രാജേഷ് തകർത്തഭിനയിച്ച ബാഹുബലിപ്പാട്ട് ഒൗട്ട്

rajesh45
SHARE

റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള കഴിവില്‍ സിപിഎമ്മിനെ കഴിഞ്ഞിട്ടേ രാജ്യത്ത് മറ്റാരുമുള്ളൂ, ഒരുവിഭാഗം വിശ്വാസികള്‍ എതിരായതാണ് തിരിച്ചടിക്ക്് കാരണമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഒരു സീറ്റു നേട്ടത്തിനുശേഷമുള്ള സിപിഎം കണ്ടെത്തല്‍. പാര്‍ട്ടി വിശ്വാസികളാണോ അതോ അയ്യപ്പ വിശ്വാസികളാണോ എതിരായത്. ആരെയാണ്  സിപിഎം ഉദ്ദേശിച്ചതെന്ന് റിപ്പോര്‍ട്ട് വായിക്കുന്ന ആര്‍ക്കും മനസിലാവില്ല. പാര്‍ട്ടിയുടെ ഈ വിശ്വാസം കൂടുതല്‍ തകര്‍ക്കാന്‍ നില്‍ക്കാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

മോദി മന്ത്രിസഭയില്‍ രണ്ടുവകുപ്പുകളുടെ സഹ ചുമതലനേടി വി മുരളീധരന്‍ വരവറിയിച്ചു. മുന്‍പ് മോദി മന്ത്രിസഭയില്‍ പിന്‍വാതില്‍ നിയമനമായിരുന്നു ശീലം. മുദ്രാവാക്യം വിളിക്കാന്‍ പാര്‍ട്ടിക്കാര്‍ സ്ഥാനം നേടാന്‍ വരത്തന്മാര്‍ എന്ന പതിവ് ഇക്കുറിയും തുടരുമെന്ന് ചിലരൊക്കെ കൊച്ചിയിലും തൃശൂരിലുമൊക്കെയിരുന്ന് സ്വപ്നം കണ്ടെങ്കിലും എല്ലാം പാഴ്കിനാവ് മാത്രമായി. പണ്ട് പാര്‍ട്ടി ഒന്നുമല്ലാതിരുന്ന കാലത്ത് കൊടികെട്ടാന്‍ കമ്പുവെട്ടി ഇറങ്ങേണ്ട സാഹചര്യംപോലും നേരിടേണ്ടി വന്ന മുരളീധരന് അന്നത്തെ അധ്വാനത്തിന്‍റെ ഫലം ഇപ്പോള്‍ കിട്ടിയെന്ന് ആശ്വസിക്കാം. പാര്‍ട്ടിക്ക് കേരളത്തില്‍ വേര് കാര്യമായി ഇറങ്ങിയിട്ടില്ലെങ്കിലും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളുടെ വേര് അത്യാവശ്യം വ്യാപ്തിയുള്ളതാണ്. അതുകൊണ്ട് മുരളീധരന്‍റെ ഈ സ്ഥാനലബ്ദിക്ക് മറ്റുചില മാനങ്ങളും കൈവരുന്നു. പത്തനംതിട്ടയില്‍ പൊട്ടിയ  സുരേന്ദ്രാദികള്‍ക്കൊക്കെ ഇപ്പോ ഒരു റിലാക്സേഷനൊക്കെ വന്നുകാണും. 

കേരള സര്‍ക്കാരിന് ഇത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. കാരണം സാധാരണ കീഴ്വഴക്കമനുസരിച്ച് കട്ട സംഘികളായിരുന്നില്ല ഇവിടെനിന്ന് മന്ത്രിക്കുപ്പായത്തില്‍ കയറുക. അതിപ്പോ പഴയ പിസി തോമസിന്‍റെ കാലം മുതല്‍ക്കിങ്ങോട്ട് അതാണ് പതിവ്. കഴിഞ്ഞ തവണ അല്‍ഫോന്‍ കണ്ണന്താനമായിരുന്നല്ലോ ഇവിടെനിന്നുള്ള പ്രധാന നടന്‍. പുള്ളിക്കാരന്‍ പഴയ സ്വതന്ത്ര സഖാവായിരുന്നതിനാല്‍ സിപിഎമ്മിനെ അല്‍പ്പ സ്വല്‍പ്പമൊക്കെ മനസിലാകുമായിരുന്നു. ഇക്കുറി പക്ഷേ കറ തീര്‍ന്ന സംഘപുത്രനാണ് ഇന്ദ്രപ്രസ്ഥം പൂകിയിരിക്കുന്നത്. സിപിഎമ്മിന്‍റെ നയങ്ങള്‍ തെറ്റാണെന്നും അവ തിരുത്തണമെന്നുമൊക്കെയാണ് സത്യപ്രതിഞ്ജക്കുശേഷം വി മുരളീധരന്‍ പറയുന്നത്. ഊരിപ്പിടിച്ച കത്തികള്‍ക്കിടയിലൂടെ പിണറായിക്ക് ഇനിയും ഒരുപാട് നടക്കേണ്ടിവരും

കേരളത്തില്‍ താമര വിരിയാത്തത് എന്തുകൊണ്ട്. മലയാളികളുടെ വിവരക്കേടാണ് അതിനുകാരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. കേരളത്തെ കണ്ടപ്പോള്‍ സൊമാലിയയായും വയനാട് കണ്ടപ്പോള്‍ പാക്കിസ്ഥാനായും തോന്നിയ ബിജെപി കേന്ദ്ര നേതൃത്വത്തിന് പറ്റിയ കൂട്ടാണ് താനെന്ന് വി മുരളീധരന്‍ തെളിയിച്ചുകഴിഞ്ഞു. പാര്‍ട്ടിക്ക് വോട്ടുകിട്ടാത്തത് മലയാളിയുടെ മനോനിലയുടെ പ്രശ്നമാണെന്ന തിരിച്ചറിവ് ഒരു ഒന്നൊന്നര അറിവായിപ്പോയി

തിരഞ്ഞെടുപ്പില്‍ തോറ്റ സ്ഥാനാര്‍ഥികള്‍ക്കൊക്കെ പ്രചാരണ സമയത്ത് നല്ല തുക ചിലവായിട്ടുണ്ടാകും. എന്നാല്‍ പാലക്കാട്ടെ ഇടത് സ്ഥാനാര്‍ഥി എംബി രാജേഷിന് വോട്ടെടുപ്പ് കഴിഞ്ഞിട്ടും ചിലവൊഴിഞ്ഞില്ല. വോട്ടെണ്ണികഴിഞ്ഞാലുടന്‍ തന്‍റെ വിജയാഘോഷത്തിനായുള്ള ഭേരികള്‍ തീര്‍ക്കുന്ന തിരക്കിലായിരുന്നു അദ്ദേഹം. ഈ ഇനത്തിലും കുറച്ചു ചിലവ് വന്നു. പക്ഷേ വോട്ടെഞ്ഞികഴിഞ്ഞാണ് ആ ചലവ് പാഴ്ചിലവായെന്നറിഞ്ഞത്. തോറ്റതിനേക്കാള്‍ വലിയ നാണക്കേടാണ് ആ പാട്ട് ഇപ്പോള്‍ വാട്സാപ്പില്‍ തത്തിക്കളിക്കുമ്പോള്‍ ഉണ്ടാകുന്നത്. രോമാഞ്ച പുഞ്ചകനാകാന്‍ തയ്യാറാക്കിയ ആ പാട്ട് ദാ ഇതാണ്. 

അപ്പോ പാട്ടുംപാടിയിരിക്കുമ്പോള്‍ ചെറിയൊരു ഇടവേളയെടുക്കുകയാണ്. കാവിനിറമുള്ള ഖദറുടുപ്പ് വാങ്ങിയ അബ്ദുള്ളക്കുട്ടിക്കിട്ടുള്ളതുമായി സുധീരന്‍ ഉടനെത്തും

അല്‍ഭുതക്കുട്ടിയെന്ന് ഒരിക്കല്‍ വിളിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ അബ്ദുള്ളകുട്ടിയെ അല്‍പ്പന്‍ കുട്ടി എന്ന് മാറ്റിവിളിച്ചു തുടങ്ങി. മോദി ബാധയെത്തുടര്‍ന്ന് സിപിഎം വിടേണ്ടിവന്ന എപി കുട്ടിയുടെ ബാധ ഒഴിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് ഇക്കണ്ട കാലമെല്ലാം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഗംഗയില്‍ പടര്‍ന്ന നാഗവല്ലിയേക്കാള്‍ പ്രയാസമാണ് ആ ഒഴിപ്പിക്കലെന്ന് ഇപ്പോള്‍ വിഎം സുധാരന്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞു കഴിഞ്ഞു. തന്‍റെ തലമുടിയിഴകളെപ്പോലും പരിശോധിക്കാന്‍ ഫാസിസം കടന്നുവരുന്നുവെന്നത് ഞെട്ടലോടെയാണ് വിഎം സുധീരന്‍ തിരിച്ചറിഞ്ഞത്. 

കര്‍ണാടകയില്‍ നിന്നും താമര തരംഗത്തിന്‍റെ അലയൊലികളില്‍പ്പെട്ടതോടെയാണ്  ഉറങ്ങിക്കിടന്ന മോദീ ഭക്തി മുകുളങ്ങള്‍ അബ്ദുള്ളക്കുട്ടിയില്‍ ഉണര്‍ന്നത്. ആരോടെങ്കിലും മോദീ സ്തുതി പാടാതെ പറ്റില്ല എന്നുവന്നപ്പോളാണ് ഫേസ്ബുക്കെടുത്തു കുറിച്ചത്. എന്നാല്‍ പിന്നീട് ചാനല്‍ മൈക്കുകള്‍ കണ്ടപ്പോള്‍ വിഎം സുധീരനെയും വല്ലാതങ്ങ് സ്മരിച്ചു. അതാണിപ്പോ ഫേസ്ബുക്ക് എഴുത്തിനേക്കാള്‍ വിനയായിരിക്കുന്നത്.

ഇതിനെയാണ് ചുണ്ടക്കാ കൊടുത്ത് വഴുതനങ്ങാ വാങ്ങിയെന്ന് പറയുന്നത്.  അപ്പോ കരിനിഴല്‍ വീഴും മുന്നേ നമ്മള്‍  ഇന്നത്തെ കലാപരിപാടിക്ക് തിരശീല വീഴ്ത്തുകയാണ്. കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനമെങ്കിലും കിട്ടുമോ എന്ന് ഏതെങ്കിലും സര്‍വേകള്‍ പ്രവചിച്ചിരുന്നു എന്നു നോക്കീട്ട് വരാം. 

MORE IN THIRUVA ETHIRVA
SHOW MORE