അഴിച്ചുപണിക്കായി സ്പാനറുകള്‍ എടുത്ത് മുല്ലപ്പള്ളി

mullappally4
SHARE

വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഐ കണ്ടെത്തി. എന്നാല്‍ സര്‍ക്കാരിന്‍റെ വിശ്വാസികളോടുള്ള നിലപാടിനെപ്പറ്റി ഒരു കണ്ടെത്തല്‍ നടത്താന്‍ സിപിഐക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തിലും തളരാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

കെപിസിസി അഴിച്ചുപണിക്കായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെറുതും വലുതുമായ സ്പാനറുകള്‍ ശേഖരിച്ചുതുടങ്ങി. ഇരുപതില്‍ പത്തൊമ്പതും ജയിച്ച നാട്ടില്‍ പാര്‍ട്ടിക്ക് എന്തിനാണ് അഴിച്ചുപണിയെന്നു ചോദിക്കരുത്. ലോട്ടറി എപ്പോളും അടിക്കില്ലെന്ന് മറ്റാരേക്കാളും നന്നായറിയാവുന്ന ആളാണ് മുല്ലപ്പള്ളി. ലോക്സഭയിലെ തരംഗം നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ആഞ്ഞുപോയിട്ട് പതിയെപ്പോലും അടിക്കില്ലെന്ന തിരിച്ചറിവില്‍ പണി ഇപ്പോളേ തുടങ്ങിയില്ലെങ്കില്‍ അത് വലിയ പണിയാകുമെന്നും മുല്ലപ്പള്ളിക്കറിയാം. ഇത് കേരളത്തിലെ കാര്യം. ഹൈക്കമാന്‍ഡിന്‍റെ കാര്യം അതി പരിതാപകരമാണ്. തലവനാരാണെന്ന് തീരുമാനിക്കാന്‍ പോലും തലകളില്ലെന്നതാണ് അവിടുത്തെ അവസ്ഥ. അങ്ങനത്തെ അവസ്ഥയില്‍ കേരളത്തിലെ അഴിച്ചുപണിയുടെ കാര്യം മുല്ലപ്പള്ളി ഡല്‍ഹിയില്‍ വിളിച്ച് ആരോടു ചോദിക്കുമെന്നതാണ് വലിയൊരു ചോദ്യം. രാഹുല്‍ മോന്‍റെ മനസ് തണുപ്പിക്കാന്‍ ഫുള്‍ജാര്‍ സോഡവരെ കെസി വേണുഗോപാര്‍ പരീക്ഷിച്ചുകഴിഞ്ഞു

കണ്ണൂരെന്നു കേള്‍ക്കുമ്പോളേ ആളുകള്‍ ഒന്നു ഞെട്ടും. അത് ആനാടിന്‍റെ കുഴപ്പമല്ല. മറിച്ച് നാട്ടിലെ ചില ആളുകളുടെ കുഴപ്പം ഒന്നുകൊണ്ടുമാത്രമാണ്. കേരള രാഷ്ട്രീയത്തില്‍ ഇടക്കിടക്ക് ബോംബിടുന്നതിലും കണ്ണൂരിന് കാര്യമായ കൈയ്യുണ്ട്. അങ്ങനെ കെ സുധാകരന്‍ ഉണ്ടാക്കിയ ബോംബായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഖദര്‍ ഷര്‍ട്ട്. മോദീസ്തുതിയെത്തുടര്‍ന്ന് ചെങ്കൊടിയുടെ പിടി വിടേണ്ടിവന്ന പടിയടക്കപ്പെട്ട കുട്ടിയെ സുധാകരന്‍ കോണ്‍ഗ്രസില്‍ കുടിയിരുത്തി. വെറുതെ വിളിച്ചുകയറ്റി മൂലക്കൊരു കസേരയിലിരുത്തുകയല്ലായിരുന്നു. സിംഹാസനമാണ് പണിതുകൊടുത്തത്. അതിന്‍റെ പിന്നില്‍ നാമറിയാത്ത ഒരു പാടുകഥകളുണ്ടായിരുന്നു. ഒടുവില്‍ അബ്ദുള്ളക്കുട്ടി വീണ്ടും മോദീ സ്തുതി പാടിയപ്പോളാണ് ആ രഹസ്യങ്ങള്‍ പരസ്യമാകുന്നത്. കേരളം വികസന വിരോധ സംസ്ഥാനമാണെന്നു തിരിച്ചറിഞ്ഞ മാത്രയില്‍ തന്നെ അബ്ദുള്ളക്കൊട്ടി നാട് വിടാന്‍ തയ്യാറായതാണ്. എന്നാല്‍ പോകാന്‍ സമ്മതിച്ചില്ല. ആര്. സാക്ഷാല്‍ കെ സുധാകരന്‍. വേലിയിലിരുന്ന ബാധ്യതയെടുത്ത് തോളത്തിട്ടെന്ന് സുധാകരേട്ടന് നന്നായി ഇപ്പോ തിരിഞ്ഞു. ഓന്‍ ആണ്‍കുട്ടിയാണെന്ന മറ്റേ പരസ്യം വേണമെങ്കില്‍ ഉപ്പോ ഒന്നുകൂടി കാണിക്കാവുന്നതാണ്. 

കൊണ്ടുനടന്നതും നീയേ ചാത്താ കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാത്താ എന്നു പറഞ്ഞപോലാണ് കണ്ണൂരിലെ ഈ കളി. കെ സുധാകരന്‍ തന്‍റെ അവസരങ്ങള്‍ കളഞ്ഞുകുളിച്ചെന്നാണ് അബ്ദുള്ളകുട്ടിയുടെ മൊഴി. പിള്ള മനസില്‍ കള്ളമില്ലെന്ന് പറയാറുണ്ട്. പക്ഷേ എല്ലാ കുട്ടികള്‍ക്കും അത് ബാധകമല്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുറച്ചാണ് സുധാകരനെത്തിയത്. കണ്ണൂരില്‍ സിപിഎമ്മിനോട് കട്ടക്കുനില്‍ക്കുന്ന പോരാളിയാണ് കോണ്‍ഗ്രസിന് കെ സുധാകരന്‍. അങ്ങനെയുള്ള സുധാകരനുനേരെ ചെക് വയ്ക്കാന്‍ ചില്ലറയല്ല ധൈര്യം വേണ്ടത്. പക്ഷേ കണ്ണൂരിലെ മണ്ണ് വിറ്റ് അതിര്‍ത്തി കടന്ന ശേഷമാണ് അല്‍ഭുതക്കുട്ടിയുടെ ഡയലോഗുകള്‍. അതിര്‍ത്തി കടന്നു ചെല്ലുന്ന മുഴങ്ങുന്ന ശബ്ദത്തിലാണ് അബ്ദുള്ളക്കുട്ടി കേള്‍ക്കാന്‍ സുധാകരന്‍ ഇക്കണ്ട പറച്ചിലൊക്കെ പറയുന്നത്.

വി മുരളീധരന്‍ ഡല്‍ഹിയില്‍ അധികാരമേറ്റെടുത്ത് കേരളത്തിന്‍റെ മന്ത്രിയായി. കറതീര്‍ന്ന ഈ നേതാവിന്‍റെ കെട്ടിലും മട്ടിലുമെല്ലാം ഒരു മലയാളിയുണ്ട്. മലയാളിത്തമുണ്ട്. പരിസ്ഥിതി ദിനത്തില്‍ കേരളത്തിന്‍റെ പച്ചപ്പിനെ മനസില്‍ ധ്യാനിച്ച് പച്ചമനുഷ്യന്‍ കുറച്ച് ചെടി നട്ടു. പച്ചപുതച്ച പാര്‍ലമെന്‍റാണ് ലക്ഷ്യം. പരിസ്ഥിതി ദിനത്തിലെ പോസിറ്റീസ് ട്രോളുകള്‍

കോട്ടയത്തും പാലായിലും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മഴപെയ്തു. നാടും നാട്ടാരും ഒന്നു തണുത്തു. ഇതിന്‍റെ പരിണിതഭലമായി കഴിഞ്ഞ കുറച്ചുനാളുകളായി ജില്ലയുടെ പ്രധാന വിഷയമായിരുന്ന കേരള കോണ്‍ഗ്രസ് പ്രശ്നങ്ങളും തണുത്തുതുടങ്ങി. സമവായം എന്നെഴുതാന്‍ ജോസ് കെ മാണി പഠിച്ചുതുടങ്ങിയെന്നതാണ് ശുഭസൂചകമായി ജോസഫ് വിഭാഗം കാണുന്നത്. മിന്നുന്ന നീക്കങ്ങളിലൂടെ മുന്നേറിയ ജോസഫ്  ഈ പാ‍ര്‍ട്ടിയെ എനിക്കു വേണം, നിങ്ങളീപ്പാര്‍ട്ടി എനിക്കു തരണം, ഈ പാര്‍ട്ടി ഞാനിങ്ങെടുക്കുവാ എന്ന ലൈനിലേക്കു പോകുന്നുവെന്ന തിരിച്ചറിവാണ് ജോസ് കെ മാണിയിലെ മനുഷ്യനെ ഉണര്‍ത്തിയത്. രണ്ടിലകള്‍ പൂത്തു തളിര്‍ക്കുന്ന കാഴ്ചകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.

ഈ കോളജ് തിരഞ്ഞെടുപ്പൊക്കെ കണ്ടിട്ടില്ലേ. ചില പാര്‍ട്ടിയില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനം പേരും തോറ്റാലും ചില്ലപ്പോള്‍ ആര്‍ട്സ് ക്ലബ് സെക്രട്ടറിമാര്‍ മാത്രം ജയിക്കും. കാരണം എന്താണെന്നല്ലേ. കലാകാരന്മാരെ എല്ലാവര്‍ക്കും ഇഷ്ടമാണെന്നതാണ് അതിന്‍റെ മനശാസ്ത്രം.കേരളം മുഴുവന്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ ആലപ്പുഴ ലോക്സഭാ സീറ്റില്‍ മാത്രം ഇടതുമുന്നണി ജയിച്ചതിന്‍റെ കാരണം ഇപ്പോള്‍ മനസിലായിക്കാണുമല്ലോ അല്ലോ. ആരിഫിലെ കവി ഉണര്‍ന്നു. ഒത്തൊരുമ വീണ്ടും കാണാനായി എന്നതില്‍ മാത്രമല്ല പ്രളയംകൊണ്ട് ഈ നാടിന് ലഭിച്ച നേട്ടം. ആരിഫ് എന്ന കവി ജനിക്കാനും ആ പേമാരിയും വെള്ളപ്പൊക്കവും കാരണമായി.

MORE IN THIRUVA ETHIRVA
SHOW MORE