പാലാരിവട്ടം പാലം അഥവാ പാലുംവെള്ളത്തിൽ തന്ന എട്ടിന്റെ പണി

palarivattom-bridge
SHARE

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതിക്കാരെ കണ്ടെത്തിയാല്‍ പോലും എന്തുകൊണ്ട് എല്‍ഡിഎഫ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റു എന്നകാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. 

മേല്‍പാലം പോലെ ഫ്ളൈ ഓവര്‍ ചെയ്ത് നില്‍ക്കുന്ന ഒരു അഴിമതിക്കേസിലാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. നിലവില്‍ മേല്‍പാലത്തിന്‍റെ ഡിസൈന്‍ വരച്ചതുമുതല്‍ നിര്‍മാണത്തിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരൊക്കെയാണ് വിജിലന്‍സിന്‍റെ പ്രതിപട്ടികയിലുള്ളത്. ഒരൊറ്റ ജനപ്രതിനിധികള്‍ കേസില്‍ ഇതവരെ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല.

കൊച്ചിയിലെ ദേശീയപാത ബൈപാസിലുള്ള പാലാരിവട്ടത്തെ മേല്‍പാലം നിര്‍മാണത്തിന് തുടക്കം കുറിച്ചത്. കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു .പൊതുമരാമത്ത് മന്ത്രി മുസ്ലിം ലീഗിന്‍റെ ഇബ്രാഹിം കുഞ്ഞും. ദേശീയ പാത അതോറിറ്റി നിര്‍മിക്കേണ്ട പാലം അന്നത്തെ സംസ്ഥാനസര്‍ക്കാര്‍ അങ്ങോട്ട് പോയി സ്വന്തം നിലയ്ക്ക് നിര്‍മിച്ചോളാമെന്നും ഒക്കെ നമ്മളേറ്റു എന്നും പറഞ്ഞാണ് പണി തുടങ്ങിയത്.

ടാറിങ് ഒക്കെ കഴിഞ്ഞ് ഉദ്ഘാടനം ചെയ്യാന്‍ അവസരം കിട്ടിയത് സാക്ഷാല്‍ പിണറായി വിജയനും. പക്ഷേ പാലം പൊളിഞ്ഞു. ഇപ്പോ അടച്ചിട്ടിരിക്കുകയാണ്.  മലയാളികള്‍ക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പാലും വെള്ളത്തില്‍ തന്ന പണിയായിപ്പോയി പാലാരിവട്ടം മേല്‍പാലം.

പൊതുവെ ഇത്തരം പൊതുമരാമത്ത് നിര്‍മാണങ്ങളില്‍ കേസിലൊക്കെ പെട്ടുപോവുന്നത് ഉദ്യോഗസ്ഥരാണ്. പാലം പണിതതിന്‍റെ വലിയ നെഗളിപ്പുമൊക്കെയായി സര്‍ക്കാരും മുഖ്യമന്ത്രിയും മന്ത്രിമാരും വികസനനായകന്‍മാരായി മല്‍സരിക്കാനൊക്കെ വരുമെങ്കിലും പാലം പൊളിഞ്ഞാല്‍ പിന്നെ ആ വഴിക്ക് കാണില്ല.

ഇതിലൊന്നും നമുക്കൊരു പങ്കുമില്ലേ ഇതൊക്കെ ചെയ്ത ഉദ്യോഗസ്ഥരെ വേണം നാല്‍ക്കാലിയില്‍ കെട്ടി അടിക്കാന്‍ എന്നൊക്കെ പറഞ്ഞ് അഴിമതിവിരുദ്ധരാവും. എന്തായാലും ഉദ്യോഗസ്ഥരേയും പിടിക്കണം, അവര്‍ക്ക് അതിനുള്ള ധൈര്യം കൊടുത്ത നേതാക്കളേയും പൊക്കണം.

അതല്ലേ അതിന്‍റെ ന്യായം. അല്ലാതെ ഡിസൈന്‍ വരച്ചത് മുഖ്യമന്ത്രിയല്ല, സിമന്‍റ് മണലും കല്ലും കൂട്ടിയത് പൊതുമരാമത്ത് മന്ത്രിയല്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വികസനത്തില്‍ നിങ്ങള്‍ക്ക് നായകന്‍മാരാകാമെങ്കില്‍ ആ വികസനപ്രവര്‍ത്തനത്തിലെ അഴിമതിയില്‍ നിങ്ങള്‍ വില്ലന്‍മാരുമാവണം. 

സഭയിലെ ചര്‍ച്ചയില്‍ കെ.സി. ജോസഫായിരുന്നു മുന്‍ സര്‍ക്കാരിന് വേണ്ടി വാദിച്ചത്. അല്ലെങ്കിലും ഓസിക്ക് വേണ്ടി ഓസിയായി വാദിച്ചുകളയും കെ.സി. അതാണ് അവര്‍ തമ്മിലുള്ള ഇരുപ്പുവശം. പറഞ്ഞ് പറഞ്ഞ് പിള്ളേരൊക്കെ നിര്‍മാണങ്ങളുടെ ഡിസൈന്‍ വരയ്ക്കുന്നതുപൊലും കെ.സി.ജോസഫിന് ഇഷ്ടമല്ലാതായിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ പൊതുമരാമത്ത് പണികളില്‍ കെ.സി. കണ്ടെത്തിയ ഗുരുതര പ്രശ്നം യുവാക്കള്‍ പണിയെടുക്കുന്നു എന്നതാണ്.

ഇതൊടെ കാര്യത്തിലൊരു തീരുമാനമാവുമെന്ന് പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാനേ പറ്റൂ. ഒന്നാമത് അഡ്ജസ്റ്റ്മെന്‍റ് കാരാണല്ലോ ഇവരൊക്കെ. അടുത്തതായി അധികാരത്തില്‍ വരുമ്പോള്‍ എവിടെയൊക്കെ എത്ര പാലം പണിയാമെന്നും പുതിയ ഹൈവേ കൊണ്ടുവരാമെന്നുമാണ് പ്രതിപക്ഷത്തിരിക്കുന്നവര്‍ ഇവിടെ പതിവായി ആലോചിക്കാറ്.

ഓരോരോ അഞ്ചുകൊല്ലം കൂടുമ്പോള്‍ ഇങ്ങനെ മാറിമാറി കിട്ടുന്നതുകൊണ്ട് ഒരു പാലം അങ്ങോട്ടും ഇങ്ങോട്ടും ഇടും. അതാണ് നടപ്പുരീതി. അതുകൊണ്ട് ഒന്നുകില്‍ ഈ കാലത്ത് നടക്കുന്ന പണിയില്‍ നൂറുശതമാനം അഴിമതി ഇല്ലെന്നുറപ്പുണ്ടെങ്കില്‍ കാര്യം നടക്കും. ഇല്ലെങ്കില്‍ ഇതിന്‍റെ പേരില്‍ മുന്‍ അഴിമതികള്‍ക്ക് കടലാസില്‍ സുഖനിദ്രയാണ് അനുവദിക്കപ്പെടാറ്. എല്ലാം സുധാകരന്‍മന്ത്രിയുടെ കൈയ്യിലിരുപ്പ് പോലെയിരിക്കും.

നിയമസഭയില്‍ പ്രതിപക്ഷം അധികസമയവും ചെലവിട്ടത് സിപിഎമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും ഒന്നു നന്നാക്കിയെടുക്കാനായിരുന്നു. കേട്ടാല്‍ തോന്നും തിരഞ്ഞെടുപ്പില്‍ 19–1ന് ഇടതുമുന്നണി തോറ്റുപോയതിന്‍റെ സങ്കടം മുഴുവന്‍ ഇവിടുത്തെ വലതുമുന്നണിക്കാണെന്ന്.  ഈ തോന്നലിനെ ഉറപ്പിക്കുന്നതാണ് തോല്‍വിയെക്കുറിച്ച് ഇടതുനേതാക്കളുടെ പറച്ചിലുകള്‍. അവരിപ്പോഴും തോല്‍വി വിജയത്തിലേക്കുള്ള പന്ഥാവായി കരുതുന്ന ടീംസാണ്. അതിനും വേണം ലേശം ഉളുപ്പ്. എന്തൊക്കെ പറഞ്ഞാലും സാക്ഷാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വരെ പിണറായി വിജയനെ ഉപദേശിക്കുന്നത് കേള്‍ക്കാന്‍ പറ്റി.

ഈ കാല്‍പനിക വിപ്ലവകാരികളുടെ കുഴപ്പം. തിരഞ്ഞെടുപ്പ് തോറ്റുകഴിയുമ്പോള്‍ പറയും നമ്മളായിരുന്നു ശരി, പക്ഷേ തോറ്റുപോയി. കാലവും ചരിത്രവും ഒരിക്കല്‍ പറയും നിങ്ങളായിരുന്നു ശരിയെന്ന് എന്നൊക്കെ. പിന്നെ കാലത്തിനും ചരിത്രത്തിനും ഇതാണല്ലോ പണി. ഇനി അഥവാ അന്ന് ശരിയെന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. വര്‍ത്തമാനകാലത്ത് കൈകൊണ്ട ശരിയെ ശരിയായി എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കാതെ കാലം പറയുന്നതും കേട്ടിരുന്നാല്‍ അങ്ങനെ ഇരുന്നു പോവുകയേയുള്ളു. കോളജില്‍ എസ്.എഫ്.ഐ തോല്‍ക്കുമ്പോള്‍ കേള്‍ക്കുന്ന പ്രസംഗം കുറെ കാലത്തിനു ശേഷം, നിയമസഭയില്‍ കേട്ടു സിപിഎം തോറ്റപ്പോള്‍. അത്രേയുള്ളു. 

ഈ തോല്‍വിയെക്കുറിച്ച് സിപിഎം നടത്തിയ പഠനത്തില്‍ കണ്ടെത്തിയ പ്രധാനഭാഗം ഇതാണ്. മോദിക്കെതിരെ, ഫാസിസത്തിനെതിരെ പ്രചാരണങ്ങള്‍ നടത്തിയത് ഇടതുപക്ഷം. അതിന്‍റെ ഫലമായി നേട്ടം കിട്ടിയത് കോണ്‍ഗ്രസിന്. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നൊരു തോന്നല്‍ ആളുകള്‍ക്കുണ്ടായീത്രെ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് പറഞ്ഞ് ആളുകളെ പറ്റിച്ചതാണ് മറ്റൊരു കൂടിയ ഇനം ആരോപണം. അടുത്ത തിരഞ്ഞടുപ്പില്‍ സീതാറാം യെച്ചൂരിയോ പ്രകാശ് കാരോട്ടോ പോട്ടെ പിണറായി സഖാവ് തന്നെ പ്രധാനമന്ത്രിയാവുമെന്നൊരു പ്രചാരണമായിരിക്കണം കോണ്‍ഗ്രസ് നടത്തേണ്ടത്. തെറ്റുകള്‍ ഇങ്ങനെവേണം തിരുത്താന്‍. 

കെ.സി.ജോസഫിന്‍റെ കണ്ടുപിടിത്തമനുസരിച്ച് കേരളത്തില്‍ മോദിപ്പേടിക്കൊപ്പം പിണറായി പേടി കൂടി തിരഞ്ഞെടുപ്പില്‍ വര്‍ക്കൗട്ട് ആയി എന്നാണ്. കെ.സിയുടെ മനസിലെ ആ കേരളം ഇങ്ങനെയാണ്. 

ഇനി പിണറായി സഖാവ് പറഞ്ഞതനുസരിച്ചാണെങ്കില്‍ കേരളത്തിന് പിണറായിപേടിയുടെ ആവശ്യമില്ല. അതൊക്കെ ശത്രുക്കളുടെ വെറും തോന്നല്‍ മാത്രമാണ്.

വടകരയില്‍ സിഓടി നസീറിനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ സിപിഎം എംഎല്‍എ എ.എന്‍. ഷംസീറുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.  ഷംസീറിന്‍റെ ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരതയാര്‍ന്ന പ്രകടനം കണ്ടിട്ടാവണം ഷംസീറിന് ഇങ്ങനെയൊരു സംഭവത്തില്‍ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...