ലോകകപ്പ് ക്രിക്കറ്റും മോദിയുടെ രണ്ടാം ഇന്നിംങ്സും

modi-thiruva
SHARE

മാറ്റങ്ങളില്ലാതെയാണ് ഈ ദിനവും കടന്നുപോകുന്നു. അഞ്ചുകൊല്ലത്തിന് ശേഷം ചില്ലറ മാറ്റങ്ങളൊക്കെ സ്വപ്നം കണ്ടവരും ആഗ്രഹിച്ചവരും ഇനിയും അഞ്ചുവര്‍ഷം കാക്കേണ്ടിവരും. ഡല്‍ഹിയില്‍ നരേന്ദ്രമോദി സ്വന്തം പേരുതന്നെ വായിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറിക്കഴിഞ്ഞു. മോദിയുടെ പേര് നേരേന്ദ്രദാമോദര്‍ ദാസ് മോദി എന്നു മുഴുവനായി കേള്‍ക്കുന്ന ഒരു ദിവസം കൂടിയാണല്ലോ ഇന്ന്. ബിജെപിക്കും മോദിക്കും ഒക്കെ ഉല്‍സവമാണെങ്കില്‍ അപ്പുറത്തെ വീട്ടില്‍ ഉള്ളുപുകഞ്ഞ് ഒരാള്‍ വാതിലടച്ചിരിക്കുകയാണ്. ആരേയും വന്നു കാണാന്‍ കൂട്ടാക്കുന്നില്ല. രാജി രാജി എന്ന് ഇടക്കിടെ പുലമ്പുന്നത് മാത്രം പുറത്തേക്ക് കേള്‍ക്കുന്നുണ്ട്. അതിലപ്പുറം ഒരനക്കവും ഇല്ല. പക്ഷേ മര്യാദയുടെ പേരില്‍ അതിന്‍റെ പേരില്‍ മാത്രം വാതില്‍ തുറന്ന് സത്യപ്രതിജ്ഞ കാണാന്‍ അദ്ദേഹം വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി. അമ്മയ്ക്കൊപ്പമാണ് വരവ്. 

കേരളത്തില്‍ നിന്ന് സീറ്റുമായിട്ടൊന്നും അല്ലെങ്കിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കാരെന്ന ഒട്ടും ഗൗരവം ചോരാതെ പിള്ളാജിയും കൂട്ടരും ഡല്‍ഹിയില്‍ നേരത്തെ എത്തിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പുതിയ കുടുംബാംഗം പി.സി. ജോര്‍ജും അക്കൂട്ടത്തില്‍പെടും. മോദിയെ കൊണ്ട് റബറിന് വില കൂട്ടിപ്പിക്കാനാണ് പി.സി വന്നത്. നാളെയോ മറ്റെന്നാളോ അതു നടന്നേക്കും. പക്ഷേ സംഗതി അതൊന്നും അല്ല കളറാക്കുന്നത്. അത് അമിത് ഷായാണ്. സത്യപ്രതി‍ജ്ഞ ആയതുകൊണ്ട് മുഴുവന്‍ പേര് പറയാം. അമിത് അനില്‍ ചന്ദ്ര ഷാ. 

ഷാജി ഇനി മന്ത്രിയാണ്. മോദി പ്രധാനമന്ത്രിയായ രാജ്യത്തിന്‍റെ കേന്ദ്രമന്ത്രി. പണ്ട് ഇരുവരും ചേര്‍ന്നാണ് ഗുജറാത്തിനെ ഇന്നത്തെ ഗുജറാത്താക്കിയത്. ഇനി രാജ്യത്തെ മുഴുവനും ഗുജറാത്താക്കുന്നതിലായിരിക്കും ശ്രദ്ധ. പിന്നെ അതിഥികളായി വിളിച്ചത് ബിംസ്റ്റെക് രാജ്യങ്ങളിലെ പ്രധാനികളെയാണ്. പാക്കിസ്ഥാന്‍ ഇല്ലാത്ത സംഘടനയുണ്ടോ എന്നന്വേഷിച്ചപ്പോഴാണ്  ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മാര്‍, ശ്രീലങ്ക, തായ് ലാന്‍ഡ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട സംഘടന മോദിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നൊന്നും ആലോചിച്ചില്ല. ഫോണ്‍ കറക്കി അങ്ങ് വിളിച്ചു.

ആരേയും ജയിപ്പിച്ചയച്ചില്ലെങ്കിലും രാജ്യസഭാംഗങ്ങളെന്ന നിലയില്‍ സുരേഷ് ഗോപിയും അല്‍ഫോണ്‍സ് കണ്ണന്താനവും വി. മുരളീധരനുമാണ് മലയാളികളായി മന്ത്രിക്കുപ്പായം തുന്നി റെഡിയായിരുന്നത്. കൂട്ടത്തില്‍ ഇത്തവണ പാര്‍ട്ടിപ്രവര്‍ത്തകന് തന്നെ അത് കൊടുക്കാന്‍ തീരുമാനവുമായി. വി.മുരളീധരന്. മുരളീധരന്‍ പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്‍റാണ്. ഒരര്‍ഥത്തില്‍ മുരളീധരന്‍ പ്രസിഡന്‍റായ കാലത്താണ് ബിജെപിയുടെ കേരളത്തിലെ അടിത്തറ തന്നെ ഒന്ന് ഉണ്ടായത്. പക്ഷേ എംപിയാക്കിയിട്ടും മന്ത്രിസ്ഥാനം കിട്ടിയില്ല. അത് കണ്ണന്താനം കൊണ്ടുപോയി. പക്ഷേ ഇത്തവണ ഡല്‍ഹിയില്‍ നിന്ന് തന്നെ കാര്യങ്ങള്‍ നോക്കിയും കണ്ടും പഠിച്ചും നിന്നതുകൊണ്ട് ദാ ഇപ്പോ മന്ത്രിയായി. 

ഗവര്‍ണറാക്കി മിസോറാമിലേക്ക് പോയെങ്കിലും ജനങ്ങളുടെ വോട്ട് കൊണ്ട് ജയിക്കാനും അങ്ങനെ വല്ല സ്ഥാനലബ്ധിയും കിട്ടിയാല്‍ മതിയെന്ന് പറഞ്ഞ് ഗവര്‍ണര്‍സ്ഥാനം വലിച്ചെറിഞ്ഞുപോന്ന ആളാണ് കുമ്മനംജി. കുമ്മനം രാജേട്ടന് വല്ലതും തരപ്പെടുത്തി കൊടുക്കണം. ഇല്ലെങ്കില്‍ നമ്മള്‍ക്കൊരു സമാധാനം കിട്ടില്ല.  ഒരു മന്ത്രിസഭയില്‍ രണ്ട് തള്ളുകാര് വേണോ വേണ്ടയോ എന്നൊരു ചോദ്യം മോദിജിയുടെ ഉള്ളില്‍ തോന്നിയതുകൊണ്ടാവണം അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തല്‍ക്കാലം മന്ത്രിയാക്കാന്‍ വിളിച്ചിട്ടില്ല. 

ദേശീയ തലത്തില്‍ ചാനലുകളില്‍ പോയി വീമ്പിളക്കുന്നത് നിര്‍ത്താനാണ് കോണ്‍ഗ്രസ് വക്താക്കളോട് പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. മിണ്ടിയിട്ടാണ് പാര്‍ട്ടി തോറ്റതെന്ന വിലയിരുത്തല്‍ വളരെ നല്ലതാണ്. വര്‍ത്തമാനം പോയിട്ട് ദേഹം അനങ്ങി വല്ല പണിയും എടുത്താല്‍ വല്ലോ കാണും. ഇവിടെ കേരളത്തില്‍ സ്ഥിതി അതല്ല. ചാനലില്‍ ധൈര്യമായി പോയി മിണ്ടാം. ഇവിടെ കോണ്‍ഗ്രസുകാര്‍ക്ക് ആകെയുള്ള ഒരു പണി അതാണെന്നും അതുംകൂടിയില്ലാതായാല്‍ പ്രവര്‍ത്തകര്‍ മടിപിടിച്ചുപോവുമെന്നും മുല്ലപ്പള്ളിക്കറിയാം. പോരാത്തതിന് ആ അബ്ദുല്ലക്കുട്ടിയൊക്കെ ഇങ്ങനെ പറയുന്ന നേരത്ത് തിരിച്ചെന്തെങ്കിലും പറയാന്‍ ആളുവേണ്ടേ. 

മോദിയെ ചുറ്റിപ്പറ്റിയാണ് അബ്ദുല്ലക്കുട്ടി അത്ഭുതങ്ങള്‍ കാട്ടാറ്. പണ്ട് സിപിഎമ്മിലായിരുന്നപ്പോള്‍ ബോറടിച്ച നേരത്ത് മോദിയെ ഒന്ന് പ്രകീര്‍ത്തിച്ചു. ഉടനെ കോണ്‍ഗ്രസ് വന്ന് എടുത്തോണ്ട് പോയി. ഇപ്പോ പ്രത്യേകിച്ച് പണിയൊന്നും ഇല്ല. കണ്ണൂരില്‍ മല്‍സരിക്കാനൊക്കെ നോക്കിയതാണ്. സാധ്യത ലിസ്റ്റില്‍ പോലും പെട്ടില്ല. അപ്പോ പിന്നെ മോദിയെ ഒന്ന് പ്രകീര്‍ത്തിക്കാമെന്ന് കരുതി. ബിജെപിക്കാര്‍ വന്ന് എത്രയും പെട്ടെന്ന് ഈ സാധനം കൈപ്പറ്റേണ്ടതാണ്.

ഡല്‍ഹിയില്‍ മോദി രണ്ടാമതും അധികാരത്തില്‍ വന്നിട്ടും കേരള കോണ്‍ഗ്രസിലെ അടി തീരുന്ന മട്ടില്ല. ഒരു കണക്കിന് ആ പാര്‍ട്ടിയൊക്കെ ഭാഗ്യം ചെയ്തവരാണ്. ഈ രാജ്യത്തിന്‍റെ വിഷയങ്ങളോ പുതിയ സര്‍ക്കാരോ ഒന്നും ചര്‍ച്ചചെയ്യേണ്ട കാര്യമില്ല. സ്വന്തം പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആരാകും എന്നതിനെച്ചൊല്ലി മാത്രം ടെന്‍ഷന്‍ അടിച്ചാ മതി. പി.ജെ. ജോസഫ് ആളൊരു പാവത്താനാണെന്നൊക്കെ ആരെങ്കിലും കരുതിയിട്ടുണ്ടെങ്കില്‍ അതങ്ങ് മായ്ച്ച് കളഞ്ഞേക്ക്. എത്രപാവമായാലും ആളൊരു ഒന്നൊന്നര കേരള കോണ്‍ഗ്രസുകാരനാണ്. പണികൊടുക്കാനും അധികാരം പിടിക്കാനും അറിയാം.

കേരള പൊലീസിന് പുതിയ പാഠ്യപദ്ധതിയൊക്കെ വന്നിട്ടുണ്ട്. എങ്ങനെ നന്നായി സല്യൂട്ട് അടിക്കാമെന്നതാണ് ആദ്യപാഠം. സര്‍‌വീസില്‍ കയറി പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോഴാണ് ഡിജിപി ലോക് നാഥ് ബഹറ വരെ സല്യൂട്ടടിക്കാന്‍ പരിശീലിക്കുന്നത്. നല്ലതുതന്നെ. നന്നായി പെരുമാറാനുംകൂടി പഠിച്ചാ മതിയായിരുന്നു. ആളുകളെ പെരുമാറുന്നതല്ല, ആളുകളോട് പെരുമാറുന്നതില്‍.

MORE IN THIRUVA ETHIRVA
SHOW MORE