തോല്‍പിച്ചുവിട്ടവര്‍ക്ക് മുന്നില്‍ മുണ്ടുടുത്ത് കൈവീശി; നാലുപറഞ്ഞ് ഒരു വരവ്

modi5
SHARE

തിരഞ്ഞെടുപ്പില്‍ ഒരൊറ്റ ബിജെപിക്കാരനെ ജയിപ്പിച്ചില്ലെങ്കിലെന്താ നരേന്ദ്രമോദിജി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രീയം പറയാന്‍ വന്നത് ഇങ്ങ് കേരളത്തിലാണ്. മലയാളികള്‍ക്ക് അങ്ങനെ ചില ഭാഗ്യങ്ങളൊക്കെയുണ്ട്. ബിജെപിക്കാരെയാരും ജയിപ്പിക്കാത്തതിന് ഉത്തരേന്ത്യക്കാരെപ്പോലെ കേരളത്തിലെ ബിജെപിക്കാര്‍ പോലും ഇന്നാട്ടിലെ ജനങ്ങളോട് പുച്ഛവും ദേഷ്യവും കടിച്ചമര്‍ത്തി സഹിച്ചുനില്‍ക്കുന്നതിനിടെയാണ് മോദിജി തന്നെ ഇങ്ങോട്ട് വന്നത്. എന്നാ പിന്നെ അതൊരു പകപോക്കലിന്‍റെ സുഖത്തിലേക്ക് മാറ്റിയാലോ. അതെ. അതാണതിന്‍റെ ശരി. തോല്‍പിച്ചുവിട്ടവര്‍ക്ക് മുന്നില്‍ മുണ്ടുടുത്ത് കൈവീശി നാലുപറയാനുള്ള ഒരു വരവ്. 

ദേശീയ തലത്തിലെ മൊത്തതാല്‍പര്യത്തിന് വിരുദ്ധമായി നില്‍ക്കുന്നവരെന്ന പേരുദോഷം പണ്ടേ മലയാളിക്കുണ്ട്. അതുകൊണ്ട് ഇത്തവണയും സീറ്റൊന്നും കിട്ടാതായപ്പോള്‍ മലയാളിയുടെ ബോധത്തെ സംശയിക്കുന്നവരാണ് പിള്ളാജിയും മുരളീധരന്‍ജിയുമൊക്കെ. പക്ഷേ ഇതേ മലയാളികളുടെ കൈയ്യടിയും വോട്ടും ഇല്ലാതെ കാര്യം നടക്കില്ലെന്നും അറിയാം. അതുകൊണ്ട് അഞ്ഞുവീശി അങ്ങ് വിമര്‍ശിക്കാനും വയ്യ. നാളേം കാണേണ്ടവരാണല്ലോ. വോട്ടും വേണം. പറ്റിയാല്‍ സീറ്റുകള്‍ ഒപ്പിക്കണം. അതുകൊണ്ട് മഴക്കാലത്ത് സാംക്രമികരോഗങ്ങളെ എങ്ങനെ തടയാം എന്ന ബോധവല്‍ക്കരണപ്രവര്‍ത്തനത്തിന്‍റെ കൂട്ടത്തില്‍ എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന ബോധവല്‍ക്കരണ പരിപാടികൂടി കേരളത്തിലെ ബിജെപി നേതാക്കള്‍ നടത്തേണ്ടതുണ്ട്. മോദിജിയുടെ വരവ് അതിനൊരു തുടക്കമാവട്ടെ.

‌അല്ലെങ്കിലും ബിജെപി എംപിമാരൊന്നും ഇല്ലാതിരുന്നിട്ടും കഴിഞ്ഞ മോദി സര്‍ക്കാരില്‍ കേരളത്തിന് എന്തൊക്കെ സൗഭാഗ്യങ്ങളാണ് മോദിജി നല്‍കിയത്. അല്‍ഫോന്‍സ് കണ്ണന്താനത്തെപ്പോലുള്ള ഒരു മന്ത്രി. സിനിമാനടനായ സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കിയില്ലേ. വി.മുരളീധരനേയും എംപിയാക്കി. ദാ ഇപ്പോ മന്ത്രിയും. ബിജെപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം വഹിച്ച ആളെ ഗവര്‍ണര്‍ വരെ ആക്കിക്കൊടുത്തില്ലേ മോദിജി. എന്നിട്ടും ഈ പിണക്കം. അതെന്തിനാണെന്നാണ് ആര്‍ക്കും മനസിലാകാത്തത്. പക്ഷേ മോദിജി അതൊക്കെ മറക്കും. എല്ലാവരോടും നന്ദിയേയുള്ളു. നന്ദി മാത്രം. ജയിപ്പിച്ചവരോടൊപ്പം തന്നെ തോല്‍പിച്ചവരേയും ഒരുപോലെ കാണുന്ന ആ മനസ്. 

മുഖ്യമന്ത്രി പിണറായി വിജയനും ഇതേ ആശയക്കാരനാണ്. മുണ്ടുടുത്ത മോദി എന്നൊക്കെ വിളിക്കുന്നതില്‍ തന്നെ ഇങ്ങനെയുള്ള കുറെ സാമ്യതകളുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ അടപടലം തോല്‍പിച്ചവരെ കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചവരെപ്പോലെതന്നെ കാണുന്നതുകൊണ്ടാണല്ലോ പിണറായി സഖാവ് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാത്തത്. ആ കണക്കിന് അതും ശരിയാണ്. ഇനി അതൊക്കെ പോകട്ടെ. മോദിജി ഇങ്ങനെ യോഗിയെപ്പോലെ സംസാരിക്കുമ്പോഴാണ് ശ്രീധരന്‍പിള്ളാജി ചില കണ്ടെത്തലുകളുമായി വേദിയിലെത്തിയത്. ആമസോണ്‍ വെബ് സര്‍വീസ് സര്‍വേ. ആമസോണ്‍ പോലും മനസാവാചാ കര്‍മണാ അറിയാത്ത ഒരു സര്‍വേ റിപ്പോര്‍ട്ട് പിള്ളാജിക്ക് ആരോ വാട്സാപ്പ് ചെയ്ത് കൊടുത്തിട്ടുണ്ട്. വക്കീലാണെന്ന് കരുതി സത്യാന്വേഷണം ഉപേക്ഷിക്കരുത് സര്‍.

ഏതായാലും വന്ന നിലയ്ക്ക് മോദിജി പിണറായി സര്‍ക്കാരിനിട്ട് ഒന്ന് കൊട്ടിയിട്ടേ പോയുള്ളു. അല്ലെങ്കില്‍ ഒരു പഞ്ചില്ലല്ലോ. ശബരിമല ഇനി ഇപ്പോ പറയുന്നതില്‍ വല്യ കാര്യം ഇല്ല. കേന്ദ്രസര്‍ക്കാരിന് എന്നാ പിന്നെ നിയമനിര്‍മാണം നടത്തരുതോ എന്ന് ചോദിച്ചാല്‍ പെട്ടുപോവും. അതുകൊണ്ട് ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ അങ്ങ് കേറിപിടിച്ചു. സംഗതി പക്ഷേ ഫ്ളോപ്പായിരുന്നു. ഏശിയില്ല.

ഇതേ നേരം അങ്ങ് മലമുകളില്‍ പ്രധാനമന്ത്രിയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട ആള്‍ തിരിച്ചുവന്നിട്ടുണ്ട്. 

രാഹുല്‍ ഗാന്ധി അടച്ചിട്ട മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്. രാജി എന്ന രണ്ടക്ഷരം എഴുതിവച്ച പേപ്പറും പൊക്കിയായിരുന്നു റൂമില്‍ അടച്ചിരുന്നത്. പലരും വന്ന് മുട്ടിവിളിച്ചു ആശ്വസിപ്പിച്ചു. അത്രപെട്ടന്ന് ഇറങ്ങിവരാനുള്ള ത്രാണിയില്ലായിരുന്നു. മാക്സിമം സെന്‍റിമെന്‍റ്സ് ഉണ്ടാക്കലാണ് ലക്ഷ്യം. താനീ പണി നിര്‍ത്താമെന്ന് വച്ചാല്‍ ഏറ്റെടുക്കാന്‍ വേറെ ആളില്ലാഞ്ഞിട്ടൊന്നും അല്ല. അത് ശരിയാവില്ല. ഒടുവില്‍ അമേഠിക്കാരെ നോക്കി ഒന്ന് പുച്ഛിച്ച് രാഹുല്‍ ഗാന്ധി ചുരം കയറി വയനാട്ടിലെത്തി. 

നന്ദിയോട് നന്ദി. അത്രയേ പറയാനുള്ളു. ഇവിടേം കൂടെ തോറ്റിരുന്നേല്‍ കാണായിരുന്നു. അതുകൊണ്ട് ചില്ലറ നന്ദിയൊന്നും പ്രകടിപ്പിച്ചാല്‍ മതിയാവില്ല. കോണ്‍ഗ്രസുകാരുടെ ഗുണം ഇതാണ്. തോറ്റോ എന്ന് ചോദിച്ചാല്‍ നല്ല ഗംഭീര തോല്‍വി തന്നെ സംഭവിച്ചു. എന്നാല്‍ തോല്‍വിയെക്കുറിച്ച് വല്യ ചര്‍ച്ചയൊന്നും സംഘടിപ്പിക്കില്ല. ഇവിടെ കണ്ടില്ലേ സിപിഎം, എന്നും ചര്‍ച്ചയാണ്. ഒരോ ചര്‍ച്ച കഴിയുമ്പോഴും ആദ്യത്തേതിനേക്കാള്‍ സംഗതി അലമ്പാവും. നാറ്റക്കേസാവും. വിശ്വാസികളെ വിശ്വാസത്തിലെടുക്കണമെന്ന് അവിശ്വാസികളായ പാര്‍ട്ടിക്കാര്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുന്നതാണ് അവിടെ കാര്യങ്ങള്‍. കോണ്‍ഗ്രസില്‍ പക്ഷേ തോല്‍വി പഠിക്കാന്‍ ഒരു മൂന്നംഗ കമ്മിഷനെ വയ്ക്കും. ആ മൂന്നുപേരും പരസ്പരം കാണില്ലെന്ന് ഉറപ്പ് വരുത്തലാണ് ആദ്യപടി. അതുകൊണ്ട് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട കാര്യമേ വരുന്നില്ല.

കോണ്‍ഗ്രസില്‍ തോല്‍വിയെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് വരും. അതിപ്പോ ആരെങ്കിലും ഒരു നോട്ടെഴുതി കൊടുക്കുന്നതാണ്. തോല്‍വിയില്‍ എല്ലാ നേതാക്കള്‍ക്കും അവരുടേതായ പങ്കുള്ളതിനാല്‍ ആരും അതേക്കുറിച്ച് ചോദിച്ച് വരില്ല. അതുകൊണ്ട് പുറംലോകം കാണുകയുമില്ല. പിന്നെ ചെയ്യാവുന്നത് ദാ ഇതുപോലെ രാജിക്കത്ത് എഴുതി കുറച്ചുദിവസം സെന്‍റിമെന്‍റ് വര്‍ക്കൗട്ട് ചെയ്യലാണ്. മാത്രവുമല്ല എന്താ നിങ്ങടെ ഭാവി പരിപാടി എന്ന ചോദ്യം ഒഴിവാക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഒരു മാസത്തേക്ക് നേതാക്കള്‍ വിട്ടും നില്‍ക്കും. ഇതുപോലുള്ള മേമ്പൊടികളാണ് ശീലം. അതിത്തവണയും അങ്ങനെ തന്നെ. അതുകൊണ്ട് തിന്നിട്ടോ ചായ കുടിച്ചിട്ടോ വര്‍ത്താനം പറഞ്ഞിട്ടോ മുന്നോട്ട് പോവും. അത്രതന്നെ.

ബിജെപിക്കൊപ്പം കൂടിയതില്‍ പിന്നെ പി.സി.ജോര്‍ജിന് കേരളത്തിലെ ക്രിസ്ത്യാനികളോടും മുസ്ലിങ്ങളോടും വല്യ താല്‍പര്യമില്ല. തന്‍റെ കുടുംബം പണ്ട് മാമോദീസ മുങ്ങിയില്ലായിരുന്നെങ്കില്‍ താനിപ്പോ പി.സി. കേശവന്‍ നായര്‍ എന്ന പേരില്‍ അറിയപ്പെടേണ്ട ആളായിരുന്നെന്ന് വിലപിച്ചതാണ് പി.സി. ആ നിലയ്ക്ക് ഇതൊക്കെ ഒരു തുടര്‍ച്ചയാണ്.

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...