയി. ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനെ കോടതി വക സ്റ്റേ. കളി ജോസഫിനോട് വേണ്ട. തല്‍ക്കാലം കസേര ആളില്ലാതെ പാര്‍ട്ടി ഓഫീസിന്‍റെ ഇറയത്ത് കിടക്കും.

MORE IN COUNTER POINT
SHOW MORE
Loading...
Loading...