കോണ്‍ഗ്രസിലെ നിരുപദ്രവകാരിയായ തമാശക്കാരൻ

thiruvanchur-radhakrishnan
SHARE

വിശ്വാസികള്‍ എല്‍ഡിഎഫിനെ വിശ്വസിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പു പരാജയം വിലയിരുത്തിയ സിപിഐയുടെ നിഗമനം. എന്നുവച്ചാല്‍ വിശ്വാസികള്‍ പാര്‍ട്ടിക്ക് അവിശ്വാസികളായെന്നു സാരം. 

എല്ലാക്കാലത്തും എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും ഒരു നിരുപദ്രവകാരിയായ തമാശക്കാരനുണ്ടാകും. ശരിക്കും പറഞ്ഞാല്‍ സ്വന്തം വ്യക്തിത്വത്തെ കുറിച്ച് അയാള്‍ക്കുള്ള വിചാരം താന്‍ വളരെ സീരിയസാണ് എന്നാകും. എന്നാല്‍ വാ തുറക്കുമ്പോള്‍ നാട്ടുകാര്‍ക്ക് എല്ലാം തമാശയായേ ഫീല്‍ ചെയ്യൂ. കോണ്‍ഗ്രസില്‍ ഈ കാലഘട്ടത്തില്‍ അത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. സീരിയസ് കാര്യത്തെക്കുറിച്ചാണെങ്കില്‍ പോലും തിരുവഞ്ചൂര്‍ പറഞ്ഞുവരുമ്പോള്‍ സിറ്റുവേഷന്‍ കോമഡിയായിപ്പോകും. സഭയില്‍ ചോദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ അവസരം കിട്ടിയത് ഈ കക്ഷിക്കായിരുന്നു. ഈ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ നടത്തിയ പരിഷ്കാരങ്ങൾ ‍എന്തൊക്കെ എന്നൊരു ചെറിയ ചോദ്യം ആശാന്‍ നീട്ടിയെറിഞ്ഞു. ചോദ്യത്തിന്‍റെ ഉദ്ദേശം കോട്ടയം മെഡിക്കല്‍ കോളജില്‍ ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി ചെയ്തത് ഉയര്‍ത്തി സര്‍ക്കാരിനെ വലിച്ചു കീറുക എന്നതായിരുന്നു. ചില ചോദ്യങ്ങള്‍ അത് ചോദിച്ചവനെത്തന്നെ വല്ലാതെ തിരിഞ്ഞുകൊത്താറുണ്ടെന്ന് തിരുവഞ്ചൂര്‍ ഓര്‍ത്തില്ല. ഓര്‍ഡര്‍ ഓര്‍ഡര്‍. കണ്ണെടുക്കാതെ ചെവി അടക്കാതെ കേട്ടോണം. ഇതാ നിയമസഭയിലെ ചിരിയോത്തരവേള

*****************************

കേരളത്തില്‍ സിപിഎമ്മിനെതിരെ കട്ടക്കുനില്‍ക്കാന്‍ പോന്ന വലതന്‍ കെ സുധാകരനല്ലാതെ മറ്റാരുമല്ലെന്നത് അംഗീകരിക്കപ്പെട്ട സത്യമാണ്. ഇടതുപക്ഷത്തെ ചട്ടമ്പിനേതാക്കളെല്ലാം കണ്ണൂരുനിന്നുള്ളവരാണെന്ന് പൊതുവേ പറച്ചിലുണ്ട്. അവര്‍ പഠിച്ച അതേ കളരിയില്‍ മറുവെട്ടുപഠിച്ചവനാണ് താനെന്ന് സുധാകരന്‍ സ്വയം പറയാറുമുണ്ട്. വടക്ക് കോണ്‍ഗ്രസിന് എ ഗ്രൂപ്പ് ഐ ഗ്രൂപ്പ് എന്നതല്ല ശീലം. അവിടെ അണികള്‍ക്ക് എല്ലാം സുധാകരേട്ടനാണ്. വലതുപക്ഷത്തെ ഇരട്ടചങ്കന്‍. പ്രഖ്യാപിത ഇരട്ടചങ്കനായ പിണറായി വിജയനെതിരെ പറയാന്‍ മൈക്കെടുക്കുമ്പോള്‍ സുധാകരന്‍റെ എനര്‍ജി ലവല്‍ വല്ലാതങ്ങ് ഉയരും. മൈക്ക് ഒരു അനാവശ്യ സാധനമായി മാറും. ഇത്തരം അവസരത്തില്‍ സുധാകരന്‍ പ്രസംഗിക്കുകയല്ല മറിച്ച് ഗര്‍ജിക്കുകയാണെന്നുവരെ തോന്നിപ്പോകും. ഭീകരനാണവന്‍ കൊടും ഭീകരന്‍. 

*****************************

പിണറായി രാഹുല്‍ ഗാന്ധിയെ കണ്ടുപടിക്കണമെന്നാണ് സുധാകരേട്ടന്‍ പറയുന്നത്. അതിലും ഭേദം പിണറായി രാഷ്ട്രീയം നിര്‍ത്തുന്നതാണ്. എന്തായാലും പറയുന്നത് കെ സുധാകരനായതുകൊണ്ട് കൈയ്യടിക്കാന്‍ ആളുണ്ട്. 

*****************************

കോടതിക്കെതിരായി ചലിച്ചു തുടങ്ങിയ ആ നാവുകള്‍ക്ക് ഇനി വിശ്രമമില്ല. മറ്റു ചില സുപ്രധാന വിധികളുടെ വിശകലനമാണ് ഇനി. ഈ പറച്ചിലിനെല്ലാമൊടുവില്‍ എന്താകും സുധാകരനെ കാത്തിരിക്കുന്ന വിധിയെന്ന് ഒരു പിടിയുമില്ല. എല്ലാം കണ്ണൂര്‍ സിംഗത്തിന്‍റെ വിധിക്ക് വിടുന്നു

*****************************

കാസര്‍കോട്ടെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം സി കമറുദീന് കേരളത്തിലെ വക്കീലന്‍മാരെപ്പറ്റി നല്ല അറിവാണ്. സ്ഥിരം കക്ഷി അല്ലെങ്കിലും ആക്ടും റൂളും പറയുന്നവരോട് ഒരു പ്രത്യേക അടുപ്പമുണ്ടുതാനും. അതുകൊണ്ടാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിവരെ പങ്കെടുത്ത ചടങ്ങില്‍ തന്‍റെ നിയമ ബന്ധങ്ങള്‍ ഒന്ന് പ്രകടിപ്പിക്കാന്‍ കക്ഷി തീരുമാനിച്ചത്. മുന്‍ ഡിസിസി പ്രസിഡന്‍റും അഭിഭാഷകനുമായ സികെ ശ്രീധരനെ വേദിയിലിരുത്തി കമറുദീന്‍ ഒരു പറച്ചിലങ്ങു പറഞ്ഞു. ഉപമയാണ് ഉദ്ദേശിച്ചതെങ്കിലും പറഞ്ഞുവന്നപ്പോള്‍ അത് ശാര്ഡദൂലവിക്രീഡിതമായാണ് സികെ ശ്രീധരന് ഭവിച്ചത്

***************************

ഇനി അഭ്രപാളിയിലും കേരള സര്‍ക്കാരിലും ഒരുപോലെ പേരെടുത്ത ഒരു താരമാണെത്തുന്നത്. കൊട്ടാരക്കരക്കാരന്‍ ഗണേശ്കുമാര്‍. പാലാരിവട്ടംപാലം തല്ലിപ്പൊളിയാണെന്ന് താന്‍ പണ്ടേ പറഞ്ഞെന്നും അപ്പോള്‍ താന്‍ പാലംവലിക്കാന്‍ നോക്കുകയാണെന്ന് അന്നത്തെ മുഖ്യന്‍ ഉമ്മന്‍ ചാണ്ടി കരുതിയെന്നുമാണ് ഇന്ന് എല്‍ഡിഎഫ് ലൊക്കേഷനിലിരിക്കുന്ന ഗണേശന്‍റെ ഡയലോഗ്. പാലാരിവട്ടം പാലം കാരണമാണ് താന്‍ യുഡിഎഫ് വിട്ടതെന്നുവരെയുള്ള വിടല്‍ കേള്‍ക്കാതെ പോകരുത്.

***************************

അപ്പോ പറഞ്ഞുവരുന്നത് വികെ ഇബ്രാഹിംകുഞ്ഞ് സിമന്‍റില്ലാതെ പാലം പണിതുവെന്നാണോ

***************************

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തൊമ്പതു നിലയില്‍ പൊട്ടിയിട്ടും എന്തുകൊണ്ടാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാത്തത്. പലരും പരസ്പരം ചോദിച്ച ചോദ്യമാണിത്. അതിനുവെച്ച വെള്ളം വാങ്ങിവയ്ക്കൂ എന്നാണ് കോണ്‍ഗ്രസുകാരോട് മന്ത്രി എംഎം മണിക്ക് പറയാനുള്ളത്. പിണറായിയുടെ രാജി ആഗ്രഹിച്ച എല്ലാവര്‍ക്കും ആശാന്‍ വക സ്റ്റഡിക്ലാസ്

***************************

എച്ച് ഡി എന്നാല് ‍ഹൈഡെഫനിഷന്‍ എന്ന് ആരും തെറ്റിദ്ധരിക്കരുത്. ആശാന് തുടരാം

MORE IN THIRUVA ETHIRVA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...