ഇരുപതിൽ ‘ഒന്നിനെ’ ചൊല്ലി കോൺഗ്രസും സിപിഎമ്മും; അന്വേഷണം ! ചിരി

mullappally-vijayaraghavan
SHARE

കേരളത്തിലെ പിണറായിക്കാലം എന്നൊന്ന് ചരിത്രത്തില്‍ തങ്കലിപികളില്‍ കിടക്കണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ബന്ധമുണ്ട്. നവോത്ഥാനത്തിന് പിന്നാലെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ററി ഏകീകരണം. ഇപ്പോള്‍ അടുത്ത തീരുമാനത്തിലാണ്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം. നിലവലില്‍ ഒരു പ്രശ്നവുമില്ലാതെ കിടക്കുന്ന വിഷയങ്ങളില്‍ ഇങ്ങനെ വിഷയങ്ങള്‍ ഉണ്ടാക്കുന്നതിനെയാണല്ലോ വിപ്ലവം എന്നു പറയുക. 

ലോക്സഭാ തിരഞ്ഞടുപ്പിലെ കേരളത്തിലെ ഫലം എങ്ങനെയാകുമെന്ന് നിരവധി ഏജന്‍സികള്‍ പ്രവചിച്ചിരുന്നു. പതിമൂന്ന് ആറ് ഒന്ന് പത്ത് പത്ത് എന്നൊക്കെ നീണ്ടു അത്. എന്നാല്‍ ഏറ്റവും കൃത്യമായി പ്രവചിച്ചത് ആരാണെന്ന് റിസള്‍ട്ടിനു ശേഷം അധികമാരും അന്വേഷിച്ചില്ല. അതിനാല്‍ ആ പ്രവാചകന്‍ നേരിട്ട് കളത്തിലെത്തിയിട്ടുണ്ട്.  കക്ഷി ഇതിനു മുമ്പം പല പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്. മാത്രമല്ല വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പും പ്രവചിക്കാന്‍ നേരം കണ്ടെത്തിയിട്ടുമുണ്ട്. 

ഒരേ ഒരു സീറ്റിന്‍റെ കാര്യത്തിലാണ് മുല്ലപ്പള്ളിക്ക് അല്‍പ്പമെങ്കിലും തെറ്റിയത്. അത് ആലപ്പുഴയാണ്. എന്തുകൊണ്ടാണ് ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോറ്റത് എന്നതാണ് പാര്‍ട്ടി അന്വേഷിക്കാന്‍ പോകുന്നത്. സീറ്റ് വിഭജന സമയത്ത് വയനാട്ടിലേക്ക് വണ്ടിതിരിച്ചിട്ടിരിക്കുകയായിരുന്നു ഷാനിമോള്‍. ഏറ്റവും വിജയ സാധ്യതയുള്ള വയനാട് കൊതിച്ച താരത്തിന് പക്ഷേ കിട്ടിയത് വിജയസാധ്യത തുലോം കുറവുള്ള ആലപ്പുഴ. ഇവിടെനിന്ന്   കെസി വേണുഗോപാല്‍ ഒരുകാലത്തും പോകില്ല എന്നു കരുതിയിരുന്ന ഷാനിമോള്‍ ഉസ്മാന്‍ അതുകൊണ്ടുതന്നെ ഹോംമാച്ചിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ആരിഫ് വന്നപ്പോള്‍ കെസി നൈസായി ഊരി. വയനാടന്‍ മോഹത്തിന് ഉമ്മന്‍ ചാണ്ടിവക ആപ്പ്. ഇതൊക്കെ കണ്ടുപിടിക്കാനാണ് മുല്ലപ്പള്ളി വക കമ്മീഷന്‍. 

അല്ലാവരും ശ്രദ്ധിക്കേണ്ടത് ഇത് മുല്ലപ്പള്ളിയുടെ കമ്മിറ്റിയാണ് എന്നതാണ്. തനിക്ക് കിട്ടുന്ന റിപ്പോര്‍ട്ടുകള്‍ മേശവലിപ്പില്‍ വച്ച് വലിപ്പിക്കുന്ന ശീലം ഈ പ്രസിഡന്‍റിന് പണ്ടേയില്ല. പാര്‍ട്ടിയിലെ കൊമ്പന്മാരായ ചെന്നിത്തലയുടെയും കെസി വേണുഗോപാലിന്‍റെയും തട്ടകത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ഏത് നത്തോലികളാണ് ഇനി കുടുങ്ങുക എന്നുമാത്രമാണ് അറിയാന്‍ ബാക്കിയുള്ളത്. ഇരുപതില്‍ ഒന്ന് പോയതെങ്ങനെയെന്നാണ് കോണ്‍ഗ്രസ് അന്വേഷിക്കുന്നതെങ്കില്‍ ഇരുപതില്‍ ഒന്ന് കിട്ടയതെങ്ങനെയെന്നാണ് സിപിഎം ആലോചിക്കുന്നത്. നഷ്ടമായതിനെക്കുറിച്ച് അല്ല നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ചിന്തിക്കുന്ന ശീലം പണ്ടേ ഈ പാര്‍ട്ടിക്കില്ല. വോട്ടുചെയ്ത ജനമാണ് തോറ്റത് ഇടതുമുന്നണിയല്ല എന്ന ലൈനിലാണ് നിയമസഭയില്‍ എം സ്വരാജൊക്കെ പ്രസംഗിക്കുന്നതുതന്നെ. എന്തുകൊണ്ടു തോറ്റു എന്ന് ചര്‍ച്ചിക്കാന്‍ ഇടതുമുന്നണി യോഗം ചേര്‍ന്നു. എല്‍ഡിഎഫ് തോറ്റതെങ്ങനെയെന്നത് നാട്ടിലെ വോട്ടില്ലാത്ത കുട്ടിക്കുമുതല്‍ വോട്ടര്‍പ്പട്ടികയിലില്ലാത്ത മുതിര്‍ന്നവര്‍ക്കുവരെ നന്നായറിയാം. അതറിയാത്ത ഒരേയൊരു കൂട്ടരേ നാട്ടിലുള്ളൂ. മറ്റാരുമല്ല ഇടത് നേതാക്കള്‍. അവർ ‍കുലംങ്കര്‍ഷമായ ചര്‍ച്ചയിലാണ്

ഹിറ്റ്ലറുതോറ്റു മുസോളിനി തോറ്റു ഞങ്ങള്‍ക്കെന്താ തോറ്റൂടേ എന്നതായിരുന്നു കഴിഞ്ഞ കാലങ്ങളില്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നവരുടെ പ്രധാന മുദ്രാവാക്യം. പിന്നീട് കോമഡി ഷോകള്‍ സജദീവമായതോടെ ഇങ്ങനെയൊക്കെ ചെയ്യാമോ നമ്മളു പിന്നേം കാണേണ്ടേ എന്നതിലേക്ക് ശൈലി മാറിയിരുന്നു. ഇപ്പോ പക്ഷേ ന്യൂ ജന്‍ ട്രന്‍റാണ് ഇടതുമുന്നണി ഇറക്കുന്നത്. തോറ്റു. അതിനെന്നാ. മുന്‍പും തോറ്റിറ്റുണ്ടല്ലോ ലൈന്‍. ഒരു പരിധിവരെ ഇവര്‍ പറയുന്നത് ശരിയാണ്. അടിപടലേ തളര്‍ന്നിരിക്കുന്ന അണികള്‍ക്ക് അല്‍പ്പം ആവേശം പകരാന്‍ ഈ മോഡാണ് നല്ലത്. 

ഇടതുപക്ഷത്തിന്‍റെ മോദീ വിരുദ്ധ പ്രചാരണങ്ങള്‍ വലതിന് ഗുണം ചെയ്തുവെന്ന സിംപിള്‍ തിയറിയാണ് തിരഞ്ഞെടുപ്പില്‍ തോറ്റ അന്നുമുതല്‍ സിപിഎം പയറ്റുന്നത്. എന്നാല്‍ ആലപ്പുഴയില്‍ വെള്ളാപ്പള്ളിയാണ് പാര്‍ട്ടിയെ രക്ഷിച്ചതെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് മറ്റ് പത്തൊമ്പതു സീറ്റുകളുടെ കാര്യത്തില്‍ ആധികാരികമായി പലതും പറയാന്‍ വെള്ളാപ്പള്ളിയും ഇതോടെ യോഗ്യത നേടി. വളരെ വ്യക്തമായും സത്യസന്ധമായും വസ്തുതാപരമായുമാണ് ഇടത് തോല്‍വിയെ വെള്ളാപ്പള്ളി വിലയിരുത്തുന്നത്.  തന്‍റെ പറച്ചിലുകള്‍ക്കിടയിലെല്ലാം മേമ്പടിക്ക് പിണറായി സ്തുതി വിതറാന്‍ നടേശേട്ടന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വേണമെങ്കില്‍ അദ്ദേഹത്തെ ഇടതുമുന്നണി കണ്‍വീന്‍ ആക്കാവുന്നതാണ്. അല്ല കാര്യങ്ങള്‍ക്കൊക്കെ ഒരു ക്ലാരിറ്റി കിട്ടുമല്ലോ.

ഇതിനിടയില്‍ ശബരിമല നട തുറന്നു പൂജകള്‍ക്കു ശേഷം അടച്ചു. ലോക്സഭാ തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞതുകൊണ്ട് പക്ഷേ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും സംഗതി അറിഞ്ഞില്ല എന്നുമാത്രം. യുഡിഎഫ് വിജയത്തെ വിലയിരുത്തിയ വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ പക്ഷേ ആശയല്ല നിരാശയാണ് പ്രകടമായത്. കാരണം മറ്റൊന്നുമല്ല. ജാതിയാണ് പ്രശ്നം. നവോത്ഥാനമതിലിന്‍റെ മുകളില്‍ കയറിയിരുന്ന് ജാതിപറയാന്‍ പറ്റുന്നുവെന്നത് ലോകത്ത് വെള്ളാപ്പള്ളി നടേശന് മാത്രം കിട്ടിയിട്ടുള്ള അവസരമാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...