മാണിസാറിന്‍റെ കസേര ഇനി ജോസിനോ ജോസഫിനോ?; ഉത്തരംമുട്ടി കേരള കോൺഗ്രസ്

thiruva-ethirva
SHARE

ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ കത്തെഴുതിയതിന്‍റെ ലോക റെക്കോഡ് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരില്‍ ഉടന്‍ ആകുമെന്നാണ് ഗിന്നസ് ഭാരവാഹികള്‍ അറിയിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ മികച്ച കത്തെഴുത്തുകാരനെ കണ്ടെത്താന്‍ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വേണമെങ്കില്‍ ഒരു മല്‍സരം സംഘടിപ്പിക്കാവുന്നതാണെന്ന് പറഞ്ഞുകൊണ്ട് തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

തൊള്ളായിരത്തിഅറുപത്തിനാലില്‍ പിറവിയെടുത്ത കേരള കോണ്‍ഗ്രസ് എത്ര തവണ പിളര്‍ന്നിട്ടുണ്ടെന്നൊരു ചോദ്യം ചോദിച്ചാല്‍ ഒരുമാതിരിപ്പെട്ടവരൊന്നും മറുപടി പറയാന്‍ നില്‍ക്കില്ല. കടലിലെ തിരയെണ്ണുന്നതുപോലെ വ്യര്‍ഥമായ കാര്യമാണതെന്ന് കേരളീയര്‍ക്കറിയാം. തലസ്ഥാനമായി പാലായെ മനസില്‍ പ്രതിഷ്ടിച്ച് കോട്ടയം ഇടുക്കി പത്തനംതിട്ട കൊല്ലം ജില്ല വരെ തെന്നിത്തെറിച്ചുകിടക്കുന്നൊരു പാര്‍ട്ടി. പതിനാലു ജില്ലാക്കമ്മിറ്റിയിലും തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് ജോസ് കെ മാണി അവകാശപ്പെടുമ്പോള്‍ പതിനാലു ജില്ലയിലും നമുക്ക് പാര്‍ട്ടിക്കാരുണ്ടോയെന്ന് അണികള് ‍തന്നെ പരസ്പരം ചോദിക്കുന്ന ഒരു സംവിധാനം. നെടുംതൂണായിരുന്ന കെഎം മാണിസാര്‍ പോയതോടെ പാര്‍ട്ടി കൊടുങ്കാറ്റില്‍ പെട്ട നൗകപോലെ ഇളകിയാടുകയാണ്.

ചെറിയ പാര്‍ട്ടിയാണെങ്കിലും മാണിസാറിന്‍റെ കസേര ഇനി ആര്‍ക്കെന്ന അതിലും ചെറിയ ചോദ്യത്തിന് ഇതുവരെയും ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാണി കോണ്‍ഗ്രസ് ജോസ് കെമാണി വിഭാഗം, മാണി കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം എന്നതാണ് ഇപ്പോളത്തെ സ്ഥിതി. പിളരാതിരിക്കണമെങ്കില്‍ അല്‍ഭുതം സംഭവിക്കണമെന്ന് നാട്ടുകാര്‍ക്കെല്ലാമറിയാം. അതിനാല്‍ ആരും ആ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. പിളര്‍ന്നാല്‍ ഇതില്‍ ഏതായിരിക്കും ശരിക്കും കേരള കോണ്‍ഗ്രസ് എം എന്നതാണ് നാട്ടില്‍ സംസാര വിഷയം. 

തിരഞ്ഞെടുപ്പു കമ്മീഷന്‍റെ കണ്ണില്‍ അസ്സല്‍ കേരള കോണ്‍ഗ്രസ് മാണി കോണ്‍ഗ്രസ് അല്ലെങ്കിലും നിലവിലെ കേരള രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും ഗുമ്മുള്ള കേരള കോണ്‍ഗ്രസ് അവര്‍ത്തന്നെയാണ്. ബാര്‍ കോഴയോടെ തുടങ്ങിയ പാര്‍ട്ടിയുടെ കഷ്ടകാലം ശിഷ്ടകാലം മുഴുവനുണ്ടാകുമെന്ന് ആരുകണ്ടു. പാര്‍ട്ടി ചെയര്‍മാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനം എന്നീ ഒഴിവുകളില്‍ തന്‍റെ പേരുമാത്രം എഴുതിച്ചേര്‍ക്കാന്‍ പിജെ ജോസഫ് ശ്രമിക്കുന്നതാണ് നിലവിലെ പ്രതിസന്ധി. ഒരു പ്രശ്നമുണ്ടായാല്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയെന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചര്‍ച്ച ചെയ്യണോ അതോ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിച്ച് ചര്‍ച്ച ചെയ്യണോ എന്നതാണ് ഇപ്പോളത്തെ തര്‍ക്ക വിഷയം.ചര്‍ച്ചയെക്കുറിച്ചുള്ള ഈ തര്‍ക്കം പരിഹരിക്കാന്‍ ഒരു ചര്‍ച്ച വിളിക്കേണ്ട അതി സങ്കീര്‍ണമായ അവസ്ഥയിലാണ് പാര്‍ട്ടി. 

ഭരണഘടനയനുസരിച്ചാണ് കാര്യങ്ങളെന്ന് ജോസും ജോസഫും പറയുന്നു. ഈ പാര്‍ട്ടിയുടെ സൗകര്യാര്‍ഥം നിങ്ങള്‍തന്നെ ഉണ്ടാക്കിയ ഭരണ ഘടനയല്ലേ. പറച്ചില്‍ കേട്ടാല്‍ തോന്നും ഡോക്ടര്‍ അംബേദ്കര്‍ ഉണ്ടാക്കിയ ഭരണഘടനയെക്കുറിച്ചാണ് പറയുന്നതെന്ന്. ജോസഫും ജോസും പറയുന്ന ഈ പാര്‍ട്ടി ഭരണഘടന സത്യത്തില്‍ ഇവരുടെ ആരുടെയും പക്കലില്ല എന്നതാണ് യാഥാര്‍ഥ്യം. ആകെ മൂന്ന് കോപ്പിയാണ് അതിന് ഈ ലോകത്തുള്ളത്. ഒരെണ്ണം പിജെ ജോസഫിന്‍റെ പക്കലായിരുന്നു. അത് ഇപ്പോള്‍ ആന്‍റണി രാജുവിന്‍റെ കയ്യിലാണെന്നാണ് അറിവ്. മാണിയുടെ കൈയ്യിലുണ്ടായിരുന്ന കോപ്പി അദ്ദേഹം ജോയ് എബ്രഹാമിനെ ഏല്‍പ്പിച്ചു. അതുമായാണ് പുള്ളിക്കാരന്‍ ജോസഫ് ക്യംപിലേക്ക് ചേക്കേറിയത്. മറ്റൊരു കോപ്പി ആരുടെ കൈയ്യിലാണെന്ന് ആര്‍ക്കുമറിയില്ല. ഇടക്ക് പിസി ജോര്‍ജിനുവേണ്ടി ഭരണഘടനയില്‍ ഒരു തിരുത്തല്‍ വരുത്തിയിരുന്നു. ആ കോപ്പിയാണ് ജോയ് എബ്രഹാമിന്‍റെ കൈയ്യിലുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ കേരള കോണ്‍ഗ്രസ് ഭരണഘടനയെന്നത് കേള്‍ക്കാന്‍ രസമുള്ള ഒരു തമാശമാത്രം. 

ഭരണഘടനയെപ്പറ്റിയുള്ള പ്രതീക്ഷ നശിച്ചതിനാല്‍ ഇനി ചരിത്രത്തിലാണ് അവസാന പിടി. ജോസ് വായിച്ച ചരിത്രപുസ്തകത്തിന്‍റെ ആമുഖം എഴുതിയിരിക്കുന്നത് ഞാനാണെന്ന ലൈനിലാണ് ജോസഫിന്‍റെ വര്‍ത്തമാനം. മാണി കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കരിങ്കോഴക്കല്‍ തറവാടിന് സ്റ്റിയറിങ്ങിന്‍റെ പിടി നഷ്ടമാകുന്നത്. അതിന്‍റെയൊരു അങ്കലാപ്പ് ജോസുമോനുണ്ടുതാനും. ജോസഫ് പക്ഷത്തേക്ക് മലക്കം മറിഞ്ഞ ജോയി എബ്രഹാമിനെക്കിട്ടിയാല്‍ അരച്ചു കലക്കിക്കുടിക്കാനുള്ള കലിപ്പിലാണ് മാണി ഗ്രൂപ്പുകാര്‍. നിയമസഭയില്‍ ആരാകും ഹീറോ. മാണിസാറൊഴിഞ്ഞ ചെയറില്‍ ആരാകും ചെയര്‍മാനാകുക. സംസ്ഥാന കമ്മിറ്റിയാകുമോ പാര്‍ലമെന്‍ററിപാര്‍ട്ടി യോഗമായിരിക്കുമോ ആദ്യ ചേരുക. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീളുകയാണ്. 

തിരഞ്ഞെടുപ്പ് തോല്‍വിയുടെ അവലോകനം സിപിഐ ഏറക്കുറെ പൂര്‍ത്തിയാക്കി. ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുണ്ടാക്കിയ വിള്ളല്‍ നവോത്ഥാന മതിലാല്‍ അടക്കാനായില്ലെന്ന് സിപിഐ തിരിച്ചറിഞ്ഞു. ധടകകക്ഷികള്‍ക്കൊക്കെ കാര്യ തിരിഞ്ഞെങ്കിലും വല്യേട്ടനും പാര്‍ട്ടിയും ഇതൊന്നും ഒരു കാലത്തും അംഗീകരിക്കില്ല. സിപിഐ ആകട്ടെ ഈ കണ്ടെത്തലുകള്‍ എംഎന്‍ സ്മാരകത്തിന് പുറത്ത് പറയുകയുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റണമെന്നുവരെ നിര്‍വാഹക സമിതിയില്‍ അഭിപ്രായമുയര്‍ന്നു. പേനയില്‍ മഷിയില്ലാതിരുന്നതിനാല്‍ ഒന്നും രേഖപ്പെടുത്തിയതായി അറിലില്ല. കുലംങ്കര്‍ഷമായ ചര്‍ച്ചക്കൊടുവില്‍ സിപിഎമ്മിനോട് പതിവുപോലെ ക്ഷമിക്കാന്‍ സിപിഐ തീരുമാനിച്ചു

എസ്എസ്എല്‍സി പ്ലസ്ടു തുടങ്ങിയ പഠിപ്പും തൊങ്ങലുമെല്ലാം ഒന്നൊച്ചൊരു ചാക്കില്‍ കെട്ടാന്‍ സര്‍ക്കാര്‍ അങ്ങു തീരുമാനിച്ചു. നിലവില്‍ അങ്ങനെയൊരു ആവശ്യമോ സാഹചര്യമോ ഇല്ലെങ്കിലും ഭരണത്തിലിരിക്കുമ്പോള്‍ വിദ്യാഭ്യാസത്തില്‍ ചില്ലറ ്ഭ്യാസം കാട്ടുന്നത് സിപിഎമ്മിന്‍റെ വീക്നസാണ്. സാക്ഷാല്‍ മുണ്ടശേരിക്കു പിന്നാലെ രണ്ടാം മുണ്ടശേരി എംഎ ബേബി വരെ പരീക്ഷണങ്ങള്‍ തലങ്ങും വിലങ്ങും നടത്തിയ വകുപ്പില്‍ ഇക്കുറി പ്രഫസറുടെ വകയാണ് നീക്കം. എല്ലാം മുഖ്യന്‍റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രം സാധ്യമാകുന്നതാണുതാനു.ം കൊന്നാലും സമ്മതിക്കില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. തന്‍റെ എസ്എസ്എല്‍സി ബുക്കില്‍ തൊട്ട് സത്യം ചെയ്തിട്ടാണ് രമേശ് ചെന്നിത്തല കളത്തിലിറങ്ങിയിരിക്കുന്നത്

രാജ്യത്ത് പൊട്ടിയ രാഹുല്‍ കെട്ടിവച്ച കാശ് തിരിച്ചുതന്നതിന്‍റെ നന്ദി പറയാന്‍ വയനാട്ടില്‍ എത്തിയിട്ടുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേക്കാള്‍ തലയെടുപ്പോടെ മോദി തൃശൂരില്‍ ഉടനെത്തുകയും ചെയ്യും. എന്നുവച്ചാല്‍ ചിരിക്കാനുള്ള വക അവസാനിക്കുന്നില്ല എന്ന്. മുന്‍ ചിരികള്‍ മനോരമ ന്യൂസ് ഡോട്കോമിലും യു ട്യൂബിലുമുണ്ട്. കാണണം. 

MORE IN THIRUVA ETHIRVA
SHOW MORE
Loading...
Loading...